Wednesday 21 September 2016

അവസരം കിട്ടുമ്പോഴൊക്കെ പാകിസ്ഥാന്‍ ഇന്ത്യയെ മാന്തുന്നു; ഒപ്പം ഭീകരതയും കയറ്റി അയക്കുന്നു/ അസ്‌ലം മാവില

http://www.kvartha.com/2016/09/terrorism-of-pakistan.html

അസ്‌ലം മാവില


(www.kvartha.com 21.09.2016) അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാകുകയാണ്. ഒരു കാലത്തും പാകിസ്ഥാന്‍ നമ്മുടെ നല്ല അയല്‍രാജ്യമല്ല. അഭിഭക്ത ഭാരതത്തിന്റെ വിഭജനം മുതല്‍ക്ക് തന്നെ രാഷ്ട്രീയമായി നമ്മെ ശത്രുരാജ്യത്തിന്റെ പട്ടികയിലാണ് പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാകാലങ്ങളില്‍ വന്ന പാക് ഭരണാധികാരികളും അവരെ നിയന്ത്രിച്ചിരുന്ന സൈനിക നേതൃത്വങ്ങളും അവരുടെ നയത്തില്‍ തുടര്‍ന്നും ഒരു മാറ്റവും വരുത്തിയിട്ടുമില്ല. ഭരണാധികാരികള്‍ നമ്മോടല്‍പ്പം ലിബറലെന്നു തോന്നുമ്പോഴൊക്കെ മറ്റു വല്ല കാരണങ്ങളുണ്ടാക്കി സൈനികര്‍ ഇടപ്പെട്ട് ഒന്നുകില്‍ ഭരണം അട്ടിമറിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ഭരണാധികാരികളെ കൊന്നുതീര്‍ത്തിട്ടുണ്ട്. അത് കൊണ്ട് പാക്ക് ഭരണാധികാരികള്‍ക്ക് അവരുടെ വീട്ട് മുറ്റത്ത് എപ്പോഴും തങ്ങളുടെ തടി സലാമത്താക്കാനുള്ള ഇന്ധനം നിറച്ചു വെച്ചു സ്റ്റാര്‍ട്ടില്‍ നിര്‍ത്തിയ ഒരു കൊച്ചു ഫ്‌ലൈറ്റുണ്ടെന്നത്   മീഡിയക്കാര്‍ക്കിടയില്‍ പറയുന്ന ഒരു തമാശയാണത്രെ.

നെഹ് റുവിന്റെ കാലം മുതല്‍ തന്നെ പാകിസ്ഥാന്‍ ഇന്ത്യയെ ചൊറിയുന്നുണ്ട്. ചില ചൊറിച്ചിലിനുള്ള കാരണങ്ങള്‍ അവര്‍ തന്നെ വരുത്തിത്തീര്‍ത്തതുമാണല്ലോ (അവയിലേക്കൊന്നും ലേഖന ദൈര്‍ഘ്യ ഭയം കൊണ്ട് പോകുന്നില്ല). അത്തരം ജാള്യതകള്‍ തികട്ടിവരുമ്പോഴൊക്കെ പാകിസ്ഥാന്‍ ഇന്ത്യയെ മാന്താന്‍ നിന്നു. അവസരം വന്നപ്പോള്‍ അവര്‍ക്ക് 1971ല്‍ ഉരുക്ക് വനിത ഇന്ദിരാഗാന്ധി കൊടുത്ത  മറുമരുന്ന് ഭൂമിലോകം ഉള്ളിടത്തോളം കാലം ആര് മറന്നാലും പാക്ക് ജനതയും അവരുടെ ഭരണാധികാരികളും മറക്കില്ല. 

ജയിച്ച കിഴക്കന്‍ പാകിസ്താന്റെ പേര് തന്നെ ഭൂപടത്തില്‍ നിന്ന് ഇന്ത്യ മാറ്റിക്കൊടുത്തു. രവീന്ദ്ര നാഥ ടാഗോര്‍ ദേശീയഗാനവും എഴുതിക്കൊടുത്തു. ബംഗ്ലാദേശെന്ന രാഷ്ട്രം അങ്ങിനെയാണ് ഉണ്ടാകുന്നത്. മുജീബ് റഹ്മാന്‍ അങ്ങിനെയാണ് ആ രാഷ്ട്രത്തിന്റെ ഫാദര്‍ ഓഫ് നാഷന്‍ ആകുന്നത്. പിന്നെ ഒരിക്കലും ജിന്നയെ രാഷ്ട്രപിതാവെന്നോ ഇസ്ലാമാബാദ് തങ്ങളുടെ തലസ്ഥാനമെന്നോ പഴയ കിഴക്കന്‍ പാക്കിസ്ഥാനികള്‍ക്ക് പറയേണ്ടി വന്നിട്ടില്ല. ജയിച്ച മുജീബിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത യഹ്‌യാ ഖാന്റെ ദുരഭിമാനവും മുണ്ടുടുക്കുന്ന അരിയാഹാരം കഴിക്കുന്ന ബംഗാളികളെ പുച്ഛത്തോടെ കാണുന്ന ഭൂട്ടോയെപ്പോലുള്ള ഗോതമ്പ് തീനികള്‍ക്കും കാര്യങ്ങള്‍ ഇത്രത്തോളമെത്തുമെന്ന് സ്വപ്‌നേപി വിചാരിച്ചിട്ടുണ്ടാകില്ല. അമേരിക്കയാണല്ലോ അന്ന് അവര്‍ക്ക് വല്യാപ്പ. (ഇപ്പോഴും അവരൊക്കെ തന്നെയാണ് വല്യാപ്പയും കുഞ്ഞമ്മയും). അമേരിക്കയ്ക്കും ബ്രിട്ടനും അതിന്റെ ക്ഷീണം തീര്‍ന്നിരുന്നില്ല. ഖലിസ്ഥാന്‍ വാദവും ഭിന്ദ്രന്‍വാലയും കേവലം പാകിസ്ഥാന്റെ സൃഷ്ടി ഒരിക്കലുമല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഭാരതം എക്കാലവും മറക്കാന്‍ സാധിക്കാത്ത ധീരയായ  പ്രിയദര്‍ശിനിയെന്ന് വിളിക്കുന്ന ഇന്ദിരയുടെ ജീവന്‍ എടുക്കുന്നതില്‍ വരെ അമേരിക്കയുടെയും ബ്രിട്ടന്റെയും അദൃശ്യ കരങ്ങളുണ്ട്.

അന്ന് ഇന്ദിരാഗാന്ധി നടത്തിയ ഗൃഹപാഠമുണ്ട്. അവര്‍ നടത്തിയ മുന്നൊരുക്കമുണ്ട്. അവര്‍ നേതൃത്വം നല്‍കിയ കൂടിയാലോചനകളുണ്ട്. നയതന്ത്രനിലപാടുകളും ഇടപെടലുകളുമുണ്ട്. അതൊരു സുപ്രഭാതത്തില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു എടുത്ത തീരുമാനങ്ങളല്ല.  അടിയന്തിരാവസ്ഥയും മറ്റുമൊക്കെയുള്ള അവരുടെ രാഷ്ട്രീയ നിലപാടുകളൊടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടു പോലും അന്താരാഷ്ട്ര വിഷയങ്ങളിലും അതിര്‍ത്തി കാര്യങ്ങളിലും ഇന്ദിര ചെയ്ത ഹോം വര്‍ക്കും, അവര്‍ കാണിച്ച ദീര്‍ഘ ദര്‍ശിത്വവും അത്ഭുതത്തോടു കൂടി മാത്രമേ ഓരോ ഇന്ത്യക്കാരനും ഓര്‍ക്കാന്‍ സാധിക്കൂ.

മുകളില്‍ പറഞ്ഞ ചരിത്ര വായനകൂടി മനസ്സില്‍ കണ്ട് വേണം നിലവില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന അസുഖകരമായ പ്രശ്‌നങ്ങള്‍ വായിക്കേണ്ടതും പ്രശ്‌നപരിഹാരമാലോചിക്കേണ്ടതും. നിലവിലുള്ള സാഹചര്യവും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സാന്നിധ്യവും മറ്റും തീര്‍ച്ചയായും വിഷയീഭവിക്കണം. വര്‍ത്തമാന ലോകത്ത് ഒരുപാട് സമവാക്യങ്ങള്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ നടന്നിട്ടുണ്ട്. നേരത്തെ കൈയുണ്ടായിരുന്ന തോളത്തു നിന്ന് മാറ്റി മറ്റു ചിലരുടെ തോളത്താണ് പല രാഷ്ട്രങ്ങളുടെയും കൈകള്‍. രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സൗഹൃദം പോലുമുണ്ടാക്കുന്നത് എന്ത് ഇങ്ങോട്ട് കിട്ടുമെന്നും എത്ര യുദ്ധക്കോപ്പുകള്‍ അങ്ങോട്ട്  വിറ്റഴിക്കാന്‍ പറ്റുമെന്നും നോക്കിയാണ്. പരസ്പരം പോരടിക്കുന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരേ ബ്രാന്‍ഡ് ആയുധങ്ങള്‍ പൊട്ടാതെ പെറുക്കാന്‍ കിട്ടുമ്പോള്‍ മാത്രമാണ് വന്‍കിട ആയുധക്കമ്പനികളും അതിന്റെ കമ്മീഷന്‍ പറ്റുന്ന രാഷ്ട്രങ്ങളും തങ്ങളെ പറ്റിച്ചുവെന്ന് തിരിച്ചറിയുന്നത്.

എ കെ ആന്റണിയെപ്പോലുള്ള രാഷ്ട്രീയനേതാക്കളും എം കെ നാരയണനെപ്പോലുള്ള നയതന്ത്രജ്ഞരും വളരെ പക്വമായ അഭിപ്രായങ്ങള്‍ നിലവിലുള്ള വിഷയങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള പാക് ഭീകരതയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ ശബ്ദം നിരന്തരമെത്തിക്കുവാനുള്ള ശ്രമം നാമിനിയും പൂര്‍വ്വാധികം ശക്തിയോടെ തുടരണം. നിലവില്‍ അവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ സൈബര്‍ സാധ്യതകള്‍ ഉപയോഗിച്ച് കണ്ടെത്തുവാനും ലോകത്തിനു മുന്നിലവ സംശയലേശമന്യേ അവതരിപ്പിക്കാനും ഇന്ത്യക്ക് പറ്റും.

എന്തു പറഞ്ഞാലും,  എത്ര തന്നെ സ്ഥൂലവും സൂക്ഷ്മവുമായ തെളിവുകള്‍ നിരത്തിയാലും പാകിസ്ഥാന്‍ അവയൊക്കെ നിരാകരിക്കുമെന്നും നിഷേധിക്കുമെന്നും  എല്ലാവര്‍ക്കുമറിയാം. പക്ഷെ നമ്മെ ഉറ്റു നോക്കുന്ന ലോകരാഷ്ട്രങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ നമുക്കത്തരം ഇടപെടലുകള്‍ കൊണ്ട് തീര്‍ച്ചയായും സാധിക്കും. ഏറ്റവും കുറഞ്ഞത് പാക്കിസ്ഥാനുമായി തുടങ്ങാന്‍ ഒരുക്കൂട്ടുന്ന സാമ്പത്തിക ഇടനാഴി (china pak economic corridor) യില്‍ നമ്മുടെ നയതന്ത്രമാസ്മരികത കൊണ്ട്  ഇന്ത്യയുടെ ഭീഷണി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനെങ്കിലും സാധിച്ചാല്‍ ചൈനയുടെ മനസില്ലാമനസ്സോടുള്ള പിന്തുണ കുറഞ്ഞത് നമുക്ക് ലഭിച്ചേക്കും. അത് തന്നെ നയതന്ത്ര തലത്തില്‍ വലിയ തുടക്കമാകുമെന്നാണ് the hindu പോലുള്ള പത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

പാകിസ്ഥാനോട് യുപിഎ ഗവണ്മെന്റ് ആണത്തമില്ലായ്മയാണ് (pusillanimtiy) കാണിക്കുന്നതെന്നും പറഞ്ഞായിരുന്നല്ലോ എന്‍ഡിഎ തെരഞ്ഞെടുപ്പ് കാലത്തു പ്രകടന പത്രിക ഇറക്കിയത്. ഇപ്പോള്‍ എന്‍ഡിഎയുടെ കാലിലാണ് പാദുകമുളളത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായിരുന്ന എം കെ നാരായണന്‍ നിരീക്ഷിച്ചത് പോലെ The shoe is now on the other foot, and the wearer is since learning where the shoe pinches. ''ഷൂ ധരിച്ചത് മുതല്‍ പിച്ചലും നുള്ളലും എവിടെനിന്നാണെന്നു പുതിയ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്''. അത്‌കൊണ്ട് ഭരണം മാറിയത് കൊണ്ട് അതിര്‍ത്തി തര്‍ക്കങ്ങളും അതിര്‍ത്തികടന്നുള്ള പാകിസ്താന്റെ ചെലവില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളും അപ്പാടെ നിന്നുകൊള്ളണമെന്നില്ല. യുദ്ധം ഒരു പരിഹാരവുമല്ല.

ചില ദേശീയ ദിനപത്രങ്ങളില്‍ ഇന്നും ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത് പോലെ 1990കളില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു എടുത്തത് പോലുള്ള സൂക്ഷിച്ചും വരുംവരായ്കകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടും നമ്മുടെ ലക്ഷ്യം കാണാനുതകുന്നതുമായ നിലപാടുകള്‍ എടുക്കാനെങ്കിലും ഇന്നത്തെ രാഷ്ട്രീയനയതന്ത്ര നേതൃത്വങ്ങള്‍ക്കാകണം. പ്രതിപക്ഷ നേതൃത്തിന്റെ കൂടി അഭിപ്രായങ്ങള്‍ വളരെ പ്രധാനവുമാണ്. പാര്‍ട്ടിക്കാരും  അണികളും പലതും പറയും. പറഞ്ഞു മൂപ്പിച്ചു യുദ്ധമുണ്ടാക്കാന്‍ എളുപ്പമാണ്. യുദ്ധമുണ്ടാകുന്ന സാഹചര്യമില്ലാതാക്കലാണ് ഏറ്റവും വലിയ വെല്ലുവിളി.

അന്താരാഷ്ട്ര വട്ടമേശകളിലെ പ്രഭാത ഭക്ഷണത്തോടൊപ്പം കശ്മീര്‍ വിഷയം വരുത്തുക എന്നത് പാകിസ്താന്റെ ''ഒന്നാം തിയ്യതി'' മുതലുള്ള കുറുക്കന്‍ തന്ത്രമാണ്. കശ്മീര്‍ വിഷയം അങ്ങിനെ ഒരു അന്താരാഷ്ട പ്രശ്‌നമാക്കി കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഉറിയിലും അവര്‍ തുടങ്ങി വെച്ചതെന്ന സംശയം ഇല്ലാതില്ല. നമുക്ക് തീര്‍ത്തും ന്യായമെന്ന് ഉറപ്പുള്ള വിഷയത്തില്‍ കോട്ടും സൂട്ടുമിട്ട് കണ്ട നാട്ടുകാര്‍ക്കൊക്കെ കേറി നിരങ്ങി അഭിപ്രായങ്ങള്‍ പറയുന്നതിനോട്, ഇന്ത്യ ഒരിക്കലും തയ്യാറുമല്ലല്ലോ.

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ ഒരിക്കല്‍ കശ്മീരിനെ നോക്കി  പറഞ്ഞു  ' If there is ever a heaven on earth, its here, its here, its here'.  ഭൂമിയിലെ സ്വര്‍ഗ്ഗം തീര്‍ക്കാനുള്ള അത്തരമൊരു സ്ഥിതി സംജാതമാകാന്‍ മൂന്ന് രാജ്യങ്ങളും ഒരേപോലെ ആഗ്രഹിക്കണം. ഇന്ത്യയും പാക്കിസ്ഥാനും ചൈനയും. ( ഇന്ത്യയുടെ കയ്യില്‍ 1,01,387 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണുള്ളത്. ആകെയുള്ള 2,22,236 ചതു. കിലോ മീറ്ററില്‍ ബാക്കിയുള്ളത് മുഴുവനും രണ്ടു അയല്‍ രാജ്യങ്ങള്‍ അധിനിവേശം നടത്തി കയ്യടക്കി വെച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ മൊത്തം പാകിസ്ഥാന്‍ ഒളിഞ്ഞും മറഞ്ഞും ഉണ്ടാക്കുന്നതാകട്ടെ 15,948 ചതു. കി. മീറ്റര്‍ മാത്രമുള്ള ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ താഴ് വരയിലും).

ഈ എഴുത്തിന്റെ അവസാനവും, രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ചു മുഴുവന്‍ ജവാന്മാരുടെ സ്മരണയ്ക്ക് മുന്നില്‍ ബിഗ് സല്യൂട്ട് സമര്‍പ്പിക്കുന്നു. അവരുടെ അര്‍പ്പണബോധവും ജീവത്യാഗവും മുഴുവന്‍ തന്നെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ കാത്തു സൂക്ഷിക്കുവാനും അതിര് കടന്നെത്തുന്ന ഭീകരതയ്‌ക്കെതിരെയുമാണല്ലോ

No comments:

Post a Comment