Saturday, 3 September 2016

ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ 50 ലക്ഷം കൈപുസ്തകങ്ങള്‍, അടിയന്തിര ഘട്ടങ്ങളില്‍ 911 ല്‍ വിളിക്കാം / അസ്‌ലം മാവില

http://www.kvartha.com/2016/09/guideline-booklets-available-for-hajj.html

അസ്‌ലം മാവില


ജിദ്ദ: (www.kvartha.com 02.09.2016) പരിശുദ്ധ ഹജ്ജിന്റെ ശരിയായ നടപടിക്രമങ്ങള്‍ തീത്ഥാടകരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി HAIA വിഭാഗം 50 ലക്ഷം കൈപുസ്തകങ്ങള്‍, ലഖുലേഖകള്‍, സിഡികള്‍ തയ്യാറാക്കി സൗജന്യമായി വിതരണം തുടങ്ങി. ഹജ്ജ് വേളകളില്‍ ഉണ്ടാകാന്‍ ഇടയുള്ള സംശയനിവൃത്തി വരുത്തുവാനും അനാചാരങ്ങള്‍ ഒഴിവാക്കുവാനും വേണ്ടി സഊദി ഔഖാഫിലെ ഉന്നത പണ്ഡിതന്മാരുടെ മേല്‍നോട്ടത്തിലാണ് ഇവ തയ്യാറാക്കിയത്.

ഇവ വിതരണം ചെയ്യുവാന്‍ മക്ക, മദീന അടക്കം 42 സ്ഥലങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ട്. പത്തിലധികം ഭാഷകളില്‍ ഇവ ലഭ്യമായിരിക്കും. വഴിനീളം ഹാജിമാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ വലിയ പരസ്യബോര്‍ഡുകള്‍ ചില ഹജ്ജ് കമ്പനികള്‍ സ്ഥാപിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ട് അവ മാറ്റുവാന്‍ വേണ്ട നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ഇവ മാത്രം നിരീക്ഷിക്കാനും പൊളിച്ചുമാറ്റുവാനും മക്ക മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം സദാ സമയവും പട്രോള്‍ നടത്തുന്നുണ്ട്. ചിലത് അരോചകമാണ്, മറ്റു ചിലത് അപകടം വരുത്തി വരുന്നതുമാണ്. ഇത് സംബന്ധിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അറഫയുടെ തലേദിവസം രാപാര്‍ക്കുന്ന മീനയില്‍ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. സിവില്‍ ഡിഫന്‍സ്, സുരക്ഷാ വിഭാഗം, ഹജ്ജ് ആന്‍ഡ് ഉംറയുമായി ബന്ധപ്പെട്ട വകുപ്പുകള്‍, ഹജ്ജ് കമ്പനികള്‍, ഗവണ്‍മെന്റ്, സ്വകാര്യ അധികൃതര്‍ എന്നിവ ഏകോപിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക്  ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനും ശാന്തവും സമാധാന പൂര്‍ണ്ണവുമായ ഹജ്ജ് നിര്‍വ്വഹിക്കുവാനും  ഈ ഏകോപനം സഹായിക്കും.

മദീനയിലും മക്കയിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന കൂടുതല്‍ ശക്തമാക്കി. കഫ്റ്റീരിയ, ഹോട്ടല്‍, ഫുഡ്സ്റ്റഫ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ട് 10 സ്ഥാപനങ്ങള്‍ പൂട്ടി. 2300ലധികം സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. 15 ടണ്‍ വസ്തുക്കള്‍ മുന്‍സിപ്പല്‍ അധികൃതര്‍ നശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന ഉണ്ടാകും.

ഹജ്ജ് സുരക്ഷാ കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഖാലിദ് അല്‍ ഹര്‍ബിയുടെ നേതൃത്വത്തില്‍ സുരക്ഷാ വിഭാഗം ഏറ്റവും പുതിയ പുരോഗതി നേരിട്ട് നോക്കിക്കണ്ടു. പരിശുദ്ധ ഹജ്ജ് കര്‍മ്മവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി തീര്‍ത്ഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി. 3000 ലധികം യന്ത്ര സംവിധാനവും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് 17,000 ഓഫീസര്‍മാരാണ് സുരക്ഷാ വിഭാഗത്തില്‍ 24 മണിക്കൂറും സേവനത്തിലേര്‍പ്പെട്ടിട്ടുള്ളത്. പതിമൂന്നോളം സാധ്യതാ അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കൊണ്ട് സുരക്ഷാ വിഭാഗം വളരെ ശക്തമായ ദുരന്ത പൂര്‍വ്വ നിവാരണ മാര്‍ഗ്ഗങ്ങളാണ് ഇക്കുറി എടുത്തിട്ടുള്ളത്.

ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ വളരെ പെട്ടെന്ന് പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ എമിേ്രഗഷന്‍ വിഭാഗം നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പാസ്‌പോര്‍ട്ട് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നീണ്ട ക്യൂവില്‍ നിന്ന് പ്രയാസപ്പെടുന്ന അവസ്ഥ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകരുത്. തീര്‍ത്ഥാടകര്‍ രാജ്യത്ത് പ്രവേശിക്കുമ്പോഴും തിരിച്ചു പോകുമ്പോഴും ഈ സൗകര്യം ഉണ്ടാകണം. പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍  സുലൈമാന്‍ അല്‍ യഹ് യ അടക്കമുള്ള ഉന്നത ഉദ്യോസ്ഥരെ ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഖാലിദ് രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കിയത്.

മക്ക ഭാഗങ്ങളില്‍ അടിയന്തിര ഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പര്‍ 911 ആണ്. ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം ഇംഗ്ലീഷിലും അറബിയിലും അധികൃതര്‍ അയച്ചു തുടങ്ങി. ട്രാഫിക്, റോഡ് സുരക്ഷ, സിവില്‍ ഡിഫെന്‍സ് അടക്കമുള്ള വകുപ്പുകള്‍ ഏകോപിച്ചാണ് അടിയന്തിര സുരക്ഷാ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

No comments:

Post a Comment