Thursday 8 September 2016

മന്ത്രി ജി സുധാകരന്റെ എഴുത്തിനെ വിമര്‍ശിക്കുന്നതിന്റെ പിന്നില്‍? / അസ്‌ലം മാവില


http://www.kvartha.com/2016/09/g-sudhakarans-poem-and-controversy.html


ജി സുധാകരന്‍ ഒരു മന്ത്രിയാണ്. രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പലര്‍ക്കും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. അതൊക്കെ ശരി തന്നെ. സ്വാഭാവികവുമാണ്. പക്ഷെ, അദ്ദേഹം വല്ലതും എഴുതുന്നു എന്നതിന്റെ പേരില്‍ നാമെന്തിന് അദ്ദേഹത്തിന്റെ രചനകളെ അമിതാവേശത്തില്‍ വിമര്‍ശിക്കണം?

എഴുതട്ടെ, എഴുതാതിരിക്കുന്നവര്‍ കുറേപേര്‍ രാഷ്ട്രീയത്തിലും അല്ലാതെയും ഉണ്ടല്ലോ. അതിലും ഒരല്‍പം അല്ല ഒരുപാട് ഭേദമല്ലേ അദ്ദേഹം എഴുതുന്നത്. അദ്ദേഹം വായിക്കുന്നത് കൊണ്ടാണല്ലോ വല്ലതും കുത്തിക്കുറിക്കുന്നത് തന്നെ. അത് പ്രസിദ്ധീകരിക്കുന്നതാകട്ടെ ആനുകാലിക പത്രങ്ങളും. അവിടെയും എഡിറ്റര്‍ മുതല്‍ താഴോട്ട് അക്ഷരങ്ങള്‍ അറിയുന്നവരും ഉണ്ടാകും. അവരുടെ കണ്ണും കാതും കഴിഞ്ഞായിരിക്കും ഈ രചനകള്‍ വെളിച്ചം കാണുക തന്നെ.

കഴിഞ്ഞ ജൂണിലോ മെയിലോ ആണെന്ന് തോന്നുന്നു ജി സുധാകരന്റെ എഴുത്തിനെ കുറിച്ച് സമാനമായ വിവാദം ഉണ്ടായിരുന്നു. അന്നും സോഷ്യല്‍ മീഡിയയില്‍ ഇത് പോലുള്ള കൊണ്ടുപിടിച്ച ട്രോളും പരിഹാസവുമായി കുറെ പേര്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. അന്ന് അദ്ദേഹം എഴുതിയത് പൂച്ച എന്ന തലക്കെട്ടില്‍ ഒരു കവിതയായിരുന്നു. (അതിനു മുമ്പ് ബിന്‍ ലാദന്‍, നിറരഹിത വിപ്ലവം, ചോരയും കവിതയും തുടങ്ങിയ കവിതകള്‍ എഴുതിയപ്പോഴും അദ്ദേഹം എന്തോ പാതകം ചെയ്തത് പോലെ ചിലര്‍ എതിര്‍പ്പുമായി വന്നിട്ടുണ്ട്)

'പൂച്ചേ പൂച്ചേ
മണല്‍ക്കാട്ടില്‍ കഴിഞ്ഞ നീ
വീട്ടില്‍ വന്നതെന്തേ?
എന്റെ വീട്ടില്‍ വന്നതെന്തേ?
വീട്ടില്‍ കഴിയവേ
ആരു നിന്നെയീ മണല്‍
ക്കാട്ടില്‍ തള്ളി പൂച്ചേ..'

ഈ കവിതയുടെ കര്‍ത്താവ് സച്ചിദാനന്ദനോ അയ്യപ്പപ്പണിക്കരോ മറ്റോ ആയിരുന്നെങ്കിലോ? റഫീഖ് അഹമ്മദിനെ പോലെയുള്ളവരുടെ സിനിമാ ഗാനമായിരുന്നെങ്കിലോ? പിന്നില്‍ കൂടാനും പിന്നില്‍ നിന്ന് കുത്താനും ആരുമുണ്ടാകില്ല, അതുറപ്പല്ലേ? മൊഴിമാറ്റമെന്ന പേരില്‍ അന്യഭാഷാ കവിതകള്‍ ചിലര്‍ പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതൊന്ന് കൂടി വായിക്കണം.

അദ്ദേഹം ഒരു പ്രസിദ്ധീകരണത്തില്‍ ''എനിക്കുറങ്ങണം'' എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവിതയാണ് ഇപ്പോള്‍ നിര്‍ദാക്ഷിണ്യവിമര്‍ശന വിധേയമാകുന്നത്. അതിലെ ആദ്യ വരികള്‍ ഇങ്ങനെ വായിക്കാം:

''ഉറങ്ങണം
എനിക്കുറങ്ങണം
പക്ഷെ ഉറങ്ങുവാന്‍
ഒട്ടും കഴിയുന്നില്ലല്ലോ

ഉറങ്ങുവാന്‍
കിടന്നുറങ്ങുമ്പോള്‍
പെട്ടെന്നുണര്‍ന്നു
പോകുന്നു
ഉറക്കം പോകുന്നു''

ജി സുധാകരന്‍ എഴുതിയതിന്റെ പത്തിലൊരു നിലവാരം പോലുമില്ലാത്ത കവിതകള്‍ പല പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. അവ പക്ഷെ വാര്‍ത്തയും വാര്‍ത്തയ്ക്ക് പിന്നാലെ വക്കാണമാകാത്തതും എഴുതിയത് ജി സുധാകരനല്ല എന്നത് കൊണ്ട് മാത്രമാവണം. 

നാമൊക്കെ ബഹുമാനിക്കുന്ന പലരുടെയും ലേഖനങ്ങളും സാഹിത്യസൃഷ്ടികളും പത്രകോളങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെടുന്നത് അവര്‍ സ്വയം എഴുതിയതാണോ? അല്ലെന്ന് പലര്‍ക്കുമറിയാം. ഞാനാണ് സാക്ഷി പ്രളയ സാക്ഷി, വഴിമാറുക വയ്യാ തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവ് കൂടിയായ ജി സുധാകരന്‍ എന്ന എഴുത്തുകാരന്‍ അങ്ങിനെയൊന്നും ചെയ്യുന്നില്ലല്ലോ.

''അനീതിക്കെതിരെ അക്ഷരം വാളാക്കി എഴുതുന്ന ഈ കവിയില്‍ ഒരു കുട്ടിയുടെ മനസ്സും കാണാം. ഒരു വലിയ പാറയുടെ പിളര്‍പ്പില്‍ എങ്ങിനെയോ വളര്‍ന്ന ചെറിയ ചെടിയില്‍ അങ്ങിങ്ങായി പടര്‍ന്ന ഒരു ചുവന്ന പുഷ്പം പോലെ... ഇത് തന്നെയാണ് ജി സുധാകരന്റെ കവിതയുടെ വ്യത്യസ്തത''  മലയാളത്തിന്റെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ''വഴിമാറുക വയ്യാ'' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഇങ്ങിനെ പറയണമെങ്കില്‍ അതില്‍ എന്തെങ്കിലും കാമ്പും കവിത്വവും ഉണ്ടാകില്ലേ? നാമൊക്കെ പരുക്കനെന്നു വെറുതെയും അല്ലാതെയും പറയുന്ന ഒരു മന്ത്രിയില്‍ കുട്ടിമനസ്സ് ഉണ്ടാവുക എന്നത് അത്ര വലിയ തെറ്റാണോ?

ജി സുധാകരന്‍ എഴുതട്ടെ. അദ്ദേഹത്തിന്റെ കവിതകള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണെന്നൊന്നും ഈ ലേഖകന് അഭിപ്രായമില്ല. മറ്റേത് എഴുത്തുകാരുടെ രചനകളെ വിമര്‍ശിക്കുന്നതിന് എടുക്കുന്ന അളവുകോല്‍ ജി സുധാകരന്റെ കവിതയുടെ കാര്യത്തില്‍ ഉപയോഗിച്ചാല്‍ മതിയെന്നേയുള്ളൂ. കവിത്വമുള്ള മനസ്സ് ഭരണാധികാരികള്‍ക്ക് ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നു.

'ഇന്ത്യ'യുടെ 'മലയാളി'യായ അലിക്ക് ഒളിമ്പിക് മെഡല്‍ ചാര്‍ത്തിക്കൊടുത്ത് അനുശോചനം രേഖപ്പെടുത്തിയ ജയരാജന്‍ മന്ത്രിയെ വിമര്‍ശിക്കുന്നത് പോലെയാകരുത് ഒരു എഴുത്തുകാരനായ മന്ത്രിയെ അദ്ദേഹത്തിന്റെ രചനകള്‍ മുമ്പില്‍ വെച്ച് വിമര്‍ശിക്കാന്‍. രണ്ടും രണ്ടാണ്. അക്ഷരങ്ങളെ സ്‌നേഹിക്കുന്നത് കൊണ്ടാകാം ഇങ്ങിനെയൊക്കെ ഞാന്‍ എഴുതിപ്പോകുന്നത്. ക്ഷമിക്കുക.

ജോസഫ് കാംപെല്ലിന്റെ 'കൂരിരുട്ട്' എന്ന തലക്കെട്ടുള്ള നാലുവരി കവിത അങ്ങിനെ തന്നെ ഇവിടെ പകര്‍ത്തട്ടെ.
Darkness
I stop to watch a star shine in the boghole –
A star no longer, but a silver ribbon of light.
I look at it, and pass on.

വെള്ളിനാടയുടെ വെളിച്ചം ചതുപ്പ് നിലത്തിലെ സുഷിരത്തില്‍ താരകമെന്ന് തോന്നാനും അതൊന്നു നോക്കി ആസ്വദിക്കാന്‍ തിരക്ക് പിടിച്ച നടത്തത്തിനിടയില്‍ അല്പമവിടെ തങ്ങാനും പിന്നെ ഒരു ചെറുപുഞ്ചിരിയോടെ നടന്നകലാനും കവിക്ക് മാത്രമല്ല കവിഹൃദയമുള്ള വായനക്കാര്‍ക്കും സാധിക്കും. ഇരുട്ടിനു അങ്ങിനെയും ചില മായാദീപങ്ങള്‍ (magic lantern) തെളിക്കാനാകും. നമുക്കും അങ്ങിനെ തന്നെയാകാം, ആരെഴുതിയാലും.

No comments:

Post a Comment