Thursday 19 December 2019

നേരം വെളുത്തില്ലേ ?* *ഒരു പ്രതിഷേധവുമില്ലേ ?* /. അസ്ലം മാവിലെ


*നേരം വെളുത്തില്ലേ ?*
*ഒരു പ്രതിഷേധവുമില്ലേ ?*
.................................
അസ്ലം മാവിലെ



.................................

ഇന്ന് ഒരു കഥ വായിക്കാനിടയായി. അതിലൊരിടത്ത് കഥാകൃത്ത് -   
'' മുജീബേ......... ചെലെ സമയത്ത് സമാധാനം വേണെങ്കി സന്ന്യാസത്തിന് പോണം. മറ്റു ചെലപ്പോ ഉച്ചത്തി നിലവിളിക്കണം.''

ഏറ്റവും കുറഞ്ഞത് പ്രതിഷേധം ഉച്ചത്തിൽ നിലവിളിച്ചെങ്കിലുമാകണം. പ്രതിഷേധിക്കുക പ്രതികരിക്കുക എന്നൊക്കെ പറഞ്ഞാൽ,  നിങ്ങളുടെ നാഡി ഞരമ്പുകളിൽ ഇപ്പഴും ജീവസ്പന്ദനം ബാക്കിയുണ്ടെന്ന് നിങ്ങളെ തന്നെ ബോധ്യപ്പെടുത്തുകയാണ്.

ഒരു ഗ്രാമം മൊത്തം, ഒരു കൂട്ടം ഗ്രാമങ്ങൾ ആകെ , ജനാധിപത്യ സംവിധാനത്തിൽ അനുവദിക്കപ്പെട്ട സ്പേയ്സിൽ നിന്നു അന്യായം ചൂണ്ടിക്കാണിക്കുന്നതിനെയാണ് രാഷ്ട്രീയം എന്ന് പറയുന്നത്. കൈ കൊട്ടിക്കളിക്കാൻ മാത്രമല്ല കൈചൂണ്ടി പറയാനും ഈ അവകാശരാഷ്ട്രീയം കൊണ്ടാകണം.

ഹേയ്, ഈ നാട്ടിൽ ആരുമില്ലേ ഒന്ന് മുൻകൈ എടുക്കാൻ ? ഈ രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ അന്യായം പാർലമെൻറിൽ പാസാക്കി നിയമമാക്കി വിലസുന്നത് നിങ്ങൾ ആരും കാണുന്നില്ലേ ? ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പ്രതിഷേധം ആളിക്കത്തുന്നതിന്റെ ഗാബും ചൂടും നിങ്ങൾക്ക് ഇപ്പഴും  അനുഭവപ്പെടുന്നേ ഇല്ലേ ?

ഇതിലെന്ത് ജാതി, മതം, വർഗ്ഗം, വർണ്ണം സഹോദരാ ?

 ഫാഷിസത്തിന് എന്ത് നാനാത്വം ? എന്ത് വൈവിധ്യം ? അവർക്ക് ഒരേ ലക്ഷ്യമുള്ളൂ - ഒറ്റവർഗ്ഗം, ഒരു കൂട്ടർ,  അവരാകട്ടെ റാൻ മൂളുന്നവരും ആയിരിക്കണം. ബാക്കിയൊക്കെ പുതിയ നിയമങ്ങൾ വഴിക്കും വഴി ആലയിൽ ചുട്ടെടുത്ത് ലക്ഷൃത്തിലേക്കുള്ള വഴി തടസ്സം ഒഴിവാക്കും. അവർ മാത്രം ബാക്കിയാകും.

പൗരത്വ ഭേദഗതി ബില്ലു പാസാക്കി. അതിൽ  നിന്ന് ഒരു വിശ്വാസക്കാരെ മാത്രം ഒഴിവാക്കി. ഇനി N R C വരും, അതു വരുമ്പോൾ ഉപ്പുപ്പാന്റെയുമപ്പർത്തെ ആധാരവും തിരിച്ചറിയലും ബാങ്ക് അക്കൗണ്ടും തപ്പണം. അതില്ലേ ? പോയി, കാറ്റ് പോയി. ഒരു കൂട്ടർ മാത്രം പൗരത്വ ഭേദഗതി ആക്ടിന്റെ പിൻബലത്തിൽ എന്നേക്കും പുറത്ത് പോകും. മറ്റുള്ളവർക്ക് പിന്നെയും തൽക്കാലത്തേക്ക് പ്രതീക്ഷ നൽകും. സിദ്ധാർഥ് എഴുതിയത് പോലെ, കുറെ കഴിഞ്ഞ് അവർക്കും പുതിയ നിയമം വരും, വഴിയാലെ അവരെയും തടവട തേടി വരും.

കട്ടനടിച്ചിരുന്നോ. പത്രം വായിച്ചു വാ പൊളിച്ചോ. സമരവും പ്രതിഷേധവും മറ്റുള്ളവർ നടത്തുമെന്ന പ്രതീക്ഷയിൽ അയിലക്കറി കൂട്ടി മിണ്ടാതെ ഇരുന്നോ. കുപ്പായത്തിന്റെ ഇസ്തിരി പൊളിയാതെ കുണുങ്ങിക്കുണുങ്ങി നടന്നോ.

ഹേയ്, ഒന്നിത് കേൾക്കുന്നുണ്ടോ ? ഇനിയും തലക്കു കയറാത്തവനും തലക്കു കയറാത്തവൾക്കും വരാനിരിക്കുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്തണ്ടേ ?  ഈ വിവേചനപരമായ കാടൻ നിയമത്തിനെതിരെ ജനാധിപത്യ മര്യാദയോടെ ഒന്നു നെഞ്ചത്തടിച്ചു കരയുകയെങ്കിലും വേണ്ടേ ? പ്രതിഷേധിക്കാൻ ഈ സംഘബലത്തിന് കഴിവുണ്ടെന്ന് നമുക്കെങ്കിലും അറിയണ്ടേ ? ബോധ്യപ്പെടണ്ടേ ?

നാനാജാതി മതസ്ഥർ, വിവിധ തുറയിൽ ജീവിക്കുന്നവർ, വിദ്യാർഥികൾ മുതൽ ബുദ്ധിജീവികൾ വരെ സകലരും ഈ വേർതിരിവ് നിയമത്തിന് എതിരാണ്. ഫാഷിസം  തലയ്ക്ക് മത്ത് പിടിച്ചവർ മാത്രം ഈ കരിനിയമത്തിന് അനുകൂലരും.

ഒരു ദിവസം തീരുമാനിക്ക്. ഈ നാട്ടിലെ എല്ലവരും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുങ്ങി പ്രതിഷേധിക്കാൻ ഒന്നായിറങ്ങാം. ഇന്നാട്ടിലെ കാരണവന്മാരും രാഷ്ട്രീയനേതാക്കളും മതനേതൃത്വങ്ങളും ജമാഅത്തുകളുമെല്ലാം ആലോചിച്ച് ഒരു തിയതി പറ.  ഒരു കുടക്കീഴിൽ നമുക്ക് നീങ്ങാം. ഒന്നിച്ച് പ്രതിഷേധിക്കാം.

സമയം വൈകുന്നു. എല്ലായിടത്തും പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.  മുഖ്യമന്ത്രി മുതൽ ഭരണപ്രതിപക്ഷങ്ങൾ ആകമാനം ഒന്നിച്ചെതിർക്കുന്നു. നോക്കി നിൽക്കാൻ നേരമില്ല, പെട്ടെന്ന് ഒരു തിയതി പറ. ▪

No comments:

Post a Comment