Tuesday 29 January 2019

ബസവയും എരുതുകളും ഒക്സ്ഫോർഡും വേളായിക്കവിതയും /അസ്ലം മാവിലെ


*ബസവയും*
*എരുതുകളും*
*ഒക്സ്ഫോർഡും*
*വേളായിക്കവിതയും*
.........................
അസ്ലം മാവിലെ
.........................
ഇന്ന് നടന്ന  റിപ്പബ്ലിക് ദിന പരേഡും പരിപാടികളുമൊക്കെക്കണ്ട് കടയിലെത്തിയപ്പോൾ, ദേ , മുന്നിൽ നിക്കുണു ചമഞ്ഞൊരുങ്ങിയ എരുത്, നമ്മുടെ നാട്ടിൽ വിളിക്കാറുള്ള ബസോന്റെദ്ദ് തന്നെ.
ഈ ടൗൺഷിപ്പിൽ ഇത്തരമെരുതുകൾ ഒരുപാടുണ്ട്. മുന്നിൽ ഓടക്കുഴൽ പോലുള്ള ഒരു ഓർഗൻ പിടിച്ച് ബസവപാലകനുണ്ടാകും. അയാളാണ് ബസവപുരാണം പറഞ്ഞും ഓർഗൻ വായിച്ചും ഭിക്ഷ വാങ്ങുന്നത്. 
മുമ്പൊക്കെ നമ്മുടെ ഗ്രാമങ്ങളിൽ വല്ലപ്പോഴും ഇവറ്റങ്ങളെ  കാണാറുണ്ടായിരുന്നു. നല്ല ശിക്ഷണം ലഭിച്ച കാളയായിരിക്കുമത്.
എരുതിന്റെ പേരാണ് ശരിക്കും ബസവ എന്ന് പറയുന്നത്. ഞാനൊക്കെ ധരിച്ചിരുന്നത് ബസവന്റെതാണ് ഈ എരുതെന്നായിരുന്നു.
നമ്മുടെ നാട്ടിൽ മുമ്പ് ബസവനെത്തിയാൽ സീത - റാമ കല്യാണച്ചടങ്ങും കാർമ്മികത്വവുമായിരിക്കും മുഖ്യ ഇനം. സാധാരണ നൽകുന്ന ഭിക്ഷ പോര ഈ ഐറ്റത്തിന്. രണ്ട് സേറ് നെല്ലും നാല് കറ്റെ പുല്ലും നൽകിയാൽ മാത്രമേ ബസവപാലകൻ തന്റെ എരുതിനെക്കൊണ്ട് ഈ വിവാഹച്ചടങ്ങ് അഭിനയിപ്പിക്കുകയുള്ളൂ.  കാളയുടെ  ആ അഭിനയം കണ്ടാൽ ആരും പണി ഒഴിവാക്കി മൂക്കത്ത് വിരൽ വെച്ച് നോക്കി നിന്നു പോകും. ബസവപാലകന്റെ നല്ല പാതിയായിരിക്കും മറ്റൊരു എരുതില്ലെങ്കിൽ  സീതയായി വേഷം കെട്ടുക. യക്ഷഗാനത്തിലെ ഒച്ചയും വിളിയുമായിരിക്കും പശ്ചാത്തലത്തിൽ കേൾക്കുക, ഒരു കഥാപ്രസംഗക്കൂട്ട്.
ബസവയ്ക്ക് ഒരു പിന്നാമ്പുറ ചരിത്രമുണ്ട്. കർണ്ണാടകയിലെ ചിക്ക അർസിനെക്കരെ എന്ന പ്രദേശമുണ്ടത്രെ. ആ ഏരിയ നൂറ്റാണ്ടുകൾ ഭരിച്ചിരുന്നത് ആരെന്നറിയോ ? ബസവ എന്ന കാളയും. ഒന്നു ജീവനൊടുങ്ങിയാൽ അടുത്ത ഭരണാധികാരിയായി മറ്റൊരു എരുത് വരും.  നാട്ടുകാരണവർ സ്വപ്നം കാണുമത്രെ ആരാണ് അടുത്ത ബസവയെന്ന്. 
ബസവയുടെ  പോരിശകൾ Cowism എന്ന വെബ് പേജിൽ പോയി കുറച്ച് തപ്പിപ്പിടിച്ച് നോക്കിയാൽ കിട്ടും.  മുഴുവനില്ല കുറച്ച് ഞാനങ്ങിനെ തന്നെ പകർത്തട്ടെ : The ox has been known to cure diseases, dowse wells, find buried treasures, arrange marriages, arbitrate disputes, catch thieves, exorcise demons, render barren couples fertile, ordain priests, survey boundaries, audit financial accounts, convert atheists, purge “witches” and boost exam scores.
മാറാരോഗ ചികിത്സ, കിണറിന് സ്ഥാനം നിർണ്ണയിക്കൽ. നിധി വീണ്ടെടുക്കൽ. കള്ളനെ പിടുത്തം, സന്താനസൗഭാഗ്യം  തുടങ്ങി ഒട്ടുമിക്ക സഫലീകരണങ്ങളും  ബസവയുടെ പരിധിയിൽ പെടും. എന്തിനേറെ,  ഫൈനാൻസിയൽ ഓഡിറ്റിംഗ് വരെ നടത്തും പോൽ.  വലത്തെ കുളമ്പിന്റെ ചലനമനുസരിച്ചാണത്രെ  ബസവന്റെ Yes/No തീരുമാനങ്ങൾ.  
നമ്മൾ ഒരു ചന്തത്തിന് ബസവന്റെ പുറത്തിട്ടിരിക്കുന്ന ശീലയും ഓവർ കോട്ടുമൊക്കെ നോക്കി വെറുതെ ആസ്വദിക്കുന്നു. പക്ഷെ, ഓരോ ചമയമിടലും ബസവഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
........................
ഇംഗ്ലണ്ടിൽ രണ്ടക്ഷരത്തിൽ വിളിക്കുന്ന നാൽക്കാലിയാണ് കാള - OX. ഇതിന്റെ ബഹുവചനമാണ് oxen. ഇന്ത്യയിലും ആസ്ട്രലിയയിലും Bullock എന്നും ഇംഗ്ലിഷിൽ പേരുപയോഗമുണ്ട്. Oxford (UK യുടെ സാംസ്കാരിക-വിവരസാങ്കേതിക-വാണിജ്യ തലസ്ഥാനം) എന്ന പേരിന്റെ പിന്നിലെ ചരിത്രാന്വേഷണത്തിലും കാളയും കാളകളുടെ കടവും കാണാം. oxenaforda എന്നായിരുന്നുവത്രെ Oxford ന്റെ ആദ്യ കാല പേര്.  
.........................
സുഗതൻ വേളായിയുടെ കാളക്കവിത പകർത്തി ഈ കുറിപ്പ് നിർത്താം.
ഴി 
അറിയാത്തവർ
കുന്നുകയറുന്നു.
അറിയുന്നവനോ 
ദിശ മറന്ന് ഉഴറി 
ഒരു ഉഴവുകാളയായ് മാറി.
ആരുടെയോ
നുകം ചുമക്കുന്ന
ഉഴവുകാള.

No comments:

Post a Comment