Saturday, 17 June 2017

കുട്ടിക്കാലനോമ്പു, ഒരോര്‍മ്മ.../ അസീസ്‌ പട്ള

▪▪▪▪▪കുട്ടിക്കാലനോമ്പു, ഒരോര്‍മ്മ...


നല്ല വേനല്‍, പഴയ മദ്രസ്സയുടെയും മൂത്രപ്പുരയുടെയും  ഇടയിലൂടെയാണ് പള്ളിയുടെ പ്രധാന കവാടം, ഇടതു വശത്തായി ഉണങ്ങിയ തടിയില്‍ നാട്ടി നിര്‍ത്തിയ വളരെ കരവിരുതോടെ നിര്‍മ്മിച്ച വഴിവിളക്കും ഉണ്ടായിരുന്നു, സന്ധ്യായാല്‍ അതില്‍ തിരി കൊളുത്തും രാത്രി നമസ്കാരം കഴിയുന്നതുവരെ അത് കാറ്റും കോളും വക വെയ്ക്കാതെ പ്രകാശം പരത്തും.

മൂന്നോ നാലോ സ്റ്റെപ്പ് കയറിയാല്‍ ആടുമാടുകള്‍ക്കു കടക്കാന്‍ പറ്റാത്തവിധത്തില്‍ നിര്‍മ്മിച്ച ഇടുങ്ങിയ വഴി,  ഇടത്തോട്ട് തിരിഞ്ഞാല്‍ വുദു എടുക്കുന്ന ഭാഗത്തേക്കും കുറച്ചുകൂടി മുമ്പോട്ടു പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ പള്ളിയുടെ പ്രവേശന കവാടത്തിലെത്തും, മൂന്നു സ്റ്റെപ്പ് വരെ ചെരിപ്പഴിച്ച് വയ്ക്കാം, നാലാമത്തെ സ്റ്റെപ്പ് ചെരിപ്പ് അനുവദനീയമല്ല, വലതു വശത്ത്‌ ഒരു ഉയര്‍ത്തിക്കെട്ടിയ മഖ്ബറയും കാണാം, ഇരുവശങ്ങളില്‍ നിന്നും വലിച്ചു പൂട്ടുന്ന ഇരുമ്പ് ജാലികയ്കും പച്ച നിറമായിരുന്നു.

അകത്തെ കാഴ്ച താജ്മഹലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു, ഓവല്‍ ഷേപ്പില്‍ ഓളം വെട്ടി നില്‍ക്കുന്ന സ്ഫടിക്കട്ടപോലുള്ള തെളിനീര്‍ നിറഞ്ഞു തുളുമ്പുന്ന ഹൌള്(വാട്ടര്‍ ടാങ്ക്), ഇത്രയും സുതാര്യമായ ടാങ്ക് മറ്റൊരിടത്തും ഈയുള്ളവന് കാണാന്‍ സാധിച്ചിട്ടില്ല., ഏകദേശം രണ്ട് മീറ്ററോളം ആഴമുള്ള ഹൌളിന്‍റെ  അടിഭാഗം വരെ വളരെ  കൃത്യമായി കാണാം, അകത്തെ പള്ളിയില്‍ പോകാന്‍ ടാങ്കിന്‍റെ മേലെ നിര്‍മ്മിച്ച പാലത്തില്‍ നിന്നും നോക്കിയാല്‍ മീനുകള്‍ കൂട്ടത്തോടെ വിലസുന്നത് കാണാം, മീന്‍കൂട്ടം  ആരുടെയോ ആജ്ഞാനുവര്‍ത്തിയായി  വശങ്ങള്‍ വെട്ടിച്ചുള്ള തത്രപ്പെട്ട  പ്രയാണം കാണികളില്‍ കൌതുകമുണര്‍ത്തി., പുറത്തേക്കു നോക്കിയാല്‍ നീണ്ടു കിടക്കുന്ന ഖബറിടങ്ങളും വലതു വശത്തു വലീയ പ്ലാവും നേരെ മുമ്പില്‍ ഒരു തഴച്ച മുരിങ്ങ മരവും കാണാം, അതോര്‍ക്കാന്‍ കാരണം വല്യുമ്മ ഇടയ്ക്ക് ചോദിക്കുമായിരുന്നു ആ മുരിങ്ങയെപ്പറ്റി, പിന്നീടാണറിയാന്‍ കഴിഞ്ഞത് വല്യുപ്പയെ അടക്കം ചെയ്തത് അതിനടുത്താ ണെന്ന്, തീഷ്ണമായ അവരുടെ സ്നേഹം വല്യുമ്മ അയവിറക്കുകയായിരുന്നുവെന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്‌
 (اللهم اغفرلهم جميعا يا رب)    അപ്പുറത്ത് പുതുമ മാറാത്ത ബി.എസ്ടി അബൂബക്കര്‍ചാന്‍റെ (الله يرحمه) മണിമാളിക സൗധം.പാലത്തില്‍ വിരിച്ച ചകിരി പരവതാനിയിലൂടെ മുമ്പോട്ടു പോയാല്‍ മദീന പള്ളിയുടെ മാതൃകയില്‍ മൂന്നു കവാടങ്ങള്‍, നടുവില്‍ വലീയതും വശങ്ങളില്‍ താരതമ്യേന ചെറുതും, വാസ്തുശില്പിയുടെ കരവിരുതിനപ്പുറം ഒരു മാസ്മരികത അതില്‍ ദൃശ്യവല്ക്കരിച്ചു., ചതുരാകൃതിയിലുള്ള രണ്ട് പില്ലര്‍ര്‍ പാലത്തിന്റെ വശങ്ങളിലായി നിവര്‍ന്നു നിന്ന് ദ്രിശ്യചാരുതയ്ക്ക് മാറ്റുകൂട്ടി.

വലതു വശത്ത്‌ കിണര്‍, ചുമരില്‍ വാട്ടര്‍പമ്പിന്‍റെ സ്വിച്ചും കാണാം, മേല്‍പോട്ടു തുറന്ന കുന്നിന്‍പുറം കബറുകള്‍ കൊണ്ട് മുഖരിതം, നുച്ചിതൈകളും കാട്ടുചെടികളും ഇടതൂര്‍ന്നു നിമ്നോന്നതങ്ങളില്‍  തലയുയര്‍ത്തി നില്‍കുന്ന പറങ്കിമാവും ശീമാക്കൊന്നും (ഉപ്പിലിങ്ങ)  കാണാം, തൊട്ടപ്പുറത്ത് നില്‍കുന്ന പട്ള സ്കൂള്‍ ദ്രിശ്യമല്ല.

വലീയ കവാടത്തിലൂടെ അകത്തേക്ക് കടന്നാല്‍ പുറം പള്ളി, വലീയ ഹാള്‍, വലതു വശത്ത് തേക്കിന്‍തടി കൊണ്ടുണ്ടാക്കിയ  മയ്യത്ത്‌ കട്ടില്‍ ഒതുക്കി വച്ചിരിക്കുന്നു, ഇടതു വശത്ത്‌ വലീയ ഒരു ജനല്‍, മടക്കി മടക്കി അടയ്ക്കേണ്ട കതകുകള്‍ കാറ്റില്‍ വലീയ ശബ്ദത്തോടെ പെട്ടന്നടയും., അകത്തെപള്ളിക്ക് കടക്കാന്‍ മൂന്നു തടി കൊണ്ടുണ്ടാക്കിയ സാധാരണ വാതിലുകളുണ്ട്, നടുവിലത്തെ മേലെകട്ടിളബേസില്‍ പള്ളിയുടെ സ്ഥാപക തിയ്യതിയും മറ്റും അറബി ഭാഷയില്‍ ആലേഖനം ചെയ്തിട്ടുണ്ട്, ഇടതു  വശത്ത്‌ സര്‍വ്വ നമസ്കാര സമയവുമായ ചെമ്പിരിക്കയിലെ ഖാസി രൂപപ്പെടുതിയതോ മറ്റോ ആയ ഒരു  ടൈംടാബിള്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു., വലത്തെ കവാടം മുകളിലത്തെ നിലയിലേക്കുള്ള തടി കൊണ്ടുള്ള കൊണിപ്പടിയാണ്, രണ്ട് മൂന്നു സിമെന്‍ട് സ്റ്റെപ്പുകള്‍ക്ക് ശേഷമാണ് കോണിപ്പടിയുടെ നില്‍പ്പ്.,  മൂന്നു പാളിയായി വിരിച്ച പുല്‍പായ ചവിട്ടിക്കടന്നു  ഞാന്‍ മെല്ലെ നടുവിലത്തെ വാതിലിലൂടെ അകത്തേക്ക് കടക്കുന്നു.
തുടരും.....


അസീസ്‌ പട്ള

No comments:

Post a Comment