Monday 9 December 2019

സ്ത്രീ ശാക്തീകരണം വളരെ അകലെയൊന്നുമല്ല / അസ്ലം മാവിലെ

സ്ത്രീ ശാക്തീകരണം
വളരെ അകലെയൊന്നുമല്ല
................................
അസ്ലം മാവിലെ
................................
     
ആവശ്യമെങ്കിൽ വീണ്ടും എഴുതും, ഇല്ലെങ്കിൽ മൂന്ന് ലക്കങ്ങളിൽ തീർക്കും.  ഇത്തരം എഴുത്തുകൾ കൊണ്ടുദ്ദേശം ഇതാണ് -  സമാനമായതോ ഇതിലും എത്രയോ നിലവാരമുള്ളതോ ആയ ആലോചനകൾ കുറെ പേർക്കുണ്ടാകും. ഈ ലേഖനത്തോടും യോജിപ്പും വിയോജിപ്പുമായി. അവ ഒന്നുകൂടി സജീവമാകട്ടെ, ചർച്ചകൾ ഇയ്യിടെയായി ഫോറങ്ങളിലുണ്ടാകാറില്ലല്ലോ.  അവരവർ "അധ്യക്ഷത" വഹിക്കുന്ന ഇരുത്തങ്ങളിലെങ്കിലുമതുണ്ടാകുമെന്ന് പ്രതിക്ഷയിലാണ് ഞാൻ.

ഇതും ശുഭപ്രതീക്ഷയാണ്. ഏതാണ് ? തലക്കെട്ടിൽ പറഞ്ഞത് തന്നെ. ഈ പരമ്പര എഴുതാൻ ആലോചിച്ചപ്പോൾ  മുഖ്യമായും ഉദ്ദേശിച്ചതും ഇത് തന്നെ.

വർഷങ്ങൾ പിന്നിലേക്ക്. നാൽപ്പത് വർഷം പിന്നിലേക്ക്. അന്ന് പട്ലയിൽ ഒരു നാട്ടുരീതിയാണ് സ്ത്രീകൾ തൊഴിൽ രംഗത്തിറങ്ങുക എന്നത്. അതിൽ ജാതിയും മതവുമൊന്നുമില്ല. അങ്ങനെ ആരും ഇനം തിരിക്കാറുമില്ല.

നമ്മുടെ നാട്ടിൽ മാത്രമല്ല എല്ലായിടത്തും ഈ ഒരു പ്രവണത കണ്ടിരുന്നു. അറിയുന്ന ജോലിക്കിറങ്ങും. അതിലൊരു അഭിമാനക്കുറവും അവർ കണ്ടിരുന്നില്ല. നട്ടിപ്പണിക്കവറുണ്ട്, ഞാറു നടാനുണ്ട്. തലയിൽ കറ്റ കെട്ടി പൊതുവഴിയിൽ അഭിമാനത്തോടെ നടക്കും.  അർദ്ധരാത്രിവരെ കറ്റ തച്ചു കൂലി വാങ്ങി ചൂട്ടുകത്തിച്ചു വിട്ടിലേക്ക് തിരിക്കും. പക്ഷെ, വേതനം കിട്ടുന്നതിൽ മാത്രം വിവേചനം  ഉണ്ടായിരുന്നിരിക്കാം.

ചിലർ ബീഡി തെറുപ്പ് , വേറെ ചിലർ കുപ്പായം തുന്നൽ, അതിന് ചേലും ചന്തവും നൽകൽ, പ്ലാസ്റ്റിക് ബാസ്ക്കറ്റ്, കൊട്ട അങ്ങിനെ കുറെ ജോലി, മിക്കവീട്ടിലും കാണും എട്ടും പത്തും കോഴികൾ - അതിന്റെ മുട്ട വിപണിയിലെത്തിക്കുക. നാടൻ കോഴി വിൽപ്പന, മുയൽ വളർത്തൽ, നട്ടിക്കായ്... എന്താ ഇല്ലാത്തത് ? എല്ലാത്തിലും സ്ത്രീസ്പർശം.

അന്ന് ഒന്നുമാത്രമുണ്ടായിരുന്നില്ല. ദീർഘവീക്ഷണമുള്ള നേതൃത്വം. സംഘടിത ലീഡർഷിപ്പ്. അതുള്ളിടത്ത് സ്ത്രീകൾ ഉയർന്ന നിലവാരം പുലർത്തി. ഇല്ലാത്തിടത്ത് സ്ത്രീകൾ അടുക്കളക്കരിന്തുണിയായി മാറി. (പുരുഷമേധാവിത്വം മാറ്റി )

അതിനും മുമ്പ് നമ്മുടെ നാട്ടിൽ സ്ത്രീ വൈദ്യന്മാരുണ്ടായിരുന്നു. വ്യാജ സിദ്ധ കളല്ല, നാട്ടുവൈദ്യത്തിൽ നല്ല അവഗാഹമുള്ളവർ. അതിനും മുമ്പ് വീടുകൾ കേന്ദ്രീകരിച്ചു അക്ഷരങ്ങളും അനുബന്ധങ്ങളും പഠിപ്പിക്കാൻ വനിതാ അധ്യാപകരുണ്ടായിരുന്നു ! മഹല്ലുകൾ കേന്ദ്രീകരിച്ചു പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരം ഭക്ഷണം നൽകാൻ ഒരിക്കലും കെടാത്ത അടുപ്പിൽ തരിക്കഞ്ഞിയും പൊടിക്കഞ്ഞിയുമായി  വലിയ ചെമ്പുകലങ്ങൾ തിളച്ചിരുന്നു, അതിന് നേതൃത്വം നൽകിയിരുന്ന സ്ത്രീകളായിരുന്നു. പശുക്കളെ പോറ്റി പാല് വിൽപനയുള്ള വീടുകൾ കേന്ദ്രീകരിച്ച  ഡയറിബൂത്തുകൾക്ക് നേതൃത്വവും സ്ത്രീകളായിരുന്നു. , 

20 കൊല്ലം മുമ്പത്തെ ചിത്രം. നമ്മുടെ നാട്ടിൽ ഒരു പെമ്പിറന്നോൾ ഇലക്ഷനിൽ മത്സരിക്കുക എന്ന് പറയുന്നത് പിടക്കോഴി കൂകുന്നതിന് സമമായിരുന്നു. ത്രിതല പഞ്ചായത്തിന്റെ ഇടപെടലിൽ അതും പ്രാപ്യമായി. ആ വനിതാ നേതൃത്വത്തെ ആരും തള്ളിക്കളഞ്ഞില്ല. (ദഹിക്കാത്ത ചിലരുണ്ടാകാം, അവർ പിന്നിട്  ഷോഡ കുടിച്ചു ദഹനക്കേട് മാറ്റിയിരുക്കും.)

ഇന്നിപ്പോൾ സ്കൂളിൽ നാട്ടുകാരികളായ അധ്യാപികമാർ. ഒന്നും രണ്ടുമല്ല ഒരുപാട്. സ്വകാര്യ ട്യൂഷൻ നടത്തുന്നവർ വേറെ. മദ്രസ്സകളിൽ അവരുടെ സാന്നിധ്യം തുടങ്ങി വർഷങ്ങൾ 15 കഴിഞ്ഞു, ഹിഫ്ഥ് അടക്കം ഇന്നത് ഒന്നുകൂടി ഉത്തരവാദിത്വത്തോടെ അധ്യാപന നേതൃത്വം ജനകീയവും സ്വീകാര്യവുമായിക്കഴിഞ്ഞു.  അംഗണവാടിയിൽ സ്ത്രീകൾ തന്നെയാണ് നേതൃത്വം. വീടുകൾ കേന്ദീകരിച്ചു ടൈലറിംഗ്‌, അപ്പം മുതൽ അച്ചാർ വരെ ബിസിനസ്സ്. ഹെൽത്ത് ഉപകേന്ദ്രം കേന്ദ്രീകരിച്ചു നഴ്സിംഗ് കൂട്ടായ്മ, ആശാപ്രവർത്തകരായി രോഗികളെ  പരിചരിക്കാൻ സ്ത്രികൾ. കേട്ടിടത്തോളം ഒരു പടികൂടി കടന്നു പെയിൻ & പാലിയേറ്റീവ് പ്രസ്ഥാനങ്ങളിലേക്ക് വരെ ഈ നാട്ടിലെ പെണ്ണുങ്ങൾ എത്തിക്കഴിഞ്ഞു.

.           (2)

ഈ മാറ്റങ്ങൾ ചെറിയ വിഷയമല്ല. പടിപടിയായുള്ള മുന്നേറ്റമാണ്. എതിർപ്പുകൾ പക്ഷെ വളരെ പാസ്സീവായിരുന്നു, അത്കൊണ്ട് തന്നെ അതിജീവനത്തിനും നിശബ്ദതയുടെ അകമ്പടി ഉണ്ടായിരുന്നുവെന്നു തോന്നുന്നു. 

സ്ത്രീ ഒരു കുടുംബിനി എന്ന നിലയിൽ വളരെ വിജയം കണ്ട പ്രദേശമാണ് പട്ല, പ്രത്യേകിച്ചു സ്വകുടുംബത്തിലെ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ. ഭർത്താവ് ഉത്തരവാദിത്വത്തോടെ കയ്യിൽ ഏൽപ്പിക്കുന്ന പണം വളരെ സൂക്ഷമതയോടു കൂടിയാണ് സ്ത്രീപക്ഷം കൈകാര്യം ചെയ്തതും കുടുംബ ബഡ്ജറ്റിൽ മുൻഗണനകൾ നിശ്ചയിച്ചതും അതിനനുസരിച്ചു ചെലവഴിച്ചതും പിന്നെ മിച്ചം മെച്ചതും. അത്ഭുതപ്പെടുത്തുമാറാണ് ഈ ഒരു സാമ്പത്തിക അച്ചടക്കം  സ്ത്രീകൾ പൊതുവെ പാലിച്ചയത്. അത്കൊണ്ടാകണം പറയത്തക്ക "പിടിച്ചുവലിച്ചുകൊണ്ടു വരുന്ന" ദാരിദ്ര്യമോ സാമ്പത്തികപ്രതിസന്ധിയോ അത് മൂലമുണ്ടായ പ്രയാസങ്ങളോ ഇവിടെ ദൃശ്യമാകാതെ പോയതും !  ഈ ഒരു മെറിറ്റ് വരും നാളുകളിൽ ഇവിടെ ഉണ്ടായേക്കാവുന്ന സ്ത്രീ ശാക്തീകരണത്തിന് വലിയ മുതൽ കൂട്ടാണ് എന്ന് പറയേണ്ടിവരും. പണമുണ്ടാക്കുകയല്ല, അത് ചെലവഴിക്കുന്നതിൽ കാണിക്കുന്ന പ്രായോഗികമായ അച്ചടക്കം വളരെ വലുതാണ്.

ഇരുപത് - ഇരുപത്തഞ്ച് വർഷങ്ങൾക്കിക്കോട്ട് റിമോട്ട് ഏരിയയെ ബാധിച്ച ഇംഗ്ലിഷ് മീഡിയം ജ്വരത്തിനും നിങ്ങൾക്ക് മറ്റെന്തു നെഗറ്റീവ് വശങ്ങൾ പറയാനുണ്ടെങ്കിലും  നമ്മുടെ നാട്ടിലെ വീട്ടമ്മമാർക്ക് പുതിയ ഊർജ്ജമാണ് നൽകിയത്. സ്വകാര്യ ഇംഗ്ലിഷ് സ്കൂൾ മാനേജ്മെന്റിന് മറ്റു പല മത്സര ലക്ഷ്യങ്ങളും കുറുക്കുവഴി അടവുകള്ളം  ഉണ്ടായിരുന്നെങ്കിലും തങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസം പരുവപ്പെടുത്തുന്നതിൽ തെറ്റല്ലാത്ത പങ്കാളിത്തമുണ്ടെന്ന തോന്നൽ മക്കളുടെ ക്ഷേമവും പoനവുമന്യേഷിച്ചുള്ള വീട്ടമ്മമാരുടെ നിരന്തര സ്കൂൾ സന്ദർശനങ്ങൾ ഇടവരുത്തി. സർക്കാർ (സർക്കാർ സ്ക്കുളുകളിൽ മുമ്പെവിടെയും ഇങ്ങനെയൊരു സമ്പ്രദായം തന്നെ ഉണ്ടായിരുന്നില്ലല്ലോ). അടുക്കള ഭരണത്തോടൊപ്പം മക്കളെ രാവിലെ പറഞ്ഞയക്കുന്നതിലുപരി അവരുടെ സ്കൂൾ മണിക്കൂറുകൾ കൂടി തങ്ങളുടെ അതിവ ശ്രദ്ധപതിയേണ്ട റെഡ് സോണിലേക്ക് വീട്ടുമ്മമാരെ എത്തിക്കാൻ ഇതുകൊണ്ടായി. ഇതും പെൺവിഭാഗങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കിയിരിക്കാൻ സാധ്യതയുണ്ട്.  സ്കൂളിൽ പി ടി എ പൊതു യോഗങ്ങളിലും  ഓപൺ ഹൗസിലും കാണുന്ന സ്ത്രീകളുടെ നിറഞ്ഞ സാനിധ്യത്തിനുള്ള തുടക്കം  ഇതാണ്. (പലരുടെയും തെറ്റിദ്ധാരണ ഇക്കാര്യത്തിലും മാറ്റേണ്ടതുണ്ട്)

ഉത്തരവാദിത്വത്തോടൊപ്പം അവകാശങ്ങളെ കുറിച്ചുള്ള ബോധവും സ്ത്രീകൾക്കുണ്ടായിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാ വീടുകളിലും പ്ലസ്ടു, ഡിഗ്രി, പ്രൊഫഷണൽ ബിരുദങ്ങളിൽ ഏതെങ്കിലുമൊന്നുള്ളവരാണ് (പെൺ)മരുമക്കളായെത്തുന്നത്. വിവാഹാലോചന സമയത്ത്  മുമ്പത്തെക്കാളേറെ ഗൗരവവും ആലോചനയും തങ്ങളുടെ ആൺപങ്കാളികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പെൺകുട്ടികൾ കാണിച്ചു തുടങ്ങി.  ഇതിന്റെ 'പിടുത്തം' ഇനിയും നാൾക്കുനാൾ കൂടി വരികയേയുളളൂ. വിവാഹാലോചന വേളകളിൽ ആൺകാരണവന്മാരുടെ കോൺട്രിബ്യൂഷൻ പേരിനൊരു  തറവാടന്വേഷിക്കുന്നതിലേക്ക് മാത്രം ശുഷ്ക്കിച്ചു പോയിട്ടുണ്ട്.  (അതിൽ പോലും സ്ത്രീകൾ ഒരുപടി കൂടി മുന്നിലാണ്.)

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സ്ത്രീകൾ ഏറെ മുന്നിലായി. പത്ത് വരെ പെൺമക്കളെ കഷ്ടി പഠിപ്പിച്ചു നിർത്തിക്കളയാമെന്ന് പല പിതാക്കളുടെയും വരണ്ട തീരുമാനത്തിൽ നിന്നും രക്ഷിതാക്കൾ മാറിയത് പ്രസംഗങ്ങൾ കേട്ടിട്ടൊന്നുമല്ല, വീട്ടിനകത്ത് നടക്കുന്ന സ്ത്രീ വിപ്ലവങ്ങൾ മേൽക്കൈ നേടിയത്കൊണ്ടു തന്നെയാണ്. മറുത്ത് പറയാനുള്ള ന്യായങ്ങളേക്കാളും ഇരുതലമൂർച്ചയുണ്ടാകും അവർ തിരിച്ചു കേട്ടിരുന്ന കൗണ്ടർ ന്യായങ്ങൾക്ക്. ഇപ്പോൾ പതിവു ശീലങ്ങളിലേക്ക് ഉന്നത സ്ത്രീ വിദ്യാഭ്യാസമെന്ന ആശയം മാറിക്കഴിഞ്ഞു.

ഒരോർമ്മ പങ്ക് വെക്കാം. ഒമ്പതോ പത്തോ വർഷം മുമ്പ് പട്ല സ്കൂളിൽ ഹയർസെക്കണ്ടറി കുട്ടികളുമായുള്ള ഒരു ഇൻട്രാക്ഷൻ സെഷനിൽ ഒരു ആൺകുട്ടി (കുസൃതി) ചോദ്യം എനിക്ക് എഴുതി നീട്ടി. അതിനുത്തരമായി ഞാൻ നർമ്മം കലർത്തിയുള്ള ഒരു  മറുപടി അവരോട് പൊതുവായി പറഞ്ഞതോർക്കുന്നു - ഇവിടെ സാമൂഹികാന്തരീക്ഷം വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു, +2 തന്നെ നല്ലവണ്ണം പഠിച്ചു കയറണമെന്ന് ഞാൻ ആൺകുട്ടികളോട് പറയില്ല, പക്ഷെ, വിവാഹപ്രായമെത്തുമ്പോൾ എന്തെങ്കിലുമൊന്ന് പറയാൻ കൊള്ളുന്ന കഴിവും സർട്ടിഫിക്കറ്റും കയ്യിൽ വേണ്ടി വരും, പെണ്ണുകെട്ടാനല്ല, പെണ്ണുകിട്ടാനെങ്കിലും ! (പെണ്ണ് കെട്ടുക എന്ന ആൺ മേധാവിത്വത്തിൽ നിന്ന് പെണ്ണു കിട്ടുക എന്ന ആൺപ്രതിരോത്വത്തിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞുവെന്നർഥം)

ഈ പരമ്പര എഴുതാൻ തുടങ്ങുമ്പോൾ തികട്ടിത്തികട്ടി വന്ന സംഭവമാണ് മുകളിൽ ഞാൻ എഴുതിയത്. സ്‌ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തിലേക്ക് ഒരു ഭാഗത്ത് അഭംഗുരം ശ്രമം നടക്കുമ്പോൾ, പുരുഷവിഭാഗങ്ങളും അതേ സ്പിരിറ്റോടെ തികച്ചും പോസിറ്റീവായി തങ്ങളുടെ മുരടൻ യാഥാസ്ഥികത്വ നിലപാടുകളിൽ നിന്നും കാലത്തിന്റെ മാറ്റങ്ങൾ നോക്കിക്കാണുന്ന രീതിയിൽ നിന്നും വഴി മാറി ചിന്തിക്കാൻ സമയമായി. ജീവിതശൈലീ ഗ്രാഫിലും കാര്യമായ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ മത്സരത്തിനു പോലും സാധ്യത നൽകാത്ത വിധം സ്ത്രീപക്ഷം ഒരുപാടു മുന്നിലെത്താൻ വലിയ സമയമില്ല.

.           (3)

വിധിവൈപര്യന്തമെന്നേ പറയേണ്ടൂ. മിനിഞ്ഞാന്ന് ഒരു വേദിയിൽ നിന്നും ഒരാളുടെ പ്രസംഗം കേട്ടു. അതിങ്ങനെ : ഈ സ്കൂളിലെ ആൺകുട്ടികൾ എവിടെപ്പോയി ? അടുത്ത വർഷം പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ നിങ്ങൾ പെൺകുട്ടികളെ തോൽപ്പിക്കണം.  ഇത് കേട്ടപ്പോൾ ഓർമ്മകൾ പിന്നാമ്പുറത്തേക്ക് നീങ്ങി. 1982 ന്റെ തുടക്കം. അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകർ നെട്ടോട്ടത്തിലാണ്. പുതുതായി അനുവദിക്കപ്പെട്ട ഹൈസ്കൂളിലെ ഒന്നാം ബാച്ചിലേക്ക് ആളെച്ചേർക്കുക എന്നതാണ് ദൗത്യം. കെട്ടിടം നാട്ടുകാർ പണിതു. കുട്ടികളെ കിട്ടണ്ടേ ? കുറെ ആൺപിള്ളേരെ ഒപ്പിച്ചുകിട്ടി. ക്ലാസ്സിൽ പത്ത് പെൺകുട്ടികളെ പിടിച്ചിരുത്താൻ എല്ലാ കളിയും കളിച്ചു നോക്കി. കിം ഫലം ?

ഏട്ടിൽ തളച്ച പെൺകുട്ടികളെ എട്ടിൽ ചേർക്കാൻ അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി കാമ്പയിൻ നടത്തിയത് എന്റെ  ഓർമ്മയിലുണ്ട്.  മദ്രസ്സാ പ്രധാനധ്യാപകനായിരുന്നു  മുൻകൈ എടുത്തത്. അവസാനം രണ്ട് പെൺതരികളെ കിട്ടി, ഒരു വർഷം തീരുന്നതിന് മുമ്പ് ഓരോന്നു കൊഴിഞ്ഞും പോയി. അന്നത്തെ പിടിഎ യോഗങ്ങളിൽ സ്വാഭാവികമായും പ്രതിനിധികൾ  സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച്  ഊന്നിയൂന്നിപ്പറഞ്ഞിരിക്കണം, അവർ ഒന്നാമതെത്തേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ചിരിക്കണം. കൃത്യം 37 വർഷം കഴിഞ്ഞപ്പോൾ നേരെ തിരിച്ചു ബോധവത്ക്കരണം നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു!.

കാലചക്രങ്ങൾ കരിമ്പാറകളിൽ ഉരുണ്ടു നീങ്ങി. ഒരുഭാഗത്ത് (എല്ലാ അർഥത്തിലുമുള്ള )  സ്ത്രിസാക്ഷരതയുടെ പ്രോഗ്രസ്സ് ഗ്രാഫ് മേലോട്ട് ഉയർന്നുയർന്നു വന്നു, പുരുഷസാക്ഷരത ബക്കറ്റിൽ ഒഴിച്ച വെള്ളം പോലെ അവിടെത്തന്നെ നിൽക്കുകയും ചെയ്തു. വളരെപ്പതുക്കെ നടക്കുന്ന നിശബ്ദ വിപ്ലവമാണ്  സ്ത്രീകൾക്കിടയിൽ ഉണ്ടായത്. അതിന്റെ തിരനോട്ടത്തിലേക്ക് -preview & review-  ഇപ്പോൾ ഞാനില്ല, മറ്റൊരു സന്ദർഭത്തിൽ ഞാൻ എഴുതാതെ പോകുകയുമില്ല. [ Barran Rubin ന്റെ Silent Revolution എന്ന് തുടങ്ങുന്ന നീണ്ട ശീർഷകമുള്ള പുസ്തകത്തിൽ അമേരിക്കയിൽ Leflistകൾ എങ്ങിനെയാണ് പതിവ് വിപ്ലവരീതി ഉപേക്ഷിച്ച് (വർക്കിംഗ് ക്ലാസിനെ റെവല്യൂഷനറി ടൂളാക്കുന്ന ),   വിദ്യാഭാസ സമ്പ്രദായത്തിൽ കൂടി വിപ്ലവമെന്ന പുതിയ "സാമാന്യബുദ്ധി" ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടതും ഏറെക്കുറെ സാമൂഹിക മണ്ഡലങ്ങളിൽ മാറ്റമുണ്ടാക്കിയതും മറ്റും വിശദമായി പറയുന്നുണ്ട്, സൗകര്യപ്പെടുന്നവർ വായിക്കുക ]

ആർജ്ജിച്ചെടുക്കുന്ന വിദ്യാഭ്യാസത്തിൽ കൂടി ബഹുമുഖ ലക്ഷ്യങ്ങൾ പരുവപ്പെടുത്താൻ തുടക്കത്തിൽ സാധിച്ചുകൊള്ളണമെന്നില്ല. ചുറ്റുപാടു നിരിക്ഷണങ്ങളിൽ പുരുഷന്മാരേക്കാളും പതിന്മടങ്ങ് ജാഗ്രത കാണിച്ച /കാണിക്കുന്ന സ്ത്രികൾ  പക്ഷെ അനുകൂല സാഹചര്യങ്ങൾക്കുള്ള കാത്തിരിപ്പിലായിരുന്നു. അത്തരം സന്ദർഭങ്ങളെ അവസരത്തിനൊത്ത് utilize ചെയ്യാൻ അവർക്കായി. ഇതൊരപശകുനമല്ല, നല്ല ലക്ഷണമാണ്.

നാലഞ്ചു വർഷം മുമ്പ് നമ്മുടെ പ്രദേശത്ത് ലഹരിവിരുദ്ധ കാമ്പയിൻ നടന്നപ്പോൾ, അതിന്റെ ഗൗരവമുൾക്കൊണ്ട് നിശബ്ദ ജാഗ്രത പുലർത്തി മക്കളുടെ (തലമുറകളുടെ) കാര്യത്തിൽ ഏറ്റവും കൂടുതൽ  വിജിലൻറായത് സ്ത്രീ വിഭാഗമായിരുന്നു. കടകൾ കേന്ദ്രികരിച്ചു ലഹരിമിഠായി വിൽപ്പന നടക്കുന്നുണ്ടോ എന്ന് അപ്പപ്പോൾ അeന്വഷിച്ചറിയുന്നതും മറ്റാരേക്കാളും കൂടുതൽ സ്ത്രീകൾ തന്നെ.

ചില അന്വേഷണങ്ങളാണ് ഇനി എനിക്കവതരിപ്പിക്കാനുള്ളത്. രാഷ്ട്രീയ നേതൃങ്ങളോടും മറ്റു സാമൂഹ്യ കൂട്ടായ്മകളോടുമാണത്. നിങ്ങൾക്ക് ഇടപെടാൻ ഒരുപാടുണ്ട്. സ്ത്രീശാക്തീകരണത്തിൽ നിങ്ങളുടെ നേരിട്ടുള്ള പങ്കെന്തായിരുന്നുവെന്ന് അറിയാൻ താൽപര്യമുണ്ട്, ഇപ്പോഴെന്ത് ?  പരോക്ഷമായ ഇടപെടൽ ആർക്കും വ്യാഖ്യാനിച്ചൊപ്പിക്കാം. ആദ്യം ചില ചോദ്യങ്ങളോടു കൂടിയുള്ള സന്ദർഭങ്ങൾ ഞാൻ പറയും, ഒന്ന് രണ്ട് പാരഗ്രാഫിൽ. തുടർന്ന് നിങ്ങൾക്കെന്ത് ഭാവിപരിപാടികളെന്ന് നേരിട്ടു ചോദിക്കും.

ഒരു പക്ഷെ അടുത്ത പഞ്ചായത്തംഗം ഊഴമനുസരിച്ച് വനിതയാകാം. ദൗർഭാഗ്യകരമെന്ന് പറയട്ടെ പട്ല കണ്ട ജനപ്രതിനിധികളുടെ പ്രവർത്തനക്ഷമത പരിശോധിച്ചാൽ  വനിതാ അംഗങ്ങളുടെ സജീവതയും  അവരുടെ കോൺട്രിബ്യൂഷനും  ആവറേജിനും താഴെയായിരുന്നു. അതെന്ത് കൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. അവർക്ക് നേതൃത്വം പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തതോ ? പബ്ലിക്കിൽ നിന്ന്  സഹകരണം ലഭിക്കാത്തതോ ? ഇത്രയൊക്കെ മതിയെന്ന് പുരുഷനേതൃത്വത്തിന് തോന്നിയതോ ? പ്രാപ്തരായ ആളുകളുടെ അഭാവമോ ? അതൊന്നുമല്ല ഈ കാര്യത്തിൽ പൊതുവെയുള്ള രാഷ്ട്രീയ സാക്ഷരതയില്ലായ്മയോ ?

കൂടുതൽ കഴിവും പ്രാപ്തിയുമുള്ളവരെ മുന്നിൽ കൊണ്ടുവരാൻ ഇവിടെയുള്ള രണ്ട് പ്രബല രാഷ്ട്രീയ കക്ഷികൾക്ക് ഉത്തരവാദിത്വമുണ്ട്.  എന്തുകൊണ്ടാകുന്നില്ല ? വനിതകൾ ഭരിക്കുന്ന അഞ്ചു വർഷക്കാലം ഈ പ്രദേശം  ഇങ്ങനെ വേലിയിൽ ചാരി വെച്ച പാവയ്ക്കാതണ്ടു പോലെ "അരജീമൻത്തില് (deathlike)" ജീവിച്ചു പൊക്കോട്ടെ എന്നാണോ ? അങ്ങിനെയെങ്കിൽ മധൂർ പഞ്ചായത്തും ജില്ലാപഞ്ചായത്തും സ്ത്രീയാധിപത്യത്തിൽ ഭരിക്കുമ്പോൾ,  അവരോടും ഒരു വികസനവും ചോദിക്കാൻ ആൺപ്രതിനിധികളും നിൽക്കരുത്.

രാഷ്ട്രീയ സാക്ഷരത സ്ത്രീകൾക്കുണ്ട്. ലേഖനതുടക്കത്തിൽ പരാമർശിച്ച ഒരുപാട് തൊഴിലുകളിലോ സേവനമേഖലയിലോ അവരുടെ സാനിധ്യവുമുണ്ട്. ഒരു പ്രദേശത്തിന്റെ മൊത്തം ഭരണത്തിൽ നിന്ന് പട്ല സ്ത്രീമുക്തവാർഡായി ഇന്ത്യൻ ഭരണഘടനയോ പഞ്ചായത്ത് രാജോ പറയുന്നുമില്ല. പിന്നെ എന്തുകൊണ്ട് ഒരു ഗൗരവം ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാത്രം സ്ത്രീവാർഡെന്ന് കേട്ട് സ്വയം ഞെട്ടിവിറച്ച്,  ഓടിച്ചാടി ആളെത്തപ്പുന്ന പ്രഹസനത്തിൽ നിന്ന് ഇവിടെയുള്ള രണ്ടുപക്ഷത്തുമുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ വിടുതി നേടണം. ഭാവിയിലെ വനിതാജനപ്രതിനിധി ആരുമാകട്ടെ.  ഇന്ന് കാണുന്ന ജനസമ്പർക്ക പൊതുവേദികളിലൊക്കെ മുഖവും സക്രിയത്വവും അവരും കാണിക്കണം, അതിനവർക്ക് അവസരവും ലഭിക്കണം.  അവിടെ സംഘാടകർ ഞഞ്ഞാമിഞ്ഞാ വർത്തമാനം പറഞ്ഞു അവരെ അവഗണിക്കാൻ പുതിയ തെന്നാലിരാമൻ കഥകൾ തേടിപ്പോകരുത്.

സ്വയം തൊഴിൽ മേഖലയിൽ ഒരിലയനക്കമെന്ന പ്രതിക്ഷ നൽകി ഇവിടെ ചില കൂട്ടായ്മകൾ ഗജഗർഭ ചർച്ചകൾ രാപ്പകലുകൾ നടത്തി അവസാനം  മൂഷികപ്പേറെടുക്കാൻ പോലും ആവതായിട്ടില്ല എന്നും കൂട്ടത്തിൽ പറയട്ടെ.  പറ്റാത്ത ഒരു പ്രൊജക്ടായിരുന്നില്ല, കാലുളുക്കിയാൽ കാൽ ലക്ഷം അന്തിക്കു മുമ്പ് പിരിഞ്ഞു കിട്ടുന്ന പ്രദേശമാണിത്. ഒച്ചയും ബഹളവും വെച്ച് ഒരു വലിയ സർവ്വെ നടത്തിയതിന്റെ ExeL ഫയലുകൾ പലമെയിലുകളിലും സിസ്റ്റങ്ങളിലും   തുറക്കാതെയുമുണ്ട്, അതിലാകട്ടെ നഷ്ടപ്പെട്ട സ്ത്രീപക്ഷ വിചാരങ്ങളുടെ ഏങ്ങലുമുണ്ട്. പക്ഷെ....

ആ പക്ഷെയിലാണ് പ്രതിക്ഷകൾ തച്ചുടഞ്ഞിട്ടുള്ളത്, കൂടാരം വീണിട്ടുള്ളത്. ദ ക്യാറ്റ് ഇൻ ദ ഹാറ്റിലെ പൂച്ചയെപ്പോലെ അവസാനം നമുക്കീ ചിതറിക്കിടക്കുന്ന കൂടാരമൊന്ന് നേരെച്ചൊവ്വെ ശരിയാക്കിയെടുക്കണ്ടേ ? വായിച്ചു തള്ളുന്നതിന് മുമ്പ് ഉത്തരവും പോരട്ടെ.

You Educate a man you educate a man, You educate a woman; you educate a generation" എന്ന് Brigham Young പറയുന്നുണ്ട്. ഒരുതലമുറയെ നന്നാക്കാൻ ഇവിടെയുള്ള രക്ഷിതാക്കൾ പെൺമക്കൾക്ക് അറിവ് നേടാനുള്ള സാഹചര്യമൊരുക്കിക്കഴിഞ്ഞു. സ്ത്രീ ശാക്തീകരണം യാഥാർഥ്യമാകാൻ പോവുകയുമാണ്ണ്. അതിന് ദിശാബോധം നൽകിയുള്ള പിന്തുണ ഇനി രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക നേതൃത്വങ്ങൾ നൽകാൻ മുന്നോട്ട് വരണം. കാലമതാണ് ആവശ്യപ്പെടുന്നതും.

*മാമ്പു :*
Whenever you see a successful woman, look out for three men who are going out of their way to try to block her - യൂലിയുടെ ഈ വാചകത്തെ ഞാൻ മൊഴിമാറ്റം നടത്തട്ടെ   "ഒരു വിജയിയായ  സ്ത്രിയോ നോക്കൂ, മൂന്ന് പപ്പാരകൾ വഴിതടസ്സമായതിനെ കുറുകെച്ചാടിയാണ് അവൾ അവിടെ സ്ഥാനത്തെത്തിയത് " 

No comments:

Post a Comment