Monday 2 December 2019

ഇവിടെ നല്ലൊരു ബസ് വെയിറ്റിംഗ് ഷെഡ് വേണം, ശ്രമിച്ചു കൂടേ ?* /. അസ്ലം മാവിലെ


*ഇവിടെ നല്ലൊരു ബസ് വെയിറ്റിംഗ് ഷെഡ് വേണം, ശ്രമിച്ചു കൂടേ ?*
.................................
അസ്ലം മാവിലെ
.................................

ഒരു ബസ് വെയിറ്റിംഗ് ഷെഡാണിത്. പൊതുവാഹന കാത്തിരിപ്പു ചായ്പ്പ്. ആളുകൾ വന്നും നിന്നും വെയിലു കൊള്ളുന്നത് കണ്ടപ്പോൾ കുറച്ച് ചെറുപ്പക്കാർക്ക് തോന്നിയതാകണം ഇങ്ങിനെയെങ്കിലും ഒന്നു തീർക്കാൻ. അവർക്കായത് അവർ ചെയ്തു.

ഇനി വളച്ചു കെട്ടില്ലാതെ പറയാം. പട്ലയിൽ നിന്നും കാസർകോട്ടേക്ക് ബസ് കയറുന്നവരാണ് ഇവിടെ  വരുന്നത്. അക്കാണുന്ന കല്ലുകളിൽ കുറുകെ ഇട്ട ഒരു കഷ്ണം ഇലക്ട്രിക് പോസ്റ്റിൽ ഇരിക്കുന്നത്. മതി, അത്ര മതി. പക്ഷെ, ആ 'മതി'യിൽ ഒതുക്കേണ്ട ഒന്നാണോ ?

ഇപ്പറഞ്ഞ ഷെഡ് പട്ലയ്ക്കു പത്തിരുപത് കി.മീ. അകലെയൊന്നുമല്ല, വളരെയടുത്താണ്,  മധൂരിലാണ്. അതിങ്ങനെ പറയാം,  മൊഗർ - തായൽ ബസ് സ്റ്റോപ്പ് കഴിഞ്ഞാൽ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പ്. ആദ്യം പറഞ്ഞിടത്ത് ലളിതമെങ്കിലും കാണാൻ ഭംഗിയുള്ള വെയിറ്റിംഗ് ഷെഡുണ്ട്.

മറ്റാരേക്കാളും പട്ലക്കാരാണ് അക്കാണുന്ന ഷെഡിൽ പോയി നിൽക്കേണ്ടത്, പട്ലയിൽ വന്ന് പോകുന്ന യാത്രക്കാരും നിൽക്കണം,  ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കുഞ്ഞുകുട്ടികൾക്കുമെല്ലാം കൂടിയുള്ളതാണത്. ഇപ്പോഴുള്ള സംവിധാനത്തിൽ കഷ്ടിച്ച് മൂന്ന് പേർക്ക് ഒന്നിരിക്കാം, അത്രേ സൗകര്യമുളളൂ.  പിന്നെയുള്ളവർക്ക് നിൽക്കാൻ തന്നെ ഇടമില്ല, അവർക്ക് കച്ചവട സ്ഥാപനങ്ങളിലെ തിണ്ണയാണ് ശരണം !

പലപല ആവശ്യങ്ങൾക്കായി  പിരിവുകൾ പല ഗ്രൂപ്പുകളിലായി നടക്കുന്നു. മധൂരുള്ള ഏതെങ്കിലും കൂട്ടായ്മയുമായും മധൂർ വാർഡു മെമ്പറുമായും കൂടിആലോചിച്ച്   കുറച്ചു സൗകര്യമുള്ള സ്ഥലം നോക്കി ബസ് വെയിറ്റിംഗ് ഷെഡ് കെട്ടാനുള്ള സാമ്പത്തിക സഹായം നൽകാൻ നമ്മുടെ  നാട്ടുകാർക്കോ ഇവിടെയുള്ള കൂട്ടായ്മകൾക്കോ സാധിക്കില്ലേ ? കുറച്ച് ഗൗരവത്തിലെടുത്ത് ആലോചിക്കുക. 

അവിടെ തൂക്കുന്ന ബോർഡിൽ പേര് വേണ്ടെങ്കിൽ വേണ്ട. അതിന്റെ പേരിൽ ഉദ്യമം തട്ടിത്തിരിയണ്ട. ഓടിക്കിതച്ചെത്തുന്ന യാത്രക്കാർക്ക് ബസ് വരുന്നത് വരെ 'ഒരിസാത്ത്'  ഇരിക്കാൻ കുറച്ചു കൂടി സൗകര്യം ഉണ്ടാക്കിയിരുന്നെങ്കിൽ, ഉണ്ടാക്കിയിരുന്നെങ്കിൽ.....

അത് മധൂരല്ലേ, അവിടെ ഉള്ളവർ ചെയ്യേണ്ടതല്ലേ എന്ന് പറഞ്ഞു ഒഴിയരുത്.  മുമ്പും പലവട്ടം പട്ലയിലെ തന്നെയുള്ള ഓപ്പൺ ഫോറങ്ങളിലും (അകത്തും പുറത്തും) ഈ പോയന്റിൽ ബസ് കാത്തിരിപ്പ്  ഷെഡില്ലാത്തതിന്റെ പ്രശ്നം സംസാര വിഷയമായത് ഞാൻ ഓർക്കുന്നു.  ഇന്നലെ അങ്ങനെയൊരവസ്ഥയിൽ ഷെഡ് കണ്ടപ്പോൾ എഴുതാതിരിക്കുന്നത്  ശരിയല്ല എന്ന് തോന്നി.

ആ കുഞ്ഞുഷെഡ് കെട്ടിയ ചെറുപ്പക്കാരുമായി സഹകരിച്ച് തുടർ നടപടിയിലേക്ക് പോകാൻ മനസ്സുവെക്കണമെന്നാണ് എന്റെ പതിവുശൈലിയിൽ നിന്നും മാറി എല്ലാവരോടും അഭ്യർഥിക്കാനുള്ളത്. ശരിയെന്ന് തോന്നുന്നുവെങ്കിൽ പരിഗണിക്കാം,  സ്വീകരിക്കാം.

No comments:

Post a Comment