Friday 25 January 2019

മനുഷ്യസ്നേഹിയായ എന്റെ പിതാമഹൻ / റൈഹാൻ മാവിലെ

മനുഷ്യസ്നേഹിയായ
എന്റെ പിതാമഹൻ
.................................

എന്റെ നാട് പട്ല. നന്മയുള്ളവർ ജനിച്ച, ജീവിച്ച നാടാണിത്. അവരിൽ ഒരാളെകുറിച്ചാണ് ഞാൻ എഴുതുന്നത്.

എന്റെ ഉപ്പയും ഉമ്മയും പറഞ്ഞു തന്ന അറിവാണിത്. ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.  കാരണം ഞാൻ ജനിക്കുന്നതിന് പത്ത് വർഷം മുമ്പ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു.

മനുഷ്യസ്നേഹി. ജാതിമതഭേദമന്യേ എല്ലാവരെയും ഒരേ കണ്ണോടെ കണ്ട മനുഷ്യൻ. നമ്മുടെ സ്കൂളിന്റെ ഉന്നതി ആഗ്രഹിച്ച വ്യക്തി. അതിന് വേണ്ടി പ്രവർത്തിച്ച സഹകാരി. ഒഴിവ് നേരങ്ങളിൽ അക്ഷരങ്ങൾ പഠിപ്പിച്ച ഗുരുനാഥൻ. പന്ത്രണ്ടാം വയസ്സിൽ, മറ്റുള്ളവർക്ക് അദ്ദേഹം അക്ഷരം പഠിപ്പിച്ചിരുന്നുവത്രെ!

സ്നേഹിക്കാനും സാന്ത്വനിപ്പിക്കുവാനും പരസഹായം ചെയ്യുവാനും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. ഒരുറുമ്പിനെ പോലും വേദനിപ്പിക്കാതെ  അദ്ദേഹം നടക്കുമായിരുന്നത്രെ.

ചെറിയ കച്ചവടം. അളവിലും തൂക്കത്തിലും കൃത്യത കാണിച്ചു. ഇടപാടിൽ സത്യസന്ധത പാലിച്ചു. ആർക്കും മാതൃകയാക്കാവുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ വളരെ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. നല്ല വായനക്കാരൻ. വായനയിൽ നിന്നും ജീവിതത്തിൽ നിന്നും ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുക എന്നത് അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയായിരുന്നു.

ആ മനുഷ്യസ്നേഹിയുടെ പേരാണ്  P. M. അബൂബക്കർ. സ്നേഹം കൊണ്ട് നാട്ടുകാർ അദ്ദേഹത്തിന് നൽകിയ ചെല്ലപ്പേരത്രെ അക്കച്ച എന്ന്. പട്ലക്കാരുടെ പ്രിയപ്പെട്ട അക്കച്ച.

റൈഹാൻ മാവിലെ 

No comments:

Post a Comment