Saturday, 3 September 2016

''ഞാൻ കണ്ട R T''- ക്ക് പ്രതികരണം / അസ്‌ലം മാവില

''ഞാൻ  കണ്ട   R T''- ക്ക് പ്രതികരണം

പ്രിയ സുഹൃത്തിനു

സുഖമെന്ന് കരുതുന്നു. താങ്കളുടെ അന്വേഷണത്തിനും ഉത്കണ്ഠക്കും കടപ്പാട് അറിയിക്കുന്നു. താങ്കളെ എനിക്ക് നേരിട്ട് കണ്ടു പരിചയമില്ല. എങ്കിലും ഇടക്കിടക്കുള്ള  കുറിപ്പുകളും താങ്കളുടെ  സുഹൃദ് വലയങ്ങളിലെ കുറിമാനങ്ങളും ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്. അതിനു  നന്ദി അറിയിക്കുന്നു.

ഇതെന്റെ മറുപടിയാണ്. അതിന്റെ ഉത്തരവാദിത്വം  എനിക്ക് മാത്രവുമാണ്. ഏറ്റവും അവസാനം നിങ്ങളെപ്പോലെ തന്നെ  ഞാനും ഇതിന്റെ ഒരു ഭാഗമാണല്ലോ. സാധാരണ പോലെ തന്നെ ഈ കുറിപ്പും മറ്റു കൂട്ടായ്മകളിലും പോസ്റ്റ് ചെയ്യാവുന്നതാണ്.

വായനയോടും നിരീക്ഷണത്തോടും കലയോടും  എഴുത്തിനോടും താല്പര്യമുള്ള  നമ്മുടെ നാട്ടിലെ  ചില സുഹൃത്തുക്കൾ ഓൺലൈൻ കൂട്ടായ്മയിലൂടെ പരസ്പരം കൊണ്ടുകൊടുക്കൽ ചെയ്യുന്നതിന്റെ സാധ്യത മനസ്സിലാക്കി വളർത്തി എടുത്തതാണ് RT.  കർത്തവ്യബോധത്തോടു കൂടി ഉത്തരവാദിത്വം ഏറ്റെടുത്തവർ ഏകദേശം ഒന്നര വർഷത്തോളം വളരെ ഭംഗിയായി   RT കൂട്ടായ്മയുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

അച്ചടക്കമുള്ള ഒരു സമൂഹം ഉണ്ടാവുക എന്നത് ഒരേ സമയം വെല്ലുവിളിയും വലിയ വിഷയവുമാണ്. ബഹളമയമായ ഒരു അന്തരീക്ഷത്തിൽ സേവനങ്ങൾ വെറും ഓശാരമായി പരിണമിക്കുന്ന സാഹചര്യങ്ങൾ പലയിടത്തും നാം കാണുന്നുണ്ടല്ലോ. പല നല്ല സംരഭങ്ങൾ പോലും ശബ്ദായനമായ  അന്തരീക്ഷത്തിൽ മുങ്ങുന്നതും മുക്കുന്നതും നിയന്ത്രണത്തിന്റെ പരിധിയിൽ വരാത്ത ഇത്തരം  അച്ചടക്കരാഹിത്യത്തിന്റെ സാന്നിധ്യം കൊണ്ടാണ്. അതാകട്ടെ അക്ഷന്തവ്യമായ വീഴ്ചയെന്ന് ഞാൻ കരുതുന്നു.

കേൾക്കാനുള്ള സഹിഷ്ണുതയും (endurance) ഉൾക്കൊള്ളാനുള്ള സരള ഹൃദയത്വവും (elasticity ) ആഭാസമില്ലാത്ത പ്രതിഭാഷണവും (reaction) ഉണ്ടാവുക എന്നതും ഉണ്ടാക്കി എടുക്കുകയും എന്നതും അതിസാഹസമാണ്. പക്ഷെ ശ്രമിച്ചാൽ എന്താണ് സംഭവിക്കാത്തത് ?

ഒരിക്കൽ പോലും പരസ്യമായോ പിന്നാമ്പുറത്തു കൂടിയോ ധനശേഖരണം നടത്തി ഒരു സാംസ്കാരിക ഗ്രാമം കെട്ടിപ്പടുത്തു കളയാം എന്ന അതിമോഹം മനസ്സിൽ കൊണ്ട് നടക്കാത്തതിന്റെയും  അതിന്നായി ഇറങ്ങിപുറപ്പെടാത്തതിന്റെയും   പിന്നിലെ കാരണം   RTക്ക് വ്യക്തമായ ചില  കാഴ്ചപ്പാടുകൾ ഉള്ളത് കൊണ്ടായിരുന്നു.  എണ്ണപ്പെട്ട ചിലരുടെ എഴുത്ത് കുത്തുകളോ രചനകളോ പരിചയപ്പെടുത്തി  വാ വാ വിളികൾ ഉണ്ടാക്കുവാനോ കയ്യടികൾ നിർബന്ധം പൂർവ്വം വാങ്ങിപ്പിക്കുവാനോ RT ക്ക് ഒരിക്കലും  ഉദ്ദേശവും ഉണ്ടായിരുന്നില്ല.  അങ്ങിനെ കുറെ ശ്രോതാക്കളെയോ അഭ്യുദയകാംക്ഷികളെയോ  ഉണ്ടാക്കി  RTക്ക് ഒന്നും നേടാനുമില്ലല്ലോ.

ശാന്തമായ അന്തരീക്ഷമുള്ള മനസ്സും അനീതിയും അതിക്രമവും അപചയവും ഉണ്ടാകുമ്പോൾ ബ്ലോക്കുകളും കമ്പാർട്മെന്റുകളുമില്ലാതെ തന്നെ ആത്മരോഷം കൊള്ളുകയും  ക്ഷോഭിക്കുകയും ഒപ്പം ജനപക്ഷത്തു നിന്ന് തിന്മയ്‌ക്കെതിരെ  പ്രതിരോധ  മതിലുകൾ തീർക്കുകയും ചെയ്യാൻ നമുക്കാകണം എന്നായിരുന്നു RT ആഗ്രഹിച്ചത്.  നാട്ടിൽ RT ക്ക് ഒരു വാസ്തവിക കൂടായ്മ ഇല്ല. ഉള്ളതാകട്ടെ വെർച്വലും. പക്ഷെ നാട്ടിൽ നടക്കുന്ന നല്ല സംരംഭങ്ങൾ പ്രവൃത്തി പഥത്തിൽ കൊണ്ട് വരുവാൻ ഒരു പാട് സാധ്യകളും സന്ദര്ഭങ്ങളും ഉണ്ടായിട്ടു പോലും എന്തോ വിമുഖ കാണിക്കുന്ന സമീപനമാണ് ചിലപ്പോഴൊക്കെ കണ്ടതും. ചില കൂട്ടായ്മകളിൽ കണ്ട ബഹളങ്ങൾ RT -യിൽ മാത്രമാണ് സഹനശീലവും സഹിഷ്ണുതയും സരള സഹൃത്വവും പ്രയോഗക്ഷമമെന്നു തോന്നിപ്പോവുകയും ചെയ്തിട്ടുണ്ട്.  എല്ലായിടത്തും അവ എല്ലായ്പ്പോഴും ബാധകമെന്നു RT വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും. അത് കൊണ്ട് നാമിതുവരെ ബാലാരിഷ്ഠിത പോലും  കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. അതിന്റെ 'കചടതപ' ഇനിയും സ്വയം ആർജ്ജിക്കാനുണ്ട്.

മറ്റൊന്ന് വായനയാണ്. കയ്യിലുള്ള മരുന്ന് പ്രധാനമാണ്. അത് എപ്പോൾ തീരുമെന്ന് അവരവർക്ക് ബോധ്യവുമുണ്ട്. അറിവും കഴിവും സ്വായത്തമാക്കാൻ ഏറ്റവും പ്രധാനം വായനവും നിരീക്ഷണവും പിന്നെ  അനുഭവവുമാണ്. അതിൽ എത്രമാത്രം ഒരു അപ്‌ഡേഷന് നാം തയ്യാറായിട്ടുണ്ടെന്നതും RT യെ പോലെ ഉള്ള സാംസ്കാരിക സദസ്സിൽ എപ്പോഴും ഉയരാവുന്ന ചോദ്യങ്ങളാണ്.

RT യിൽ പലപ്പോഴും കുറിപ്പ് വഴിയും വോയിസ്‌നോട്ട് വഴിയും വായിച്ചതും കേട്ടതും വീണ്ടും കുറിക്കട്ടെ, RT ഒരു പരീക്ഷണം നടത്തി -  നമ്മുടെ പരിധിയും പരിമിതിയും ഉപയോഗിച്ച്  ഓൺലൈൻ കൂട്ടായ്മയിൽ ഒരല്പം  കളം മാറി ചവിട്ടി സാംസ്കാരിക സംവേദനത്തിലേർപ്പെടൽ.  നമുക്ക് ഇങ്ങിനെയും ഒരു മുഖവും ഭാവവും ഭാഷയുമുണ്ടെന്ന് കാണിക്കുകയായിരുന്നു ലക്‌ഷ്യം.

തിരിച്ചു വരവിനു ഇനിയും സാധ്യതയുണ്ട്. ഇവിടെയല്ല, അതെവിടെയുമാകാം. RTPEN എന്ന ബ്ലോഗ് തലമുറകൾക്ക് കൈമാറാൻ കൂടിയുള്ളതാണെന്ന് സൂചിപ്പിക്കട്ടെ.  തലമുറ, ആശയ വിനിമയ, സാമൂഹിക  വിടവുകൾ   നികത്താൻ നമുക്ക് എപ്പോൾ സാധിക്കുന്നുവോ അന്ന് മറ്റേത് മാതൃകാഗ്രാമങ്ങളെപ്പോലെയും നമ്മുടെ ഗ്രാമത്തിലും സാംസ്കാരിക -സൗഹൃദ ലയം  സാധ്യമാകും എന്ന് കൂടി പറഞ്ഞു വെക്കട്ടെ.

സ്‌നേഹാദരവുകളോട് കൂടി

അസ്‌ലം മാവില 

No comments:

Post a Comment