Thursday, 22 June 2017

കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ.../ Azeez Patla

....തുടര്‍ച്ച
🌿🌿🌿🌿🌿
*കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ...*


മഞ്ഞച്ചപ്പല അപ്പവും (മഞ്ഞളിലയട) മറ്റു മധുര പലഹാരങ്ങളും കഴിച്ചു മസ്തുകെട്ടി കിടക്കുമ്പോഴാണ് ഇഷ ബാങ്കിന്‍റെ ആരവം... ജ്യേഷ്ടന്‍ ഹമീദിന്‍റെ കൂടെ ഉടന്‍ പള്ളിയിലേക്ക്, ഇഷയ്ക്ക് മുമ്പ് രണ്ട് റകഅത്ത് സുന്നത്തും നിസ്കരിച്ചു, പിന്നീടാണറിഞ്ഞത് ഇഷയ്ക്ക് മുമ്പ് സുന്നത്തില്ല, തഹിയ്യത്താണ് ചെയ്യേണ്ടിയിരുന്നതെന്ന്.

അകത്തെ പള്ളിനിറഞ്ഞു പുറം പള്ളിയില്‍ ആള്‍ക്കാര്‍ ഇരിപ്പുരപ്പിചിരിക്കുന്നു, ലൈലത്തുല്‍ ഖദറിന്‍റെ രാവാണ്‌,അന്നേ ദിവസവും പള്ളിയില്‍ വരാത്തവരെ ആള്‍ക്കാര്‍ ശ്രദ്ധിക്കും , ഞാന്‍ വലിഞ്ഞു അകം പള്ളിയില്‍ കയറി, മുന്‍ നിരയില്‍ മുക്രി മമ്മദുച്ച, ഖാദിര്‍ഞ്ഞി ഹാജിയര്‍ച്ച, സൈദ്‌ന്‍റെ ഉപ്പ ,കുന്ചാര്‍  അബ്ദുല്ലച്ച, കുമ്പള മോന്‍ച്ച, പഞാര്ച്ച, ചാക്കട്ട ഓകര്‍ച്ച, ബീരാതി കുട്ടിച്ച, മുക്രി ഔകര്ച്ചാന്‍റെ കുട്ടിച്ച, സുല്‍ത്താന്‍ കുഞ്ഞസ്ച്ച, കാര്‍ ബീരന്ച്ചാന്‍റെ ഉപ്പ, മൂസക്കുട്ടി ഔക്കുച്ച തുടങ്ങിയവരെ ഓര്‍മയില്‍ വരുന്നുള്ളൂ (الله يرحمهم جميعا آمين)

ഇഷ നമസ്കാരാനന്തരം നിയ്യത് ചെയ്യല്‍, പിന്നീടൊരു ചെറിയ കൂട്ട പ്രാര്‍ത്ഥന അത് കഴിഞ്ഞു രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിച്ചു “അസ്സലാതുല്‍ ജാമി അ” എന്ന് അഭിമന്യ പണ്ഡിതനും  പട്ള നിവാസിയുമായ മൂന്നു തലമുറയുടെ ഗുരുനാഥനും  നാല് പതിറ്റാണ്ടുകളോളം  ഖത്തീബ് പദവി അലങ്കരിച്ച മര്‍ഹൂം കുഞ്ഞാലി മൊയിലാര്‍ച്ച (ഖത്തീബ് ഹാജിയര്‍ച്ച) ഉച്ചത്തില്‍ പറഞ്ഞു, (الله يرحمه)

ഫീല്‍ഡ് മാര്‍ഷാളിന്‍റെ ആത്ഞാനുവര്‍ത്തികളായ പട്ടാളക്കാരെപ്പോലെ മറ്റുള്ളവര്‍ കാലുകളുടെ മാടമ്പ് ഒപ്പിച്ചു നിരയായി നിന്നു, ഭക്തിനിര്‍ഭരമായ ആ അന്തരീക്ഷത്തില്‍ പരസ്പരം നോക്കുക പോലും ചെയ്യുന്നില്ല, എല്ലാ വിനിമയവും തന്‍റെ സൃഷ്ടാവിനോട് നേരിട്ട് സംവാദിച്ചു ചിലര്‍ വിങ്ങിപ്പൊട്ടി, “അലം തറ കൈഫ” എന്ന സൂറത്തില്‍ തുടങ്ങി “കുല്‍ അഉസു ബിറബ്ബിന്നാസു” വരെ പത്തു റക അത്ത്, വീണ്ടും ഒരാവൃത്തിയായപ്പോള്‍ ഇരുപതു റക അത്ത്, ഓരോ നാല് റക അത്തിനു ശേഷം “അശ്ഹദു ........ ഫ അഫുഅന്നീ....” എന്ന ദുആ മുമ്മൂന്നു പ്രാവശ്യം ചൊല്ലും, ഇടയ്ക്ക് ഇമാമിന് സൂറത്ത് മാറിപ്പോയാല്‍ ഉടന്‍ മര്‍ഹൂം ഖാദിര്‍ഞ്ഞി ഹാജിയര്‍ച്ച തിരുത്തും.

ഇരുപതു കഴിഞ്ഞാല്‍ മൂന്നു വിത്ര്‍, നോമ്പു പതിനഞ്ചാം നാള്‍ തൊട്ടു അവസാനത്തെ വിത്രില്‍ ഖുനൂത്തു പതിവാണ്., അതൊക്കെ ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കും..കുഞ്ഞു മനസ്സില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം കാഴ്ചകളും കേള്‍വികളും നിറയുമ്പോള്‍  ഭക്തിയുടെ നിറകുടമായി മനസ്സിനൊത്തു ശരീരവും പാകപ്പെടുകയായിരുന്നു.പിറ്റേ ദിവസത്തെ നോമ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പ്, സുബ്ഹി ബാങ്ക് വിളിക്കുന്നതിനു തൊട്ടു മുമ്പ് വരെ തീറ്റ തുടര്‍ന്നു, ഭക്ഷണത്തിന്‍റെ ഉള്‍ക്കരുത്തിലല്ല മറിച്ചു ആത്മീയതയ്ടെ നിറചൈതന്യമാണ് നോമ്പുകാരന് കരുത്തും ഉര്‍ജ്ജവും നല്‍കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്‌.


കിഴക്കെമാനത്തു വെള്ള കീറിയത് തൊട്ടു ഞാന്‍ ഉമ്മ പറഞ്ഞ ഉറുമ്പിനെയും നോക്കിയിരുന്നു, ഒറ്റയായും തെറ്റയും പോകുന്ന കുറേയെണ്ണ ത്തിനെ കണ്ടെങ്കിലും അതുകള്‍ക്ക് നോമ്പുണ്ടോയെന്നുറപ്പിക്കാന്‍  എനിക്ക് കഴിഞ്ഞില്ല, അപ്പോഴാണ്‌ മരക്കൊമ്പത്തിരുന്ന കാക്ക ഖാ........ഖാ........ ഒച്ചയുണ്ടാക്കി വീണുകിടന്ന ഇലയപ്പക്കഷ്ണം കൊത്തിത്തിന്നുന്നത് ശ്രദ്ധയില്‍പെട്ടത്, സത്യത്തില്‍ എനിക്കാ കാക്കയോട് ദേഷ്യമാ തോന്നിയത്, നോമ്പില്ലാത്ത കാക്കേ, പോ ഇവിടന്ന്‍ എന്നും പറഞ്ഞു ഞാന്‍ ഓടിച്ചു..കാഴ്ച കണ്ട ഉമ്മ കാര്യം മനസ്സിലാക്കി തിരുത്തി, പക്ഷികള്‍ക്ക് നമ്മുടെ അത്ര സമയം നോമ്പു നോല്‍ക്കേണ്ടി വരില്ല, കുറച്ചു സമയമായിരിക്കും... ഉമ്മയെ ഓര്‍ത്ത്‌ ഇന്നും ഞാന്‍ വിതുമ്പും.... (الله يرحمها)

 ഖുര്‍ആന്‍ ക്ലാസിലെ തുടര്‍പഠിതാവായ എനിക്ക് സൂറത്ത് നൂറില്‍ നിന്നും ഉമ്മ പറഞ്ഞ ആ കഥയുടെ പൊരുള്‍ മനസ്സിലാക്കി തന്നു ഉസ്താദ്.

*أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالأَرْضِ وَالطَّيْرُ صَافَّاتٍ كُلٌّ قَدْ عَلِمَ صَلاتَهُ وَتَسْبِيحَهُ وَاللَّهُ عَلِيمٌ بِمَا يَفْعَلُونَ *
ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.
*وَلِلَّهِ مُلْكُ السَّمَاوَاتِ وَالأَرْضِ وَإِلَى اللَّهِ الْمَصِيرُ * ↓
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കവും.

ഓരോ ജീവജാലങ്ങള്‍ക്കും തങ്ങളുടെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്നു എല്ലാ വസ്തുക്കളെയും ജലത്തില്‍ നിന്നും സൃഷ്‌ടിച്ച റബ്ബ് അറിയിച്ചു കൊടുത്തിട്ടുണ്ട്, ഉമ്മമാര്‍ പറഞ്ഞത് എത്ര സത്യമായിരുന്നു, അറബിയില്‍ ഒരു ചൊല്ലുണ്ട് “മാതാവിന്‍റെ മടിത്തട്ടാണ് വിത്ജ്ഞാനത്തിന്‍റെ കലവറ” യെന്നു, ആ വിരല്‍തുമ്പു പിടിച്ചു ഇനിയും കുറേ നടക്കാന്‍ നമുക്ക് ഭാഗ്യമില്ലാതായിപ്പോയല്ലോ...അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കളെ നീ സ്വര്‍ഗ്ഗത്തിന്‍റെ അവകാശികലാക്കണേ തമ്പുരാനേ... ഒപ്പം ഞങ്ങളെയും ഞങ്ങളുടെ ഭാര്യമാരെയും സന്താനങ്ങളെയും ജ്യെഷ്ടാനുജത്തിമാരെയും ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയവരെയും ബന്ധു മിത്രാധികളേയും നീ ഉള്‍പ്പെടുത്തണേ തമ്പുരാനേ.... ആമീന്‍തുടരും...


അസീസ്‌ പട്ള🌿🌿🌿🌿🌿

No comments:

Post a Comment