Tuesday 29 January 2019

എല്ലാ രംഗത്തും നമ്മുടെ നാട്ടിൽ നിന്നു ഇനിയുമാളുകളുണ്ടാകട്ടെ ആശിഖ് ഹുദവിക്കാംശംസകൾ /അസ്ലം മാവിലെ

മാവിLine

*എല്ലാ രംഗത്തും*
*നമ്മുടെ നാട്ടിൽ നിന്നു*
*ഇനിയുമാളുകളുണ്ടാകട്ടെ*
*ആശിഖ് ഹുദവിക്കാംശംസകൾ*
.........................
അസ്ലം മാവിലെ
.........................

വിശ്വാസാചാരങ്ങളിലെ വഴിത്താരകളിൽ എനിക്ക് എന്റെതായ ഉത്തമ ബോധ്യങ്ങളുണ്ട്. ഞാൻ യോജിക്കാത്തവയോട് എനിക്ക്  ഗുണകാംക്ഷ ബുദ്ധ്യാ വിമർശന നിലപാടുകളുണ്ട്, യോജിക്കുന്നവയിൽ തന്നെ ചിലതിനോടാകട്ടെ എന്റെതായ പാഠഭേദങ്ങളുമുണ്ട്. എല്ലാം അറിവിന്റെയും അനുഭവത്തിന്റെയും  വായനയുടെയും  പരിമിതിക്കകത്താണ്.

നമ്മുടെ ചുറ്റുവട്ടങ്ങൾ ഭൗതിക വിദ്യാഭ്യാസ മേഖലയിലെന്ന പോലെ മതപരമായ രംഗത്തും പഠിപ്പും പത്രാസുമുണ്ടാകണം. അറിവ് എങ്ങിനെ പറഞ്ഞാലും അജ്ഞതയോടൊപ്പമാവില്ലല്ലോ. വെളിച്ചമെന്തായാലുമുണ്ടാകും. ഗുരുമുഖത്ത് ലഭിച്ച അറിവിന് പ്രത്യേകിച്ചും.

വിശ്വാസ സഞ്ചാരത്തിലെ വിവിധ വഴിത്താരകളിലുള്ളവർ പടുത്തുയർത്തിയ സ്ഥാപനങ്ങളിൽ നിന്നും സുല്ലമി, ഹുദവി, സ്വലാഹി, സഅദി, മദനി, ബാഖവി, ബുസ്താനി, അൻസാരി തുടങ്ങി വിവിധ പേരുകളിലുള്ള ബിരുദമോ, ബിരുദത്തിന് തത്തുല്യമോ ആയ കോഴ്സുകളിൽ ചിലവയെങ്കിലും പഠിച്ചു പൂർത്തിയാക്കുന്നവർ  നമ്മുടെ നാട്ടിൽ നിന്നുണ്ടാകുന്നു എന്നത് ചെറിയ കാര്യമല്ല. അംഗീകൃത സർവ്വകലാശാലകളിലെ കയ്യൊപ്പു കൂടി അവയ്ക്കുണ്ടെങ്കിൽ മതരംഗത്തുള്ള സേവനത്തിന് പുറമെ സർക്കാർ ജോലിയന്വേഷണങ്ങൾക്കും മറ്റും ഇത്തരം  സർട്ടിഫിക്കറ്റുകൾ ഒരുപാട് ഉപകരിക്കുകയും ചെയ്യും. നിലവിൽ ഹാഫിദ് കോഴ്സ് ചേരുന്നവർക്ക് വരെ സമാന്തര സർക്കാരംഗീകൃത പഠന സംവിധാനങ്ങൾ സൗകര്യപ്പെടുത്തുന്നുണ്ടെന്നതും കൂട്ടത്തിൽ സൂചിപ്പിക്കട്ടെ.

മറ്റൊരു കാര്യം നമ്മുടെ ഗ്രാമത്തിൽ നിന്നും പെൺകുട്ടികൾ പ്ലസ് ടു ജയിച്ച് വെറുതെ വിട്ടിലിരിക്കുന്നതിന് പകരം വിവിധ സ്ഥാപനങ്ങൾ മത വിഷയങ്ങളും കൗടുംബിക - ഗാർഹിക സംബന്ധമായ സിലബസുകളും അധികമായി  ഉൾപ്പെടുത്തി അഫ്ദൽ ഉലമ കോഴ്സ് പഠിക്കുവാനും തയ്യാറാകുന്നുണ്ട്. മക്കളെ അയക്കാൻ രക്ഷിതാക്കളും തയാറാകുന്നു.

ഞാനറിഞ്ഞിടത്തോളം ഹുദവി ബിരുദം മത - ഭൗതിക വിദ്യാഭ്യാസ സിലബസ്സുകൾ സമന്വയിപ്പിച്ച പഠനത്തിന്റെ ഒരു നല്ല ഔട്ട്പുട്ടെന്നാണ്. ഈ കുറിപ്പ് ഇന്ന് നമ്മുടെ നാട്ടിലെ ഒരു കൂട്ടായ്മ ആദരിക്കുന്ന പട്ലയിലെ ഹുദവി ബിരുദധാരിയായ  ആശിഖിനെ അഭിനന്ദിക്കുവാൻ കൂടിയാണ്. കൂട്ടത്തിൽ, നാട്ടിലെ തന്നെ ഹിഫ്ഥ് സ്ഥാപനമായ ദാറുൽ ഖുർആനിൽ നിന്നും ഖുർആൻ പൂർണ്ണമായും ഹൃദിസ്ഥമാക്കി പുറത്തിറങ്ങിയ  ഹാഫിഥ്  അബൂബക്കറിനെയും അനുമോദിക്കാനും ആഗ്രഹിക്കുന്നു.

മതരംഗത്തും ഭൗതിക വിദ്യാഭ്യാസ രംഗത്തും എടുപ്പും കാമ്പുമുള്ള, സ്വായത്തമാക്കിയ അറിവും അനുഭവവും പൊതുനന്മയ്ക്കുപയോഗിക്കുന്ന,  അത് വഴി  സാമൂഹ്യ കടപ്പാട് നിർവ്വഹിക്കുന്ന മക്കളും തലമുറകളും ഇനിയുമൊരുപാടുണ്ടാകട്ടെ.   

നന്മകൾ!

No comments:

Post a Comment