Thursday 6 July 2017

PSC പരീക്ഷാർഥികളും നാട്ടിൻ പുറത്തെ ഒരു വിജയഗാഥ കഥയും/ അസ്ലം മാവില

*PSC പരീക്ഷാർഥികളും*
*നാട്ടിൻ പുറത്തെ ഒരു*
*വിജയഗാഥ കഥയും*
___________________

അസ്ലം മാവില
___________________

ജൂലൈ ഒന്നിനാണ് PSC പരീക്ഷ. പത്താം ക്ലാസ്സ് ജയിച്ചവർക്കൊക്കെ എഴുതാൻ പറ്റുന്ന പരീക്ഷ. LDC തസ്തികകളിലേക്കുള്ളത്. ആയിരക്കണക്കിന് ഒഴിവുകൾ നികത്താൻ.

ഈ പരീക്ഷാ തയ്യാറെടുപ്പിനാണ് പതിവില്ലാത്ത വിധം നാടു നീളം , കേരളമാകെ കോച്ചിംഗ് നടന്നത്. ഫ്രീയായി, ഫീസ് വാങ്ങി.

എല്ലാമുണ്ടായിരുന്നു ആകൂട്ടത്തിൽ.
ഇന്നലത്തെ മഴക്ക് മുളച്ച "തബരെ" ക്ലബുകൾ മുതൽ അരക്ക് താഴെ വാതം പിടിച്ച് കൊല്ലങ്ങളായി ആപ്പീസിന് മുന്നിൽ  രജിസ്റ്റർ നമ്പറടക്കം  തുരുമ്പിച്ച് മാഞ്ഞ് പോയ ബോർഡ് തൂങ്ങിയിട്ടും, പിരടിക്ക് പിടിച്ചപ്പോൾ വരെ ഭാരവാഹികൾ അങ്ങട്ട് തിരിഞ്ഞ് നോക്കാത്ത "തകര സജീവ യുവജന സംഘങ്ങൾ " വരെ കേരളക്കരയിൽ ഇതിനായി പരിശീലനം നൽകി. ആപ്പും ഓൺ ലൈനും സൈറ്റും എല്ലാവഴിയും മോക്ക് ടെസ്റ്റുകൾ ഡയ്ലി. പിള്ളേരെ തല്ലിപ്പഠിപ്പിക്കുന്ന "ഇന്നവേറ്റീവ് യൂനിവേർസൽ ട്യൂഷൻ സെന്ററുകൾ "   വരെ ഇടക്കിടക്ക്   പത്ത് ചോദ്യങ്ങൾ അയച്ച് പഠിപ്പിച്ച്  അങ്ങിനെ തിളങ്ങിയതും കേരളക്കര കണ്ടു.

ഇത്ര ജനകീയമായ പരീക്ഷാമുന്നൊരുക്കങ്ങൾ വേറൊന്നുണ്ടാകില്ല എന്ന് തോന്നുന്നു.  ശരി, അപ്പോൾ തയാറായി കാണും. ഹാൾ ടിക്കറ്  ഡൗൺലോഡ് ചെയ്‌ത് കോപ്പി എടുക്കാൻ മാത്രമായിരിക്കും ഇനി ബാക്കി. നമ്മുടെ നാട്ടിലെ പരീക്ഷാർഥികളും തയ്യാറാണല്ലോ,  അല്ലേ ?

ഒരാളെ പരിചയപ്പെടുത്താം. 90 കളുടെ അവസാനങ്ങളിൽ PSC പരീക്ഷകൾ എഴുതി എഴുതി അതൊരു ജീവിത ശീലമാക്കിയ മനുഷ്യനെ. 9 പി എസ് സി പരീക്ഷകളിലും ജോലി സാധ്യതാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കക്ഷി. അതൊക്കെ SSLC , പ്രീഡിഗ്രി അടിസ്ഥാനമാക്കിയുള്ള PSC പരീക്ഷകൾ.

കഴിഞ്ഞ റമദാനിൽ ഒരു ബന്ധുവിന്റെ മരണവീട് സന്ദർശനം കഴിഞ്ഞാണ് ഞാൻ ഒരു വില്ലേജ് ആപ്പിസിലേക്ക്  കയറിയത്. പരിചയമുളള പേര് വില്ലേജ് ആപ്പീസർ ബോർഡിൽ . P A മുഹമ്മദ് ഹാരിസ് .

സംശയം അസ്ഥാനത്തായില്ല, അയാൾ തന്നെ.  1991 വരെ നമ്മുടെ സ്കൂളിൽ നിന്ന് പഠിച്ച ഹാരിസ്. വടക്കൻ കേരളത്തിലെ തന്നെ വിസ്തൃതി കൊണ്ട് ഏറ്റവും വലിപ്പമുള്ള വില്ലേജ് ഓഫീസ്  മേധാവി. കുഡ്ലു ഗ്രൂപ്പ് വില്ലേജ് ആഫീസർ.

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മുഴുവൻ വില്ലേജുകളും ഇതിന് കീഴിൽ. മധൂർ പഞ്ചായത്തിലെ പതിമൂന്നോളം വാർഡുകളുടെ ആസ്ഥാനവും ഇവിടെ തന്നെ .  

1996ലാണ് ഹാരിസ് കാസർകോട് കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കുന്നത് , ബി എസ് സി കെമിസ്ട്രി. പിന്നെ ഒരു വർഷം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ PG ഡിപ്ലോമ. പ്രാരബ്ദം തുടർന്നങ്ങോട്ട് പഠിക്കാനായില്ല.

പത്രം വഴി കണ്ട ഒരു  പരീക്ഷയും ഹാരിസ്  വിട്ടില്ല. റിസൾട്ട് വന്നത് ഞാറ്റുവേല പോലെ, ഇടവപ്പാതി പോലെ, ഇടിമുഴക്കം-കർക്കിട മഴ പോലെ.

ചെറിയ ചെറിയ തസ്തികകൾ. ഹാരിസ് അതിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു. കാസർകോട് താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നെയും വരുന്നു ബാക്കി എഴുതിയ പരീക്ഷകളുടെ പോസിറ്റീവ് റിസൾട്ടുകൾ!

നിങ്ങൾ എന്ത് മനസ്സിലാക്കി ? PSC അങ്ങിനെ എഴുതിത്തള്ളേണ്ട പരിക്ഷയല്ലെന്ന് . ഒന്നല്ലെങ്കിൽ മറ്റൊന്ന് എഴുതുക. എല്ലാവരും അതിനൊരുങ്ങുക. ഈ പരീക്ഷ സീരിയസായി കാണുക. ഹാൾടിക്കറ്റ് (അഡ്മിഷൻ കാർഡ് ) കിട്ടിയവർ, മറ്റന്നാൾ ഒന്നാം തിയതി കുഞ്ഞമ്മടെ പേരകുട്ടിക്ക് പേരിടൽ ചടങ്ങെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറരുത്. ലഡു പോയാൽ പിന്നെയും വാങ്ങി കഴിക്കാം, ഇത് പിന്നെ കിട്ടില്ല.

പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവർ 20 രൂപ കൊടുത്ത് ഒരു കഫേയിൽ പോയി പേര് രജിസ്റ്റർ ചെയ്യ്. ഒരു വട്ടം മതി. പിന്നെ മൊബൈൽ ഫോണിൽ ഒന്ന് തോണ്ടി തോണ്ടി, പരീക്ഷകൾക്ക് അപേക്ഷിച്ചാൽ മതി.

ഈ നാട്ടിലെ എത്ര  7 പാസായവരുണ്ട് ? 10 ജയിച്ചവരുണ്ട് ?പ്ലസ് ടു ക്കാറുണ്ട് ? ഡിപ്ലോമ -  ഡിഗ്രിക്കാർ ? PG ക്കാർ ?
പോയി രെജിസ്റ്റർ ചെയ്യ് കൂട്ടരേ .. യുട്യൂബിൽ കോമഡിയും നോക്കിക്കൊണ്ടിരുന്നാൽ മാത്രം മതിയോ?
____________________
Rtpen.blogspot.com

No comments:

Post a Comment