Monday 7 January 2019

പൊലിമപ്പിറ്റേയാണ്ട് / അസ്ലം മാവിലെ

പൊലിമപ്പിറ്റേയാണ്ട് /അസ്ലം മാവിലെ
....(1).....
പട്ലയുടെ പൊതുമണ്ഡലത്തിലും പൊതു പ്രതലങ്ങളിലും ഇക്കഴിഞ്ഞ വർഷം മുഴുവൻ വളരെക്കൂടുതൽ സംസാരിച്ച ഒന്നാണ് പൊലിമ. ചിലതങ്ങിനെയാണ് വേണ്ടാന്ന് വെച്ചാലും എവിടെയെങ്കിലുമത് തട്ടിത്തിരിഞ്ഞ് സംസാരവിഷയമായി വരും.

ഗൃഹാതുരത്വമാണ് ഒരു വർഷം കഴിഞ്ഞും പൊലിമ നമ്മിൽ അവശേഷിപ്പിക്കുന്നത്. സംഘാടകരിലൊരാളെന്ന നിലയിൽ ഒരുപാടപര്യാപ്തതകൾ എന്റെ മുന്നിൽ എഴുന്നു നിൽക്കുകയാണ്.

നിങ്ങളോർക്കുന്നുണ്ടാകും - 4 കുഞ്ഞുലക്കങ്ങളിലായി പൊലിമപ്പിറ്റേന്ന് എന്ന തലക്കെട്ടിലെഴുതിയ ലേഖനം. അത് ഞാൻ വീണ്ടും തപ്പിപ്പിടിച്ചു വായിക്കുന്നില്ല. അന്നത്തെ ഒരു സന്തോഷാധിക്യത്താൽ എഴുതിയ കുറിമാനമാണത്.

ഈ ലേഖന പരമ്പരയിൽ ഇക്കഴിഞ്ഞ ഒരു വർഷം പൊലിമ എന്നിലുണ്ടാക്കിയ ചില ശരിയും തിരുത്തലുകളുമുണ്ട്. പൊലിമാനന്തര-ഒരു-വർഷത്തെ പക്വത മുൻനിർത്തി സ്വയം വിമർശനത്തോടു കൂടി എഴുതുന്ന ഈ കുറിപ്പ്   എന്നെപ്പോലുള്ളവരെ തിരുത്താനും തുടർസംഘാടകർക്കതുമൂലം  ജാഗ്രതയുടെ വലുതല്ലെങ്കിലും ചെറുതല്ലാത്ത രീതിയിൽ ഭാഗമാകാനും വഴി വെച്ചേക്കും.

സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു ചോദ്യം - ഇങ്ങനെയൊരു എഴുത്ത്സമീപനം  നേരത്തെ ഉണ്ടാകാത്തതെന്ത് കൊണ്ട് എന്നതായിരിക്കും. അതിന്റെ കാരണം, ഏറ്റവുമവസാനം ഞാൻ വ്യക്തമാക്കാം.

........... (2)............

നേതൃത്വം :
ആദ്യം ഇത് പറയാം. ഏത് കൂട്ടായ്മയിലും ഒരു കുഞ്ചിക സ്ഥാനമുണ്ട് - ചിലപ്പോൾ പ്രസിഡൻറ്, ചിലപ്പോൾ ജ: സിക്രട്ടറി, മറ്റു ചിലപ്പോൾ ജ: കൺവീനർ.  വിവാദം വിളിച്ചു വരുത്താനും,  വിമർശനങ്ങൾ അനാവശ്യമായി ക്ഷണിച്ചു വരുത്താനും ആ സ്ഥാനമല്ല ആ സ്ഥാനത്തിരിക്കുന്നവരാണ് പലപ്പോഴും ഒരു കാരണമാകുന്നത്.  ആ ഒരു ഇഷ്യുവും സിറ്റുവേഷനും മുൻകൂട്ടി കണ്ടു കൊണ്ടാണ് ഈ കുഞ്ചിക സ്ഥാനങ്ങളിൽ  പൊതു സ്വീകാര്യ മുഖങ്ങളെ സാധാരണ ഗതിയിൽ തെരഞ്ഞെടുക്കുന്നത്. അക്കാര്യത്തിൽ ചെറിയ ഒരശ്രദ്ധയുണ്ടായാൽ  കൈപ്പിഴവിനടക്കം കൂട്ടായ്മ നല്ല പഴി കേൾക്കേണ്ടി വരും.

അത്ര പരിചിതമല്ലാത്ത മുഖങ്ങളെയും  നടേ പറഞ്ഞ് സ്ഥാനത്ത് കൊണ്ടിരുത്തിയാലും ഇതേ അവസ്ഥയാണ് സംജാതമാകുക. കഴിവും അനുഭവസമ്പത്തൊന്നും അവിടെ വലിയ ക്ലിക്കാകില്ല, പൊതു സമുഹത്തിന് അയാൾ സുപരിചതനല്ലെങ്കിൽ.  ഒന്നാമത്തെ പരിമിതി - ഇഴകാൻ, ഇടപെടാൻ ഒരു പാട് കാലതാമസമെടുക്കുമെന്നതാണ്. Rinsing ന് എടുക്കുന്ന ഈ ഒരു  കാലവിളംബം വലിയ കമ്യൂണിക്കേഷൻ ഗ്യാപിന് വഴി തുറക്കുന്നത്.

പൊലിമയിലും ഇതാണ് നടന്നതെന്ന് ഞാൻ കരുതുന്നു.  സുപരിചിതനും പൊതുകാര്യ പ്രസക്തനും ഒപ്പം പൊതു സ്വീകാര്യനുമായ ഒരു വ്യക്തിയെയാണ്  പൊലിമയുടെ ജ: കൺവീനറെന്ന  ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നതെങ്കിൽ കുറെക്കൂടി സ്മൂത്തായി കാര്യങ്ങൾ മുന്നോട്ട് പോകുമായിരുന്നു.  കമ്യൂണിക്കേഷൻ ഗ്യാപ് എന്നൊന്ന് ഒരു കാരണവശാലും  ഉണ്ടാകുമായിരുന്നില്ല. ചെറിയ കൈകുറ്റങ്ങൾ അപ്പപ്പോൾ അതിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നു തന്നെ തിരുത്തുവാൻ സാധിക്കുകയും ചെയ്യുമായിരുന്നു. അത്തരം വേളകളിൽ നല്ല പ്രതിരോധവും  തീർക്കാൻ സാധിക്കുമായിരുന്നു.

മറ്റൊന്ന്, ബൃഹത്തായ പരിപാടികളോട് കൂടി തികച്ചും പുതുമയുള്ളതും പരീക്ഷണ വിഭവങ്ങളോടു കൂടിയതുമായ  ഇത്തരം നാട്ടാഘോഷങ്ങളിൽ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന നടപ്പു അപര്യാപ്തതകളും പോരായ്മകളുമുണ്ട്. ഗ്രാമാന്തരീക്ഷത്തിൽ കുഞ്ഞബദ്ധങ്ങൾ വരെ  സംസാര വിഷയമാവുകയും ചെയ്യുമെന്നതും സ്വാഭാവികം മാത്രം. അങ്ങിനെയുള്ള സിറ്റ്വേഷൻ മുന്നിൽ വെച്ച് പറയട്ടെ,  നടേ സൂചിപ്പിച്ച പൊതു സമ്മതനായ ഒരാളുടെ നേതൃത്വത്തിലാണ് ഇത്തരം നാട്ടാഘോഷമാകുന്നതെങ്കിൽ, ഉണ്ടാകാവുന്ന കൈക്കുറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുവാനും സാധാരണബദ്ധമെന്നമട്ടിലവ അവഗണിച്ചു വിടുവാനും  പൊതു മനസ്സിന് വലിയ പ്രയാസമുണ്ടാകില്ല.

കഴിഞ്ഞ പൊലിമയിൽ ചെയർമാനോടൊപ്പം സ്ഥിരപരിചിത മുഖമുള്ള ഒരു വ്യക്തി ജനറൽ കൺവീനർ പദവി വഹിച്ചിരുന്നുവെങ്കിൽ നാട്ടുത്സവത്തിന് ഒരുപാട്  മൈലേജു കിട്ടുകയും ദോഷൈദൃഷ്ടി കുറഞ്ഞു കിട്ടുകയും  ചെയ്യുമായിരുന്നു.

........... (3)........

ഗൃഹപാഠം & തുടർ കൂടിയാലോചനകൾ :

നല്ല പോലെ ഗൃഹപാഠം നടത്തിയ ഒന്നാണ് പൊലിമ. അത്രമാത്രം ഗൃഹപാഠം നടത്തിയെന്ന് പൊതുമനസ്സിനെ ബോധ്യപ്പെടുത്താൻ നമുക്കായതുമില്ല. ഈ ഒരു വിടവ് പൊലിമ തീരും വരെ നിഴലിച്ചു.

പറയാൻ ഇതിന്റെ വിവിധ വശങ്ങളൊരുപാടുണ്ട് . എനിക്കടക്കമതൽപം കയ്ക്കുമെങ്കിലും.

ഒരു തെറ്റുധാരണ തുടക്കം മുതലേ ഉണ്ടായിട്ടുണ്ട്. അത്  പൊലിമ സംഘാടനവുമായി ബന്ധപ്പെട്ടതാണ്. ഗൃഹപാഠം (home work ) ഇതുമായി കൂട്ടിക്കെട്ടണം.

പൊലിമ പ്രൊമോഷനാണ് CP സകല സാധ്യതയുമുപയോഗിച്ച് നടത്തിയത്. പൊലിമയ്ക്ക് മുമ്പും ശേഷവും CP നടത്തിയ ഒരു പാട് ബഹുജനപങ്കാളിത്ത സെഷനുകളുണ്ട്.  വിവിധങ്ങൾ - സേവനം, ജീവകാരുണ്യം, ആതുരശുശ്രുഷ, എഡ്യു സപ്പോർട്ട് etc.  അവയിൽ മുഴുവൻ CP സ്വീകരിച്ചു പോരുന്ന ഒരു പ്രൊവോക്കേറ്റീവ്  പ്രൊമോഷൻ രീതിയുണ്ട്. ഉദ്ദേശിച്ച മിഷൻ വിജയകരമായി വർക്കൗട്ടാകാൻ അങ്ങിനെയൊരു രീതിയാണ് CP ക്ക്  ഏറ്റവും  കരണീയവും പ്രായോഗികവുമെന്ന്   CPGക്കകത്തുണ്ടായിരുന്നപ്പോഴും ഇപ്പോഴില്ലാത്തപ്പോഴും ഞാൻ മനസ്സിലാക്കുന്നു. പൊലിമയുടെ കാര്യത്തിലും, No Doubt,  ഇങ്ങിനെ ഒരു പ്രൊമോഷൻ മെത്തഡോളജി ഉപയോഗിച്ചെന്നേയുള്ളൂ.

പൊലിമ ബഹുവാര മൾട്ടിസെഷനായത് കൊണ്ട് തന്നെ പ്രൊമോഷൻ കാലദൈർഘ്യം വളരെ കൂടുതലായിരുന്നുവെന്നത് വാസ്തവമാണ്. അതൊരുപക്ഷെ തെറ്റുധാരണക്ക് വഴി വന്നിരിക്കാൻ സാധ്യതയുമുണ്ട് - ഇത് CP സ്പോൺസേർഡ് പ്രോഗ്രാം മാത്രമെന്ന രീതിയിൽ.

CPയുടെ മേലേ നിരയിൽ (Upper Layer) ഒരു പാട് ചർച്ചകൾ തദ്സംബന്ധമായി നടന്നിട്ടുണ്ട്. അവർ സമാനമനസ്കരുമായി അതിലേറെ സമയം CPGക്ക് പുറത്ത് സംസാരിച്ചിട്ടുമുണ്ട്. പൊലിമ സംബന്ധമായി CPG യിൽ വന്നിരുന്ന അഭിപ്രായങ്ങളിൽ പലതിലും Excluviness അനുഭവപ്പെട്ടിരുന്നുവെന്നത്  ഇതിന് ബലം നൽകുന്നതുമാണ്.

പൊലിമയ്ക്ക് പ്രായോഗിമായ നല്ല പശ്ചാത്തലമൊരുക്കുവാൻ CPയുടെ മുൻനിര വലിയ തോതിൽ ആത്മാർഥതയും ഔത്സുക്യവും കാണിച്ചുവെന്നത് സത്യമാണ്. അതൊരു Excess ഉത്തരവാദിത്വബോധത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഏത് ഫൺക്ഷനിലും കാണുമല്ലോ . എല്ലായിടത്തും കണ്ണെറിഞ്ഞ്,  ഓടിച്ചാടി വലിയ പരാതി ഇല്ലാതെ  കഴിഞ്ഞുകൂടണമെന്ന നിർബന്ധബുദ്ധിയിൽ, ഒരു കാരണവറോളിൽ ഒന്നു രണ്ടു പേർ. CP അപ്പർ ലേയർ ആ റോളാണ്   ചെയ്തതും.

പൊലിമ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ മേൽപറഞ്ഞ ഗൃഹപാഠങ്ങളും അനന്തരാലോചനകളും അറിയേണ്ട രൂപത്തിൽ എല്ലായിടത്തും എത്തിക്കാനായിട്ടില്ല എന്നതാണ് വലിയ കുറവ്. അത്കൊണ്ടുണ്ടായത് പൊലിമ CP യുടെ കീഴിലുള്ള ഒരു നാട്ടുത്സവം എന്ന ധാരണപ്പിശകാണ്. ഇത് തിരുത്തുവാൻ ഒരു പാട് ശ്രമം നടന്നുവെങ്കിലും അതെത്രത്തോളം  ഫലം കണ്ടുവെന്ന് കൃത്യമായി പറയാൻ  ഞാനാളല്ല. ധാരണ മാറ്റാനുള്ള ശ്രമം ഒച്ചിൻ പുറത്ത് നീങ്ങാൻ തുടങ്ങിയപ്പോൾ ധാരണപ്പിശക് ഒരുപാട് മുമ്പിലെത്തിയിരുന്നു.

........... (4)........

പ്രചാരണപ്പാളിച്ച :

നാട്ടുത്സവത്തിന്റെ വിജയം ശരിയായ പ്രചരണമാണ്, അതിന്റെ നേതൃത്വം ഒരാളിൽ മാത്രമൊതുങ്ങിയാലും. പ്രചരണ വിംഗിലെ അംഗബലം വിഷയമല്ല. അതെത്രയെന്നാരും ചോദിക്കുക പോലുമില്ല.

പൊലിമ നാട്ടിനകത്തുള്ളവരിൽ ചിലരറിഞ്ഞത് പുറത്തുള്ളവരിൽ നിന്നാണെന്ന തമാശ പാറിക്കളിച്ചത് ഞാനോർക്കുന്നു. നാട്ടകത്ത് പ്രചാരണത്തിന്റെ കമ്മിയാകാം അങ്ങിനെയൊരു കുസൃതി പറച്ചിലിനു വഴിവെച്ചത്.

പ്രചരണത്തിന്റെ വിവിധ സാധ്യതകൾ പരീക്ഷിക്കുവാനുള്ള അവസരവും പൊലിമക്കുണ്ടായിരുന്നു. അവ ശരിയാം വിധം ഉപയോഗിക്കപ്പെട്ടില്ല. മാത്സര്യബുദ്ധിയോടെ ഗ്രാമത്തിന്റെ ഓരോ ഇഴകളെയും എങ്ങനെ ഉദ്ദിവിപ്പിക്കാമെന്ന് പരീക്ഷിച്ചു നൂറു ശതമാനം വിജയിച്ച ഒരു വിംഗ് - ഇശൽ പൊലിമ - മുമ്പിലുണ്ടായിട്ടും അതിന്റെ ഓരം ചേർന്ന് നടക്കാൻ പ്രചരണ വിഭാഗത്തിനായില്ല. ( കൂട്ടത്തിൽ പറയട്ടെ,  ഇശൽ പൊലിമ എന്ന കൺസെപ്റ്റും അതിന്റെ ടീമും തന്നെയാണ് പൊലിമയ്ക്ക് പ്രചരണക്കാര്യത്തിൽ ഏറ്റവും വലിയ മൈലേജ് നൽകിയത്. കടൽ കടന്നും ബഹ്റിൻ - ഖതർ - യു എ ഇ യിലടക്കം ആവേശമായതും ഇശൽ പൊലിമ തന്നെയാണല്ലോ)

ഇശൽ പൊലിമയിൽ അന്ന് പലർക്കും ഓവറായി തോന്നിയ പ്രാദേശിക മാത്സര്യബുദ്ധിയുണ്ടല്ലോ. അത് തന്നെയാണ് പൊലിമ കൺസെപ്റ്റിന് ഒരർഥത്തിൽ വലിയ പബ്ലിസിറ്റി നൽകിയത്. എന്ത് വേണമെങ്കിലും പറയാം -  ഒരാഴ്ചക്കാലം കുമിഞ്ഞ് കൂടിയ ഇശൽ-പൊലിമ-പ്രാദേശിക-വിവാദം ശരിക്കും എല്ലാ ഭാഗങ്ങളിലുള്ളവരുടെയും Sportsman spirit ന്റെ Superlative quality ( ഔന്നത്യഗുണം) കാണാനുള്ള വിശാലമായ അവസരമുണ്ടായി.
ഓരോ കുഞ്ഞു പ്രദേശത്തെ ഒത്തുകൂടൽ,  അവരുടെ ആതിഥ്യമര്യാദാരീതി, ആ പ്രദേശത്തുകാരുടെ പൂർണ്ണമനസ്സോടെയുള്ള പങ്കാളിത്തം (involvement), അവർ താത്പര്യമെടുത്ത് തയ്യാർ ചെയ്ത വിഭവങ്ങൾ, അവരാസ്വദിച്ച ഫ്രീഡം  -  ഇവ മുഴുവൻ മുൻകൂട്ടിക്കണ്ട് കൊണ്ടോ, ശേഷമോ പ്രചരണത്തിന് വ്യതിരിക്തമായ ശൈലിയും പുതുമയാർന്ന മാനവും തീർക്കുവാൻ പ്രചരണവിഭാഗത്തിനു സാധിക്കുമായിരുന്നു. പക്ഷെ,  ആ സുവർണ്ണാവസരങ്ങൾ എന്തോ വിനിയോഗിക്കാനായില്ല. പൊലിമ പതിന്മടങ്ങ്  ശോഭയോടെ കത്തിനിൽക്കാൻ സാധിക്കുമായിരുന്ന ഇത്തരം വീണു കിട്ടിയ അവസരങ്ങളങ്ങൾ അങ്ങിനെ വെറുതെ  കളഞ്ഞു കുളിക്കപ്പെട്ടു.

ഒരു  ചെറിയ ഒരു ഉദാഹരണം മാത്രം പറയാം. ഒന്ന് രണ്ട് കമാനങ്ങളിൽ മാത്രം പൊലിമപ്പരസ്യമൊതുങ്ങിയത് ഓർക്കുമല്ലോ.  നടേ പറഞ്ഞ പ്രാദേശിക മാത്സര്യ ട്രന്റ് പ്രചരണ വിഭാഗം ശരിയാം വിധത്തിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ, ഓരോ വീഥിയിലും വിസ്മയകരമായ  പൊലിമയം തീർക്കാൻ  സാധിക്കുമായിരുന്നു. Utilize ചെയ്തില്ല. ഇതൊക്കെ ഓഫ് ലൈൻ പ്രചരണത്തിലെ അപര്യാപ്തതകളാണ് പറഞ്ഞത്.

കുഞ്ഞുകുട്ടികളിലടക്കം പൊലിമ അവരുടെ നാക്കിൽ തത്തിക്കളിച്ചത് മറക്കാൻ പറ്റമോ ?  കുറച്ചു ചെറുപ്പക്കാർ ഏതാനും ലളിതപദങ്ങൾ  ചിട്ടപ്പെടുത്തി  തമാശയ്ക്കൊന്ന് പാടി നോക്കിയതാണ്. ഓൺലൈൻ പ്രചരണവിഭാഗം അതേറ്റെടുത്തു. പിന്നെപ്പിന്നെ കാമ്പുറ്റ അരഡസനോളം പൊലിമാപാട്ടുകൾ പുറം ലോകം കണ്ടു! മതി, അവയൊക്കെമതി ഒരു പ്രചരണ വീഥിയിൽ ആൾപ്പെരുമാറ്റമുണ്ടാകാനും ക്ലിക്കാകാനും. ഓൺലൈൻ വിഭാഗം കിട്ടിയ അവസരം വിനിയോഗിക്കുവാൻ തെരഞ്ഞെടുത്ത ടൈമും ടൈമിംഗും ഒരുദാഹരണം കൊണ്ട് ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ.  (ഓൺലൈൻ പ്രചരണത്തെക്കുറിച്ചൊരുപാട് പറയാനുണ്ട്. ഇവിടെ പരാധീനതകൾക്കും അപര്യാപ്‌തതകൾക്കും കൂടുതൽ ഊന്നൽ നൽകുന്നത് കൊണ്ട് പിന്നൊരിക്കലോ ലേഖനപരമ്പരയുടെ അവസാന പേജുകളിലോ ആ പച്ചപ്പുകളെ കുറിച്ചെഴുതാൻ ശ്രമിക്കാം )

സാധ്യതകളും അവസരങ്ങളും സിറ്റ്വേഷനുകളും മുഴുവൻ പൊലിമ സൗഹൃദങ്ങൾ മുന്നിലെറിഞ്ഞപ്പോൾ,  നടപ്പു ശീലങ്ങളിൽ നിന്നുമൽപം വഴിമാറി സഞ്ചരിച്ചു പുതുമകളുടെ പുലരി വിരിയിക്കുവാൻ offline പ്രചരണ കൂട്ടായ്മക്കാകണമായിരുന്നു എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. പൊതുമനസ്സ് പ്രതീക്ഷിച്ചതും അത് തന്നെയായിരുന്നു. (വറൈറ്റികളാണാളുകൾക്ക് താത്പര്യം. അതിലെ വിജയപരാജയങ്ങളുടെ ഉത്തരവാദിത്വം പൊതുജനമേറ്റെടുക്കില്ല. അതിന്റെ  +/- ക്രഡിറ്റു പോവുക സംഘാടക അക്കൗണ്ടിലായിരിക്കും. പക്ഷെ,    നമ്മുടെ ഇച്ഛാശക്തിയുടെ തോതനുസരിച്ചായിരിക്കും output ന്റെ  ഏറ്റക്കുറച്ചിലുകൾ.)

........... (5)........

ആഘോഷ ദൈർഘ്യവും
"നൂറായിരം" സബ് കമ്മറ്റികളും  :
പൊലിമ രണ്ട് മാസത്തിലധികം നീണ്ടു പോയിട്ടുണ്ട്.  കുറച്ചു കൂടി friendly atmosphere ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. അത്ര വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

മരണം, വിവാഹം, മറ്റു ചടങ്ങുകൾ, അപകടങ്ങൾ തുടങ്ങിയ സംഭവള്ളുണ്ടായാൽ അത് പ്രധാനമാണ്. മാത്രവുമല്ല ഇതൊരു Remote ഏരിയയും. പൊലിമ സർക്കാർ പരിപാടിയല്ല. ഒരു ചുറ്റുവട്ടത്ത് ചുറ്റിപ്പറ്റിയുള്ളത്. കുറെ വലിച്ചു നീട്ടി കൊണ്ട് പോയാൽ ഏതെങ്കിലും ഒന്നിൽ ഉടക്കി നിന്നാൽ മുന്നോട്ട് കൊണ്ട് പോവുക പ്രയാസം.

സൗഭാഗ്യമെന്ന് പറയട്ടെ, പൊലിമയ്ക്കിടയിൽ അങ്ങനെ വലുതായി പ്രയസമുണ്ടായില്ല. ജനസംഖ്യാ സാന്ദ്രത കൂടുതലുള്ള ഒരു ലൊക്കാലിറ്റിയിൽ ഈ അവസ്ഥ തന്നെ എപ്പഴുമുണ്ടായിക്കൊള്ളണമെന്നില്ല. ഇനിയുള്ള പൊലിമകളിൽ പത്ത് ദിവസത്തിൽ എല്ലാ ആഘോഷവും ഒതുക്കുന്നതാകും ഭംഗിയും പ്രായോഗികവും.

കഴിഞ്ഞ സ്വാഗത കമ്മറ്റി കണ്ടില്ലേ? അത്ര വേണ്ടിയിരുന്നില്ല. സബ് കമ്മറ്റികളും അങ്ങിനെ തന്നെ. ചലനങ്ങൾ ചെറുതായെങ്കിലുമുണ്ടാകുമെന്ന തോന്നലിലങ്ങിനെ ഉണ്ടാക്കേണ്ടി വന്നു. ഞാൻ കമ്മറ്റിയിലില്ല, പിന്നെന്ത് വെച്ചാണ് പ്രവർത്തിക്കുക എന്ന വഴുവഴുപ്പൻ പറച്ചിലിൽ നിന്നൊഴിവാകാനാണ് കമ്മിറ്റികൾക്ക് നീളം കൂട്ടിയത്. ഞാനുണ്ടോ എന്ന് നോക്കാനുള്ള നോട്ടിസ് ബോർഡായി തീർന്നത് മാത്രം മിച്ചം. ( എങ്കിലും സബ് കമ്മറ്റികൾ അത്യാവശ്യം വേണം താനും)

മറ്റൊരു കാരണം ഇതൊക്കെ ഇവിടെ ഉണ്ടെന്നറിയിക്കുക എന്ന വമ്പ് പറച്ചിലിന്റെയും Complex ന്റെയും ഭാഗമാണാ ജംബോ കമ്മറ്റികൾ ഉണ്ടാക്കിയത്.  തുടക്കമെന്ന നിലയിൽ ആവശ്യമായിരുന്നു താനും. പക്ഷെ,  കൂടിയാലോചനക്കിരുന്നത് വളരെക്കുറച്ചു കമ്മറ്റികൾ മാത്രമായിരുന്നു എന്നതാണ് വാസ്തവം.

മൂന്നാമത്തെ കാരണം: പത്രവാർത്ത കൊടുക്കുമ്പോഴും പത്രസമ്മേളനം നടത്തുമ്പോഴും മാധ്യമ പ്രവർത്തകർ ആദ്യം ഈ കമ്മറ്റിയുടെ വലിപ്പമൊക്കെ നോക്കിക്കളയും. അതിൽ കുറച്ച് വായിൽ കൊള്ളാത്ത ഇനങ്ങൾ കണ്ടാൽ വലിയ കാര്യമായി കണ്ട് മീഡിയ കവറേജും കൊടുത്തു കളയും. അവർക്കിടയിലെ ഒരന്ധവിശ്വാസത്തിൽ പെട്ടതാണിത്. അങ്ങിനെ വരുമ്പോൾ  Sub C കൾ വലുതായി വെട്ടിക്കുറക്കുന്നതും അഭികാമ്യമല്ല.

ഇവയുടെ കോർഡിനേഷൻ നടക്കാത്തതും പരാജയമായി. അതിന്റെ പ്രധാന കാരണം യോഗം ചേർന്നല്ല ഉത്തരവാദിത്വം ഏൽപ്പിച്ചതെന്നതാണ്. അങ്ങിനെ ചേർന്നാണ് ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നതെങ്കിലോ , മറ്റെന്തെങ്കിലുമൊരു കാരണം കോർഡിനേഷൻ നടക്കാത്തതിന് ഉണ്ടാകുമായിരുന്നു. കോർഡിനേഷൻ വർകൗട്ടാകണമെങ്കിൽ അങ്ങിനെ ഒരു ഉത്തരവാദിത്വ ബോധത്തിലേക്ക് ചുരുങ്ങിയത് Sub C തലപ്പത്തുള്ളവർ എത്തുകയും ചെയ്യണമല്ലോ. വരും വർഷങ്ങളിലും ഇതൊരു പ്രഹേളിക തന്നെയാണ്.

........... (6)........

ഓർമ്മ വരുന്നത് എഴുതുകയാണ്. തർതീബായി ഒന്നിന് പിറകെ ഒന്നായുള്ള എഴുത്തല്ലിത്.

പൊലിമയിൽ ഞാനൊക്കെ പ്രതീക്ഷിച്ച ഒരു കളക്ഷൻ തുകയുണ്ട്.  കുറഞ്ഞത് 1.5 മില്യൻ രൂപ. അതാ കമ്മറ്റി ഇറങ്ങേണ്ട രൂപത്തിൽ ഇറങ്ങിയിരുന്നെങ്കിൽ കിട്ടുകയും ചെയ്യാമായിരുന്നു. പക്ഷെ, അങ്ങിനെ  നടന്നില്ല.

ഈ കിട്ടുന്നത് മുഴുവൻ പൊലിമക്ക് ചെലവഴിക്കാനല്ലെന്ന് എല്ലാവർക്കുമറിയാമായിരുന്നു. പൊലിമ ചെലവിന്റെ ഭാഗത്തേക്ക് തലയെത്തി നോക്കിയവർക്കതറിയാം. ഖജനാവ് MA മജീദിന്റെ കയ്യിലാണ്. അയാളുടെ അടുത്ത് ചെലവഴിച്ച കാശിന്റെ കണക്ക് ബോധ്യപ്പെടുത്താൻ ചെറിയ Home work അല്ല വേണ്ടിയിരുന്നത്.  ഒറിജിനൽ റസിപ്റ്റ് സമർപ്പിക്കുക മാത്രമല്ല ആദായനികുതിക്കാരെ പോലെ,  100 ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള തയാറെടുപ്പോടെയാണ്  ചെലവാക്കിയ പൈസ റി ഇൻബേർസ് (കയ്യിന്ന് ചെലവഴിച്ച പൈസ തിരിച്ചു കിട്ടാൻ ) ചെയ്യാൻ മജിദിന്റെ അടുത്ത് ഞങ്ങൾ പോയിരുന്നുള്ളൂ. അത്ര സൂക്ഷമത ഉത്തരവാദപ്പെട്ടവർ കാണിച്ചിരുന്നു.

അത് കൊണ്ട് തന്നെ ബാക്കി സംഖു ബാലൻസായി ബാങ്കിലുണ്ടായിരുന്നെങ്കിൽ പൊലിമ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ തിരുമാനിച്ചത് പോലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നല്ലൊരു സംഖ്യ കിട്ടുമായിരുന്നു.

നടന്നത് ഗൾഫിൽ ഒരു പിരിവ്. അതും എല്ലായിടത്തും അത്ര സീരിയസായി പിരിവു നടന്നുമില്ല. നാട്ടിൽ തിരെ നടന്നില്ല എന്ന് ഞാൻ പറയും. ഫുട്ബോൾ ടൂർണമെൻറ് കാണാൻ വന്നവരിൽ നിന്നും പിന്നെ ഒന്ന് രണ്ട് കല്യാണ സദസ്സിൽ നിന്നും ചിലരെ കണ്ടെന്നല്ലാതെ ഒരുങ്ങിയിറങ്ങി ഒരു കളക്ഷൻ നടന്നില്ല.

ചോദിച്ചവരോടൊന്നും കൂടുതൽ വിസ്തരിക്കേണ്ടി വന്നില്ല. അവർ മോശമല്ലാത്ത തുക തരാൻ തയാറായിരുന്നു. അത്യാവശ്യം, തൃപ്തികരമായ തുക തന്നെയാണ് എല്ലാവരും തന്നതും. പക്ഷെ, ദൗർഭാഗ്യകരം,  75%
പേരെയും ഈ വിഷയത്തിൽ കാണാനോ ബന്ധപ്പെടാനോ ഒന്നും  നമുക്കായില്ല.  മടി കാരണം, ക്ഷേമ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കാവുന്ന 1 മില്യണിലധികം രൂപയാണ് അങ്ങിനെ നമുക്ക്  ഏറ്റുവാങ്ങാൻ പറ്റാതെ പോയത്.

സത്യം പറഞ്ഞാൽ വളരെ ശക്തമായ ഫൈനാൻസ് വിംഗ് (Fund Rising) ആയിരുന്നു അന്ന് രൂപികരിച്ചത്. എല്ലാ തരത്തിലുള്ള പ്രതിനിധ്യവും ആ Sub C യിൽ  ഉണ്ടായിരുന്നു. എന്തോ പ്രതീക്ഷിച്ച കർമ്മോത്സുകത ആ വിംഗിൽ നിന്നു കാണാൻ എനിക്ക് സാധിച്ചിട്ടില്ല. ഫണ്ട് റൈസിംഗിന്റെ പ്രത്യേകത, അതവതരിപ്പിക്കുന്ന വ്യക്തിയുടെ/ വ്യക്തികളുടെ പ്രസന്റേഷൻ സ്കില്ലും വ്യക്തി ബന്ധങ്ങളും പിന്നെ വിശ്വാസ്യതയുമാണ്.

ഇവിടെ നടന്നത് എന്തെന്നോ?  ചോദിച്ചാൽ കൊടുക്കാൻ വേണ്ടി കണക്കു കൂട്ടിയവർക്ക് പക്ഷെ, തങ്ങളുടെ പാക്കട്ടി ഒരിക്കലും തുറക്കേണ്ടി വന്നില്ല എന്നത് മാത്രമാണ്.

........... (7)........

പ്രോഗ്- സിക്ക് പറ്റിയത്, പറ്റേണ്ടത്, പറ്റിപ്പിടിച്ചത് :

പൊലിമയിൽ വന്നുപെട്ട തെറ്റുദ്ധാരണയാണ് പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തന പരിധി. അത് പ്രതിരോധിക്കാനോ തിരുത്താനോ ബന്ധപ്പെട്ട Sub C വലുതായി തയ്യാറായില്ല.

പൊലിമ തുടക്കം മുതൽ Prog C ഉണ്ട്. പിന്നെപ്പിന്നെ അതിൽ Apt എന്ന് തോന്നിയ ചില ആളുകളെ ഉൾപ്പെടുത്തി. 2 മാസത്തിലധികം നടന്ന എല്ലാ പ്രോഗ്രാമുകളുടെയും ഒരു പങ്ക് Prog C ക്കുള്ളതാണ്. അത്യാവശ്യം വലിയ തെറ്റില്ലാതെ സെഷനുകൾ ഈ ദിനങ്ങളിൽ മുന്നോട്ട് പോയി. പക്ഷെ, അതിന്റെ രക്ഷകർതൃത്വം പറയാൻ Prog C ക്കാർ ഒരിക്കലും ശ്രദ്ധിച്ചുമില്ല.

ചിലർ Prog c എന്ന് കരുതിയതോ കണക്കു കൂട്ടിയതോ ആകട്ടെ,  പൊലിമവസാന ദ്വിദിന പരിപാടികൾക്ക് മാത്രം നേതൃത്വം നൽകുന്നവരെന്നാണ്. ഇത് മണം പിടിച്ചു മനസ്സിലാക്കാൻ ഉത്തരവാദിത്വപെട്ടവർക്കായില്ല. ആയിരുന്നുവെങ്കിൽ അങ്ങിനെയല്ലെന്ന് ബോധ്യപ്പെടുത്താൻ Prog C ക്കാകുമായിരുന്നു.
ഫലമോ ?പൊലിമയുടെ മൊത്തം പരാതികൾ Prog C യുടെ തലയിലിറക്കി വെക്കുന്ന സാഹചര്യത്തിലേക്കെത്തിച്ചു.

അവസാന രണ്ടു ദിന പരിപാടികൾ എങ്ങിനെ ആയിരിക്കണമെന്നതിനെ കുറിച്ച് രണ്ട് മൂന്ന് സാധ്യതാ ചാർട്ടുകൾ നേരത്തെ ഉണ്ട്. അതെ സമയം, ആഴ്ചകൾക്ക് മുമ്പേ നാട്ടുകാരിൽ നിന്ന് പേരുവിവരങ്ങൾ ആവശ്യപ്പെട്ടു നിരന്തരം നോട്ടീസുകൾ ഓൺലൈനിൽ വന്നു കൊണ്ടിരുന്നു. അത് ഓൺ' ലൈനിൽ മാത്രമൊതുക്കിയോ ഒതുങ്ങിപ്പോയോ എന്നും സംശയമില്ലാതില്ല. എങ്ങിനെയായാലും ഒരു കലാകാരനെങ്കിലും ഒരു ഇനത്തിലെങ്കിലും പേര് നൽകേണ്ടതല്ലേ ? അങ്ങിനെ പേരു വിവരങ്ങൾ തന്നാലല്ലേ അന്നത്തെ ദിവസങ്ങളിലെ സ്പഷ്യൽ Prog ചാർട്ട് പ്രസിദ്ധീകരിക്കുവാൻ സാധിക്കുകയുള്ളൂ ?

അങ്ങിനെയൊരു List കിട്ടാതിരിക്കുമ്പോൾ പിന്നെ എന്താ പരിഹാരം ? ആ പരിഹാര നിവൃത്തിയാണ് പിന്നെ നടന്നത് - ഉള്ളത് കൊണ്ടോണം. അത് നടന്നു. നടത്തേണ്ടി വന്നു. നടത്താതിരിക്കാൻ പറ്റില്ലല്ലോ. എന്തെങ്കിലുമൊരു സ്പെഷ്യൽ വേണമല്ലോ - പ്രൊഫഷനൽ ഗായക സംഘം വന്നു. മായാജാലം വന്നു. മൂന്ന് സാംസ്കാരിക സെഷനുകൾ മൂന്ന് നേരങ്ങളിലായി  മന:പൂർവ്വം ഗംഭിരമാക്കി നടത്തി. കൺകെട്ട് പരിപാടികൾ നടത്തി. പാചക പൊലിമയ്ക്കും മൈലാഞ്ചി പൊലിമയ്ക്കും അമിത പബ്ലിസിറ്റി നൽകി. അവസാനം ചില എതിർപ്പുകൾ അവഗണിച്ചു കൊണ്ട് കതിനാപ്പൊലിമയ്ക്ക് ആകാശ വിരുന്നൊരുക്കാൻ സമ്മതിക്കുകയും ചെയ്തു. നാട്ടാഘോഷപര്യവസാനം അങ്ങിനെ ഊതിപ്പാറേണ്ട അപ്പൂപ്പൻ താടിയാകരുതല്ലോ. Prog C ക്ക്  അങ്ങനെയൊരു  സക്രിയതയുടെ  അവസാന പുറങ്ങളുണ്ട്.

ആ രണ്ടു ദിവസം Prog C യെ ഏറ്റവും കൂടുതൽ സഹായിച്ചതു Publicity C യും പ്രധാന ഭാരവാഹികളുമായിരുന്നു. മാത്രവുമല്ല Prog C യിൽ പെടാത്ത ഏതാനും പേർക്ക് ആ രണ്ടു ദിവസങ്ങളിലെ പ്രധാന സെഷനുകളുടെ ഉത്തരവാദിത്വം  നൽകുകയും ചെയ്തിരുന്നു.

ഇവയടക്കം ബോധ്യപെടുത്താനും  കാരണമില്ലാ പരാതികൾ മുൻകൂട്ടി കാണാനും അവയുടെ നിജസ്ഥിതി അറിയിക്കാനും Prog C തയ്യാറെടുപ്പുകൾ നടത്തിയില്ല എന്നത് കുറവാണ്.

സ്റ്റേജ് പ്രോഗ്രാം എന്ന് പറയുന്നത് ചില്ലറ വിഷയമല്ല. ഉദാ: ഒരാൾ,  ഒറ്റയ്ക്ക്,  സംഗീതോപകരണങ്ങളുടെ പശ്ചത്തലത്തിൽ ഒരു വലിയ പുരുഷാരത്തെ കണ്ണഞ്ചിപ്പിക്കും  വെളിച്ചം വിതറുന്ന ഒരു സ്റ്റേജിൽ ഒരു പാട്ടു ഭംഗിയായി പാടണമെങ്കിൽ  നല്ല പരിശീലനവും മന:ക്കരുത്തും ആത്മധൈര്യവും വേണം. പറയുന്നവർക്ക് പറയാം - നീ നല്ല പാട്ടുകാരനല്ലേ, കല്യാണസദസ്സിൽ പാടുന്നത് കാണാറുണ്ടല്ലോ, ഒന്ന് പാടിയേ എന്ന്. Prog C യുടെ അനുമതി വാങ്ങി അറിയുന്ന പാട്ടു പാടാൻ ഒരുപാട് വട്ടം സമാപന ദിവസം സംഘാടകർ ഒന്ന് - രണ്ട് ഇശൽ പൊലിമ ഗായകരോട്  ആവശ്യപ്പെട്ടപ്പോൾ അവർ നിസ്സഹയതതോടെ കൈ മലർത്തിയത്  ഇങ്ങനെ - "ഇത്ര വലിയ സദസ്സിനെ അഭിമുഖീകരിക്കാൻ എനിക്ക് വയ്യ. സ്റ്റേജ് ഫിയറിംഗ് അലട്ടും. നാക്കു വരളും ". കലയെ കുറച്ചെങ്കിലും ഗൗരവമായി കാണുന്നവർക്കേ അങ്ങിനെ തുറന്നു പറയാൻ സാധിക്കൂ.

ഒന്ന് ശരിയാണ് അവസാന രണ്ടു ദിവസത്തെ സ്റ്റേജ് പരിപാടിക്ക് നാട്ടുകലാകാരന്മാരെ മാത്രം സംഘടിപ്പിച്ചു കലാപരിപാടികൾ ( Maximum രണ്ട് മണിക്കൂർ) നടത്താൻ ഒരു Additional Wing പ്രൊഗ്രാം കമ്മറ്റിയുടെ കീഴിൽ നേരത്തെ തന്നെയുണ്ടാക്കി പരീക്ഷണം നടത്താമായിരുന്നു. ഒരു ഏകാങ്കവും കൊണ്ട് പട്ലയിലെ ഒരു കലാകാരൻ തേരാപാര നടന്നത് പലവുരു ഇവിടെ അയാൾ തന്നെ ടെക്സ്റ്റിട്ട് നിസ്സഹായതയും അമർഷവും അറിയിച്ചത് മുന്നിൽ വെക്കുമ്പോൾ, അത്ര വലിയ പ്രതീക്ഷക്കും വകയില്ലെന്നാണ് തോന്നുന്നത്. പിന്നെ, വാട്സപ്പിൽ മിമിക്രിയും സൂപർ ഡയലോഗും പ്രസംഗവും പാട്ടും നടത്തുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ ഒരു വലിയ സ്റ്റേജിൽ കലാപരിപാടികൾ നടത്തുക എന്നത്. ഇതിന് നന്നായി മെനക്കെടണം. സമയം കണ്ടെത്തണം. ഉറക്കം നീട്ടിവെക്കണം. ഇതിനിടയിലെ വിരുന്നും വിസ്താരവും ഒഴിവാക്കണം.  വിട്ടുവീഴ്ച വേണം. മറ്റു കലാകാരന്മാരെ ഉൾക്കൊള്ളണം. നല്ല നിർദ്ദേശങ്ങൾ കേൾക്കാൻ തയ്യാറാകണം. അതിലെ നേതൃത്വത്തെ അംഗീകരിക്കണം. സർവ്വോപരി Prog C യുടെ പ്രതിനിധികളുടെ മുമ്പിൽ ട്രയൽ അവതരിപ്പിച്ചു കാണിക്കാനുള്ള സന്മനസ്സും വേണം.  ഒഎസ്എ ഡേകൾ ഓർമയിൽ തങ്ങി നിൽക്കുന്നത് വെറുതെയെന്ന് നിങ്ങൾ കരുതിയോ ? അതിന്റെ പിന്നിൽ ഒരു പാട് പ്രയത്നങ്ങളുണ്ട്, നടേ എണ്ണിയെണ്ണി പറഞ്ഞ സംഗതികൾ ഒന്നൊഴിയാതെയുമുണ്ട്. ബേക്ക തൊല്ലീറ്റ് ബായ്ക്ക്ട്ന്ന ലാഘവം ഒന്നിനുമില്ലന്നറിയുക, പ്രത്യേകിച്ച് സ്റ്റേജിന പരിപാടികൾക്ക്.

ഇവ വളരെ വ്യക്തമായി ബോധ്യപ്പെടുത്തേണ്ട രൂപത്തിൽ ബോധ്യപ്പെടുത്തി  പട്ലയിലെ കലയോട് താത്പര്യമുളളവരെ  ട്രാക്കിൽ കൊണ്ടുവരാൻ ഒരു ശ്രമം Prog C നേതൃത്വം ചെയ്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആശിക്കുന്നു. ഇനിയും ചെയ്യാം, കല നിത്യവസന്തമാണല്ലോ

........... (8)........

Passive Sub C കൾ :

അധികമായാൽ അമൃതും വിഷമാണല്ലോ. ഒരു ചന്തത്തിന് കുറച്ച്  Passive Sub C കൾക്ക് രൂപം നൽകിയിരുന്നു. Passive എന്ന് വെച്ചാൽ ഡക്കറേഷനില്ലാതെ പറയാം -  ഉറക്കം തൂങ്ങി എന്ന് തന്നെ. Active ന് വിപരീതം. പ്രവർത്തിക്കണ്ട എന്ന് കരുതിയല്ല അവ ഉണ്ടാക്കിയത്. പ്രവർത്തിച്ചാൽ പൊലിമക്കതൊരു ബോണസ്. ഇല്ലെങ്കിലോ പൊലിമക്കൊട്ടു നഷ്ടവുമില്ല, കോട്ടവുമില്ല.

ചന്തം എന്ന് വെച്ചാൽ ഇങ്ങനെയാണ്. അതായത്, പുറത്തുള്ളവർ കാണുമ്പോൾ - ആഹ ഹഹാ, കൊള്ളാലോ. എന്തൊക്കെ ഐറ്റംസ് സബ് കമ്മറ്റികൾ. സാധാരണ ആഘോഷക്കമ്മിറ്റിയിൽ കാണുന്ന സ്ഥിരം ബറ്റുംത്തെളി - ചമ്മന്തി കമ്മറ്റികളല്ല പൊലിമ കമ്മറ്റിയിൽ. കുറച്ചൂടെ വെറൈറ്റീസുണ്ട്. പുറത്ത് ജോലിക്കാർക്കും ഏർപ്പാടുകാർക്കും അതൊക്കെ കാണുമ്പോൾ ഒരു സന്തോഷം. പത്രക്കാരാകട്ടെ ന്യൂസ് വലിച്ചു നീട്ടി കൊടുക്കുകയും ചെയ്യും. ഇതാണത്തരം അപ്പത്തരങ്ങളുള്ള സബ് - സികൾ കൊണ്ട് കാര്യം, ഗുണം, ഉപകാരം.

ഇനി അഥവാ ഈ റിസർവ്ഡ് Sub C കൾ ഇറങ്ങി പ്രവർത്തിച്ചാലോ ? നെയ്യപ്പം ചുട്ട സുഖവും കാര്യവും. ഉഷാർ, കുശാൽ. കുസാൽ കി മുൻ തിരി.

നമ്മുടെ പൊലിമയിൽ  ഉ. തൂ. സബ്സികളുടെ എണ്ണം കുറച്ചു കൂടിപ്പോയി. അതാകട്ടെ മറ്റു പ്രവർത്തിക്കുന്ന സബ്സികളുടെ പണി മന്ദഗതിയിലാക്കി.  കോഴി വസന്ത പോലെ ഒന്നിൽ നിന്നും മറ്റൊന്നിലേക്കത് പകരാനിടയാവുകയും ചെയ്തു. "ഓറൻങ്ങ്ന്ന്ല്ലാലോ, പിന്നെ ഞമ്മൊ അൻങ്ങേണ്ടെ ക്വാക്കെന്തേ " എന്ന കുഴിമടിസിദ്ധാന്തമത് കാരണം work out ആകാൻ ചിലയിടങ്ങളിൽ വഴി വെച്ചു.

ശരിക്കും പൊലിമക്ക് ക്വാക്കിന്റെ (അത്യാവശ്യത്തിന്റെ )  Sub C കൾ മാത്രം മതിയായിരുന്നു സംഗതി നടന്നു കിട്ടാൻ. അഡീഷണൽ ഉത്തരവാദിത്വങ്ങൾ ഇവർക്ക് പിന്നീട് വീതിച്ചു കൊടുത്താൽ മാത്രം  മതിയായിരുന്നു.

അതേ സമയം ചില Passive  Sub C കൾ ഉണർന്നു പ്രവർത്തിച്ചതും വിസ്മരിക്കുന്നില്ല. ബിസ്- പൊലിമ, അത്തർ-പൊലിമ തുടങ്ങിയ സെഷനുകൾ വളരെ മനോഹരമായി പൂമുഖത്ത് നടന്നത് ഓർക്കുമല്ലോ. ഷൈൻ ചെയ്യുമെന്ന് പ്രതീക്ഷിച്ച സെഷനുകളൊട്ടു ചില Sub C കളുടെ ഉറക്കം തൂങ്ങലിൽ നടന്നുമില്ല.  ചില Passive Sub C കളാകട്ടെ ഹയാത്തിലുണ്ട് എന്നെങ്കിലും അറിയിക്കാൻ  കിടന്നിടത്ത് നിന്ന് Just ഒന്ന് എണീറ്റ് നോക്കിയ സന്ദർഭം വരെ ഉണ്ടായില്ല എന്നതായിരുന്നു രസകരവും ഖേദകരവും.

അപര്യപ്തതകൾ ചൂണ്ടികാണിക്കുകയാണ് ഈ തുടർ പംക്തിയിലെ ഉദ്ദേശമെന്നത് കൊണ്ട് മറ്റു വശങ്ങളിലേക്ക് ഇപ്പോേൾ കടക്കുന്നില്ല.

........... (9)........

കായികപ്പോരായ്മകൾ :
1980 കളിലും ഒ എസ് എ യിൽ പ്രശ്നങ്ങൾ തലപൊക്കിയത് കളി (തമാശ) തന്നെ. നല്ല രീതിയിൽ സാമുഹിക സേവനം ചെയ്തിരുന്ന ഒ എസ് എ യിൽ എപ്പോഴും തലവേദന വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കായിക ഇനങ്ങളാണ്. ചിലപ്പോൾ സംഘാടകർ തന്നെ അതിൽ പരിസരവും പണിയെടുത്തതും മറന്നു വില്ലൻ റോളിലുണ്ടാവും. ഒരു വർഷം കായിക ഇനങ്ങളും OSA വാർഷികാഘോഷവും വേണ്ടാന്ന് വെച്ചത്  ഹൗസ് തിരിച്ചുള്ള ക്രിക്കറ്റ് കളിക്കിടെ അമ്പയറെടുത്ത തീരുമാനത്തിൽ ഔട്ടായ കളിക്കാരൻ സകലം മറന്നിടപെട്ടത് മൂലമാണ്.

അന്നൊക്കെ പഞ്ചായത്ത് ഉത്സവങ്ങൾ നടക്കുമ്പോൾ ഏത് വാർഡിലാണോ ചില കളികൾക്ക് മുൻതൂക്കം നൽകുക അവിടെയാണ് ആ കളിക്ക് വേദിയാവുക. വേദിയാവുക എന്ന് വെച്ചാൽ ഉർഡലും പുഡിയും ആവുക എന്നർഥം. കബഡി കൂടൽ, ഉളിയത്തട്ക്ക പാടത്തും, വോളി പട്ല, ചൂരി ഭാഗത്തും ക്രിക്കറ്റ് മായിപ്പാടിയിലും നടക്കും. ഒരു തല്ലുണ്ടാകാൻ എല്ലായിടത്തും ഒരു അൽസാ (അലമ്പു) ടീമുമുണ്ടാകും. ആദ്യം അടി റഫറി / അമ്പയർക്കായിരിക്കും. (ഇവിടെ ഒരു വട്ടം വോളിറഫറിയെ കസേരയും സ്റ്റൂളുമടക്കമാണ് വലിച്ചു താഴെയിട്ടാണ് പെരുമാറിക്കളഞ്ഞത്.) എല്ലാം സ്പാർട്സ്മാൻ സ്പിരിറ്റിലെടുക്കണമെന്ന് പറഞ്ഞു അന്നും കളി തീരുമ്പോൾ ആ സൗ(100) മനസ്യർ പൊരുത്തപ്പെടീച്ചു കളം വിടുമായിരുന്നു.

2017 ൽ കുറച്ചെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതണമല്ലോ. കളി TV യിൽ മാത്രമല്ല, നേരിട്ടു പോയിക്കണ്ടും പ്രൊഫഷണൽ ടച്ചോടെ സംഘടിപ്പിച്ചും പരിചയിച്ച മുഖങ്ങൾ പട്ലയിൽ ധാരാളമുണ്ടായിരുന്നു താനും. അത്പോലെ  നല്ല ഇരുത്തം വന്ന Sub C സഹായിക്കുവാനും.

പക്ഷെ ധാരണ തെറ്റി. എന്നിട്ടോ ?  സംഗതി ബട്ടട്ടെയായി. കളി പിടുത്തം വിട്ടു. അൽസെന്റെ കളിയോട് കളി. ആദീപൂതീലെക്ക് വേണ്ടി മാത്രം ആർപ്പു വിളി. പോയിന്റ് വീതിച്ചു കൊടുക്കാൻ ആളുകളെ ഏർപ്പാടാക്കേണ്ടി വന്നു. ഇടക്ക്  ഏതെങ്കിലും  പാമ്പുകളിയോ കട്ടക്കളിയോ ചതുരംഗമോ ബാഡ്മിന്റണോ നേരെ ചൊവ്വെ  വലിയ പരിക്കില്ലാതെ തീർന്നാൽ മാത്രം  അങ്ങിനെ വല്ലപ്പോഴും ത്വഹൂറായ പോയൻറ് കിട്ടുമെന്ന് മാത്രം.

പണ്ടൊക്കെ ഒ എസ് എ ഗെയിംസിൽ  എത്ര കുൽമാലുണ്ടായാലും സ്പാർട്സ് ഡേ ഒരു വിധം പരിക്കും പരാതിയുമില്ലാതെ തിരുമായിരുന്നു.   പൊലിമയിൽ ഉണ്ടായിരുന്ന  14 ഐറ്റം സ്പോർടിസിലും പദ്നെട്ടൂറി അൽസാക്കി. പ്രായം നോക്കാൻ പാസ്പോർട്ടെത്തിയിട്ടും ആധാർ കാർഡെന്ന ആവശ്യം വരെ മറുടിമുകൾ ഉന്നയിച്ചു കളഞ്ഞു. ജില്ലാ സ്കൂൾ സ്പോർട്സ് ഡേ നിയന്ത്രിച്ച കായികാധ്യാപകർ പ്രശ്നം തീർക്കാൻ  മതിയാകാതെ വന്നു. For the God Sake, പട്ച്ചോൻ കാത്തു - വീതം വെപ്പ് അവിടെയുമൊരാശ്വാസമായി !

ഒരു ബഹളമില്ലാത്ത എന്നാൽ തികച്ചും നാട്ടിൻപുറത്തെ  നിഷ്ക്കളങ്കതയോടെ ആർപ്പുവിളിയോടെ, മൈക്കും പെട്ടിപ്പാട്ടുമായി, തൂങ്ങുന്ന മൈസൂറൻ കുലയുടെ മണത്തിൽ, പുല്ല് എഞ്ചോയ് ചെയ്ത, വളരെ നല്ല നിലയിൽ തീർന്ന ഗെയിംസ് വേറെ  ഉണ്ടായിരുന്നു - പഞ്ചഗുസ്തി, ചാക്കിൽ ചാട്ടം, പേക്രോത്തുള്ളൽ. പിന്നെ മൗനം മജ തിർത്ത ചെസ്, കട്ട, പുള്ളിക്കുത്ത് മത്സരങ്ങൾ. അതിന്റെ കൂടെ അപ്പച്ചെണ്ട്, ഗോരി, പല്ലിക്കുത്ത്, കുട്ടിംദാണെ, കുണ്ടക്കാലാദി ഉൾപ്പെടുത്തി ഇനിയുള്ള പൊലിമയിൽ ഗെയിംസിനങ്ങൾ നാടനിലൊതുക്കിയിരുന്നെങ്കിലെന്ന് .....!

കളി കർളിലെടുക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽ തീർക്കാൻ പറ്റുമെന്ന  ചങ്കിൽ തറച്ച നിയ്യത്ത് കളി തുടങ്ങുമ്പോൾ മാത്രമല്ല അത് സലാം വീട്ടും വരെ ഉണ്ടെങ്കിലേ കാര്യമുള്ളൂ. വെടിക്കെട്ട് കാണാനെങ്കിലും Sports & Games ഇനങ്ങൾ നിലനിൽക്കണ്ടേ?  അതിലെ വിജയികളാണല്ലോ പൊലിമാക്കതിന കത്തിച്ചു തീർക്കുന്നതും പൊലിമയ്ക്ക് വർണ്ണ രാജി ഒരുക്കി സമാപനം കുറിക്കുന്നതും.

അല്ലാതെ സംഘാടകരാരും ഹൗസ് മെമ്പർമാരാകരുത് എന്നൊക്കെ (വി)വാദം പറഞ്ഞാൽ 500 അംഗ സ്വാഗത കമ്മിറ്റിക്കാർ പുറം കാഴ്ചക്കാരും പെയിൻറടിക്കാൻ വന്ന ബംഗാളി - കാമാട്ടി - മധുരവാസികൾ മത്സരിക്കാൻ പേര് കൊടുക്കാനുമായാൽ ബെഡി ആരി പൊട്ടിക്കും ? ബെഡി മേങ്ങാൻ  കോൻ ദേഗാ പൈസ ?

അവസാന ഭാഗം

........... (10)........

വിരാമം :
ഇങ്ങിനെ ഒരുപാടു എഴുതാനുണ്ട്. പത്ത് ദിവസമായില്ലേ വായിക്കാൻ തുടങ്ങിയിട്ട്. 10 ലക്കത്തിലധികം വേണ്ടെന്ന് കരുതി ഈ പോരായ്മപ്പരമ്പര ഇന്നത്തെ കുറിപ്പോടെ  നിർത്തുകയാണ്.

കുറിപ്പുകാരന്റെ പരിമിതി പറഞ്ഞാണ്  ഈ പരമ്പര തുടങ്ങിയത്. അത് പോലെ  മറ്റൊരബദ്ധം  കൂടി  സൂചിപ്പിച്ച്  ഇതിവിടെ ഫുൾ സ്റ്റോപ്പിടുന്നു.

സമാപന സ്വാഗത പ്രസംഗം:
അവസാന ദിവസത്തെ 3 സ്വാഗത പ്രസംഗങ്ങൾ - അതായിരുന്നല്ലോ അവസാന വിവാദം. ജനറൽ കൺവീനർ മൂന്ന് സ്വാഗതം പറയേണ്ടിയിരുന്നില്ല, ബാക്കി രണ്ട് മറ്റുള്ളവർക്ക് പകുത്ത് നൽകാമായിരുന്നു എന്ന്.

അങ്ങിനെ സംഭവിച്ചത് കൊണ്ട് വ്യക്തിപരമായി  കുറച്ചു സൗഹൃദങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ബലമുള്ള സൗഹൃദങ്ങളിൽ ചിലവയിൽ  കുറച്ചു വിള്ളലുമുണ്ടായി. കണ്ടാൽ വിള്ളലില്ല. എന്നാൽ ഉണ്ടെന്നുള്ളത് പകൽ പോലെ വ്യക്തമാണുതാനും.  അങ്ങനെയങ്ങനെ ചിലത്. ഒപ്പം, കുറിപ്പുകാരന്റെ മേലെ കുറച്ചു സംശയക്കണ്ണുകളും.

ശരിക്കും,  അത്തരം സന്ദർഭങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം നിവൃത്തി ചെയ്യുമ്പോൾ, അയാൾ സകല വിമർശന സാധ്യതകളും Apply ചെയ്ത് തൽക്കാലത്തേക്ക് ഒരു സ്വയം വിമർശകനാകണമായിരുന്നു. എന്നിട്ട്  വിവാദമൊഴിവാകാനെങ്കിലും സ്വയമന്നേരം മാറി നിൽക്കുകയും ചെയ്യണമായിരുന്നു.

ഒരേ സെഷനിൽ വരേണ്ട മൂന്ന് അതിഥികൾ മൂന്ന് സമയങ്ങളിൽ വന്നാൽ എന്ത് ചെയ്യുമെന്ന ഒരസാധാരണ ഇഷ്യു ചർച്ചയ്ക്ക് വന്നപ്പോൾ, വൈകുന്നേരത്തെ ആദ്യ സെഷൻ കേമമാക്കുക എന്നായിരുന്നു തീരുമാനം. പിന്നെ, ബാക്കി രണ്ടതിഥികൾ (വരികയാണെങ്കിൽ തന്നെ)  അവരുടെ സൗകര്യത്തിന് വരുന്ന മുറക്ക്, അന്നേരം മെയിൻ സ്റ്റേജിൽ നടക്കുന്ന  പ്രോഗ്രാം തൽക്കാലത്തേക്ക് നിർത്തി വെച്ച് 10 മിനിറ്റ് അതിഥികൾക്കായി വേദി ഒഴിച്ചിടുക. സിംപിൾ ! ഇതാണ് MA മജിദിന്റെ വസതിയിൽ ഏറ്റവും അവസാനം ചേർന്ന യോഗ തീരുമാനം.

ലളിതമായ ചടങ്ങ്. അവർ വരുന്നു. 5 മിനിറ്റ് സംസാരം.  ഏതാനും ചില സമ്മാന ദാനങ്ങൾ നടത്തുന്നു. ഖലാസ്, അതോടെ വേദി ഒഴിയുന്നു. പകുതിക്ക് നിർത്തിയ പ്രോഗ്രാം തുടരുന്നു. സ്വാഗതം ജനറൽ കൺവീനർ, അധ്യക്ഷൻ ചെയർമാനും.

അതിഥികൾ വരുമ്പോൾ വേദിയിൽ നാട്ടിലെ പൗരപ്രമുഖരെയും മുതിർന്നവരെയും സംഘാടക നേതൃത്വത്തിലുള്ളവരെയും ഇരുത്തണമെന്നത് പിന്നിടുണ്ടായ ആലോചനയാണ്. നേരത്തെയുള്ള തിരുമാനത്തിലിതില്ല.

ഒരു ആദരവ്. വേദിക്ക് ഒരു മിണിമിണി. ചെംട്ടച്ചേല്. ഒരുഒരു കളർഫുൾനെസ്സ്,  അതാകാം അപ്പോഴാ വൈകിയ പുതുസു ആലോചനക്ക് പിന്നിലുണ്ടായിരുന്നത്. അവരിലാരും സംസാരിക്കുന്നില്ല. അതിനായി പ്രത്യേക സമയ നഷ്ടമില്ല. ഏറിയാൽ ക്യാമറ മിന്നും.

(ക്യാമറയുടെ കാര്യം പറഞ്ഞപ്പോൾ കൂട്ടത്തിൽ ഒരു വീഴ്ചയായി പിന്നീട് തോന്നിയത് സൂചിപ്പിക്കട്ടെ. പൊലിമ ഒപ്പിയെടുക്കാൻ പ്രൊഫഷനൽ സ്റ്റിൽ ഫോട്ടോഗ്രാഫറെയോ വീഡിയോ ഗ്രാഫറെയോ വെക്കണമെന്ന ചിലരുടെ നിർദ്ദേശം സാമ്പത്തിക അധികച്ചിലവ് എന്ന ഗണത്തിൽ ഉൾപ്പെടുത്തി ഒഴിവാക്കിയത് ശരിയായില്ലെന്ന് ഇപ്പോൾ തോന്നുന്നു. ആയിരക്കണക്കിന് ഫോട്ടോകളും നൂറുകണക്കിന് വീഡിയോസും പൊലിമ FB പേജിൽ ഉണ്ടെങ്കിലും ഇതിന്റെ പ്രത്യേകത ഒന്നു വേറെത്തന്നെയാണ് )

ആദ്യ രണ്ട് സെഷനിലും സ്വാഗതം പറഞ്ഞത് ജ: കൺ, അധ്യക്ഷൻ പൊലിമ ചെയർമാനും. മൂന്നാം സെഷനിൽ മന്ത്രിയെത്തി ദേ, വേദിയിൽ  വന്നിരിക്കുന്നു.  അധ്യക്ഷ സ്ഥാനത്തേക്ക് വാർഡ് മെമ്പറെ ക്ഷണിക്കാൻ അന്നേരം ചെയർമാൻ,  ജ: കൺവീനർക്ക്  നിർദ്ദേശവും നൽകി. ഇനിയഥവാ അവിടെ ചെയർമാൻ മണത്ത അപകടം ജ: കൺ കൂടി മണത്തിരുന്നെങ്കിൽ തന്നെ സ്വാഗത പ്രസംഗ തീരുമാനം മാറ്റാൻ സമയമുണ്ടാകില്ലായിരുന്നു. കാരണം,  സ്വാഗതത്തിന് ഒരാളെ  തപ്പണം, ആൾ കയ്യാപുറമുണ്ടാകണം. അയാൾക്ക് തയ്യാറെടുക്കാൻ സമയവും വേണം. അതസാധ്യം. പക്ഷെ,  അതേസമയം "ചെയർമാൻ സ്വാഗതം പറയട്ടെ" എന്നൊരാശയം  ആ ചെറിയ സമയത്ത്, അപ്പോൾ  രണ്ടു പേരുടെയും   ബുദ്ധിയിലെത്താത്തതാണ് കുരുക്കായത്. അങ്ങനെയായിരുന്നെങ്കിൽ ഈ സംസാരം തന്നെ ഉണ്ടാകില്ലായിരുന്നു.

പക്ഷെ, നേരത്തെ തന്നെ  ഈ വിഷയം ചർച്ചക്കെടുക്കാനോ, അന്നേ ദിവസം സെഷനുകൾ നടന്നു കൊണ്ടിരിക്കെ ഇടക്കിടക്ക് കൂടിയിരുന്ന അവലോകന സിറ്റിംഗിൽ ചൂണ്ടി കാണിക്കാനോ  ജ:കൺവീനർക്കടക്കം സാധിക്കാതെ പോയതാണ് പോരായ്മ.

ഇത്തരം മൈന്യൂട്ട് വിഷയം വരെ ചില നേരങ്ങളിൽ വളരെ പ്രധാനമാണെന്നത് ജീവിതത്തിൽ ലഭിക്കുന്ന വലിയ പാഠങ്ങളിൽ ഒന്നാണ്.

ലേഖന പരമ്പരയുടെ ഉദ്ദേശം:
അപര്യാപ്തതകൾ ചൂണ്ടി കാണിച്ച് കൊണ്ടുള്ള ഇങ്ങനെയൊരു ലേഖന പരമ്പരയുടെ ഉദ്ദേശം എന്താണെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.   പോരായ്മകൾ ഇല്ലാഞ്ഞിട്ടല്ല, പറയാൻ അറിയാഞ്ഞിട്ടുമല്ല പൊലിമപ്പിറ്റേന്ന് പൊതുവിടങ്ങളിലവ പറയാത്തത്. അന്നങ്ങിനെ സ്ഥലകാലബോധമില്ലാതെ    പറയുമ്പോൾ, പൊലിമ നഷ്ടപ്പെടുന്നത് ഒരു നാട്ടാഘോഷത്തിന്റെ മാത്രമല്ല, ഒരു നാടിന്റേതുമല്ല, അതോടൊപ്പം  പൊലിമക്ക് പിന്നിൽ ഊണും ഉറക്കും നഷ്ടപ്പെട്ട് പ്രവർത്തിച്ച ഒരു പാട് സുമനസ്സുകളുടെ ആത്മാർഥതയുടെയും പ്രയത്നത്തിന്റെയും പൊലിമ കൂടിയാണ്. 

പൊലിമപ്പന്തലഴിക്കും മുമ്പുള്ള അത്തരം പയ്യാരം പറച്ചിലുകൾ
'തീയിനാർ ചുട്ട പുണ്ണ് ഉള്ളാറും; ആറാതേ നാവിനാർ ചുട്ട വടു '
(അഗ്നിയിൽ പൊള്ളിയ പുണ്ണിന്റെ ഉള്ള് കരിഞ്ഞേക്കും, പക്ഷേ നാവിനാൽ തീർത്ത പുണ്ണുണങ്ങാതെ കിടക്കുകതന്നെ ചെയ്യും)   എന്ന തിരുക്കുറലിലെ ഈരടികൾ ഓർക്കുന്നോ, ആ വരികൾ  അറം പറ്റിയേക്കുമെന്ന ആശങ്ക എനിക്കും എന്റെ കൂടെ പ്രവർത്തിച്ചവർക്കുമുണ്ടായിരുന്നു.

ഇപ്പോൾ ചെയ്യുന്നത് പക്ഷെ, ഒരു വർഷം കഴിഞ്ഞുള്ള തിരിഞ്ഞു നോക്കലാണ്. മനസ്സുകൾ ഒരു വർഷം പാകമായി. കേൾക്കാൻ എല്ലാ ചെവികളും ഇങ്ങോട്ടു നീളും. അന്നുത്തരവാദിത്വമുണ്ടായിരുന്നവർ വിമർശന മനോഭാവത്തോടെ തന്നെ തങ്ങൾക്ക് പറ്റിയ വീഴ്ചകളും തങ്ങളുടെ ശ്രദ്ധയിൽ പെട്ട വിഴ്ചകളും സുതാര്യതയോടെ  വിലയിരുത്തുമ്പോൾ സ്വാഭാവികമായും അനുവാചകരും സഹൃദയരും ശ്രദ്ധിക്കും, ഉൾക്കൊള്ളും. ജാഗ്രത കാണിക്കും.

ഈ വീഴ്ചകൾ,  ഏൽപ്പിക്കപ്പെട്ട  ദൗത്യനിർവ്വഹണത്തിനും ലക്ഷ്യപ്രാപ്തിക്കും തടസ്സമാകരുതെന്ന സദുദ്ദേശം ഒന്ന് കൊണ്ട് മാത്രമാണ്   അവയൊക്കെയും ഒരു വശത്തേക്ക്  തൽക്കാലം മാറ്റി വെച്ച് അന്നാ സംഘാടകർ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ പൊലിമപ്പെരുക്കവുമായി  മുന്നോട്ട് പോയത്.

സൗഹൃദങ്ങളേ, ഈ പെർഫക്ഷൻ - സമ്പൂർണ്ണത - എന്നൊന്ന് ഭൂലോകത്ത്,  ഇദ്ദുനിയാവിലില്ല കെട്ടോ. കുഞ്ഞബദ്ധങ്ങളും കുഞ്ഞു പരാതികളും കുട്ടിപ്പരിവട്ടങ്ങളുമൊക്കെ തന്നെയാണ് ഒന്നിനെ മറ്റൊന്നിൽ നിന്നും വ്യത്യസ്തമാക്കുന്നതും ആനന്ദദായകമാക്കുന്നതും. അറിയാതെ ചെയ്ത് പോകുന്നതാണബദ്ധമെന്ന് ആർക്കാണറിഞ്ഞുകൂടാത്തത് ?  അതൊരിക്കലുമിനിയുണ്ടാകില്ലെന്ന് വെറുംവാക്കു പറയാമെന്നല്ലാതെ, കാലം സാക്ഷിയാക്കി, ആർക്കുമുറപ്പു നൽകാനാകില്ല, കട്ടായം.

ഐറിഷ് കവി, Oscar Wilde യുടെ വാക്കുകൾ :
Experience is simply the name we give our mistakes.” ലളിതമായി പറഞ്ഞാൽ, നമ്മുടെ അബദ്ധങ്ങൾക്കുള്ള വിളിപ്പേരിനെയാണ് അനുഭവമെന്ന് പറയുന്നത്.
(അവസാനിച്ചു)

No comments:

Post a Comment