Saturday, 17 June 2017

അനുസ്മരണം : സ്നേഹനിധിയായ അദ്രാൻച്ചാഉം വിട പറഞ്ഞു / അസ്ലം മാവില

അനുസ്മരണം :

*സ്നേഹനിധിയായ*
*അദ്രാൻച്ചാഉം*
*വിട പറഞ്ഞു*
__________________

അസ്ലം മാവില
__________________

ഞങ്ങളുടെ ഒരു അയൽക്കാരൻ കൂടി പടച്ചവന്റെ വിളിക്കുത്തരം നൽകി പൊയ്മറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട പോക്കർച്ചാന്റെ അദ്രാൻച്ചയാണ് ഇന്നലെ രാത്രി വിടവാങ്ങിയത്. ഇന്നാലില്ലാഹ്..

ദിവസങ്ങളായി അദ്ദേഹം കിടപ്പിലായിരുന്നു. ഒന്നര - രണ്ട് മാസം മുമ്പ് വരെ പരസഹായത്തോടെ  എഴുന്നേറ്റ് നടക്കുമായിരുന്നു. സംസാരത്തിനും വലിയ കുഴപ്പമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ആഴ്ച മുതലാണ് അദ്ദേഹത്തിന്റെ  രോഗനില കുറച്ച്  ഗുരുതരമായത്. ഇന്നലെ രാത്രിയോടെ, പരിശുദ്ധ റമദാനിന്റെ ഇരുപത്തിമൂന്നാം രാവിൽ, അദ്രാൻച്ച അല്ലാഹുവിന്റെ സവിധത്തിലേക്ക് മടങ്ങി.

വളരെ ചെറുപ്പം മുതൽ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. സംസാര പ്രിയൻ. രാഷ്ടിയമാണ്  ഇഷ്ടവിഷയം. അടിയുറച്ച കോൺഗ്രസ്സ്കാരൻ.

കൃഷി നാട്ടിൽ, വ്യാപാരം മറുനാട്ടിൽ. വളരെ ലളിതമായ ജീവിതം. ആ ചെറിയ വീട് തന്നെ അതിനുദാഹരണം.

വലുതായൊന്നും മിച്ചമുണ്ടാക്കിയില്ല. അതിലൊന്നും അദ്ദേഹത്തിന് പരിഭവവുമുണ്ടായിരുന്നില്ല. ഉള്ളത് കൊണ്ട് കുടുംബത്തെ മുന്നോട്ട് കൊണ്ട് പോയി. നാല് പെൺമക്കളെ  കെട്ടിച്ചയച്ച സന്തോഷം എന്നോട് പറയുമായിരുന്നു.

സുളള്യ/ അറന്തോടായിരുന്നു അദ്രാൻച്ചാന്റെ വ്യാപാര തട്ടകം;  മലഞ്ചരക്ക് വ്യാപാരം. ചെറിയ ഒരു ബിസിനസ്സ്. അതും വർഷത്തിൽ ഏതാനും മാസങ്ങൾ. പിന്നെ ബാക്കിയുള്ള മാസങ്ങൾ നാട്ടിൽ വന്ന് കൃഷിയിൽ മുഴുകും.

അദ്ദേഹം കർണ്ണാടകയിൽ നിന്ന് തിരിച്ചു വരുമ്പോഴൊക്കെ പുതിയ രാഷ്ടീയ വർത്തമാനവുമായിട്ടായിരിക്കും വരിക. അത് കേൾക്കാൻ മാത്രം കുറെ പേർ ഉണ്ടാകും.  ബന്ധുകൂടിയായ കാദർ ഹാജാർച്ചാന്റെ കടയിലാണ് രാഷ്ട്രിയ ചർച്ച നടക്കുക.  ഞാൻ 8 -ൽ പഠിക്കുന്ന കാലം. പത്രം വായിക്കാൻ അങ്ങാടിയിൽ പോയാൽ അദ്രാൻചാന്റെ രാഷ്ടീയം കത്തിക്കയറുന്നുണ്ടാകും.

ഞാൻ രാമകൃഷ്ണഹെഗ്ഡെയെ കേൾക്കുന്നത് അദ്ദേഹത്തിൽ നിന്ന്,  ക്രാന്തിരംഗ പാർട്ടിയെ കേൾക്കുന്നത് അദ്ദേഹത്തിൽ നിന്ന്, അന്നത്തെ രാഷ്ട്രീയ അവതാരമായ ബംഗാരപ്പയെ കേൾക്കുന്നതും അദ്ദേഹത്തിൽ നിന്ന്. മറ്റെന്തിനേക്കാളേറെ ജാതിരാഷ്ട്രീയം തെക്കെ ഇന്ത്യയിൽ രൂഢമൂലമായത് കർണ്ണാടകയിലായിരുന്നെന്ന് അന്നെനിക്ക് മനസ്സിലായതും അദ്ദേഹത്തിൽ നിന്ന് കേട്ട് തന്നെ.

1983 ൽ കോൺഗ്രസിതര ഭരണം വരുമെന്നും
ബംഗാരപ്പ അധികാരത്തിൽ വരുമെന്നും കണക്കുകൾ നിരത്തിയാണ്  അദ്ദേഹം ഒരിക്കൽ സമർഥിച്ചത്,  അത്രമാത്രം  കർണ്ണാടക രാഷ്ട്രീയം അദ്രാൻച്ചാക്ക് കാണാപാഠമായിരുന്നു. (പക്ഷെ,  രാഷ്ട്രീയ ചാണക്യനും 1972 ലെ ദേവരാജ് അർസ് മന്ത്രി സഭാംഗവുമായിരുന്ന എസ്. ബംഗാരപ്പ, 1983 ലെ കർണsക മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശമുന്നയിക്കുന്നതിന് പകരം   ഹെഗ്ഡെയ്ക്ക് പിന്തുണ നൽകുകയാണ്  ചെയ്തത്. 1990 ൽ ബംഗാരപ്പ കർണ്ണാടക മുഖ്യമന്ത്രിയാവുകയും ചെയ്തു.)

നാട്ടിൽ വന്നാലും അദ്ദേഹം വെറുതെ ഇരിക്കില്ല.  എന്തെങ്കിലും കൃഷിയിൽ വ്യാപൃതനാകും. നെൽകൃഷി, വെറ്റില കൃഷി,  അടക്കാ കൃഷി അങ്ങിനെ എന്തെങ്കിലും.

80 കളുടെ തുടക്കത്തിൽ പട്ലയിൽ ഒരു കൊക്കോ വിപ്ളവം നടന്നിരുന്നു. കൊക്കോ തൈ കണ്ടതും അത് ദിർഘകാലം കായ്ച്ചു നിന്നത് കണ്ടതും അദ്രാൻച്ചാന്റെ വീട്ട് വളപ്പിലാണ് (ഇയ്യിടെയാണെന്ന് തോന്നുന്നു കുറെയൊക്കെ അദ്ദേഹം വെട്ടി ഒഴിവാക്കിയത് )

പ്രായത്തിൽ വ്യത്യാസമുണ്ടെങ്കിൽ പോലും എന്റെ ഉപ്പയുമായി ഏറ്റവും നല്ല ബന്ധം പുലർത്തിയിരുന്നു. എപ്പോൾ സംസാരിക്കാൻ അവസരം കിട്ടിയാലും എന്റെ ഉപ്പാനെ കുറിച്ച് എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാകും. ബായിൻച്ച, അദ്ല്യാർച്ച, മമ്മദുൻച്ച, സീദുൻച്ച, എം. എ മൊയ്തീൻച്ച ഇവരൊക്കെ അദ്ദേഹത്തിന്റെ സംസാരത്തിൽ വരും.

അദ്രാൻച്ച നല്ലൊരു റേഡിയോ ശ്രോതാവ് കൂടിയാണ്.  ഞങ്ങളൊക്കെ ചെറുപ്പകാലങ്ങളിൽ വാർത്തകൾ കേട്ടിരുന്നത്  അദ്ദേഹത്തിന്റെ വീട്ടിൽ നിന്നായിരുന്നു (റോഡിൽ വെച്ച് തന്നെ നന്നായി വാർത്തകൾ കേൾക്കുന്നത് കൊണ്ട് വീട്ടിൽ കയറില്ല,)

സംസാരത്തിലാണെങ്കിലും  രാഷ്ടീയ ചർച്ചകളിലാണെങ്കിലും സാധാരണ ഇടപെടലുകളിലാണെങ്കിലും അദ്രാൻച്ച മാന്യതയുടെ രീതിയും ഭാഷയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ആരോടും അറിയാത്തത്  ചോദിച്ചറിയും, അതെത്ര ചെറിയ വിഷയമാണെങ്കിലും.

അദ്രാൻച്ചാന്റെ വിയോഗത്തോടെ ഞങ്ങളുടെ അയൽപക്കത്തെ അവസാനത്തെ കാരണവരെയാണ് നഷ്ടമായത്. പഴയ തലമുറയിലെ അവസാനത്തെ കണ്ണി. പഴയ കാലങ്ങളെ ഓർമ്മിപ്പിക്കാനും, എന്റെ ഉപ്പാനെ കുറിച്ച് പറയാനും കേൾക്കാനും അദ്രാൻച്ച ഇനിയില്ല എന്നത് എന്നെ വ്യക്തിപരമായി നൊമ്പരപ്പെടുത്തുന്നു. മൂന്ന് - നാല് ദിവസം മുമ്പ് കുഞ്ഞിപ്പള്ളിയിൽ ഇശാ നിസ്ക്കാരാനന്തരമെഴുന്നേറ്റ് അദ്ദേഹത്തിന്റെ രോഗവിവരം പറയുമ്പോഴും അവിടെയുള്ളവരോട് ഞാൻ രോഗശമനത്തിന് വേണ്ടി പ്രാർഥിക്കാനഭ്യർഥിക്കുമ്പോഴും ഇത്ര പെട്ടെന്നുള്ള വിയോഗം മനസ്സിലില്ലായിരുന്നു. പക്ഷെ,  അല്ലാഹുവിന്റെ തീരുമാനം സുനിശ്ചിതമാണല്ലോ !

ഈ അനുസ്മരണക്കുറിപ്പ് അദ്ദേഹത്തോടുളള ഞങ്ങളുടെ കടപ്പാടിന്റെയും അയൽപക്ക സ്നേഹത്തിന്റെയും ഒപ്പം അദ്ദേഹം എന്റെ ഉപ്പയ്ക്ക് നൽകിയ ആദരവിന്റെയും കൂടിയാണ്. പുറംമോടിയില്ലാത്ത സ്നേഹബന്ധം അദ്ദേഹമെപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു!

അല്ലാഹു അദ്രാൻചാക്ക് പൊറുത്ത് കൊടുക്കട്ടെ, സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ   ഈ വിയോഗം താങ്ങാനുള്ള ക്ഷമയും സഹനവും അദ്ദേഹത്തിന്റെ കുടുംബത്തിന് അല്ലാഹു പ്രദാനം ചെയ്യട്ടെ, ആമീൻ യാ റബ്ബ്.
_________________🌱

No comments:

Post a Comment