Wednesday 19 December 2018

*പരിശ്രമങ്ങളാവശ്യം* *ഒരു ഇടിനാദത്തിൽ* *മടലിന്നടിയിൽ* *കൂണ് മുളക്കുന്ന* *ലാഘവമല്ലിത്* (7-ാം ഭാഗം ) / അസ്ലം മാവിലെ

*പരിശ്രമങ്ങളാവശ്യം*
*ഒരു ഇടിനാദത്തിൽ*
*മടലിന്നടിയിൽ*
*കൂണ് മുളക്കുന്ന*
*ലാഘവമല്ലിത്*

(7-ാം ഭാഗം )
.........................

അസ്ലം മാവിലെ
.........................

ആർക്കും വലിയ വിസമ്മതമുണ്ടാകാൻ സാധ്യതയില്ലാത്ത അറബിക്കുമായി ബന്ധപ്പെട്ട ഒരു പാട് മത്സരയിനങ്ങൾ കലോത്സവത്തിലുണ്ട്. അതിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഐറ്റത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട് ഒരു ശ്രമം നാളിതേവരെ ഈ അറബി ഫാഷാ അധ്യാപകരിൽ നിന്നോ ആശാന്മാരിൽ നിന്നും അൽമുൻഷിമാരിൽ നിന്നുണ്ടായിട്ടുണ്ടോ ? ഉണ്ടോ ? നമ്പൂരി പറഞ്ഞത് പോലെ - ഇല്യാ, ഒട്ടു ഇല്യാന്ന് പറയാം  !

പോസ്റ്റ് കിട്ടിയാൽ വെളുക്കെചിരിച്ച് കുറച്ച് നാട്ടുവർത്തമാനം പറഞ്ഞ് കണ്ണിൽ പൊടിയിടുന്നതല്ലാതെ ഇവരിൽ നിന്നു മറ്റൊന്നും ആരും പൊതുവെ കണ്ടിട്ടില്ല. ഉണ്ടെങ്കിൽ പറ, ഞാൻ തിരുത്താം.

വായനാ വിരസതയൊഴിവാക്കാൻ  ഒരു പഴയ കഥ പറയാം.  അറബിക്കിന്റെ കാര്യം പറയുമ്പോൾ എന്റെ അഞ്ചാം ക്ലാസ്സ് ഓർമ്മ വരുന്നു. അന്നെനിക്ക് കഷ്ടിച്ചു 10 വയസ്.

അഞ്ചു മുതൽ രണ്ടാം ഭാഷ മലയാളം അല്ലെങ്കിൽ അറബിക് എന്നാണല്ലോ നാട്ടുവെപ്പ്. 1980 തുടക്കത്തിൽ സ്കൂളിൽ അറബി ഭാഷക്കെതിരെ ചെറിയ ചിറ്റമ്മ നയം വിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടായ ഒരു കാലം. "ഭാഷാ ബോധന രീതി", "അക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ "  നിബന്ധനകൾ - അന്ന് അറബി അധ്യാപകർ തങ്ങളുടെ തൊഴിലിലും സമുദായം പൊതുവെ വിദ്യാഭാസമേഖലയിലും  വലിയ വെല്ലുവിളിയും ഭീഷണി നേരിട്ട കാലം. (ഇതിനൊരു മറു വായന ഉണ്ടാകാം, ഉണ്ടായാൽ ഞാൻ വിശദമായി തന്നെ എഴുത്തിനിരിക്കുകയും ചെയ്യും )

കുട്ടികളായ ഞങ്ങൾക്കീ കാര്യമൊന്നുമറിയില്ല. മദ്രസ്സ സദർ AP  അബൂബക്കർ മൗലവിയും സ്കൂൾ അറബി മുൻഷിമാരും കൂടി ഞങ്ങളുടെ ബാച്ചിലെ 90% പേരെയും നിർബന്ധിച്ചു അറബിക് ബാച്ചിലേക്കിട്ടു, ഒരു പ്രതിരോധമാകാം ഉദ്ദേശം. (ഏരിക്കുളം  രമേശൻ വരെ ആ ബാച്ചിൽ പെട്ടോ എന്നെനിക്ക് സംശയമുണ്ട്). മദ്രസ്സയിൽ അറബിയുണ്ട്, അത് കൊണ്ട് സ്കൂളിൽ മലയാളം പഠിക്കാമെന്ന് നിയ്യത്താക്കിയ ഞാനും നാലഞ്ചു പേരും മാത്രം ആ കൊട്ടയിൽ പെടാതെ ബാക്കിയായി. ആളുകൾ ക്ലാസ്സിൽ കുറഞ്ഞതിലല്ല, ആളു കുറഞ്ഞാൽ ക്ലാസ്സിൽ മലയാളം മാഷ് തുടരെത്തുടരെ ഉപമ, ഉൽപ്രേക്ഷ, കാകളി, കേക ചോദ്യങ്ങൾ നമ്മോട് തന്നെ തുടരെത്തുടരെ ചോദിക്കുമെന്ന് ഭയന്ന് വീണ്ടും രണ്ടെണ്ണം അറബിക്കിലേക്ക് ഞങ്ങളറിയാതെ മലയാളത്തിൽ നിന്നുചാടി. അപ്പുറത്ത് ആർപ്പു വിളി.

 നിവൃത്തികേട് കൊണ്ട്, മലയാള ഡിവിഷൻ പൊയ്പ്പോകുമോന്ന് ഭയന്ന് ബാക്കി വന്ന ഞങ്ങൾ രണ്ടും കൽപ്പിച്ചു മലയാള ഭാഷാ ക്യാമ്പയിൻ നടത്തി, എങ്ങനെയോ ഒക്കെയായി പകുതിയോളം പേരെ ഇങ്ങോട്ടിട്ടു. എന്റെ ഉപ്പയും ഞങ്ങൾക്ക് പരോക്ഷമായി നല്ല സപ്പോർട്ടും തന്നിരുന്നു. ഈ വിവരങ്ങൾ അപ്പപ്പോൾ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ സദറിനെ ധരിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു ദിവസം രാവിലെ അദ്ദേഹം ശരം വിട്ട കണക്കിന് സ്കൂളിലെത്തി എനിക്കും മലയാളം ബാച്ചുകാർക്കും ഒന്നൊന്നര താക്കീത് നൽകി തിരിച്ചു പോയി. "നീ മലയാളം പഠിച്ചോ , മറ്റുള്ളവരെ അങ്ങോട്ട് കൊണ്ട് പോകാനൊന്നും വല്ലാതെ ശ്രമിക്കേണ്ട " എന്നെ നോക്കി ഉസ്താദ് കടുപ്പത്തിൽ പറഞ്ഞു.  ആ ഭിഷണിയൊന്നും വലിയ വിലപ്പോയില്ലെന്ന് മാത്രമല്ല,  ഇരു ബാച്ചും 50: 50 അനുപാതത്തിൽ കട്ടക്ക് കട്ട നിൽക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെയുള്ള അതിജീവനത്തിന്റെ ചരിത്രം പട്ല സ്കൂളിൽ അറബിക്കിനുണ്ടായിട്ടും മറ്റു അധ്യാപകരിൽ നിന്നുണ്ടായത് പോലെയുള്ള   സഹകരണമോ അരപ്പസെ ഉത്സാഹമോ പാഠ്യതര വിഷയങ്ങളിലോ മറ്റു കാര്യങ്ങളിലോ ഒന്നും അറബിക് അധ്യാപകരിൽ നിന്നുണ്ടായില്ല എന്നത് ഖേദത്തോടെ പറയട്ടെ.

എനിക്ക് പറയാനുള്ളത്,  ഇനിയെങ്കിലും ആ ഡിപാർട്മെന്റിലെ അധ്യാപകരും ഇരു മദ്രസ്സകളിലെ അധ്യാപകരും കലോത്സവത്തിൽ തങ്ങളുടെ റോൾ എന്താകണമെന്ന് ആലോചിക്കാനെങ്കിലും ഒന്ന് കൂടിയിരിക്കണം.

 അറബി അധ്യാപകരെ മാത്രമല്ല മൊത്തത്തിൽ എല്ലാവരും ചെലവ് കുറഞ്ഞ ഒരു പാടിനങ്ങളുടെ പട്ടിക മുന്നിൽ വെച്ച് വിദൂരവും വിദൂരമല്ലാത്തതുമായ കലോത്സവ ഇനങ്ങളിലെ സാധ്യതകൾ മനസ്സിരുത്തി വിശകലനം ചെയ്യാൻ തയാറാകണം. ഒപ്പം, ചെലവു താങ്ങേണ്ട ഇനങ്ങളിൽ അവയുടെ സാധ്യതയും.

കഴിഞ്ഞ വർഷം എഴുത്തിനങ്ങളെ ലക്ഷ്യമാക്കി മൂന്ന് നാല് ശിൽപശാലകൾ ഒരു മലയാള മാഷെ നമ്പിയിട്ട് അഞ്ച് വർഷ പദ്ധതിയാവിഷ്ക്കരിച്ച് ഒരു കൂട്ടായ്മയുടെ നേതൃതത്തിൽ തുടങ്ങി.  തനി കാസർകോട്ടുകാരനായ ആ വാധ്യാർ ഇതൊക്കെ ചെയ്യാൻ നേതൃത്വം നൽകിയത് തൊട്ടടുത്ത സ്കൂളിലേക്ക് ട്രാൻസ്ഫർ ഓർഡറിനപേക്ഷിച്ചു കൊണ്ടും. പോകാൻ കാരണം, 5 കി. മീ. വരാൻ കൂടുതൽ വണ്ടി ഓട്ടണം, അത് തന്നെ. പിന്നെ വേറെന്താ കാരണം ? എഴുത്തിലും സാഹിത്യത്തിലും അഭിരുചിയുള്ള ഒരു പാട് കുട്ടികളുടെ പ്രതീക്ഷ അങ്ങിനെ സ്വാഹയായി !

ഇതൊക്കെ ചൂണ്ടിക്കാണിച്ചത് വായിക്കപ്പെടണം, ചർച്ചയ്ക്ക് വിധേയമാകണം, കുറഞ്ഞത് അവനവനറിയണം എന്നത് കൊണ്ടാണ്. തെറ്റുകളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും പലതും തിരുത്താനും തിരുത്തിയത് തന്നെ വീണ്ടും തിരുത്താനുമുണ്ട്.

(തുടരും )

No comments:

Post a Comment