Thursday 22 June 2017

കുട്ടിക്കാല നോമ്പു, ഒരോര്‍മ്മ... /അസീസ്‌ പട്ള

🌿🌿🌿🌿🌿


....തുടര്‍ച്ച




*കുട്ടിക്കാല നോമ്പു, ഒരോര്‍മ്മ...*




മമ്മദ് മുക്രിച്ച (الله يرحمه)  മൈക്കില്‍ വിരല്‍ത്തുമ്പുകള്‍  കൊണ്ട് രണ്ട് കൊട്ട് കൊട്ടി ബാങ്കുവിളി തുടങ്ങി, ശബ്ദത്തിനസനുസൃതമായി മിഹ്രാബിലെ ഒറ്റ ബള്‍ബിന്‍റെ ഫിലമന്‍ട് ഏറിയും കുറഞ്ഞും മിന്നികൊണ്ടിരുന്നു., മിനാറിലെ ഉച്ചഭാഷിണിയിലൂടെ അഷ്ടദിക്കുകളിലും വിസരിച്ച അദ്ദേഹത്തിന്‍റെ സ്വതസിദ്ധഘനഗംഭീര ശബ്ദമാധുരിയില്‍ പട്ളയിലെ ഓരോ മണല്‍തരികളും കോരിത്തരിച്ചു, വിശ്വാസികള്‍ക്ക്  ആത്മീയ ചൈതന്യത്തിന്‍റെ  പുത്തനുണര്‍വ് പകര്‍ന്നു  പ്രാര്‍ഥനാനിരതരാക്കി,  എന്‍റെ കാതുകളില്‍ ഇന്നും ആ മണിനാദം നിലക്കാതെ മുഴങ്ങുന്നു.




ഇന്ന്  ഇരുപത്തിയേഴാം രാവ്,  അന്നത്തെ ഒരു ഇരുപത്തിയേഴാം രാവിന്‍റെ  അനുഭവം ഇന്നും ഓര്‍ക്കുന്നു, അസര്‍ നമസ്കാരം  കഴിഞ്ഞാല്‍  വീട്ടിലെ അല്ലറ ചില്ലറ പണികളുണ്ട്കും, കന്നിനെ തൊഴുത്തില്‍ കേട്ടലും മീന്‍ വാങ്ങിച്ചു കൊടുക്കലും അങ്ങിനെ പലതും.. അസറിന് ശേഷമുള്ള ഉറുദിയും കേട്ടു പുറം പള്ളിയുടെ മേല്‍ഭാഗത്തെ തുറസായ സ്ഥലത്ത് കാറ്റും കൊണ്ട് കുറച്ചു കിടന്നു, സൂട്ടത്തില്‍ സമപ്രായക്കാരും അല്ലാത്തവരും ഉണ്ട്, ഇന്നത്തെ പി.ടി.പ്രസിടണ്ട് സൈദ്‌, എം. ഏ. റസാഖ് (الله يرحمه)  എഫ്. മുഹമ്മദ്‌ (الله يرحمه) മച്ചുനന്‍ ബി. ബഷീര്‍, സഖാവ് അബ്ദുള്ള, അനുജന്‍ ഖരീം, അന്തുക്ക (ഹനീഫച്ച) അങ്ങിനെ ഒരുപാടുപേര്‍, ടെറസ്സിലേക്കുള്ള കോണിപ്പടിക്കടിയില്‍ ഒതുക്കി വെച്ച സദര്‍ ഉസ്താദിന്‍റെ കട്ടിലില്‍ തട്ടാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം സൂക്ഷിച്ചു, കട്ടിലിന്‍ ചുവട്ടിലെ കാര്‍ടൂണില്‍ നിറയെ പുസ്തകമായിരുന്നു.


ദൌത്യനിര്‍വഹണത്തിനുവേണ്ടി വീട്ടിലെക്കെത്തിയ എന്നെ സ്വാഗതം ചെയ്തത് ആവിയില്‍ വേവുന്ന മഞ്ഞളിലയടയുടെ തേങ്ങയും ശര്‍ക്കരയും മറ്റു ചേരുവകളും ഇഴുകിച്ചേന്ന ഹൃദയവും ആസ്വാദ്യകരവുമായ കൊതിയൂറും ഗന്ധം, ഇരുപത്തിയേഴാം രാവിനു നോമ്പു തുറക്കാന്‍ എല്ലാ വീട്ടില്‍ നിന്നും മധുര പലഹാരങ്ങളും, പത്തലും (കാസര്‍കോടന്‍  കൈപത്തിരി) തേങ്ങാക്കൊത്തും, നെയ്യപ്പം, ചക്ക കിള്ളിയിട്ടത് ഒക്കെ അക്കൂട്ടത്തില്‍ ഉണ്ടാകും, പക്ഷെ രാജാ മഞ്ഞളിലയട തെന്നെ., പല വീട്ടില്‍ നിന്നും വിവിധ ജാറുകളിലാക്കി ചുടുചായ, പള്ളിവക പായസം വേറെ (സോജി), അതിനു നേതൃത്വം കൊടുത്തിരുന്നത് പള്ളിച്ചാന്‍റെ മമ്മദുന്‍ച്ച (الله يرحمه) നമ്മുടെ അന്താന്‍റെയും മറ്റും ഉപ്പ,, പായസം ഉണ്ടാക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കൈപുണ്യം ഉണ്ടായിരുന്നു., ചുരുങ്ങിയത് രണ്ട് ഗ്ലാസ്സ്സെങ്ങിലും കുടിച്ചുപോകും, അത്രൈക്കുമുണ്ട് ആ സോജിയെന്ന അപരന്‍റെ നറുസ്വാദ്. പള്ളിയില്‍ കൊടുക്കാന്‍ പാത്രത്തിലാക്കി എന്‍റെ കയ്യിലും തന്നു ഉമ്മ (الله يرخمها)  മഞ്ഞളിലയട,

ഒരു കാര്യം ഇപ്പോഴും ഓര്‍ക്കുന്നു ഒരു മുഴുകാരക്ക കിട്ടിയ ദിവസം ,നമ്മുടെ മജല്‍ ഹാജിയര്ച്ചയായിരുന്നു അദ്ദേഹത്തിന്‍റെ കൈ കൊണ്ട്തെന്നെ ഒരു കടലാസ് കവറില്‍ നിന്നും വിതരണം ചെയ്തത്, മക്കത്തു നിന്നും നേരിട്ട് കൊണ്ടുവന്നതോ മറ്റോ ആവാം, നാട്ടില്‍ അക്കാലത്ത് കാരക്ക കിട്ടാറില്ല, രാജസ്ഥാനില്‍ നിന്നും വരുന്ന ഈത്തപ്പഴം കിട്ടുമായിരുന്നു അല്ലാഹു അദ്ദേഹത്തിന് പാപമോചനം നല്‍കുമാറാകട്ടെ ആമീന്‍.

ഇതൊക്കെ കഴിഞ്ഞു പിറ്റേ ദിവസം അഞ്ചു വയസ്സ് തോട്ടുള്ള കുട്ടികള്‍ മുതല്‍ അങ്ങോട്ട്‌ നോമ്പു,, ലൈലത്തുല്‍ ഖദറിന്‍റെ പുണ്യങ്ങളെപ്പറ്റി കേട്ടതൊക്കെ മനപാഠമായിരുന്നു, ഉറുമ്പ് മുതല്‍ എല്ലാ ജീവികളും നോമ്പു നോല്‍ക്കുമെന്നും മറ്റുമുള്ള കഥകള്‍ ഇളം മനസ്സില്‍ സൃഷ്ടാവിന്‍റെ ഏകത്വത്തെ അരുക്കിട്ടുരപ്പിക്കുകയായിരുന്നു, കൊച്ചുന്നാളിലെ ആ അനുഭവം പില്‍കാലത്ത് ഏതു  പ്രതിസന്ധികളെയും തരണം ചെയ്തു സൃഷ്ടാവും അവനും മാത്രമായുള്ള നോമ്പു എന്ന മഹത്തായ ആരാധനകര്‍മ്മത്തെ പുല്‍കാന്‍ അവനെ പ്രാപ്തനാക്കുന്നതും ആത്മീയ സംസ്കരണത്തിലൂട്ടിയുറപ്പിച്ച കുടുംബപശ്ചാത്തലവും നിവര്‍ത്തിച്ച ജീവിതസംസ്കൃതിയുമാണ്‌.

നമുക്ക് ഒന്നിച്ചു പ്രാര്‍ഥിക്കാം........അല്ലാഹുവേ ഞങ്ങളുടെ അമലുകളെ നീ സ്വീകരിക്കണേ നാഥാ......... നിന്‍റെ ഹബീബായ പ്രവാചകന്‍ (സ.അ) അരുളിയ ബാബുറയ്യാനില്‍ കൂടി പ്രവേശിക്കുന്ന നോമ്പുകാരുടെ കൂട്ടത്തില്‍ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ജെഷ്ടാനുജന്മാരെയും ജെഷ്ട്ടത്തി അനുജത്തിമാരെയും ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയവരെയും ബന്ധുമിത്രാദികളെയും ലോക മുസ്‌ലിംകളില്‍ നിന്നും ജീവിച്ചിരിക്കുന്നവരെയും മരണപ്പെട്ടവരേയും ഉള്‍പെടുത്തി സ്വര്‍ഗ്ഗത്തിന്‍റെ ആഹുലുകാരാക്കണേ തമ്പുരാനേ.... നാളെ റംസാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെപെടുത്തണെ നാഥാ..  ആമീന്‍ യാ റബ്ബുല്‍ ആലമീന്‍





തുടരും...


അസീസ്‌ പട്ള



🌿🌿🌿🌿🌿

No comments:

Post a Comment