Tuesday 11 July 2017

ഇനി പറയാതെ വയ്യ / അസ്ലം മാവില

*ഇനി പറയാതെ വയ്യ*
________________

അസ്ലം മാവില
_______________

എനിക്ക് അത്ഭുതം തോന്നിയത്  മറ്റു അംഗങ്ങൾ എന്ത് കൊണ്ട് ബാക്കിയുള്ള പത്രങ്ങളുടെ എഡിറ്റോറിയൽ ഇവിടെ പോസ്റ്റ് ചെയ്യാൻ താത്പര്യം കാണിക്കുന്നില്ല എന്നതിലാണ്.

കുറച്ച് മെനക്കടണം. കുറച്ച് സമയം മാറ്റിവെക്കേണ്ടി വരും. അത്ര എളുപ്പം നടക്കുന്ന വിഷയവുമല്ല.

ചില തെറ്റുധാരണകൾ തിരുത്തിയേ തീരൂ. അതിൽ ചിലവ - ഞാനിതിലൊന്നും ഇടപെടേണ്ടവനല്ല. എന്നെ ആരു ശ്രദ്ധിക്കും ? ആര് വായിക്കും ?  ഇതൊക്കെ എന്ത് ?

മനസ്സിലാക്കേണ്ട ഒന്ന് - എഡിറ്റോറിയൽ ഒരു പത്രത്തിന്റെ നിലപാട് മാത്രമല്ല; അതിൽ നിന്ന് ഒരുപാട് അറിവുകൾ നമുക്ക് ലഭിക്കും. ഡാറ്റാസ് ശേഖരിക്കാൻ സാധിക്കും. നമുടെ പ്രതിവായനയ്ക്കും പ്രതിദിനവായനയ്ക്കും സംവാദത്തിനും വഴിയൊരുക്കും.

 അഭിപ്രായങ്ങളിൽ തന്നെ അപ്ഡേഷൻ നടക്കും. ഇങ്ങിനെയുമൊരു കാഴ്ചപ്പാടുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തും. ഓരോ വാചകങ്ങളും ഒന്നിനൊന്ന് മെച്ചവുമായിരിക്കും.

അത്യാവശ്യം വിവരവും പരിജ്ഞാനവുമുള്ളവരാണ് എഡിറ്റോറിയൽ ബോർഡിൽ ഉണ്ടാവുക. അത് കൊണ്ട് നല്ല ഭാഷയായിരിക്കും. കണക്കുകളും കാര്യങ്ങളുമവതരിപ്പിക്കുന്നതിനും ചില വസ്തുതാപരമായ മാനദണ്ഡങ്ങൾ ഉണ്ടാകും.

ചില രാഷട്രങ്ങൾ ലോകത്തോട് ഔദ്യോഗികമായി സംസാരിക്കുന്നത് എഡിറ്റോറിയൽ വഴിയാണ്. ഖതറിനെതിരെ സഊദി സഖ്യരാഷ്ട്രങ്ങൾ ഉപരോധമേർപ്പെടുത്തുന്നതിന് മുമ്പ് ആ രാജ്യങ്ങളിലെ പത്രാധിപ കോളങ്ങളായിരുന്നു വിവാദങ്ങൾക്കും സംവാദങ്ങൾക്കും തുടക്കമിട്ടത്. രാഷ്ട്ര നേതൃത്വങ്ങളുടെ അനുമതി ഉണ്ടായിരിക്കണം.

ചൈന, ഉത്തര കൊറിയ പോലുള്ള  രാജ്യങ്ങളുടെ മിക്ക അഭിപ്രായങ്ങളും നിലപാടുകളും മുന്നറിയിപ്പുകളും  നാം വായിക്കുന്നതും അറിയുന്നതും ആ നാടുകളിൽ നിന്നുള്ള എഡിറ്റോറിയൽ കോളങ്ങളിൽ കൂടിയാണല്ലോ.

കാസർകോട് ജില്ലാ രൂപീകരണത്തിന് തന്നെ ഉത്തരദേശം പത്രം  നിരന്തരമെഴുതിയ എഡിറ്റോറിയൽ കോളങ്ങൾ ഒരു കാരണമാണ്. കാസർകോട് തന്നെ കേരളത്തിന്റെ ഭാഗമാകാനും മാതൃഭൂമി പത്രാധിപർ കെ .പി . കേശവമേനോനെ പോലെയുള്ളവരുടെ എഴുത്തിടപെടലുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ചില പത്രങ്ങളുടെ എഡിറ്റോറിയൽ വായിക്കാൻ തന്നെ സുഖമാണ്. ചിലർ അതിന്റെ അഡിക്റ്റുമാകാറുണ്ട്. നിങ്ങളെ നല്ല എഴുത്തുകാരനും ബോറടിക്കാത്ത വാചകമടിക്കാരനും  പ്രസംഗകനുമൊക്കെയാക്കുവാൻ എഡിറ്റോറിയൽ കോളങ്ങൾ പേജുകൾക്കാകും.

വ്യക്തിപരമൽപം : വിദ്യാർഥി-യുവത്വ കാലങ്ങളിൽ എന്റെ പ്രസംഗശൈലിയും,  അതിന്റെ ഘടനയും ഉള്ളടക്കവും  രൂപപ്പെടുത്തുന്നതിൽ മാധ്യമം, കേരളകൗമുദി, ശബാബ് തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളിലെ എഡിറ്റോറിയൽ കോളങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. 1985- 90 കാലങ്ങളിലെ മാധ്യമം എഡിറ്റോറിയൽ നീളത്തിൽ  കട്ട് ചെയ്ത് ശേഖരിച്ച് വെച്ചത് ഇന്നുമെന്റെ തറവാട്ട് വീട്ടിലെ മച്ചിന്മേൽ പരതിയാൽ കിട്ടും. ഞാൻ ഡിഗ്രിക്ക് പഠിച്ച കോളേജ് ലൈബ്രറിയിൽ നിന്ന് സോഡാക്കണ്ണൻ ലൈബ്രേറിയന്റെയും "ഏംഗൽസ് "  ലൈബ്രേറിയന്റെയും കണ്ണുകൾ വെട്ടിച്ച്,   എഡിറ്റോറിയൽ പേജ് ഒരു തലക്ക് നിന്ന് മുറിച്ച് ആയത്തിലത് ചുരുട്ടിച്ചുരുട്ടി അടർത്തിയെടുക്കുക എന്നത് അന്നത്തെ വലിയ സാഹസങ്ങളിൽ ഒന്നായിരുന്നു.  
__________________🌱

No comments:

Post a Comment