Friday 13 December 2019

സാറാ ജോസഫിന്റെ ബുധിനി സെഷൻ - കെ.വാർത്തയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്തത്


*ജാതി-മതം-വര്‍ഗം-വര്‍ണം-ഭാഷ-പൗരത്വം എല്ലാം അധികാരത്തിനും അധികാരം നിലനിര്‍ത്തുവാനുമുള്ള അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ്; ഇതിന്റെ മറപിടിച്ച് വിഭവങ്ങള്‍ കഴിയാവുന്നത്ര ചൂഷണം ചെയ്യുക എന്നത് മാത്രമാണ് അധികാരികളുടെ ആത്യന്തിക ലക്ഷ്യം, അതാണവരുടെ രാഷ്ട്രീയ ലക്ഷ്യവും: സാറാ ജോസഫ്*
http://www.kvartha.com/2019/12/sarah-joseph-on-central-government.html
-------------------
അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളിലും അവരുടെ  സഹനങ്ങളിലും  സാഹസങ്ങളിലും വരെ ഇസ്തിരിയിട്ട ഉപരിവർഗ്ഗങ്ങൾ  നാളുമേയുകയാണെന്ന് പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ സാറാജോസഫ് അഭിപ്രായപ്പെട്ടു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നാലാം എഡിഷന്റെ ഭാഗമായി ഡി.സി.ബുക്സും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്  മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച "ബുധിനി :ഒരു നോവലിന്റെ പേര് മാത്രമല്ല " എന്ന  സാഹിത്യസദസ്സിൽ സംസാരിക്കുകയായിരുന്നു അവർ.
അധികാരികളുടെ ആത്യന്തിക ലക്ഷ്യം വിഭവങ്ങൾ കഴിയാവുന്നത്ര ചൂഷണം ചെയ്യുക എന്നത് മാത്രമാണ്, അതാണവരുടെ രാഷ്ട്രീയ ലക്ഷ്യവും. ജാതി, മതം, വർഗ്ഗം, വർണ്ണം, ഭാഷ, പൗരത്വം - ഇവയെല്ലാം അധികാരത്തിനും അധികാരം നിലനിർത്തുവാനുമുള്ള അസംസ്കൃത വസ്തുക്കൾ മാത്രമാണ്. വികസനമെന്നത് മിണ്ടാൻ ശേഷിയില്ലാത്തവരുടെ നേരെയുള്ള നിരന്തര അടിച്ചമർത്തലുകളാണെന്ന് പറഞ്ഞ സാറാ ജോസഫ് 'ബുധിനി' സ്ത്രീപക്ഷ വായനയിലുപരി അധികാരിവർഗ്ഗങ്ങളും ചൂഷക മധ്യവർഗ്ഗങ്ങളും ശബ്ദമില്ലാത്തവരുടെ നേർക്ക് നിരന്തരം നടത്തുന്ന കടന്നു കയറ്റത്തിന്റെ നേർവായനയാണെന്ന് കൂട്ടിചേർത്തു.
എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ ഡോ. ആസാദ് സെഷനിൽ  സാറാജോസഫുമായി സംഭാഷണത്തിലേർപ്പെട്ടു. എല്ലാകാലത്തും അടിച്ചമർത്തപ്പെട്ടവരും അതിന് നോട്ടീസ് കിട്ടിയവരും ചോദിക്കുന്ന ചോദ്യമാണ് - ഏതാണ് എന്റെ രാജ്യമെന്ന്. അരക്ഷയും അശാന്തിയും അകലെ നിന്നും ചൂരടിച്ചവരിൽ ഡോ. അംബേദ്ക്കർ പോലും ഒഴിവായിരുന്നില്ല. അദ്ദേഹത്തെ കേൾക്കാൻ അന്ന് ഗാന്ധിയെപ്പോലുള്ള മനുഷ്യത്വം സമൃദ്ധമായവരുണ്ടായിരുന്നു. ഇന്ന് ദശലക്ഷക്കണക്കിന് അംബേദ്ക്കർമാരുടെ ശബ്ദം കേൾക്കാതിരിക്കാൻ മാത്രം അധികാര ഗർവ്വിന് ബധിരത ബാധിച്ചിരിക്കുന്നു.  മറ്റെന്തിനാക്കളും അന്നും ഇന്നും മണ്ണാണ് വിഷയവും ഇഷ്യൂവും -  ഡോ. ആസാദ് നിരീക്ഷിച്ചു. വർത്തമാന കാലത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ ഉദാഹരണങ്ങൾക്ക് തന്നെ പ്രസക്തിയില്ലാതായിരിക്കുന്നു. 
വിവിധ ഡിപാർട്മെന്റിലെ അധ്യാപകരും സാഹിത്യ വിദ്യാർഥികളുമടക്കം നിരവധിപേർ ബുധിനിയുടെ എഴുത്തുകാരിയെ കേൾക്കാനെത്തി. നോവൽ ചർച്ചയിലും  സംഭാഷണത്തിലും സംവാദത്തിലും അധ്യാപകരും വിദ്യാർഥികളും സജീവമായി ഇടപെട്ടു; വർത്തമാനകാല ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളടക്കം 'ബുധിനി'യുടെ വെളിച്ചത്തിൽ ചർച്ചയായി.
ബ്രണ്ണൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ജിസ ജോസ് മോഡറേറ്ററായ Sessionൽ ഡി സി ബുക്സ് പ്രതിനിധി ശ്രീകുമാർ സംസാരിച്ചു.
/

No comments:

Post a Comment