Sunday 15 December 2019

എംഎ മനസ്സു തുറക്കുന്നു / അസ്ലം മാവിലെ

*എംഎ മനസ്സു തുറക്കുന്നു / അസ്ലം മാവിലെ*
.            :  ( 1 )
*നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുമോ ഒരു കാലത്ത് ഇദ്ദേഹം എഴുത്തുകാരനായിരുന്നെന്ന്...?; ഓര്‍മകളുടെ തീച്ചൂളയില്‍ നിന്നും..*
http://www.kasargodvartha.com/2019/12/malayalam-article-about-ma-aboobacker.html?m=1
.            :  ( 2 )
*പഠനത്തിന് മാത്രമല്ല നടത്തത്തിനും അന്ന് കുറുക്കുവഴികളില്ലായിരുന്നു; ഒരു മാസ്റ്റര്‍ ഡിഗ്രി പിന്നീട് കേള്‍ക്കുന്നത് കാല്‍നൂറ്റാണ്ട് കഴിഞ്ഞാണ്; പഠനകാലവും സാഹചര്യങ്ങളും*
.             (3 )
http://www.kasargodvartha.com/2019/12/malayalam-article-about-ma-aboobacker15.html
വിശ്രമ ജീവിതത്തില്‍ വായനയെ കൂട്ടുപിടിച്ച് ആദ്ദേഹമിവിടെയുണ്ട്; മുബൈ ജീവിതത്തിന്റെ നോവും പ്രവാസത്തിന്റെ അനുഭവങ്ങളും ഓര്‍ത്തുകൊണ്ട്...*

http://www.kasargodvartha.com/2019/12/malayalaam-article-by-aslam-mavile-last.html

പഠിച്ച ബിരുദം ഇനീഷ്യലാക്കി നാം ഇവിടെ ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളു - അത് എം.എ. അബൂബക്കർ സാഹിബിനെ മാത്രം !

ദീർഘകാലം പ്രവാസം - കൃത്യമായി പറഞ്ഞാൽ 36 വർഷം. അതിൽ പതിനഞ്ചു വർഷം മുംബയിൽ, 21 വർഷം അബൂദാബിയിൽ. 2001 ലാണ് പ്രവാസ ജീവിതം പാടേ നിർത്തി എം.എ. ഔക്കൻച്ച നാട്ടിൽ സെറ്റ്ല് ചെയ്യുന്നത്.

യു.എ. ഇ യിലുണ്ടായിരിക്കെ,  ദീർഘകാലം യു.എ. ഇ - പട്ല ജമാഅത്തിന്റെ അനിഷേധ്യ അധ്യക്ഷൻ. യു. എ. ഇ വിടുന്നത് വരെ ആ സ്ഥാനത്ത് പകരം വെക്കാൻ മറ്റൊരാളുണ്ടായിരുന്നില്ല.

പക്വമായ നേതൃത്വം. തുളുമ്പാത്ത വ്യക്തിത്വം. ജാഡയില്ലാത്ത പ്രകൃതം. എല്ലാത്തിനെക്കുറിച്ചും തന്റെതായ കാഴ്ചപ്പാടുകൾ നിലനിർത്തുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ  അതേ പോലെ മാനിക്കുകയും ചെയ്ത/ചെയ്യുന്ന ഉത്കൃഷ്ട സ്വഭാവം.

പ്രവാസം തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ഏതെങ്കിലുമൊരു കേന്ദ്ര ഗവ. സ്ഥാപനത്തിലെ ഒരുന്നത സ്ഥാനത്ത് ഡയരക്ടറായോ കോളേജ് മേധാവി..യായോ ഇക്കണോമിസ്റ്റായോ വിരമിച്ചു വിശ്രമജീവിതം നയിക്കുമായിരുന്നു അദ്ദേഹമിപ്പോൾ.

നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ ഒരു കാലത്ത് എം.എ. നല്ല ഒരു  എഴുത്തുകാരനായിരുന്നെന്ന്, ഒരധ്യാപകനായിരുന്നെന്ന് ?
1960 കൾ ഇടതുപക്ഷ രാഷ്ട്രിയത്തിന്റെ തീകത്തുന്ന പകൽ വെളിച്ച നാളുകൾ. ഇ എം. അധികാരത്തിലേറുകയും ഇറങ്ങുകയും ചെയ്ത കാലം. അഭിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനമാണന്ന്. കന്നഡ ഭാഷയിലുള്ള അരുണ (പ്രഭാതം) എന്ന കമ്മ്യൂണിസ്റ്റ്പ്രസ്ഥാനനുകൂല പത്രത്തിൽ പി. അബൂബക്കർ എന്ന പേരിൽ സമകാലീന രാഷ്ട്രീയം എഴുതിയിക്കൊണ്ടിരുന്നു. അത്പോലെ കന്നഡ നവഭാരതയിലും അദ്ദേഹം  രാഷ്ട്രീയ സാമൂഹിക ലേഖനങ്ങൾ  എഴുതുമായിരുന്നു.

അവിഭക്ത CPI യുടെ തുടക്കം, 1920 ലെ താഷ്ക്കന്റിലെ ആലോചന, 1925 കാൺപുരിലെ രൂപീകരണം, കർഷക സമരങ്ങൾ, 8 മണിക്കൂർ ജോലി, പ്രദേശ് കോൺഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചിന്താഗതി,  കേരളത്തിൽ 37 ൽ കോഴിക്കോടാണോ അല്ല 39 ൽ തലശേരി പാറപ്പുറത്താണോ ആദ്യയോഗമെന്ന ചർച്ച,  ലോകമഹായുദ്ധങ്ങളിൽ കോളനി രാജ്യങ്ങളുടെ പങ്കാളിത്തം, അന്നത്തെ രാഷ്ട്രിയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ,  62 ഇന്ത്യ ചൈന യുദ്ധത്തിൽ പാർട്ടിയിലെ അഭിപ്രായ ഭിന്നത ,  1964 ലെ പാർട്ടി വിഭജനം,  അതിന് മുന്നോടിയായുള്ള കൽക്കത്ത തീസീസടക്കം മിക്ക കാര്യങ്ങളിലും തീർച്ചയായും അദ്ദേഹത്തിന് അക്കാലങ്ങളിലെ എഴുത്ത് ലോകത്ത് സജീവമായത് കൊണ്ട് ഒരുപാട് പറയാനാകുമായിരിക്കും. ഈ കുറിപ്പ് പക്ഷെ, അങ്ങോട്ടേക്കൊന്നുമില്ല.

1960 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം കുറച്ചു കാലം എംയെച്ച ഉപരിപഠനത്തിന് പോയില്ല. ആയിടക്കാണ് കുമ്പള ഹൈസ്ക്കൂളിൽ അധ്യാപക ഒഴിവ് ശ്രദ്ധയിൽ പെടുന്നതും ജോയിൻ ചെയ്യുന്നതും. പഠിപ്പിക്കേണ്ട വിഷയം ഇംഗ്ലിഷായിരുന്നെങ്കിലും സ്കൂളിൽ  അധ്യാപകരുടെ ഷോർട്ടേജ് കാരണം  കണക്കും സയൻസുമടക്കം  എല്ലാ സബ്ജക്റ്റ്സും  കുട്ടികൾക്ക് പഠിപ്പിക്കേണ്ടി വന്നുവത്രെ.  അതിന് മാത്രം ഹോം വർക്കും ചെയ്യേണ്ടിയും വന്നു. എംയെച്ച ഓർമ്മകളുടെ  പിന്നിലേക്ക് നടന്നു.

*പഠനകാലം, പൊതുസാഹചര്യങ്ങൾ*
................................
.             ( 2 )
2001 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാകട്ടെ അതിലും വലിയ ഉത്തരവാദിത്വം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു - പട്ല വലിയ ജമാഅത്തിന്റെ നേത്യത്വം.  എട്ടൊമ്പത് വർഷം അത് ഇടവേളയില്ലാതെ തുടർന്നു.

ഒരു സാധാരണക്കാരനായി നിങ്ങൾ എം.യെച്ചാനോട് സംസാരിച്ചു നോക്കു,  അതേ ടോണിൽ അദ്ദേഹം നാട്ടുവർത്തമാനത്തിലുണ്ടാകും. ഒരുപടി ഉയർന്നു നിങ്ങൾ വർത്തമാനം പറയൂ. ആ താളത്തിൽ തന്നെ സംഭാഷണത്തിലേർപ്പെടും. നിങ്ങളൽപം പരന്ന രാഷ്ട്രീയം പറയൂ, സാമ്പത്തികശാസ്ത്രം പറയൂ, സാമൂഹ്യവിഷയങ്ങൾ പങ്ക് വെയ്ക്കൂ. അവിടെ മറ്റൊരു മനുഷ്യൻ.  ഒരു അക്കാഡമിഷ്യന്റെ റോളിൽ അൽപം സമയം ഇരുന്നു നോക്കൂ, ഏറ്റവും അപ്ഡേറ്റഡ് വിവരങ്ങളുമായി നിങ്ങൾക്ക് പുറത്തിറങ്ങാം.

പട്ല സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ് എം.എ. 47ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ചെറിയ ഓർമ്മ മാത്രം അദ്ദേഹത്തിനുണ്ട്, അന്നദ്ദേഹം മൂന്നാം ക്ലാസ്സിൽ.

ജനനം 1940 ൽ. പിതാവ് അബ്ദുൽ ഖാദർ, മാതാവ് ഉമ്മാലിയുമ്മ. 1945 മുതൽ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം. അന്ന് അധ്യാപകർ കുട്ടികളുടെ പിന്നാലെ ഓടി  സ്കൂളിൽ ചേർക്കുന്ന കാലം.  വളരെ കുറഞ്ഞ കുട്ടികൾ. എം. ഇബ്രാഹിം (സാഹിറിന്റെ ഉപ്പ ), എം.പി. അബ്ദുറഹ്മാൻ ( കരീമിന്റെ ഉപ്പ ), ഗോപാലഷെട്ടി, സുന്ദരഷെട്ടി തുടങ്ങിയവർ അന്നു സഹപാഠികളായുണ്ട്. അധ്യാപകർ  മമ്മുഞ്ഞി മാഷും (ബിഎസ്ടി ഹാരിസിന്റെ മാതൃപിതാവ്) പുത്തപ്പ മാഷും.  അന്ന് നമ്മുടെ പ്രദേശം സൗത്ത്  കാനറയുടെ ഭാഗമാണല്ലോ. സ്കൂൾ മിഡിയം തുടക്കം മുതൽ കന്നഡയും.

പട്ല സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണെങ്കിലും ഇന്ന് കാണുന്ന  സ്കൂൾ പ്രിമൈസിലല്ലായിരുന്നു എം.എ. പഠിച്ചത്. സ്രാമ്പിപ്പള്ളിക്കടുത്ത് നിന്ന് 1900 ന്റെ ആദ്യമോ അതല്ല 1800 ന്റ മധ്യത്തിലോ അവസാനമോ തുടങ്ങിയ ഒരു ഏകാധ്യാപക വിദ്യാലയമുണ്ട്. അവിടെയായിരുന്നു ഒന്നു മുതൽ അഞ്ച് വരെ അദ്ദേഹം പഠിച്ചത്. [ഏകദേശം 120 വർഷം മുമ്പ് ഈ സ്കൂളിൽ തന്നെയാണ്  എന്റെ പിതാമഹൻ മമ്മുഞ്ഞി ഉസ്താദ് അറബിക് (ഖുർആൻ) അധ്യാപകനായിരുന്നതെന്നത് കൂട്ടത്തിൽ സൂചിപ്പിക്കട്ടെ. മഹാകവി മോയിൻകുട്ടിവൈദ്യരുടെ സമകാലികനും ആയുർവ്വേദത്തിലെ അവസാന വാക്കായ അഷ്ടാംഗഹൃദയം കാവ്യമൊഴിമാറ്റം നടത്തിയ കവിശ്രേഷ്ടനുമായ  പട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ വസതിക്ക് തൊട്ടടുത്തായിരുന്നു ഈ പാഠശാല. മറ്റൊരു കാര്യം, എംയെച്ച ഇവിടെ പഠനം പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത വർഷമാണ്, 1950 -1951, അദ്ദേഹത്തിന്റെ പിതാവിന്റെ കൂടി (അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകരായ മൂന്ന് പേരുടെ സംരംഭം - ഖാദർ ഹാജി, അബ്ദുൽ ഖാദർ, മമ്മുഞ്ഞി ബാവ)
അധീനതയിലുണ്ടായിരുന്ന വിശാലമായ സ്ഥലത്തേക്ക്  സ്കൂൾ ഷിഫ്റ്റ് ചെയ്യുന്നത്. 6 മുതൽ 8 വരെ കൊല്ലങ്കാനം  കല്ലക്കട്ട സ്കൂളിൽ യുപി പഠനം.  അക്കാലങ്ങളിൽ വാഹന സൗകാര്യമൊന്നുമില്ലല്ലോ, ദിവസവും നടത്തം തന്നെ.  9 മുതൽ 11 വരെയുള്ളതാണ് ഹൈസ്ക്കൂൾ ക്ലാസ്സുകൾ, ഇന്നത്തെ പോലെ 8  ടു 10 അല്ല. കാസർകോട് ബി.ഇ. എം. ഹൈസ്കൂളിൽ നിന്നാണ് ഹൈസ്കൂൾ വിദ്യാഭ്യാസം. അതിരാവിലെ നടത്തം, തിരിച്ചിങ്ങോട്ടും അതേ നടത്തം. "പഠിത്തത്തിനു മാത്രമല്ല നടത്തത്തിനും അന്ന് കുറുക്കുവഴികളില്ലായിരുന്നു" - എം. എ. സ്വതസിദ്ധമായി ചിരിച്ചു പറഞ്ഞു.

അന്ന് ബസുകൾ നന്നേ കുറവ്. ടൗണിൽ പൊയക്കര ബസ്, ശ്രീ ഗോപാലകൃഷ്ണ ബസ് തുടങ്ങി എണ്ണം കുറഞ്ഞ ബസുകൾ മാത്രം വല്ലപ്പോഴും സർവ്വീസ് ഓട്ടം കാണും. ഒറ്റപ്പെട്ട നേരങ്ങളിൽ കാളവണ്ടികളും.

വിഖ്യാതപ്രഭാഷകൻ സുകുമാർ അഴിക്കോട് മാഷും പ്രമുഖ തൊഴിലാളി നേതാവും പ്രതിരോധ മന്ത്രിയുമായിരുന്ന ജോർജ് ഫെർണാണ്ടസും മറ്റും പഠിച്ച മംഗലാപുരം സെൻറ് അലോഷ്യസ് കോളേജിൽ നിന്നാണ് എംയെച്ചാന്റെ പ്രീഡിഗ്രി വിദ്യാഭ്യാസം. 1880 കളിൽ തന്നെ ഈ കോളേജുണ്ട്. 1955 വരെ  മദ്രാസ് യൂനിവേഴ്സിറ്റിയുമായിട്ടായിരുന്നു അഫിലിയേഷൻ. അന്ന് പ്രിഡിഗ്രിയാകട്ടെ ഒരുവർഷത്തെ കോഴ്സും. പട്ലയിൽ കുടുംബവേരുള്ള ഒരു മുസ്ല്യാരായിരുന്നുവത്രെ അദ്ദേഹത്തിന് മംഗലാപുരത്ത് താമസ സൗകര്യം ചെയ്ത് കൊടുത്തത്. അതിന് മുമ്പ് പട്ലയിൽ നിന്നും ഉള്ളാൾ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ പോയി മതവിദ്യാഭ്യാസം സ്വായത്തമാക്കാൻ വളരെച്ചിലർ മാത്രം പോയിരുന്നെങ്കിലും മുസ്ലിം സമുദായത്തിൽ നിന്നും ആദ്യമായൊരാളാണ് പട്ലയിൽ നിന്നും ആർട്സ് കോളേജിലേക്ക് പത്തറുപത് കി. മീറ്റർ ദൂരം താണ്ടി പോകുന്നത്.

നല്ല മാർക്കോടെ പ്രി ഡിഗ്രി പാസായ എംയെച്ച തുടർന്നു ഉപരിപഠനത്തിനുള്ള ശ്രമം തുടങ്ങി. കേരളത്തിലാദ്യമായി ഒരു ജനകീയ സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷമേ ആയിരുന്നുള്ളൂ. ദക്ഷിണ കനറയിൽ നിന്നും കാസർകോടിനെ പറിച്ചെടുത്ത് കേരളത്തോട് ചേർത്ത സമയം. കാസർകോട്ടുള്ളവർ പലരും തൃപ്തരല്ല. കിഞ്ഞണ്ണ റൈയെ പോലുള്ളവർ പ്രക്ഷോഭത്തിന് മുന്നിലുണ്ട്.  ക്രാന്തദർശിയും തന്ത്രശാലിയുമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുൻകൈ എടുത്ത്  പ്രഖ്യാപിച്ചുകളഞ്ഞു - നിർദ്ദിഷ്ട  കാസർകോട് കോളേജ് കോളേജ് ഈ വർഷം തന്നെ  (1957 ൽ).  അന്നത്തെ ധനമന്ത്രിയായിരുന്ന  സി. അച്യുതൻ മേനോൻ ഓഗസ്ത് മാസത്തിൽ തന്നെ കോളേജിന്റെ ഔപചാരികമായ ഉത്ഘാടനവും (ക്ലാസ്സുകൾ തുടങ്ങാതെ) നടത്തി.

ആളുകൾ കാണെക്കാണെ 1958 ൽ കാസർകോട് ഗവ. ബോർഡ് സ്കൂൾ ക്യാമ്പസിലെ രണ്ട് കെട്ടിടങ്ങളിൽ കോളേജാരംഭിച്ചു,  ഓടിട്ട രണ്ടു ചെറിയ കെട്ടിടങ്ങൾ, അതിൽ  രണ്ടേ രണ്ട് ബിരുദ ബാച്ചുകൾ - ഇക്കണോമിക്സും മാത്തമാറ്റിക്സും. ആ ഇക്കണോമിക്സ് ആദ്യ ബാച്ചിലെ ഒന്നാം ബെഞ്ചിൽ പട്ലക്കാരനായ എംഎച്ചയുമുണ്ട്. പത്ത് മുപ്പതോളം ഏക്കർ വിസ്തൃതിയുള്ള കുഞ്ഞിമാവിൻ കട്ടെയിൽ പുതിയ കെട്ടിട സമുച്ചയം ഉയരുമ്പോഴേക്കും എംയെച്ച ഡിഗ്രി പഠനവും കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. കോളേജിലെ ആദ്യത്തെ പ്രിൻസിപ്പാൾ പ്രൊഫ. ഗോപാലൻ നായരായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. പിന്നിട്ടുള്ള വർഷങ്ങളിലാണ് ജിയോളജി, കന്നഡ, ഫിസിക്സ് തുടങ്ങിയ ബാച്ചുകൾ തുടങ്ങിയത്. കോളേജ് അഫിലിയേഷൻ ചെയ്തതാകട്ടെ കേരള യൂനിവേഴ്സിറ്റിയോടും. (അന്ന് കാലിക്കറ്റ് യൂനി. ഇല്ലല്ലോ)  എംയെച്ചാന്റെ ഡിഗ്രി സർട്ടിഫിക്കറ്റും കേരള യൂനിവേഴ്സിറ്റിയുടെ മുദ്രപതിച്ചതാണ്.

ഈ കാലയളവിൽ പട്ല സ്കൂളിൽ തികച്ചും യാഥാർഥ്യബോധത്തോടെയുള്ള ഒരു പൊളിറ്റിക്സ് (കരുനീക്കങ്ങൾ) നടക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപികരിച്ചതോടെ, പട്ല സ്കൂളിലെ കന്നഡ മിഡിയം ഒഴിവാക്കി മലയാളം തുടങ്ങാനുള്ള  ചരടുവലി പതിവിലും കൂടുതൽ സജീവമായി. അന്നത്തെ പ്രാദേശികരാഷ്ട്രിയ നേതൃത്വങ്ങളും പൗരപ്രമുഖരും  വളരെ തന്ത്രപരമായി കാര്യങ്ങൾ നീക്കി. പ്രസ്തുത വിഷയം യഥാസമയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിലത് പെടുത്തുയും  അമ്പത്തിയേഴോടെ കന്നഡ നിർത്തി മലയാള മാധ്യമത്തിൽ പഠനവും തുടങ്ങി.

പലരിൽ നിന്നും ഞാനൊക്കെ പറഞ്ഞു കേട്ടത് ഔക്കൻച്ച എം.എ. പഠിച്ചത് മംഗലാപുരത്തുള്ള കോളേജിൽ നിന്നാണെന്നായിരുന്നു, പക്ഷെ  അബൂബക്കർ സാഹിബ് അത് തിരുത്തി, ഇക്കണോമിക്സിൽ പോസ്റ്റ് ഗ്രാജ്യേഷൻ ചെയ്തത്  കോഴിക്കോട് ഗുരുവായൂരപ്പൻ ആർട്സ് & സയൻസ് കോളേജിൽ നിന്നായിരുന്നു.  64 ൽ മാസ്റ്റർ ഡിഗ്രിയെടുത്ത് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, അന്ന്  മുതൽ നാട്ടുകാർക്ക് എം.എ. അബൂബക്കറായി.  അടുത്തവരിൽ ചിലർ എം.എ. എന്ന് മാത്രം ചുരുക്കുകയും ചെയ്തു.

1964 ൽ അദ്ദേഹത്തിന്റെ എം.എ.യ്ക്ക് ശേഷം പിന്നെ ഒരു മാസ്റ്റർ ഡിഗ്രി പട്ലയിൽ കേൾക്കുന്നത് കാൽനൂറ്റാണ്ട് കഴിഞ്ഞാണ് !  ആ 25 ആണ്ടിനിടക്കുണ്ടായ ബാച്ചിലർ ഡിഗ്രിക്കാരുടെ എണ്ണവും വളരെ വളരെ  കുറവ് ! 1990  ആകുമ്പോഴേക്കും എല്ലാം കൂടി അണ്ടർ ഗ്രാജ്യേറ്റ്സ് പത്ത് പന്ത്രണ്ടെണ്ണം വരും ! (നാം അടയിരിക്കുന്ന സർവ്വേയിൽ  ഇതൊക്കെ കാണും, വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ ഒന്നു പരിശോധിക്കാം)

*എം.എ. മനസ്സു തുറക്കുന്നു - പ്രവാസകാലം, ഇടപെടലുകൾ*
................................
.             ( 3 )
പഠിത്തം നിർത്തിയെന്ന് കേട്ടാൽ എവിടെക്കണ്ടാലും കേൾക്കുന്ന ആകാംക്ഷ നിറഞ്ഞ (ആശങ്കയുള്ളതോ ? ) ചോദ്യമാണ് - അടുത്തതെന്ത് ? ആ ചോദ്യം എംയെച്ച എന്തായാലും നേരിട്ടിരിക്കണം. 1965 ന്റെ ആദ്യത്തിൽ  അദ്ദേഹം ബോംബയിലേക്ക് തിരിച്ചു, ബോംബെ കലക്കിക്കുടിച്ച തടിയൻ അബൂബക്കർ സാഹിബാണ് ബോംബെ പോകുമ്പോൾ കൂടെയുണ്ടായിരുന്നത്. ഏതാനും ദിവസങ്ങൾ ഡോംഗ്രിയിലെ പട്ല ജമാഅത്തിൽ താമസം. അവിടെ നിന്നും ജോലിയന്വേഷണങ്ങൾ. ഒപ്പം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രെജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേ വർഷം തന്നെ കേന്ദ്ര ഗവ. സ്ഥാപനമായ താരീഫ് കമ്മീഷനിൽ ഉദ്യോഗം ലഭിച്ചു. ജൂനിയർ ഇക്കണോമിക് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലാണ് ആദ്യ നിയമനം.

ഇതിനിടയിൽ അദ്ദേഹം  താമസം വെസ്റ്റ് മാഹിമിലേക്ക് മാറ്റി.  ഒരുപാട് സൗഹൃദങ്ങൾ ബോംബെ ജീവിതത്തിലുണ്ടായി,  കേരളക്കാരും കേരളേതരക്കാരും. ബി.എസ്.ടി. അബൂബക്കർ , തടിയൻ അബുബക്കർ , പാസ്പോർട്ട് അബ്ദുല്ല തുടങ്ങിയവരും ഒന്നിച്ചു താമസിച്ചവരിൽ പെടും. കെ.എസ്. അബ്ദുല്ലയുമായി ഏറ്റവും നല്ല സൗഹൃദമുണ്ടാകുന്നതും ബോംബെയിൽ വെച്ചാണ്.

ഒന്നു രണ്ടു വർഷം കഴിഞ്ഞതോടെ ജോലിയിൽ പ്രൊമോഷൻ ലഭിച്ചു - സീനിയർ ഇക്കണോമിക് ഇൻവെസ്റ്റിഗേറ്റർ. മഹിമിലെ കുറച്ചു കൊല്ലത്തെ താമസത്തിന് ശേഷം ഈസ്റ്റ് സാന്താക്രൂസിലേക്ക് നീങ്ങി - കുടുംബവും അപ്പോൾ അവിടെ എത്തിയിരുന്നു. മൊറാർജി ദേശായി അധികാരത്തിൽ വന്നതോടെ താരിഫ് കമ്മിഷന്റെ പേര് ടെക്സറ്റയിൽ കമ്മീഷനെന്നായി - ജോലി ആദ്യത്തേത് തന്നെ.  രണ്ടുവട്ടം പ്രസ്തുത ഡിപാർട്മെന്റിൽ  അസിസ്റ്റന്റ് ഡയരക്ടർ പോസ്റ്റിലേക്ക് ഡൽഹിയിൽ വെച്ചു UPSCയുടെ പരീക്ഷയും ഇൻറർവ്യുവും നടന്നിട്ടും ലോബിയിംഗ് വല്ലാതെ നിരാശനാക്കി. ഇനിയൊരു പ്രമോഷൻ സാധ്യതയ്ക്ക്  കാത്തിരിക്കാതെ അദ്ദേഹം തന്റെ 15 വർഷത്തെ കേന്ദ്ര സർക്കാർ സേവനം നിർത്താൻ  മുൻപിൻ ആലോചിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ ജോലി റിസൈൻ ചെയ്ത്  ഏറ്റവും അടുത്ത ഫ്ളയിറ്റിൽ തന്നെ യു എ ഇ യിലേക്ക് തിരിച്ചു.

1980 മുതൽ എംയെച്ച ഗൾഫ്പ്രവാസ നാഡിമിടുപ്പിനൊപ്പമുണ്ട്. യു. എ. ഇ തലസ്ഥാന നഗരിയിൽ അന്നും ജോലി അന്വേഷണം വലിയ കടമ്പ തന്നെയായിരുന്നു. ഏറെ പരിശ്രമത്തിനൊടുവിൽ യു എ ഇ ഗവൺമെന്റിന്റെ ടെലിക്കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറിൽ ( ETISALAT)  അക്കൗണ്ട്സ് സെക്ഷനിൽ ജോലി ലഭിച്ചു. 2001 ൽ വിരമിക്കുന്നത് വരെ അദ്ദേഹം അവിടെ തുടർന്നു.

ഒരുപാട് അനുഭവങ്ങൾ. ഗൾഫ്കാഴ്ചകൾ. മാറ്റങ്ങൾ. അച്ചടക്കമില്ലായ്മ വരുത്തിയ അനർഥങ്ങൾ. പൊങ്ങച്ചങ്ങൾ. നിരക്ഷരതയും വിദ്യാഭ്യസക്കുറവും അളുകളിൽ മുച്ചൂടും മൂടിയ കെട്ടകാഴ്‌ചകൾ. ചൂഷണങ്ങൾ. ഉയർച്ചത്താഴ്ചകൾ. അറേബ്യൻ മണലരണ്യത്തിലെ മാറിമറിയുന്ന കാലാവസ്ഥപോലെ ഒരുപാട് ജീവിതങ്ങൾ അദ്ദേഹം കണ്ടു. അവയ്ക്ക് സാക്ഷിയായി. കൂടുതലൊന്നും എന്നോട് പറയാൻ എംയെച്ച നിന്നില്ല. അർഥഗർഭമായ ചെറുചിരിയിൽ അവയെല്ലാമൊതുക്കി.

ഈ ഒരു വർഷം മുമ്പ് വരെ സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ പ്രവർത്തനങ്ങളിൾ വളരെ  സജീവമായിരുന്നു. പട്ലയിലെ ആദ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ന്യൂമോഡൽ സ്കൂളിന്റെ സ്ഥാപകരിൽ ഒരാളാണ്. പട്ല ലൈബ്രറിയുടെ തുടക്കക്കാരിലും അദ്ദേഹവുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളും RUN ചെയ്യുന്നതും അദ്ദേഹത്തിന്റെ കെട്ടിടങ്ങളിലാണ്. സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനായ പി.എം. മുഹമ്മദ് ശാഫിയും ( ശാഫിച്ച) ഈ രണ്ട് സംരംഭങ്ങളിലും കൂടെനിന്നു പ്രവർത്തിക്കാനുണ്ടായിരുന്നു.

പട്ലയിലെ എല്ലാ നല്ല സംരംഭങ്ങളുമായും അദ്ദേഹം സഹകരിച്ചു. സാമ്പത്തികമായി പിന്തുണച്ചു. ഇയ്യിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രം അൽപം വിശ്രമത്തിലാണ്. അസുഖമൊക്കെ മാറി വീണ്ടും സജീവമാകുമെന്ന് തന്നെയാണ് പ്രതീക്ഷയും പ്രാർഥനയും.

സഹോരങ്ങൾ 6 പേർ. രണ്ടു സഹോദരിമാരും ( ഖദീജ, നഫീസ ) നാല് സഹോദരന്മാരും.. പ്രഭാഷണകലയിൽ പട്ലയിൽ പകരം വെക്കാനില്ലാത്ത വ്യക്തിയും കോൺഗ്രസ് നേതാവും പുരോഗമന ചിന്താഗതിക്കാരനുമായ കൊല്യ അബ്ദുല്ല, സി.പി.എം. നേതാവും  പട്ലയുടെ വികസന നേതൃനിരയിലുണ്ടായിരുന്ന വ്യക്തിത്വവുമായ പി.സീതിക്കുഞ്ഞി, GHSS പൂർവ്വവിദ്യാർഥി സംഘടനയുടെ സ്ഥാപക അധ്യക്ഷനും സാമൂഹ്യപ്രവർത്തകനുമായ പി. അഹമ്മദ്, പി. അബ്ദുറഹിമാൻ എന്നിവരാണ് സഹോദരന്മാർ. പട്ലയിലെ അറിയപ്പെടുന്ന വിദ്യാഭാസ പ്രവർത്തകനും ഉൽപതിഷ്ണുവും പൗരപ്രമുഖനുമായിരുന്ന പി. മുഹമ്മദ് കുഞ്ഞിയുടെ മകൾ സുഹ്റയാണ് ഭാര്യ. മക്കൾ ആസിഫ്, ഹസീന, അനസ്. മൂന്നു പേരും വിവാഹിതർ.

വിശ്രമജീവിതത്തിൽ വായനയാണ് അദ്ദേഹത്തിന് കൂട്ട്. പട്ലയിലെ ഓരോ പുതുവർത്തമാനങ്ങളും അദ്ദേഹം ആകാംക്ഷയോടെയാണ് അറിയുന്നത്. മനസ്സിന്റെ വികാസത്തോളം വലിയ നന്മയില്ലെന്ന് അദ്ദേഹം കരുതുന്നു. ഉൾക്കൊള്ളുക എന്നതിനോളം വലിയ ഗുണമില്ല. അതില്ലാത്തിടത്താണ് അസഹിഷ്ണുത തലപൊക്കുന്നത്.  അസഹിഷ്ണുതയോളം (intolerance -    unwillingness to accept views, beliefs, or behaviour that differ from one's own ) വലിയ സാമൂഹ്യതിന്മയില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

(അവസാനിച്ചു)


No comments:

Post a Comment