Saturday 26 January 2019

അക്ഷരമില്ലാത്ത വായനാനുഭവങ്ങൾക്ക് വല്ലാത്ത അർഥതലങ്ങളുണ്ട് ! / അസ്ലം മാവിലെ .

*അക്ഷരമില്ലാത്ത* *വായനാനുഭവങ്ങൾക്ക്*
*വല്ലാത്ത അർഥതലങ്ങളുണ്ട് !*
.........................
അസ്ലം മാവിലെ
.........................

ഇത് ത്രേസ്യാമ്മ. ഞങ്ങളുടെ ഏരിയയിൽ ഇന്ന് ജിവിക്കുന്ന ഏറ്റവും പ്രായം ചെന്ന അമ്മൂമ്മ. നല്ല ഓർമ്മ ശക്തി. ത്രേസ്യാമ്മൂമ്മ തന്നെ പറയും പ്രായം - അതിങ്ങനെ അടുത്ത രണ്ട് വർഷം കഴിഞ്ഞാൽ എനിക്ക് നൂറാകും.

നന്നായി സംസാരിക്കും. കൂടെ സംസാരിക്കാൻ ആളുണ്ടെങ്കിൽ.
ജന്മം കൊണ്ട് മലയാളി. അങ്കമാലിക്കാരി. വർഷങ്ങൾക്ക് മുമ്പ് ബംഗ്ലൂരിൽ വന്നതാണ്. ഭർത്താവ് മരിച്ച് വർഷങ്ങളായി.

മക്കളോ ? അവറ്റയ്ക്കും കുറെ വയസ്സൊക്കെയായില്ലേ, ത്രേസ്യാമ്മ ഇങ്ങോട്ട് പറഞ്ഞു. ചെറിയ മോൻ സർക്കാർ ജോലിയിൽ നിന്ന് എപ്പഴേ റിട്ടേയർഡായി, അയാൾക്ക് തന്നെ 65 കഴിയും. മൂത്ത മോൻ 80 ന്റെ അടുത്തെത്താറുമായി.

അവരൊന്നും ശ്രദ്ധിക്കാറില്ലേ ? അവരെ ശ്രദ്ധിക്കാൻ തന്നെ വേറെ ആള് വേണം, പിന്നെയാ എന്നെ.  ത്രേസ്യാമ്മ പരാതിക്കെട്ട് സ്റ്റാൻഡേർഡായി തന്നെ തുറന്നു. കുറെയല്ല, കുറച്ച് മാത്രം ! അത് തന്നെ ധാരാളം !

എന്നും രാവിലെ ഇറങ്ങും. കയറുന്നിടം ബന്ധുവീടാണ് അവർക്ക്. കടയിൽ കയറിയാൽ അവിടെ നിന്ന് തിന്നാം. ഹോട്ടലിൽ കേറിയാൽ കയ്യാലക്കാർ കഴിക്കാൻ കൊടുക്കും,  ചെറിയ കവറിൽ പൊതിഞ്ഞും കൊടുക്കും. ആരെങ്കിലും അറിഞ്ഞ് നാണയ തുട്ട് കൊടുത്താൽ അതും അമ്മൂമ്മ വാങ്ങും.

ഒരു ഒറ്റമുറി പോലുള്ളതിലാണ് അവർ താമസം. വേറെ ആരോ താമസമുണ്ട് അവിടെ. ആരാന്ന് ചോദിച്ചപ്പോൾ ത്രേസ്യാമ്മുമ്മ നേരെ ചൊവ്വെ ഒന്നും പറയുന്നില്ല.

ഇയിടെ കയിൽ വടിയൊക്കെ കണ്ടിരുന്നു. ഇന്ന് വടിയും കുടയുമില്ലാതെയാണ് ടൗണിൽ നടത്തം. മുടി പറ്റെ വെട്ടിയിട്ടുണ്ട്. നല്ല വൃത്തിയും വെടിപ്പും. അവരെ ഏതോ ഒരു മനുഷ്യസ്നേഹി ആത്മാർഥമായി ശുശ്രൂഷിക്കുന്നുണ്ടെന്ന് വസ്ത്രധാരണം കണ്ടാലറിയാം.  പക്ഷെ, മക്കളല്ല.

ചില ജിവിതങ്ങൾ നമ്മുടെ മുന്നിൽ പുറം ചട്ടയില്ലാതെ തന്നെ പേരു മുന്നിലെഴുന്നള്ളി പുസ്തത്താളുകളായി തുറന്നു വരും. വായിക്കാം, പള്ളിക്കൂടത്തിൽ നിന്നും പഠിച്ച സ്വരാക്ഷരങ്ങൾക്കും വ്യഞ്ജനാക്ഷരങ്ങൾക്കുമതായിക്കൊള്ളണമെന്നില്ല. അതിലപ്പുറമുള്ള ഒരു വായനയുണ്ട്.  അക്ഷരമില്ലാത്ത അത്തരം വായനാനുഭവങ്ങൾക്ക് വല്ലാത്ത അർഥതലങ്ങളുണ്ട്.

ത്രേസ്യമ്മുമ്മ നൂറിലേക്കുള്ള നടത്തത്തിലാണ്, എന്റെ കൺവെട്ടത്തിൽ നിന്നവരിപ്പോൾ  മാറിക്കഴിഞ്ഞു.

No comments:

Post a Comment