Thursday 1 June 2017

പൊടിമക്കൾ* *അക്ഷരതൊപ്പി ചൂടി* *ചടങ്ങിന് മാറ്റുകൂട്ടി* *പട്ല സ്കൂൾ* *പ്രവേശനോത്സവം* *ഉമ്മമാരുടെ സാന്നിധ്യം* *കൊണ്ട് ശ്രദ്ധേയമായി / അസ്ലം മാവില

*പൊടിമക്കൾ*
*അക്ഷരതൊപ്പി ചൂടി*
*ചടങ്ങിന് മാറ്റുകൂട്ടി*

*പട്ല സ്കൂൾ* *പ്രവേശനോത്സവം*
*ഉമ്മമാരുടെ സാന്നിധ്യം*
*കൊണ്ട് ശ്രദ്ധേയമായി*
_______________

അസ്ലം മാവില
_______________

ഇന്നായിരുന്നു പ്രവേശനോത്സവം. വേനലവധി കഴിഞ്ഞ് കുട്ടികൾ നേരത്തെ സ്കൂളിലെത്തിയിരുന്നു. സൗഹൃദം പുതുക്കുന്ന തിരക്കിലാണ് അധികം പേരും. അതൊന്നും ഇന്നും നാളെയും തീരുന്നതല്ലല്ലോ. അവധി ദിനങ്ങളിലെ വീര വാദങ്ങൾ പറഞ്ഞു തീർക്കാൻ അവർക്കിനി ഓണപ്പരീക്ഷ വരെ സമയവുമുണ്ട്.

അധ്യാപകർ പലരും തിരക്കിലാണ്, PTA ഭാരവാഹികളും. അവർക്ക് സ്കൂൾ മുറ്റത്തെത്തിയ രക്ഷിതാക്കളെ സ്വീകരിക്കണം. കൂടെ വന്ന പൊടിമക്കൾക്കും സൗകര്യമൊരുക്കണം.

പ്രീസ്കൂളിലെത്തിയ 35 മക്കൾ, ഒന്നിലേക്ക് വന്ന 55 കുട്ടികൾ, എല്ലാവരും നല്ല സന്തോഷത്തിലാണ്. പരിപാടിയുടെ സംഘാടകനതൃത്വം ഏറ്റെടുത്ത്  റാണി ടീച്ചറും  നാരായണൻ മാഷും സൈദും സിഎച്ചും പിടി മാഷും, അവരെ സഹായിക്കാൻ  അധ്യാപകരും രക്ഷിതാക്കളും.

പത്തര കഴിഞ്ഞതോടെ മുറ്റം നിറഞ്ഞു തുടങ്ങി. ആദ്യം തന്നെ സ്ത്രീകളാണ്  ഷീറ്റ് കൊണ്ട് തണൽ വിരിച്ച സ്കൂളങ്കണത്തിലെ കസേരകൾ കൈവശപ്പെടുത്തിയത്.  ആണുങ്ങൾ പതുക്കെപ്പതുക്കെ വന്നുനിറയാൻ തുടങ്ങി.


പിന്നെ പ്രോഗ്രാം തുടങ്ങാത്തതിന്റെ ആശങ്കയായി എല്ലാവർക്കും. അതിഥിയെ കാത്തിരിക്കുകയാണെന്ന് അധികൃതർ. അതിനിടയിൽ കുഞ്ഞുമക്കളുടെ സംഘഗാനം സദസ്സിന്റെ ശ്രദ്ധ മാറ്റി. പഠിച്ചു മറന്ന പാട്ടുകൾ പാടിക്കൊണ്ടിരിക്കെ ലക്ഷണമാഷും ഇന്ദു ടീച്ചറും സൈദും അക്ഷര തൊപ്പികളുമായെത്തി, പ്രീസ്കൂൾ മക്കളും ഒന്നിലെ കുട്ടികളും അനുസരണയോടെ അവർക്ക് തല കാട്ടിക്കൊടുത്തു.


പ്രവേശനോത്സവത്തിന്റെ തുടക്കമായെന്ന് റാണി ടീച്ചറുടെ ധൃതി പിടിച്ച നടത്തത്തിൽ നിന്ന് മനസ്സിലായി, പ്രോഗ്രാം അവതാരകനായി നാരായണൻ മാഷുമെത്തി.

ജില്ലാ ഡിവിഷൻ മെമ്പർ മുംതാസാണ് ഉത്ഘാടക. അധ്യക്ഷൻ സൈദ്. വാർഡ് മെമ്പർ മജീദും സി.എച്ചും. എച്ച്.കെ. മാഷും ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചർ സ്വാഗതം പറഞ്ഞു; സ്റ്റാഫ് സെക്രട്ടറി നന്ദിയും. ആരും അധികം പറഞ്ഞില്ല. രക്ഷിതാകൾക്ക് ഉപകാരപ്പെടേണ്ടത് മാത്രം, അതും ചുരുങ്ങിയ വാക്കുകളിൽ.

പ്രിസ്കൂൾ, ഒന്നാം ക്ലാസ് കുട്ടികൾക്കുളള PTA യുടെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണോത്ഘാടനങ്ങൾ അതേ വേദിയിൽ വെച്ച് തന്നെ നടന്നു. ഈസ്റ്റ് ലൈൻ കൂട്ടായ്മയുടെ വേസ്റ്റ് മാനേജ്മെൻറിന്റെ ഭാഗമായുളള ടൂൾസ് & മെറ്റീരിയൽസ് അതിന്റെ ഭാരവാഹികൾ സ്കൂളധികൃതരെ ഏൽപിച്ചു. മദർ പിടിഎ പ്രസിഡന്റ് സക്കിനയും PTA വൈ. പ്രസിഡന്റ് അബൂബക്കറും വേദിയിൽ സന്നിഹിധരായിരുന്നു.

*"ഒത്തൊരുമിച്ചാൽ*
*മലയും പോരും*
*ഒത്തില്ലെങ്കിൽ*
*മലർന്നു വീഴും*
*ഒത്താലൊത്തതുതന്നെ*

അക്ഷരക്കൂട് തലയിൽ ചൂടിയ കുട്ടികൾ ആ ഈരടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം ഈണത്തിൽ ഉറക്കെ ചൊല്ലി. അതോടെ വർണ്ണശബളമായ പ്രവേശനോത്സവത്തിന് വിരാമവുമായി.

പിഞ്ചുമക്കളെ അധ്യാപകരുടെ സംരക്ഷണവലയത്തിൽ ഏൽപിച്ച് മാതാപിതാക്കൾ  സ്കൂൾ അങ്കണം വിടുമ്പോഴും കുഞ്ഞുമക്കൾ പാടിയ ഈരടികളുടെ മറ്റൊലി അന്തരീക്ഷത്തിൽ നിന്ന് മാറിയിരുന്നില്ല.

_______________🌈☂

No comments:

Post a Comment