Monday 9 December 2019

ചിത്രകാരി റുമാന ശൃക്കുറിനോട്,* /അസ്ലം മാവിലെ


*ചിത്രകാരി റുമാന ശൃക്കുറിനോട്,*
*ചിത്രകലയെ  ഗൗരവത്തിലെടുക്കുക, നല്ല സാധ്യതയുള്ള പ്രതലമാണ് പെയിന്റിംഗ്*
................................
അസ്ലം മാവിലെ
................................
ചിത്രകലയെ കുറിച്ച് പറയാൻ ഞാനാളല്ല. എങ്കിലും നല്ലൊരു ചിത്രം കണ്ടാൽ മിഴിയുള്ളവർ നോക്കി നിൽക്കുമെന്ന് പറയുന്നത് പോലെ ഞാനും കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട്. ഇക്കഴിഞ്ഞ ഒരു മാസത്തോളമായി എനിക്ക് കുറച്ചു ചിത്രകാരന്മാരെ കൂട്ടുകാരായി കിട്ടിയിട്ടുമുണ്ട്. 
വരക്കുന്നത്,   പാടുന്നത്, പറയുന്നത്, പ്രസംഗിക്കുന്നത്  ആണെന്നോ പെണ്ണെന്നോ അവരുടെ ജാതി മതം തിരിച്ചുള്ള കണക്കെടുപ്പ് നടത്തിയോ കല ഞാൻ ആസ്വദിക്കാറില്ല, വിമർശിക്കാറുമില്ല.
പക്ഷെ, ചിലയിടങ്ങളിൽ പൊതുവെ മുസ്ലിം കുട്ടികളിൽ പെൺകുട്ടികൾ കലാ- സാഹിത്യ മേഖലയിൽ ചെറുതായൊന്ന് കാലെടുത്ത് വെച്ചാൽ അപ്പോൾ തുടങ്ങും അകത്ത് നിന്നുള്ളവർ തന്നെ ഒച്ചയും ബഹളവും.  ഇന്നത്തെ സാഹചര്യമത്ര അനുകൂലമല്ലാത്തത് കൊണ്ടാകാം, പലവിധ വിലക്കുകളിൽ നിന്നും നിരുത്സാഹനങ്ങളിൽ നിന്നും ഒരുപാട് മുസ്ലിം പെൺകുട്ടികൾ ദൈവകൃപ കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട്.
പെൺമുന്നേറ്റങ്ങളിൽ ഒരുപടി ഫോർവേഡായത് കൊണ്ടാകാം പട്ല പോലുള്ള പ്രദേശങ്ങളിൽ എതിർപ്പുകളുടെ ലാഞ്ചന തന്നെ എവിടെയും നിഴൽ വീഴ്ത്താത്തത്. ആ ഒരു ഭൂമികയിൽ നിന്ന് കൊണ്ടാണ് ഞാനിപ്പോൾ പെൺകുട്ടികളുടെ കലാ - സാഹിത്യവിരുതുകളെ വായിക്കുന്നതും ആസ്വദിക്കുന്നതും. പ്ലസ് വൺ വിദ്യാർഥിനിയും പട്ലക്കാരിയുമായ റുമാന ശുക്കൂറിന്റെ വര ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധേയമാകുന്നതും അത് കൂടികൊണ്ടെന്ന് ഞാൻ കരുതുന്നു.
ഒരു പ്രതലത്തിലേക്ക് കലാകാരി തന്റെ ആശയം ചിത്രരൂപത്തിൽ  കോറിയിടുന്നതാണ് ചിത്രകല. വിവിധ ബിംബങ്ങളും സങ്കേതങ്ങളും രൂപങ്ങളും അവയ്ക്കുണ്ട്. അതിലേക്കൊന്നും എന്റെ പേന തൽക്കാലം പോകുന്നില്ല. 
റുമാന വരച്ചത് ഫോട്ടോറിയലിസത്തിൽ പെടും. 1960 കളിൽ തുടങ്ങിയ രീതി. ( ഇതേ കാലഘട്ടത്തിൽ തന്നെയാണ് മിനിമലിസം ചിത്രലോകത്തു കൂടി പരീക്ഷിക്കപ്പെട്ടതെന്ന് ഞാൻ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് ).
ഒരു ഛായാപടം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അതിലുള്ള കണ്ടന്റ്  വലിയ വ്യത്യാസമില്ലാതെ തന്നെ  അതേപടി മറ്റൊരു പ്രതലത്തിലേക്ക് വരക്കുന്നത്ണ് ഫോട്ടോറിയലിസം. ഇതിന്റെ തുടക്കം അമേരിക്കയാണ്. ഛായാപടങ്ങൾ മറ്റേതു മാധ്യമങ്ങളിലും പുന:സൃഷ്ടിക്കുന്നതൊക്കെ ഫോട്ടോറിയലിസത്തിന്റെ പരിധിയിൽ വരും.
റുമാന നന്നായി വരക്കുന്നുണ്ടാകണം. ഇന്നലെ നടന്ന ഒരു പ്രോഗ്രാമിലെ ശ്രദ്ധയിൽ പെട്ട ഫോട്ടോകളിൽ ഒരെണ്ണം ആ കലാകാരിയുടെ ക്രിയേറ്റിവിറ്റിക്ക് വിഷയമായി. പോസ്റ്റ് ചെയ്ത വളരെ വളരെ നന്നായിട്ടുണ്ട്. പെൻസിൽ വരയാണെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നത്.
എന്റെ ഓർമ്മകൾ ശരിയെങ്കിൽ റുമാനയുടെ മാതൃസഹോദരൻ ഒരു കലാകാരനായിരുന്നു - മുസമ്മിൽ എന്നോ മറ്റോ പേരുള്ളയാൾ. ശാസ്ത്രമേളയിൽ പട്ല സ്കൂളിനെ പ്രതിനിധികരിച്ച് അയാൾ സബ്ജില്ലാ തലത്തിലൊക്കെ സമ്മാനം നേടിയിട്ടുണ്ട്.  (പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രിയേറ്റിവിറ്റിയിൽ അഗ്രഗണ്യൻ, സപ്പോർട്ട് കിട്ടിക്കാണില്ല, പിന്നെ ആ വഴിക്ക് അയാളെ കണ്ടില്ല). റുമാനയുടെ പിതൃസഹോദരന്മാരും നന്നായി ചിത്രം വരക്കുമായിരുന്നു. അവരിലൊരാൾ സാമൂഹ്യപ്രവർത്തകനും ലൈബ്രറി സഹകാരിയുമായ അബ്ദുറസാഖ് സാഹിബാണ്. അദ്ദേഹത്തിന്റെ  സ്കൂൾ കാലങ്ങളിലെ വളരെ മനോഹരമായ ചിത്രരചനയെ കുറിച്ച് സഹപാഠികൾ പറഞ്ഞതോർക്കുന്നു. അന്ന് പെൺകുട്ടികൾ ഏതായാലും ഇത്തരം മേഖലയിലില്ല, കഴിവുള്ള ആൺകുട്ടികളെ പ്രോത്സാഹിപ്പിക്കാനാരും മുന്നോട്ടും  വന്നും കാണില്ല.
റുമാനാ, നിങ്ങൾ ഇനിയും വരക്കുക. നിങ്ങളുടെ ഒഴിവു നേരങ്ങൾ ഇത്തരം കലാ ബൗദ്ധികവ്യായാമങ്ങൾ കൊണ്ട് സജീവമാകട്ടെ.  വയനാട്ടുകാരിയായ സഫ പ്രസംഗിച്ചതിനെയും അവൾക്ക് ലഭിക്കുന്ന അംഗീകാരങ്ങളെയും കഥയറിയാതെ  കൊഞ്ഞനം കുത്തുന്നത് പോലെ പ്രബുദ്ധ പട്ലയിൽ പക്ഷെ,  ഒരെതിർപ്പും ഉണ്ടാകില്ല.  ഉണ്ടായാൽ തന്നെ മൈണ്ട് ചെയ്യാനും നിൽക്കരുത്. അത്തരം നിരുത്സാഹപ്പെടുത്തലുകൾക്ക്  ചരിത്രത്തിന്റെ വരമ്പുകളിൽ പൊട്ടിമുളക്കുന്ന കയ്യാങ്കണ്ണിയുടെ ഗുണം പോലുമില്ല, അവയ്ക്ക് വരച്ചതിനെ മായ്ക്കാനുമാകില്ല.
ആർക്കിട്ടെക്റ്റായ ഫഹീമ അബൂബക്കർ പട്ലക്കാരിയാണ്, ഒപ്പം നല്ല ചിത്രകാരിയുമാണ്. അവളുടെ രണ്ടാഗ്രഹങ്ങൾക്കും മാതാപിതാക്കളുടെ സഹകരണമുണ്ട്. റുമാനയ്ക്കും അവളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സപ്പോർട്ട് ഇനിയുമുണ്ടാകട്ടെ. വരും നാളുകളിൽ വീട്ടുചുമരുകൾ നല്ല വർണ്ണച്ചിത്രങ്ങൾ കൊണ്ട് മനോഹരമാകട്ടെ.
എല്ലാ നന്മകളും !
.

No comments:

Post a Comment