Monday 2 December 2019

എങ്ങു നിന്നോ വഴിതെറ്റി വന്നതാണെന്നറിയാം; എങ്കിലും മഴയെ അത്രയേറെ ഇഷ്ടമാണ്* /അസ്ലം മാവിലെ



*എങ്ങു നിന്നോ വഴിതെറ്റി വന്നതാണെന്നറിയാം; എങ്കിലും മഴയെ അത്രയേറെ ഇഷ്ടമാണ്*
...............................
അസ്ലം മാവിലെ
...............................
http://www.kvartha.com/2019/12/feelings-about-rain-malayalam-article.html?m=1
ആകാശ ഇരുണ്ടത് ഇന്നലെ ഉച്ചകഴിഞ്ഞ്. വടക്കു പടിഞ്ഞാറ് മാനം മുഴുവൻ കാർമേഘങ്ങൾ കുമിഞ്ഞു കൂടിക്കൊണ്ടേയിരുന്നു.
മൂന്നു മണിക്ക് മുമ്പു തന്നെ ഇരുട്ടെമ്പാടും പടർന്നു കഴിഞ്ഞിരുന്നു. പിന്നെ വർഷിച്ചത് ഇടിയോടു കൂടിയുള്ള മഴ !
മുറ്റം നിറയോളം മഴ ! ചാലിട്ടൊഴുകി കുഞ്ഞുതോടുകൾ വിണ്ടും. മടക്കി തട്ടിന്മേൽ വെച്ച കുട വീണ്ടും പുറത്തേക്ക്. പള്ളിയിൽ പോയതും, അങ്ങാടി കയറിയതും കുടചൂടി.
ഇപ്പം നിൽക്കും എന്ന മട്ടിൽ മഴ!
പക്ഷെ, അത് പെയ്തുകൊണ്ടേയിരുന്നു. ഇടക്ക് സീതാംഗോളിയിലെ ഇലക്ട്രിസിറ്റി ആപ്പീസുകാരനും മഴ വന്നതെങ്ങനെയോ അറിഞ്ഞു കാണണം, കറണ്ടു പോയി ഒരു കാരണവുമില്ലാതെ. മഴം പിന്നെയും പെയ്തു കൊണ്ടേയിരുന്നു.
മുറ്റത്ത് കെട്ടിയ വെള്ളമൊലിച്ചു പോകാൻ തോടു കീറലായി. പുല്ലു മുളച്ച ചാലു വൃത്തിയാക്കാൻ പിള്ളേരും കൂടെയുണ്ടായിരുന്നു.
സന്ധ്യകഴിഞ്ഞു, കുഞ്ഞിപ്പള്ളിമിനാരത്തിൽ മഗ്രിബ് നിസ്ക്കാരാറിയിച്ചു ബാങ്കാലി. കുടചൂടി തിരിച്ചു വരുമ്പോൾ മിന്നലിനൽപം ശമനം, മഴ പെയ്യാണ്. ഇലക്ട്രിസിറ്റിക്കാരനും ദയാവായ്പ് - കറണ്ടു തിരിച്ചു തന്നു. കുട്ടികൾ വീണ്ടും കലോത്സവ വിശേഷം കാണാൻ ടിവിക്കു മുന്നിൽ.
മഴ നിന്നോന്ന് സംശയം, ഇല്ല പെയ്യാണ്. തളം കെട്ടി നിർത്തിയ നീരാവിയിൽ തീർത്ത കാർവർണ്ണമേഘങ്ങൾ മുഴുവൻ പെയ്തു തന്നേ നിർത്തൂ എന്ന് ആകാശത്തിനും വാശി പോലെ.
ഇപ്പോൾ രാവിലെ എട്ടു മണിയോടടുക്കുന്നു. മഴ നിർത്തിയിട്ടില്ല. എന്നാൽ മഴയുമല്ല, തെങ്ങോലയിൽ ചിന്നം പിന്നം പെയ്യുന്നത് നേർത്ത സംഗീതം പോലെ കേൾക്കാം. അതൊരുക്കൂട്ടി വലിയ തുള്ളിയായി ഇടക്കിടക്ക് ഓലത്തുമ്പിൽ നിന്നും ഇടവിട്ടിടവിട്ട് നിലനിത്തിറ്റു വീഴുന്നുമുണ്ട്.
ഈ പ്രഭാതത്തിന് നല്ല തണുപ്പാണ്. ഇന്നത്തെ പ്രഭാത നിസ്ക്കാര വരികളൽപ്പം മെലിഞ്ഞതുമായിരുന്നു.
ഇടവപ്പാതി എന്നു പഴമക്കാർ പറയാറുണ്ട്. ഇതിപ്പം വൃശ്ചികപ്പാതിയാണാവോ ? എനിക്കോർമ്മയില്ലാത്ത മഴനാൾ. എങ്ങു നിന്നോ വഴിതെറ്റി വന്ന ചിന്നമഴ.
മഴയെ എനിക്കിഷ്ടാണ് !
ഇനിയുമിങ്ങനെയിടക്കിടക്കിടവേളകളിൽ  വഴിതെറ്റി വന്നിരുന്നെങ്കിൽ !

No comments:

Post a Comment