Friday 7 July 2017

*ഇടപെടലുകളാണ്* *സാംസ്കാരിക കൂട്ടായ്മകളിലുണ്ടാകേണ്ടത്;* *വിവാദങ്ങളല്ല/ അസ്ലം മാവില

*ഇടപെടലുകളാണ്*
*സാംസ്കാരിക കൂട്ടായ്മകളിലുണ്ടാകേണ്ടത്;*
*വിവാദങ്ങളല്ല*
__________________

അസ്ലം മാവില
__________________

ജനാധിപത്യ ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുക എന്നത് മൗഢ്യമാണ്. അങ്ങിനെ ചിന്തിക്കുന്നതും അതിനുള്ള ഏർപ്പാടുകളിൽ മുഴുകുന്നതും ശരിയല്ല താനും. എല്ലാവർക്കുമതറിയുകയും ചെയ്യും. ഇത് ആദ്യമേ പറഞ്ഞ് വെക്കട്ടെ.

പൊതുലൈബ്രറിയിൽ പാലിക്കുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. അകത്തെ മതിലിൽ നിശബ്ദമെന്ന്  എഴുതിവെക്കാത്ത ഒരു ലൈബ്രറിയുമുണ്ടാകില്ല. പാർട്ടി ലൈബ്രറികളാണെങ്കിലും സാമുദായികയിനം തിരിച്ചുള്ള "കചടതപ "ലൈബ്രറികളാണെങ്കിലും ഇത് പാലിക്കപ്പെടാറുണ്ട്.

മറ്റു ഉദാഹരണങ്ങളൊന്നും നൽകാതെ വായനാശാലാ പൊതുമര്യാദ മാത്രം എഴുതിയതിൽ നിന്നും വായനക്കാർ ഈ കുറിപ്പിന്റെ ഉദ്ദേശവും  അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും എളുപ്പം മനസ്സിലാക്കുമല്ലൊ. അതിനുള്ള പക്വതയും പാകതയും എല്ലാവർക്കുമുണ്ടെന്ന് ഞാൻ കരുതുന്നു.

ചില ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മകളും അനുബന്ധ സംവിധാനങ്ങളും ഇരുത്തങ്ങളുമുണ്ടാക്കുന്നത്. ഇന്ന് നടന്ന ഗ്രാമസഭയിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നാട്ടുകാരായ സമ്മതിദായകർ ഒന്നിച്ചിരിക്കുമ്പോൾ അവരുടെ മനസ്സുകളിൽ അറിയാതെ രൂപപ്പെടുന്ന കെമിസ്ട്രിയുണ്ട്. ഒരു വാർഡിന് കിട്ടാവുന്നതൊക്കെ പരിമിതികൾ തിരിച്ചറിഞ്ഞ് ചോദിച്ചു വാങ്ങുകയോ ആവശ്യങ്ങൾ അധികാരികളെ ബോധ്യപ്പെടുത്തുകയോ ചെയ്യുക എന്നതാണത്. അവിടെ ആഗതരിൽ ആരുടെയെങ്കിലും  സദുദ്ദേശത്തിന് ഭംഗം വരുമ്പോൾ അവ തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത, ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും, ഓരോരുത്തർക്കുമുണ്ട്. ഉണ്ടായേ തീരൂ.

ഈ ആമുഖങ്ങൾക്ക് ശേഷം വിഷയത്തിലേക്ക്. സാംസ്കാരിക കൂട്ടായ്മയിലും ചിലതൊക്കെ പാലിക്കപ്പെടുമ്പോഴാണ് ഔന്നത്യം നിലനിർത്തപ്പെടുന്നത്. അവിടെ "ചെയ്യൂ, ചെയ്യരുത്" എന്നത് എഴുതിപ്പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഒരേർപ്പാടല്ല. നമ്മുടെ തന്നെ തിരിച്ചറിവുകളാണ് നമ്മുടെ സൈൻബോർഡുകളും മുന്നറിവുകളും. (മുന്നറിയിപ്പെന്ന് ബോധപൂർവ്വം ഞാൻ ഉപയോഗിക്കാത്തതാണ് ). ആ വിഷയത്തിൽ ഓരോരുത്തരുടെയും നല്ല ബോധ്യമാണവരെ മര്യാദയുടെ മാനദണ്ഡം നിശ്ചയിക്കുന്നത്.

ചില വിഷയങ്ങളെ വിവാദമെന്ന് ജനറലൈസ് ചെയ്യാതെ ( സാമാന്യവൽക്കരിക്കാതെ) ഇടപെടലുകളെന്ന് പേര് വിളിക്കുകയും ആരോഗ്യകരമായ തലത്തിലേക്കത്  എത്തിക്കുകയും ചെയ്യുമ്പോഴാണ് സാംസ്കാരിക കൂട്ടായ്മകൾ വ്യതിരിക്തമാകുന്നത്. അല്ലെങ്കിൽ "അതുമിതും " എന്ത് വ്യത്യാസതെന്ന് വായനക്കാർ  എളുപ്പം  ഗണിച്ചെടുക്കും. അതിന് സഹൃദയരോരുത്തരും  കോലോത്തെ കണിയാനാകണമെന്നില്ല.
______________________
Rtpen.blogspot.com

No comments:

Post a Comment