Thursday 20 July 2017

സ്കൂൾ വികസന സമിതി* *നാളെ യോഗം ചേരുമ്പോൾ / അസ്ലം മാവില

*സ്കൂൾ വികസന സമിതി*
*നാളെ യോഗം ചേരുമ്പോൾ*
________________

അസ്ലം മാവില
_______________

കുറച്ച് വർഷം മുമ്പായിരുന്നെങ്കിൽ,  ഈ തലക്കെട്ട്  വായിക്കുമ്പോൾ ഒരു " സർക്കാർ സ്കൂൾ പരിസരം " നമ്മുടെ ആലോചനാ പരിധിയിൽ വരിക അസംഭവ്യമായിരുന്നേനേ! ഇന്നങ്ങിനെയല്ല. മാറ്റങ്ങളും കാഴ്ചപ്പാടുകളും ഇടപെടലുകളുമെല്ലാം ആ തലത്തിലേക്ക്  ഇപ്പോഴെത്തിക്കഴിഞ്ഞു.

നാളെ നമ്മുടെ സ്കൂൾ വികസന സമിതി യോഗം ചേരുകയാണ്. നേരത്തെ ചേർന്ന യോഗങ്ങളുടെ തുടർച്ചയായാണിത്. അവസാന യോഗനടപടികളും തീരുമാനങ്ങളും തുടർചലനങ്ങളും പ്രവർത്തന ഘട്ടങ്ങളും നാളെ തീർച്ചയായും റിവ്യൂ ചെയ്യപ്പെടും.

ഈ കുറിപ്പും ഒരു പക്ഷെ, മിക്ക രക്ഷിതാക്കളിലും അധ്യാപകരിലും പട്ല സ്കൂൾ  ഗുണകാംക്ഷികളിലും എത്തുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ഗൃഹപാഠത്തിന് കൂടി നിമിത്തമാകാനുമിത് വഴിവെക്കട്ടെ.

സ്മാർട്ട് സ്കൂൾ എന്ന ലക്ഷ്യസാക്ഷാത്കാരത്തിന്റെ പശ്ചാത്തലമൊരുക്കാനാണല്ലോ സ്കൂൾ വികസന സമിതി രൂപീകരണമുണ്ടായത്. രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും ഈ സംരംഭത്തിന്റെ ഭാഗമാകാൻ മുന്നോട്ട് വന്നത് ശുഭലക്ഷണമായിരുന്നു.

ചെറിയ ചെറിയ പ്രൊജക്ടുകൾ അവതരിപ്പിച്ച് സംരംഭകരെ ആകർഷിക്കാൻ സമിതിക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. ഔദ്യോഗിക സമിതികൾ കൂടെക്കൂടെ ചേർന്നില്ലെങ്കിലും ഓൺലൈൻ സാധ്യതയുപയോഗിച്ച് പ്രൊജക്ടുകൾ ഹൈലൈറ്റ്  ചെയ്യുന്നതിൽ നാം വിജയിച്ചിട്ടുണ്ട്.  അത് വഴി പൂർവ്വ വിദ്യാർഥികൾക്ക് ഇതിൽ വലിയ ഭാഗമാകാനുമായി. കൺക്റ്റിംഗ് പട്ല പോലുള്ള പട്ല മുഖ്യധാരാ ഓൺലൈൻ ഓപൺ ഫോറങ്ങളിൽ വന്ന അഭ്യർഥനകൾക്കും പ്രൊജക്ട് നിർദ്ദേശങ്ങൾക്കും കുടുംബയോഗങ്ങളിലും ഇ- ഫാമിലി ഫോറങ്ങളിലും  വലിയ പ്രതികരണങ്ങളാണുണ്ടായത്.

ഇനി നാല് വിഷയങ്ങളായിരിക്കണം തുടർ സമിതികളിൽ മുഖ്യ അജണ്ടകളിൽ പ്രധാനമായും ഉൾപ്പെടേണ്ടത്.  ഒന്ന്, ഓഫർ ചെയ്ത പണത്തിന്റെ/ മെറ്റീരിയൽസിന്റെ ശേഖരണം. രണ്ട്, നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ടുകളുടെ വിജയകരമായ പൂർത്തീകരണം. മൂന്ന്, ഓഫർ ചെയ്ത് ഇനിയും തുടങ്ങാത്ത പ്രൊജക്ടുകളുടെ താമസംവിനായുളള ഷെഡ്യൂൾ തയാറാക്കൽ. നാല്,  വികസനസമിതി മുന്നോട്ട് വെച്ച ബാക്കിയുള്ള പ്രൊജക്ടുകൾ ഏറ്റെടുക്കുവാൻ അഭ്യുദയകാംക്ഷികളെ നേരിട്ട് പോയി കാണൽ.

കഴിഞ്ഞ വർഷം നാം കണ്ട ഒരു സർക്കാർ സ്കൂളിന്റെ കോലമല്ല ഇന്നുള്ളത്. പട്ല സ്കൂളിന്റെ എല്ലാ ഹാവഭാവങ്ങളും മാറിക്കഴിഞ്ഞു. നാളത്തെ ( വെളളി)  വികസന സമിതി യോഗത്തിൽ വരാനും ചർച്ചകളിൽ സജീവമാകാനും നാട്ടുകാർക്ക്  ഒരു  പ്രത്യേക ഉത്സാഹം   ഉണ്ടാകുമെന്നതിൽ ഞാൻ സംശയിക്കാത്തതും അത് കൊണ്ട് തന്നെ. പൂർവ്വ വിദ്യാർഥികൾ നാളത്തെ യോഗത്തിലെ അവിഭാജ്യ ഘടകം കൂടിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
______________________
Rtpen.blogspot.com

No comments:

Post a Comment