Saturday 22 July 2017

അധ്യാപന നിലവാരം* *ചർച്ചയ്ക്ക് വരുമ്പോൾ* / അസ്ലം മാവില

*അധ്യാപന നിലവാരം*
*ചർച്ചയ്ക്ക് വരുമ്പോൾ*
__________________

അസ്ലം മാവില
__________________

ഒറ്റപ്പെട്ടതാണെങ്കിലും അവ്യക്തതകളും ആകുലതകളും വിട്ടേച്ച് പോകുന്ന മെസ്സേജ് നൽകിക്കൊണ്ടുള്ള ഒരു പ്രതികരണം എന്റെ " സ്കൂൾ വികസന സമിതി ചേരുമ്പോൾ " എന്ന കുറിപ്പിനു പിന്നാലെ ഒരു ഫോറത്തിൽ വായിക്കാനിടയായി. ഒരു രക്ഷിതാവിന്റെ പരിഭവത്തിലപ്പുറമായിട്ട് മാത്രമേ  വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിൽ എനിക്കത് വായിക്കുവാൻ സാധിക്കുകയുള്ളൂ.  അതിലെ പരാതിയിലെ ശരി - ശരിയില്ലായ്മയിൽ നമ്മുടെ ചർച്ച ചുറ്റിമറിയാതെ, വളരെ പോസിറ്റീവായ പ്രൊആക്റ്റീവായ ആലോചനകളിലേക്കും തുടർനടപടികളിലേക്കും വിഷയം ബോൾഡക്ഷരത്തിൽ നക്ഷത്ര ചിഹ്നമിട്ട് വരിക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം.

അധ്യാപന ഗുണനിലവാരമുയർത്താൻ വിദ്യഭ്യാസ വകുപ്പ് അതത് കാലങ്ങളിൽ  ഘട്ടംഘട്ടമായി അധ്യാപകർക്ക് ഓറിയന്റേഷൻ ക്ലാസ്സുകൾ നടത്താറുണ്ട്.  LP വിഭാഗം അധ്യാപകർ സർക്കാർ സ്കൂളുകളിൽ എത്തുന്നത് അടിസ്ഥാനപരമായ ടീച്ചിംഗ് കോഴ്സ് വിജയകരമായി പൂർത്തിയായ സർടിഫിക്കറ്റുകളുമായിട്ടാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അധ്യയന രംഗത്തെ പുതിയ വെല്ലുവിളികൾ അപ്പപ്പോൾ ശ്രദ്ധയിൽ പെടുത്താനും അവയ്ക്ക് റെമഡി നിർദ്ദേശിക്കുവാനുമുള്ള മെക്കാനിസം  നിലവിലുള്ള സംവിധാനത്തിൽ ഉണ്ടെന്നാണ് എന്റെയൊരു  Educated Guess (വിദ്യാഭ്യാസജ്ഞാനത്തിൽ നിന്നുള്ള അനുമാനം).

ഏതായാലും,  ടീച്ചിംഗ് ക്യാലിറ്റി ഇംപ്രൂവ് ചെയ്യുവാനും അത് ട്രാക്ക് ചെയ്യുവാനും സ്കൂൾ തലത്തിൽ ഒരു നിരീക്ഷണ ബോഡി ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ്.  നമ്മുടെ പ്രദേശം സെമി - അർബാൻ (അർദ്ധ - നഗരം) വിഭാഗത്തിൽ പെടുന്ന ഒന്നാണ്. കുട്ടികളിലെ മനോനിലയിൽ തന്നെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. pedagogy യിൽ തന്നെ അധ്യാപകർ ചില കൈക്രിയകൾ നടത്തേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം. ടീച്ചിംഗ് ടെക്നിക്സിലും ഒരു ഫൈൻ ട്യൂണിംഗ് ആവശ്യമാണ്.  

പക്ഷെ, ഇതിനൊക്കെ സഹകരണം ആദ്യം വേണ്ടത് രക്ഷിതാക്കളിൽ നിന്ന് തന്നെയാണ്.  ക്ലാസ്സ് ടെസ്റ്റുകളിൽ കുട്ടികൾക്ക് ലഭിക്കുന്ന മാർക്ക് പരിശോധനയിൽ മാത്രമാകരുത് മക്കളെ പറഞ്ഞയക്കുന്നവർ നടത്തുന്ന "അധ്യാപനവിലയിരുത്തൽ". അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ മക്കൾ എത്രമാത്രം  ഗൃഹപാഠം ചെയ്യുന്നുവെന്നതും രക്ഷിതാവിന്റെ സജീവ ശ്രദ്ധയുടെ ഭാഗമാകേണ്ടതുണ്ട്.  നാട്ടിൽ നടക്കുന്ന "വിരുന്നുബിസ്താരങ്ങളിലെ" ആവശ്യത്തേക്കാളേറെയുള്ള അനാവശ്യ സാന്നിധ്യങ്ങളിൽ LP കുട്ടികളുടെ ആധിക്യം വരെ രക്ഷിതാക്കളുടെ "അധ്യാപനമാർക്കിടൽ" പരിധിയിൽ വരികയും വേണം. മഗ്രിബിന് ശേഷമുള്ള 3 മണിക്കൂറുകൾ LP കുട്ടികൾക്കും  ഏറെ പ്രധാനമുള്ളതെന്ന ബോധ്യവും ഇതിലെ ഒരു ഫാക്ടറാണ്.

പലപ്പോഴും എന്നെപ്പോലുള്ളവർക്കുള്ള തെറ്റുധാരണ കുട്ടികൾക്ക് എക്സസ്സീവ് ഹോംവർക്ക് (അമിത ഗൃഹപാഠം) കൊടുക്കുന്ന സ്ഥാപനമേ  നല്ല സ്കൂളാകൂ എന്നാണ്. ചില അൺ എയിഡഡ് സ്കൂളുകളുടെ മഹത്വവത്ക്കരണം ഈ രീതിയിൽ നടത്തപ്പെടാറുമുണ്ട്. (ഹോംവർക്ക് പാടേ പാടില്ലെന്നല്ല. അതിനും ചില മാനദണ്ഡങ്ങൾ വിദ്യാഭ്യാസ വിചക്ഷണർ നിർദ്ദേശിക്കുന്നുണ്ട്.)

എങ്കിലും,  പരാമർശ ആരോപണത്തിൽ ലവലേശം വസ്തുതകളുണ്ടെങ്കിലും ഇല്ലെങ്കിലും ടീച്ചിംഗിൽ ഒരു വൈവിധ്യവൽക്കരണം (Diversity of teaching) ഉണ്ടാകേണ്ടതുണ്ട്.  "Grow Your Own " എന്ന തലത്തിലേക്ക്  താഴേക്ലാസ്സുകളിലെ അധ്യാപകർ അടിയന്തിരമായി ശ്രദ്ധ പതിക്കട്ടെ.. അത് വഴി pedagogy skills (അധ്യാപന ശാസ്ത്ര വൈദഗ്ധ്യം ) വർധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ ആരായാനും ഇത്തരം ഒറ്റപ്പെട്ട ടെക്സ്റ്റുകൾ ഇടയാവുകയും വേണം. വിലയിരുത്തുേവാൻ സ്കൂൾ മേധാവിയുടെ കീഴിൽ ഒരു സപ്പോർട്ടിവ് മോണിറ്ററിംഗ് വിംഗ് എപ്പോഴും നല്ലതാണ്.

ഒരു രക്ഷിതാവെന്ന നിലയിലുള്ള അഭിപ്രായം കൂടി വരുംചർച്ചകൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഞാനീ കുറിപ്പ് (ദൈർഘ്യം ഭയന്ന്) നിർത്താം. ഒരു മഴയ്ക്ക് ഒരു കുടയെന്നതല്ല രക്ഷിതാവെന്ന നിലയിൽ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. തന്റെ കുട്ടിയുടെ പഠനഗ്രാഫ് താഴോട്ട് പോകുന്നത് അധ്യാപന നിലവാരക്കുറവ് മാത്രമാണെന്ന് വിധി പറഞ്ഞ് ടി സി വാങ്ങി പോകുന്നതിന് മുമ്പ് അധ്യാപക- രക്ഷകർതൃ - വിദ്യാഭ്യാസ പ്രവർത്തകരടക്കമുള്ളവരുടെ മുന്നിൽ  ഈ വിഷയം നിരന്തരം മുന്നോട്ട് വെക്കുന്നതാണ് കൂടുതൽ ഉചിതം. പുതുതായി ചേർത്ത സ്കൂളിലും സമാന അനുഭവമാണ് എപ്പോഴെങ്കിലും ഫീൽ ചെയ്തതെങ്കിൽ  അനുമാനത്തിൽ വന്ന പിഴവിന് നമുക്ക് തന്നെ കുറ്റബോധമുണ്ടാകാനത്  വഴിവെച്ചേക്കും.

ഒരു സ്ഥാപനം അനുമാനത്തിലെ കയ്യബദ്ധം കൊണ്ട്  മോശം പ്രതിച്ഛായയ്ക്ക് പാത്രീഭവിക്കാൻ നമ്മുടെ മൗത്ത് പബ്ലിസിറ്റി ഒരു കാരണമാകുന്നത് ഒരിക്കലും അഭികാമ്യമല്ലെന്ന് കൂട്ടത്തിൽ പറഞ്ഞ് വെക്കട്ടെ.  
______________________
Rtpen.blogspot.com

No comments:

Post a Comment