Saturday 17 June 2017

ബാല്യത്തിലെ ഒരു നോമ്പുകാലം.../ Azeez Patla

ബാല്യത്തിലെ ഒരു നോമ്പുകാലം...



എനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ തെന്നെ ഒറ്റ ദിവസത്തെ നോമ്പു മുഴുമിക്കാന്‍ പ്രാപ്തി നേടിയിരുന്നു, അതിനു മുമ്പ്  ഉച്ച വരെ അര നോമ്പു, പിന്നെ അടുത്ത ദിവസം ഉച്ചവരെ അങ്ങിനെ ഒന്ന് എന്നാണു ഉമ്മ (الله يرحمها) അരികത്തിരുത്തി എണ്ണം പറഞ്ഞു തന്നത്.

കൊടീയ വേനലിലായിരുന്നു എന്‍റെ ഫുള്‍ നോമ്പ് അരങ്ങേറ്റം, അക്കാലത്ത് റംസാന്‍ മാസത്തില്‍ സ്കൂളിനും മദ്രസയ്ക്കും അവധിയാണ്, ജേഷ്ഠന്‍ ഹമീദിന് നോമ്പിന്‍റെ എണ്ണം കൂടുന്നത് എന്നെ ആധി പിടിപ്പിച്ചു, ബാക്കി കാര്യങ്ങളെല്ലാം രണ്ടുപേരും ഒന്നിച്ചായിരുന്നു.

പള്ളിയില്‍ പോകലും ഉറുദി കേള്‍ക്കലും പിന്നെ ഖുര്‍ആന്‍ ഒതിയും, പള്ളിയില്‍ കിടന്നും നേരം പോയ്പിക്കുക എന്നത് സമപ്രായക്കാരുടെയും ഒട്ടുമിക്ക ആണുങ്ങളുടെയും ഒരു കര്‍മ്മം പോലെയായിരുന്നു.  സ്ത്രീകളാവട്ടെ, ഇടതടവില്ലാതെ അടുക്കളപ്പണി, ഫജ്ര്‍ നമസ്കാരം കഴിഞ്ഞു ഖുര്‍ആന്‍ പാരായണം പിന്നീട് അതേ നിസ്കാരക്കുപ്പായത്തോടെ ഒന്ന്‍ കണ്ണാര്‍ക്കും, എന്തോ ദുസ്വപ്നം കണ്ട പ്രതീതിയില്‍ ചാടിയെണീറ്റു വൈകുന്നേരത്തെയ്ക്കുള്ള പത്തലിനു(പത്തിരി) രണ്ട് തരം അരി കുതിരാന്‍ വെള്ളത്തിലിട്ടു ആടുമാടുകള്‍ക്കു വെള്ളം കൊടുക്കും, തുണിയലക്കലും തലേ ദിവസത്തെ പാചകപ്പാത്രശുചീകരണവും കഴിയുമ്പോള്‍ പള്ളിയില്‍ ദുഹര്‍ ബാങ്ക് മുഴങ്ങും, തീര്‍ന്നില്ല കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുത്തു രാവിലെ കുതിര്‍ത്ത മുത്താറിയും (രാഗി) തേങ്ങയും ചേര്‍ത്ത് ആട്ടുകല്ലില്‍ അരയ്ക്കാന്‍ തുടങ്ങും, പ്ലേറ്റിലാക്കി നേര്‍ത്ത തുണി വിരിച്ചു ഭദ്രമാക്കും., നോമ്പില്ലാത്ത ദിവസം ഞാനും അനുജത്തിയും ചേര്‍ന്നു മുത്താറി വരുകിയ പാത്രം സ്വാഹ....

അസര്‍ ബാങ്കോടടുപ്പിച്ചു നിസ്കാരപ്പയയില്‍ കയറിയാല്‍ അസര്‍ നിസ്കാരവും കഴിഞ്ഞേ മടങ്ങുകയുള്ളൂ, പിന്നീടാണ് കറികളും ചെറുപയര്‍ കഞ്ഞിയും നമ്മുടെ മെയിന്‍ അയിറ്റം പത്തലും... വിഭവസമൃദ്ധമല്ലെങ്കിലും ആത്മീയ ചൈതന്യം കൊണ്ട് ഭക്തിനിര്‍ഭരമായിരുന്നു അന്നത്തെ റംസാന്‍ ദിനങ്ങള്‍, തുപ്പല്‍ ഇറക്കാന്‍ പാടില്ല, അരുതാത്തത് സംസാരിക്കാന്‍ പാടില്ല, അതാതു പത്തു ദിവസത്തെ പ്രാര്‍ത്ഥന മുഴങ്ങാതെ ചൊല്ലണം ഇതൊക്കെ സ്വീകാര്യമായ നോമ്പിനെ തേടുന്ന ഒരു നോമ്പുകാരന്‍റെ  അമലുകളില്‍ പെട്ടതാണ്.

ഹമീദിച്ചയും ഞാനും ഒന്നിച്ചായിരുന്നു പള്ളിയില്‍ പോക്കും വരവും, വല്യ വിവരമില്ലെങ്ങിലും ഇമാം ചെയ്യുന്നതുപോലെ ഞാനും ചെയ്യും, വുദു എടുക്കുന്നത് ബഹുരസമാണ്, കാല്‍ കഴുകി പള്ളിയില്‍ കയറിയാല്‍  ഇടത് ഭാഗത്തെ ആദ്യകവാടം, അതിനോട് ചാരിയുള്ള  ചതുരാകൃതിയിലുള്ള കോന്‍ക്രറ്റ് തൂണിന്‍റെ ഇടയിലൂടെ നൂഴ്ന്ന് അപ്പുറത്തേക്ക് കടക്കും, അപ്പോഴേക്കും ഡ്രസ്സ് ഏറക്കുറെ പച്ച നിറം പിടിച്ചിരിക്കും., തൂണിനു  തൊട്ടു താഴെയുള്ള ഹൌളിന്‍റെ വക്കത്തുള്ള ഒരു കല്ലില്‍ ഇരുന്നു വുദു എടുക്കും, അതിനും ഒരു കാരണമുണ്ട് ആ ഭാഗത്തുടെയാണ് ഉപയോഗിച്ച വെള്ളം പോകാനുള്ള വഴി, വഴി മുടക്കി നില്‍ക്കുന്ന ഒരുതവള ഇമ വെട്ടാതെ മേല്‍പോട്ടു നോക്കി ഇരിക്കുന്നുണ്ടാകും, അതിന്‍റെ നോട്ടം കണ്ടാല്‍ തോന്നും  ഈ വെള്ളമോഴുക്കി വിടുന്നത് ഞാനാനെന്നാണ്,വായ്‌ കൊപ്ലിക്കുമ്പോള്‍ കുറച്ചു വെള്ളം അകത്താക്കി ബാക്കി ശക്തിയായി തവളയ്ക്ക് ചീറ്റും, ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു...

ദുഹര്‍ കഴിഞ്ഞപ്പോഴേക്കും ഒരു കടല്‍ വെള്ളം കുടിക്കാനുള്ള ദാഹമുണ്ടാകും, കസുകസ് കുതിര്‍ത്തുമ്പോള്‍ ഗ്ലാസില്‍ വേറെ കരുതി വയ്ക്കും, തേങ്ങ ഉടച്ചാല്‍ അതിന്‍റെ വെള്ളവും പിന്നെ വല്ല കായ് കാനി കളും കണ്ടാല്‍ അതും കരുതി വയ്ക്കും.,നോമ്പു തുറക്കുന്നത് പള്ളിയില്‍ നിന്നു.. കാര്യമായിട്ടൊന്നുമില്ല അന്നത്തെ കിണറിന്‍റെ ഭാഗത്ത്‌ ഒരു കുടത്തില്‍ വെള്ളം കോരി വച്ചിട്ടുണ്ടാവും, കൈകുമ്പിളില്‍ പകര്‍ന്ന വെള്ളം കുടിച്ചു വലീയ ആള്‍ക്കാരൊക്കെ പ്രാര്‍ഥനകളുമായി അകത്തെ പള്ളിയില്‍ കടക്കും, ഓര്‍ഡര്‍ ചെയ്ത  ആള്കാര്‍ക്ക് കുഞാമുച്ച ഹോട്ടലില്‍ നിന്ന് ചായ പടിഞ്ഞാട്ടെ ഇടതു വാതില്‍ക്കല്‍ എത്തിച്ചിരിക്കും., വെള്ളം കുടി കഴിഞ്ഞ ഉടനെ ബീഡി പുകയ്ക്കുന്നവരും കൂട്ടത്തില്‍  ഉണ്ടായിരുന്നു.

തിരിച്ചു വീട്ടിലെത്തിയ എന്‍റെ അവസ്ഥ ... ഒന്നും വേണ്ട 2 ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോള്‍ എല്ലാം കെട്ടു, കുറേ കഴിഞ്ഞു കരുതിവെച്ച തെങ്ങവെള്ളവും മറ്റും ഉമ്മ പിറുപിറുത്തുകൊണ്ട് കളയും, നിസ്സഹായനായി നോക്കി നില്‍ക്കും, മുത്താറിയോ ചെറുപയര്‍കഞ്ഞിയോ കുടിച്ചു ഒറ്റ വീഴല്‍..........ധീം....... അപ്പോഴും ഉമ്മ നിസ്കാരം കഴിഞ്ഞു ഉപ്പയുടെ വരവും കാത്തു  മുത്തായം പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും.,അന്നത്തെ വീട്ടമ്മമാര്‍ക്ക് പകലുറക്കമില്ല, നിലക്കാത്ത ഒരു യന്ത്രം തന്നെ..........

അല്ലാഹുവേ...........ഞങളുടെ മാതാപിതാക്കന്മാര്‍ക്ക് നീ ജന്നാതുല്‍ ഫിര്‍ദൌസില്‍ അഅലാ നല്‍കി അനുഗ്രഹിക്കണേ നാഥാ....... ഒപ്പം ഞങ്ങളെയും ഞങ്ങളുടെ ഭാര്യ സന്താനങ്ങളെയും നീ ചേര്‍ക്കണേ തമ്പുരാനേ..


ആമീന്‍.


▪▪▪

No comments:

Post a Comment