Friday 23 November 2018

സുനിൽ പി. ഇളയിടം മലയാളത്തിന് അഭിമതനാകുന്നത് / എ. എം. പി.

സുനിൽ പി. ഇളയിടം
മലയാളത്തിന്
അഭിമതനാകുന്നത്

എ. എം. പി.

വിജയൻ മാഷ് ആദ്യം പൊയ്പ്പോയി. പിന്നീട് അഴിക്കോട് മാഷും. കേരളത്തിന്റെ സാംസ്ക്കാരിക ഇടത്തിലെ രണ്ട് വലിയ കസേരകളാണ് അവരുടെ വേർപാടോടു കൂടി ഒഴിഞ്ഞ് പോയത്. പല സന്ദർഭങ്ങളിലും അവരുടെ അഭാവം എല്ലാവരിലും വേപഥു ഉണ്ടാക്കിയിട്ടുണ്ട്. അത്രമാത്രം പ്രഭയായിരുന്നു ആ രണ്ടു വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടു മലയാളത്തിനുണ്ടായിരുന്നത്.

കൂട്ടത്തിൽ അഴിക്കോടായിരുന്നു ഒരു പണത്തൂക്കം മുന്നിൽ. മാഷ് ഏത് വിഷയവും ഗാന്ധിയൻ വ്യൂ ഓഫ് പോയന്റിൽ നിന്നു കൊണ്ടു അപഗ്രഥിച്ചു, സംസാരിച്ചു, സംവാദ മണ്ഡലം തുറന്നു.

ആ ഒരു വിടവിലേക്ക് ഇനി ആര് എന്നത് വലിയ ചർച്ചയായിരുന്നു. മലയാളി മനസ്സിൽ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ച ഒന്ന്. സക്കറിയ ഇടയ്ക്ക് മിന്നിയെങ്കിലും ഉൾവലിഞ്ഞു കളഞ്ഞു. പിന്നെ ആരെയും കണ്ടില്ല.

അത്തരമൊരു കാത്തിരിപ്പിലാണ് സുനിൽ പി. ഇളയിടം ഒരോരം ചേർന്ന് നടന്നു വരുന്നത്. ഇടത്പക്ഷചിന്തയിൽ അദ്ദേഹം വിഷയങ്ങൾ പറയാൻ തുടങ്ങി. മലയാള നവോത്ഥാന നായകരിലൊരാളായ ശ്രിനാരായണ ഗുരുവിനെ ചിലർ ബോധപുർവ്വം ബ്രാൻഡ് ചെയ്ത് തനിക്കാക്കാൻ വ്യാപകമായി ശ്രമിക്കുന്നത് കണ്ടപ്പോഴാണ്  ഇനി മൗനമവലംബിക്കുന്നത് ശരിയല്ലെന്ന ദൃഢനിശ്ചയത്തിൽ നിന്ന് സുനിൽ പി. ഇളയിടം,  താൻ വ്യാപൃതനായ അക്കഡമിക് വ്യവഹാരങ്ങളെയൽപം മാറ്റി വെച്ച്, മൈക്കിനു മുന്നിൽ തീരുമാനിച്ചുറച്ചു നിന്നത്. മലയാളത്തെ അഭിസംബോധന ചെയ്തത്. (അതദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. )

ഇന്ന് സുനിൽ പി. ഇളയിടമാണ് മലയാളത്തിന്റെ ശബ്ദം. മതേതരത്വത്തിന്റെ മെഗാഫോൺ. സാംസ്കാരിക ച്യുതിയും സാമൂഹിക ജീർണ്ണതകളും മതേതരത്വത്തിന്നേറ്റ് കൊണ്ടിരിക്കുന്ന വെല്ലുവിളികളും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. അതാ ഭാഷണങ്ങളിൽ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.

അളന്നു മുറിച്ച വാക്കുകളും സംശയത്തിനിടം നൽകാത്ത വിധത്തിലുള്ള അപഗ്രഥനങ്ങളും അസാമാന്യമായ ഓർമ്മ ശക്തിയും വലിയ വായനയും അതിലും വലിയ നിരീക്ഷണ പാടവവും എല്ലാം ഏത് വീക്ഷണ വ്യത്യാസമുള്ളവരിൽ പോലും സുനിൽ പി. ഇളയിടം ഹൃദയം കവരും.

സമീപകാല രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക വിഷയങ്ങളിലും പ്രശ്നങ്ങളിലും അദ്ദേഹം ഇടപ്പെട്ട രീതി തന്നെ മതി നമ്മുടെ സാംസ്‌ക്കാരിക മലയാളത്തിന്റെ ശബ്ദം ഇത് തന്നെ എന്ന് പറയാൻ, മലയാളി സമൂഹം ഇതാണ് കേൾക്കാനാഗ്രഹിച്ചതെന്ന് പറയാൻ.

നാല് വർഷമേ ആയുള്ളൂ നാമദ്ദേഹത്തെ കേൾക്കാൻ തുടങ്ങിയിട്ട്. മതേതര മൂല്യങ്ങളെയും വ്യത്യസ്ത വായനകളേയും ഉൾക്കൊള്ളുവാനുള്ള വലിയ മനസ്സ് അദ്ദേഹത്തിലുണ്ട് എന്നതാണ് വലിയ പ്രതീക്ഷ. അദ്ദേഹത്തിന് ഓരോ കാര്യത്തിലും സ്പുടം ചെയ്തെടുത്ത കാഴ്ചപ്പാടുണ്ട്. പക്ഷെ, അപരനെ കേൾക്കാനും അവർക്കഭിപ്രായം പറയാനും കാണിക്കുന്ന സഹിഷ്ണുതയുടെ ശരീര ഭാഷ സുനിൽ പി. ഇളയിടത്തിനുണ്ട്. അപരനെയും അരിക്വത്ക്കരിക്കപ്പെട്ടവനെയും അന്യനെന്ന് മുദ്രവെച്ചവനെയും അരികിൽ ചേർക്കാനും അവരൊന്നും അവഗണിക്കപ്പെടേണ്ടവരല്ലെന്ന് പറയാനും അവരുടെ അഭിപ്രായങ്ങൾ തന്റെത് കൂടിയാണെന്നും താൻ പറഞ്ഞതിന്റെ പിന്നാലെ ചേർക്കപ്പെടേണ്ടവയാണെന്നും  പറയാനും ഒരു മനുഷ്യൻ   ഉണ്ടെന്നതുമാണ് സുനിൽ പി. ഇളയിടത്തെ  ദശലക്ഷക്കണക്കിന് മലയാളികൾ കേൾക്കാൻ പ്രധാന കാരണം.  രണ്ടാം അഴിക്കോട് എന്ന് ആ മനുഷ്യൻ വിദൂരമല്ലാത്ത ഭാവിയിൽ വിശേഷിപ്പിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

എഴുത്തുകാരൻ, വിമർശകൻ, അധ്യാപകൻ, അക്കാഡമിഷ്യൻ, ചിന്തകൻ ഇതൊക്കെയാണ് ഡോ. സുനിൽ പി. ഇളയിടം. പക്ഷെ, മലയാളത്തിന് അതൊന്നുമല്ല  പറയാനുള്ളത് - അദ്ദേഹമാണ് മലയാള പ്രഭാഷണ വേദിയിലെ കനപ്പെട്ട ശബ്ദം, മതേതര ശബ്ദം.

No comments:

Post a Comment