Monday, 5 September 2016

മജീദിനെ അംഗീകാരം തേടി വരുമ്പോൾ .... / അസ്‌ലം മാവില

മജീദിനെ അംഗീകാരം തേടി വരുമ്പോൾ ....

അസ്‌ലം മാവില
വളരെ പെട്ടെന്ന് എന്റെ മറ്റൊരു കൂട്ടുകാരനെ കുറിച്ച് എഴുതാൻ സാധിച്ചതിലുള്ള ചാരിതാർഥ്യത്തിലാണ് ഞാനിപ്പോൾ. കാസർകോട് സംയുക്ത ജമാ-അത്ത് ജോ.സിക്രട്ടറിമാരിൽ ഒരാളായി എം..എ. മജീദ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മജീദിനു അദ്ദേഹത്തിന്റെ പിതാവിന്റെ ഗുണഗണങ്ങൾ ആവോളം തായ് വഴിയായി കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് സംയമനത്തിന്റെയും സഹിഷ്ണുതയുടെയും രീതി.  മജീദിനെ മറ്റാരേക്കാളും ഏറ്റവും കൂടുതൽ അറിയുക അദേഹത്തിന്റെ കളിക്കൂട്ടുകാർക്കും കൂടെപഠിച്ചവർക്കുമാണല്ലോ. അങ്ങനെവരുമ്പോൾ ഒന്നാം ക്ലാസ്സ് മുതൽ തന്നെ മജീദ് ഞങ്ങൾക്ക് കാണാപാഠമാണ്. കൂടെ ഒരേ ബഞ്ചിൽ ഒരു അറബിക് ക്ലാസ്സ് ഒഴികെ ഇരുന്നു പഠിച്ച, ഞാൻ അറിയുന്ന  മജീദിനു  ഇത്തരം അംഗീകാരങ്ങൾ  തേടി വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയായി തോന്നുന്നില്ല. ഒരു പാട് രംഗത്തും ഒരു പാട് മേഖലകളിലും മജീദ് ഇനിയും എത്തും എന്ന് തന്നെയാണ് സഹപാഠികളായ ഞങ്ങളുടെ മുഴുവൻ  പ്രതീക്ഷ.

സംയുക്തജമാഅത്തിന്റെ മുഴുവൻ  ഫൺക്ഷൻസ് എന്താണെന്ന് എനിക്കറിയില്ലെങ്കിലും അവിടെയും കൂടിയാലോചനകൾക്ക് സാധ്യതകളുള്ള വേദികളും സന്ദർഭങ്ങളും ഒരുനൂറുവട്ടം ഉണ്ടാകും.  തീർച്ച. ക്ഷമയോടിരുന്നു കേൾക്കുക എന്നത് പരിഹാരം നിർദ്ദേശിക്കുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും മജീദിന്റെ കൂടി സാന്നിധ്യം ഗുണമേ ഉണ്ടാകൂ. ഒരു ആംഗലേയ ആപ്തവാക്യമുണ്ടല്ലോ - The word LISTEN contains the same letter ast he word SILENT. എല്ലാ നല്ല സംസാരവും തുടങ്ങുന്നത് നല്ല കേൾവിയിലൂടെയെന്ന് ആരോ പറഞ്ഞു വെച്ചിട്ടുണ്ട്.

നമ്മുടെ നാട്ടുകാരെ സംബന്ധിടത്തോളം മജീദിനെ പൊതുമണ്ഡലങ്ങളിൽ അറിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി. മധൂർ പഞ്ചായത്തിൽ നമ്മുടെ വാർഡിനെ നിലവിൽ  പ്രതിനിധീകരിക്കുന്നതും അദ്ദേഹമാണല്ലോ. പ്രതീക്ഷക്കൊത്തുയർന്നു നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമല്ല കക്ഷിരാഷ്ട്രീയം മറന്നും ചിലർ വോട്ടു നൽകിയത് , മറിച്ചു നടേ സൂചിപ്പിച്ച സംയമനത്തിന്റെ വക്താവെന്ന നിലയിൽ കൂടിയാണ്. ഏതെങ്കിലും  പരാതി പറഞ്ഞാൽ അത് കേൾക്കാൻ കാണിക്കുന്ന  സന്മനസ്സിന് കൂടിയുള്ളതായിരുന്നു ആ അംഗീകാരമെന്ന് സാരം.

നമുക്ക് വിഷയത്തിലേക്ക് വീണ്ടും.   മഹല്ലുകൾ എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും താഴെക്കിടയിലുള്ള ഒരുമയുടെ ഒരുക്കൂട്ടലിന്റെയും സംവിധാനമാണ്. പ്രാർത്ഥിക്കാൻ ഒത്തുകൂടുക എന്നതിലപ്പുറം, നന്മയ്ക്കായ് കൈകോർക്കുക  എന്നതിലുമപ്പുറം തിന്മകണ്ടാൽ അവയ്‌ക്കെതിരെ പ്രതിരോധം തീർക്കുക എന്നതും മഹല്ല് സംവിധാനത്തിന്റെ വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഒന്നായിരിക്കണം.

നിലവിൽ വിശ്വാസ കർമ്മ രംഗങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ പോലും എല്ലാവരും യോജിക്കുന്ന ഒരു പാട് വിഷയങ്ങൾ ഉണ്ട്. അത്തരം വിഷയങ്ങൾ എല്ലാവരെയും ബാധിക്കുന്നത് കൂടിയാണ്.  ധൂർത്തും ദുർവ്യയവും  ഫാഷനുപിന്നാലെയുള്ള പരക്കം പാച്ചിലും മാത്രമല്ല  നമ്മുടെ ശ്രദ്ധയിൽ വരേണ്ടത്. മറിച്ചു ഇന്ന് കാസർകോട് പ്രദേശത്തെയാകെ കാർന്നു തിന്നാനൊരുങ്ങുന്ന മയക്ക് മരുന്നിന്റെ വ്യാപനവും ഇത്തരം വേദികളിൽ വലിയ വിഷയം തന്നെയായി അജണ്ടകളിൽ സ്ഥാനം പിടിക്കണം. മഹല്ലുകളുടെ ഉന്നത  ഏകോപന സമിതികൾക്ക് തീർച്ചയായും ചെറുതല്ലാത്ത പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് തന്നെയാണ് ഈ ലേഖകൻ കരുതുന്നത്. മജീദ് തീർച്ചയായും അത്തരം വിഷയങ്ങൾ ബന്ധപ്പെട്ട വേദിയിൽ നിര്ബന്ധ ബുദ്ധ്യാ കൊണ്ട് വരുമെന്ന് പ്രത്യാശിക്കാം.

ഓത്തു പള്ളിയിൽ ഒന്നിച്ചിരുന്ന് പഠിച്ച ഒരാൾക്ക് വീണ്ടും  വീണ്ടും ഭാവുകങ്ങൾ നേരുന്നതിൽ പിശക് ഇല്ലെന്ന് തന്നെ കരുതട്ടെ, വീണ്ടും മജീദ്..... താങ്കൾക്ക് സർവ്വ ഭാവുകങ്ങളും .

No comments:

Post a Comment