Thursday, 6 July 2017

രാജൻ മാഷ് ! താങ്കൾക്ക് യാത്രാമംഗളം ! / അസ്ലം മാവില

*രാജൻ മാഷ് !*
*താങ്കൾക്ക് യാത്രാമംഗളം !*
__________________

അസ്ലം മാവില
__________________

ഇപ്പോൾ പട്ല പളളിക്കൂടങ്കണത്തിൽ നിന്ന് ഇറങ്ങിയതേയുള്ളൂ. പോയിരുന്നില്ലെങ്കിൽ നഷ്ടമാകുമായിരുന്ന ഒരു കൂടിയിരുത്തം. പട്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്ക് നൽകിയ യാത്രയയ്പ്പ് യോഗം.

നിങ്ങൾ അറിഞ്ഞ് കാണും,  രാജൻ മാഷ് നമ്മുടെ സ്കൂൾ നിന്ന് പടിയിറങ്ങി.  അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള സ്കൂളിലാണ് ഇനിയുള്ള 4 വർഷം. പഠിച്ച സ്കൂളിൽ , പഠിപ്പിച്ച സ്കൂളിൽ, ഇനി ആ കാമ്പസിന്റെ ചെങ്കോലേന്തനാണ് മാഷിന്റെ നിയോഗം, ഒപ്പം സുകൃതവും.

കെ. വി. രാജൻ - കഴിഞ്ഞ രണ്ടര വർഷക്കാലം ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പ്രിൻസിപ്പൽ പദവിയിലിരുന്ന വ്യക്തിത്വം. മികച്ച കാര്യകർത്താവ്. അകവും പുറവു മറിഞ്ഞ സ്ഥാപനമേധാവി. ഇടപെടലിന്റെ ആശാൻ. സ്കൂളന്തരീക്ഷം ഒച്ചയില്ലാതാക്കിയ മാന്ത്രികൻ. ഇൻഫ്രാസ്ട്രക്ച്ചർ അതിവിഫുലപ്പെടുത്താൻ കൈമെയ് മറന്നിറങ്ങിയ അഡ്മിനിസ്ട്രേട്ടർ. അധ്യാപകരുടെ ,രക്ഷകർത്താക്കളുടെ,  വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജൻ മാഷ്....

ഒരു അധ്യാപകനെ ഇങ്ങിനെ പുകഴ്ത്തിപ്പറഞ്ഞ ഒരു യാത്രയയപ്പ് യോഗവും ഞാൻ കണ്ടിട്ടില്ല. ഞാൻ ഇരുന്നിട്ടുമില്ല. അവയൊക്കെ കേട്ടിട്ടും എനിക്കല്ല ആർക്കുമത് ബോറടിച്ചുമില്ല. അത്രമാത്രം രാജൻ മാഷിനെ കുറിച്ച് അധ്യാപകർക്ക് , സഹപ്രവർത്തകർക്ക്, രക്ഷിതാക്കൾക്ക്, അധ്യാപക-രക്ഷകർ തൃ-നേതൃത്വത്തിന്  പറയാനുണ്ടായിരുന്നു.


അച്ചടക്കം അച്ചട്ട് പോലെ. കണ്ണൂർ ജില്ലയിൽ നിന്ന് ബസ്സും വണ്ടിയും കയറി വീണ്ടും രണ്ടോ മൂന്നോ ബസ് കയറി വരുമ്പോഴും  വാചിലെ സമയം 8:40 അല്ലെങ്കിൽ 8:45 . വൈകി എത്തുന്നവർക്ക് ഒരൊഴികഴിവും നൽകാത്ത കൃത്യനിഷ്ഠത. കുട്ടികളിലെ കുസൃതി അറിയാം. അതിലും നന്നായി അവരിലെ ഏടാകൂടങ്ങളും അറിയാം . രോഗം നോക്കിയാണ് ചികിത്സ. എല്ലാത്തിനും ക്ഷീരബലാദിതൈലമല്ല പോംവഴി. വരക്ക് നിർത്താനും വഴിക്ക് നടത്താനും രാജൻ മാഷിനറിയാം.

നേരത്തെത്തന്നെ സഹപ്രവർത്തകർക്കിടയിൽ യുവതുർക്കിപ്പേര് ചാർത്തപ്പെട്ട രാജൻ മാഷ് 51 ലും തന്റെ കമ്മിറ്റ്മെന്റിന്റെ കാര്യത്തിലും യുവത്വത്തിന്റെ ചുറുചുറുക്ക് തന്നെ. നഷ്ടം നമുടെ സ്കൂളിനാണിനി. ബിജു മാഷ് പറഞ്ഞത് ഷീപ്പ് വിത്തൗട്ട് ഷെപ്പേർഡ്. ഇടയനില്ലാത്ത ആട്ടിൻകൂട്ടം!

സ്കൂളിന് ഭൗതിക സാഹചര്യമൊരുക്കുന്നതിൽ രാജൻ മാഷ് കാണിച്ച ശുഷ്ക്കാന്തി സ്കൂൾ കാമ്പസിൽ പോയവർക്കറിയാം. പഠന നിലവാരം മെച്ചപ്പെട്ടത് കഴിഞ്ഞ രണ്ട് വർഷത്തെ റിസൾട്ട് നോക്കിയവർക്കിയാം. ആ സേവനങ്ങൾ ഓടിച്ച് പറയേണ്ടതുമല്ല. വിലമതിക്കത്തക്കത്! വിസ്മയരാജിക്കുമപ്പുറം !

*ഞാൻ എന്റെ ഉത്തരവാദിത്വം നിർവ്വവിച്ചു. അതാകട്ടെ നിങ്ങളെന്നെ വിശ്വസിച്ചേൽപ്പിച്ചത്! ഈ നല്ല വാക്കുകളിൽ കഴമ്പുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് നിങ്ങൾക്ക് കൂടിയുള്ളതാണ്.* നാട്ടുകാരെ, PTA യെ, അധ്യാപകരെ നോക്കി രാജൻ മാഷ് മറുപടി പറഞ്ഞു.

സ്കൂളിന്റെ , കുട്ടികളുടെ, നന്മയ്ക്ക്  വേണ്ടിയാണ് അദ്ദേഹമൽപം  കർക്കശക്കാരനായത്,  but It is ടubject to the case & situation. ഇന്നത്തെ സ്കൂളന്തരീക്ഷം ക്വയ്റ്റ് & കാമാകാൻ അത് വഴിയും വഴിവിളക്കുമായി.

യാത്രാമംഗളങ്ങൾ രാജൻ മാഷ്, പട്ലക്ക് നിങ്ങളെയും നിങ്ങൾക്ക് പട്ലയെയും മറക്കാനാകില്ല തീർച്ച!
___________________🌱

No comments:

Post a Comment