Monday 2 December 2019

അടുത്തത് ഗ്രാമോത്സവം !* /അസ്ലം മാവിലെ

*അടുത്തത് ഗ്രാമോത്സവം !*
.................................
അസ്ലം മാവിലെ
.................................

അരങ്ങൊഴിഞ്ഞു; നാലുനാൾ കൗമാരക്കളിയാട്ടത്തിന്റെ കൊടി ഇന്നിറങ്ങി. സമ്മിശ്ര പ്രതികരണങ്ങൾ സാധാരണ പോലെ വന്നും തുടങ്ങി. അതതിന്റെ വഴിക്ക് നടക്കട്ടെ.

2017 ൽ മേഖലാ തല കലോത്സവ പ്രഖ്യാപനം നടന്നു, എന്ത് കൊണ്ടത് പ്രാവർത്തികമാക്കിക്കൂടാ എന്ന ചർച്ചയ്ക്കും ചില മുതിർന്ന മാധ്യമപ്രവർത്തകർ തിരികൊളുത്തിയിട്ടുണ്ട് -  ജില്ലാ മത്സരങ്ങൾ കഴിഞ്ഞാൽ കേരളത്തെ മൂന്നോ നാലോ മേഖലയാക്കിത്തിരിച്ചുള്ള കലോത്സവങ്ങൾ. അതിൽ ഒന്നാമരെ സംസ്ഥാനതലത്തിൽ കൊണ്ട് വരിക.

ആശയം കൊള്ളാം, തിരക്കൊഴിവാക്കാനായിരിക്കും ഉദ്ദേശം, പക്ഷെ അത് അപ്പുറം പോകാതെ മേഖലയിൽ നിർത്തുമെങ്കിൽ പറഞ്ഞതിൽ കാര്യമുണ്ട്. എല്ലാവരും കെട്ടി വലിച്ചു ഒരു ബിന്ദുവിലേക്ക് വരേണ്ട ആവശ്യമില്ലല്ലോ. മേഖലയും കഴിഞ്ഞു സ്റ്റേയ്റ്റ് തല മത്സരമുണ്ടെങ്കിൽ എല്ലാവരുടെയും 4 ദിവസം കൂടി കൂടുതൽ നഷ്മാകുമെന്നേയുള്ളൂ, സാമ്പത്തിക ബാധ്യത വേറെയും.

അതവിടെ ഇരിക്കട്ടെ. ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച *അടുത്ത വർഷം മുതൽ കലോത്സവങ്ങൾ ഗ്രാമോത്സവങ്ങളാക്കുമെന്ന*  കൺസെപ്റ്റാണ് വരും നാളുകളിൽ ഒരു പക്ഷെ കലാകേരളം കൂടുതൽ ചർച്ച ചെയ്യാൻ സാധ്യത എന്നു തോന്നുന്നു.

ആബാലവൃദ്ധ ജനപങ്കാളിത്തം കൊണ്ട് വൈവിധ്യങ്ങൾ ഉൾപ്പെടുത്തി, പരിമിതികൾക്കകത്ത് നിന്ന് ആഴ്ചകൾ നീണ്ടു നിന്ന  ഗ്രാമോത്സവ പരീക്ഷണം  നടത്തിയ  കേരളത്തിലെ വളരെ ചുരുക്കം ഗ്രാമങ്ങളിലൊന്നാണ് പട്ല. അത്കൊണ്ട് തന്നെ മന്ത്രിയുടെ പ്രസ്തുത പ്രസ്താവനയുടെ  വിശദീകരണത്തിനായി  ഞങ്ങൾ സാകൂതം  കാതോർക്കുകയാണ്.

സർക്കാർ - എയ്ഡഡ് സ്കൂളുകളുള്ളിടത്തൊക്കെ ഈ കൺസെപ്റ്റ് കീഴേ തലം മുതൽ വിജയിക്കും. ചില ഗൃഹപാഠങ്ങൾ ആവശ്യമാണെന്നു മാത്രം. സ്കൂൾ ചുറ്റുവട്ടത്തുള്ള മുഴുവനാൾക്കാരെയും ഭാഗവാക്കാക്കി ഗ്രാമം മുഴുവൻ ഉത്സവഛായ പകർന്നു,  അതിലവസാന ദിനങ്ങൾ കുട്ടികളുടെ മത്സരങ്ങൾ നടത്തി വർണ്ണോജ്വലമായ സമാപനോത്സവം നടത്തുക എന്നത് വളരെ മനോഹരം തന്നെ.

ഇനി അതല്ല മറ്റു വല്ല വേറിട്ട ആശയവും മന്ത്രി നിർദ്ദേശിച്ച  ഈ നിർദ്ദിഷ്ട  ഗ്രാമോത്സവത്തിനുണ്ടോ,  ഇതൊന്നുമല്ല വെറുമൊരു ആവേശ പ്രസ്താവന മാത്രമാണോ എന്നും ഇനി അറിയാനുണ്ട്. അതിനായി വരും നാളുകൾ കാത്തിരിക്കാം. 

No comments:

Post a Comment