Thursday 20 July 2017

പത്താം ക്ലാസ്സ്*: *കുട്ടികളുടെ കാര്യത്തിൽ* *പാരന്റ്സിനുണ്ടാകേണ്ട ശ്രദ്ധ / അസ്ലം മാവില

 *പത്താം ക്ലാസ്സ്*:
*കുട്ടികളുടെ കാര്യത്തിൽ*
*പാരന്റ്സിനുണ്ടാകേണ്ട ശ്രദ്ധയും*
*ഇന്നലത്തെ രക്ഷകർതൃ യോഗവും*
__________________

അസ്ലം മാവില
__________________

പട്ല സ്കൂളിലെ പത്താം ക്ലാസ്സ് പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഇന്നലെ സ്കൂൾ അങ്കണത്തിൽ ഒരു സുപ്രധാന യോഗം ചേർന്നു. 90% രക്ഷിതാക്കളും ഇന്നലെ സംബന്ധിച്ചു. അവർ നേരത്തെ എത്തി, പോകുമ്പോൾ വൈകുകയും ചെയ്തു. HS, യു.പി., എൽ.പി. 'പ്രിസ്കൂൾ  വിഭാഗങ്ങളിലെ രക്ഷകർതൃ സംഗമങ്ങൾ ഇന്ന് നടക്കും.

110 കുട്ടികളാണ് ഇപ്രാവശ്യം പത്തിൽ. A, B, C എന്നീ മൂന്ന് ബാച്ചും. ഇന്നലെ നടന്നത് മൂന്ന് ബാച്ചുകളുടെയും സംയുക്ത യോഗമായിരുന്നു. ഇതിനി ഈ അധ്യായന വർഷം രണ്ട് വട്ടം കൂടി നടക്കുമെന്ന് കരുതുന്നു.

ഇനി മാസാമാസം നടക്കുന്നത്  ഓരോ ബാച്ചിന്റെയും വെവ്വേറെ സ്റ്റിയറിംഗ് യോഗങ്ങളാണ്. അതാണ് ഏറ്റവും പ്രധാനം.  പത്തിലെ കുട്ടികളുടെ എല്ലാ രക്ഷിതാക്കളും  മാസത്തിൽ ഒരു ഉച്ചകഴിഞ്ഞ 2 മണിക്കൂർ സമയം  അതിനായി  മാറ്റിവെച്ചേ തീരൂ.

A,B, C എന്നീ ബാച്ചുകൾക്ക് മാത്രമായി രക്ഷകർത്താക്കളിൽ നിന്ന് തന്നെ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ വെവ്വേറെ ഇന്നലെ തെരെഞ്ഞെടുത്തുവെന്നത് ഈ അവലോകന യോഗങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി തരുന്നു. മൂന്ന് ക്ലാസ്സ് ടീച്ചേർസാണ് ചെയർമാൻ, വൈസ് ചെയർമാൻമാരോടൊപ്പം ഈ ക്ലസ്റ്റർ മീറ്റിംഗുകൾക്ക് ചുക്കാൻ പിടിക്കുക.

എല്ലാ മാസവും ക്ലാസ് ടെസ്റ്റ് നടത്തും. അതിന്റെ വാല്യൂഷൻ വളരെ പ്രധാനമാണ്.  പ്രസ്തുത യോഗത്തിൽ ഓരോ കുട്ടിയെയും രക്ഷകർത്താവിന്റെ മുന്നിലിരിത്തിയുള്ള പoനവിലയിരുത്തലുകൾ നടക്കും. ഉഴപ്പി നടന്ന കുട്ടികൾ മതിയായ വിശദീകരണങ്ങൾ തന്നേ തീരൂ.

ഇനി മക്കൾക്ക് പ്രത്യേകം ട്യൂഷൻ വേണ്ട. നമ്മുടെ അധ്യാപകർ തന്നെ നേരത്തെ സ്കൂളിൽ എത്താൻ തയ്യാറാണ്; അത് പോലെ വൈകി പോകാനും. അവർക്ക് കണ്ടിഷൻ ഒന്നേയുള്ളൂ - എല്ലാ മക്കളും അധ്യാപകർ പറയുന്ന സമയത്ത് ക്ലാസ്സിലെത്തണം. 35 പിള്ളേരുള്ള ക്ലാസ്സിൽ 35 ഉം ഹാജരാകണമെന്നർത്ഥം. വരാൻ വൈകുന്നവരെ പറ്റി കാരണസഹിതം അവരുടെ രക്ഷിതാക്കൾ ക്ലാസ് ടീച്ചർക്ക് വിളിച്ച് പറയുകയും വേണം. അതു തോന്നുമ്പോഴല്ല ; അതിരാവിലെ തന്നെ.

ഇത് പെട്ടിക്കട സ്കൂളല്ല. നാളെ അംഗീകാരം റദ്ദാകുമോന്ന്  പേടിക്കുന്ന സ്ഥപനവുമല്ല. നമ്മുടെ സർക്കാർ സ്കൂളാണ്. എ നമ്പർ വൺ മോഡൽ സ്കൂൾ.

ഇത്രയും ശ്രദ്ധയും ശുഷ്ക്കാന്തിയും കാണിച്ചിട്ടും കുട്ടികളെങ്ങാനും തേരാപാര നടന്നാൽ ഇനി അതിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്നെപ്പോലുള്ള രക്ഷിതാക്കൾക്ക് തന്നെയാണ്. അത് കൊണ്ട്  ഈ വർഷത്തെ SSLC ബാച്ചിന് വലിയ ഉത്തരവാദിത്വമുണ്ട്. അത് ഉണ്ടെന്ന് മനസ്സിലാക്കി തന്നെയാണ്  ഇന്നലത്തെയോഗത്തിൽ നിന്ന് എല്ലാവരും പിരിഞ്ഞതും.

വൈകുന്നേരമുള്ള 7 മുതൽ 10 വരെയുള്ള സമയം കുട്ടികൾ (ആൺകുട്ടികൾ) ഒരു കാരണവശാലും വീട്ടിന്ന് പുറത്തിറങ്ങില്ലെന്ന് ഉറപ്പ് വരുത്തരണം, വളരെ വളരെ അത്യാവശ്യമൊഴികെ.

പ്രാർഥനക്ക് ഒരു സമയമുണ്ട്. അതും കഴിഞ്ഞ് 10 മിനിറ്റ് വൈകിയെങ്കിൽ, പിന്നെ കൊറെ പരീക്ഷണങ്ങൾക്ക് നിൽക്കരുത്.  വീട്ടിൽ അതിനുള്ള സൗകര്യം ചെയ്യുക. മഗ്രിബ് വരെ  പറഞ്ഞിട്ടും തീരാത്ത സൊറയായിരിക്കാം പിന്നെയും അവർക്ക് പറയാനുണ്ടാവുക. പുറത്ത് വിട്ടാലല്ലേ അത് നടക്കൂ - വിടണ്ട, തീർന്നല്ലോ.

പെൺകുട്ടികൾക്കും  അടുക്കളിലെ സഹായമൊക്കെക്കഴിഞ്ഞ് 7- 10 ഇടയിലുള്ള സമയത്തിൽ കൂടുതൽ ഭാഗവും പഠിക്കാനായി രക്ഷിതാക്കൾ വിട്ട് കൊടുക്കണം. രാവിലെ കിട്ടുന്ന സമയവും എല്ലാവരും മാക്സിമം ഉപയോഗപ്പെടുത്തുക.

ഇന്നലത്തെ ആ യോഗത്തിൽ സംബന്ധിച്ചപ്പോൾ വളരെ നല്ല അനുഭവം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്സാഹം കണ്ടപ്പോൾ  വളരെ സന്തോഷവും തോന്നി.

എല്ലാവരും ഒന്നാഞ്ഞു വലിച്ചാൽ ഇക്കുറി പത്തിൽ മികച്ച ഗ്രേഡുകൾ ലഭിക്കും, അതുറപ്പ്.  100 മേനിയുടെ തിളക്കത്തിന് അതൊന്നുകൂടി വെളിച്ചം കൂടും. ലക്ഷമണൻ മാഷ് നന്ദി പ്രസംഗത്തിൽ പറഞ്ഞത് പോലെ നമ്മുടെ സ്കൂളിന്  പുതിയ ഭാവവും രൂപവും അതിലേറെ തെളിച്ചവും വെളിച്ചവും നൽകിയ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചർ ഇക്കൊല്ലം അധ്യാപന രംഗത്ത് നിന്ന് വിരമിക്കുമ്പോൾ, അവർക്ക്  നമ്മുടെ സ്കൂളും കുട്ടികളും നൽകുന്ന ഏറ്റവും നല്ല ഗുരുദക്ഷിണയും സമ്മാനവുമായിരിക്കുമത്.

അതിന് ഇട വരട്ടെ, എല്ലാവരും പ്രയത്നിക്കുക.
____________________
Rtpen.blogspot.com

No comments:

Post a Comment