Saturday 19 January 2019

എന്റുമ്മിഞ്ഞ കൺമറഞ്ഞു ! / മമ്മദു

എന്റുമ്മിഞ്ഞ
കൺമറഞ്ഞു !
..............

*മമ്മദു*
..............

ചിലരുടെ ഓർമ്മകുറിപ്പുകൾ എഴുതാനിരുന്നാൽ മൂക്കു കണ്ണടയിൽ കണ്ണുനീർ തട്ടിവീണ് ...

കണ്ണും കണ്ണടയും തുടച്ചു വീണ്ടുമിന്നലെ രാത്രി ശ്രമം നടത്തി, ഇല്ല.... യാത്രക്കിടെ ഇന്ന് രാവിലെ  എഴുതാൻ ഒന്നു കൂടി ശ്രമിച്ചു,  പകുതിക്ക് നിർത്തി...

മമ്മദു -  ഉമ്മ, ഉപ്പ, ഉമുവ കഴിഞ്ഞാൽ എന്നെ അങ്ങിനെ ഒരു പേര് മാത്രം  വിളിച്ചിരുന്നത് ഉമ്മിഞ്ഞ മാത്രം !

അഞ്ചാം വയസിൽ എൻറുപ്പ സ്കൂൾ റിക്കാർഡിൽ എന്റെ പേരു മാറ്റിയതിൽ ഇയ്യിടെ വരെ ഉമ്മിഞ്ഞാന്റെ പരാതി ഒഴിഞ്ഞിരുന്നില്ല, മുഹമ്മദ് നല്ല പേരല്ലേ, ഉപ്പുപ്പന്റെ ഓർമ്മയല്ലേ.. മുക്രിച്ച പേര് മാറ്റിയാലും ഞാൻ വിളിക്കുക മമ്മദു എന്ന് തന്നെ ! (ചിലപ്പോൾ ഉമ്മിഞ്ഞ എന്റുപ്പാനെ മുക്രിച്ചാന്ന് വിളിക്കും. സ്രാമ്പിയിലുണ്ടായിരുന്ന ഏകാധ്യാപ പള്ളിക്കൂടത്തിൽ ഉമ്മിഞ്ഞാക്ക് അറബി അക്ഷരങ്ങൾ പഠിപ്പിച്ചത് എന്റുപ്പയായിരുന്നത്രെ )

മിനിഞ്ഞാന്ന് കുഞ്ഞിപ്പള്ളിയിൽ നിന്നും അസർ നിസ്ക്കാരം കഴിഞ്ഞയുടനെ  ഞാനാ  വീട്ടിലെത്തി. ബഷീർ വീട്ടിലില്ല. പതിവിന് വിപരീതമായി ഇച്ച താഴെത്തന്നെയുണ്ട്. ഉമ്മിഞ്ഞാക്ക് എന്നെ മനസ്സിലായില്ല. ആ മുഖത്തു വല്ലായ്കയുടെ ലക്ഷണം നല്ലോണമുണ്ട്. അന്ന് കുറച്ച് തിരക്കിലായിരുന്ന ഞാൻ ഉമ്മിഞ്ഞാന്റെ  നെറ്റിയിൽ തലോടി  പെട്ടെന്ന് ആ വീട്ടിൽ നിന്നും പുറത്തിറങ്ങി.

സമയം 8:17 PM. മാമാക്ക് ദീനം കൂടി - ഇന്നലെ രാത്രി സബാന്റെ വിളി.  കൃത്യം 9:05 ന്   മൂത്ത പെങ്ങളുടെ ഫോണിൽ നിന്ന്  വാക്കുകൾ ഇടറി, ഉമ്മിഞ്ഞി പൊയ്പ്പോയി ! ഇന്നാലില്ലാഹ് ..

എനിക്ക് 48 കഴിഞ്ഞു, ഞാൻ പെറ്റു വീണത് മുതൽ ഉമ്മിഞ്ഞാക്ക് എന്നെ അറിയുന്നുണ്ടാകണം. അത്രമാത്രം അയൽപ്പക്ക ബന്ധം.  മധുരോദാത്തമായ മാതൃബന്ധം. ഒരുപാടൊരുപാടോർമ്മകൾ ! മറവിയിലകളില്ലാത്ത, ജ്വലിക്കും  പച്ചപ്പോർമ്മകൾ !

ഞങ്ങൾക്ക് അവർ സ്നേഹമായിരുന്നു, വാത്സല്യമായിരുന്നു,  തലോടലായിരുന്നു, നന്മയായിരുന്നു, ആശ്വാസവർഷമായിരുന്നു.

എന്റെ വീട്ടിൽ ആർക്കെങ്കിലും ദീനമായാൽ ഉമ്മിഞ്ഞ വരണം, അവർ എത്തുന്നതോടെ ഏതസുഖവും പമ്പ കടക്കും. അങ്ങിനെയൊരു മാനസികാശ്വാസത്തിന്റെ രസതന്ത്രം അവരും ഞങ്ങളും തമ്മിൽ വർഷങ്ങളായുണ്ട് !

അനിയനോ അനിയത്തിക്കോ ഉമ്മയ്ക്കോ ചെറിയ അസുഖം വന്നാൽ പോലും പാതിരാവിൽ ഞാൻ വാതിൽ മലക്കെ തുറന്ന്, നിലവിളിച്ചു ഇരുട്ടിലേക്കിറങ്ങി, ഉമ്മിഞ്ഞാനെ വിളിക്കാനോടും. അവിടെ വാതിൽ മുട്ടി തിരക്ക് കൂട്ടും. എന്റെ നിലവിളി കേട്ട് ഉമ്മിഞ്ഞ കാര്യം തിരക്കും. എന്നിട്ടവർ ചെറിയ ടോർച്ചെടുത്ത് പുറത്തിറങ്ങും.  രണ്ടു ചുവടു നടന്നു വീണ്ടും തിരിച്ചു അകത്തു കയറും. എനിക്കാണെങ്കിൽ ക്ഷമ തീരെ ഉണ്ടാകില്ല - എന്തിനാ വീണ്ടും തിരിച്ചു പോയത് ? ഞാൻ പിറുപിറുത്ത് അസ്വസ്ഥനായിക്കൊണ്ടേയിരിക്കും. പുറത്തേക്ക് വരുന്ന ഉമ്മിഞ്ഞന്റെ കയിൽ ഒരു കുഞ്ഞു സഞ്ചിയോ പൊതിയോ ഉണ്ടാകും - അതെടുക്കാനാണ് അവർ തിരിച്ചകത്ത് കയറിയത്.    അതിനകത്താണ് ക്ഷീരബലാദി മുതൽ എല്ലാ ജീവൻ രക്ഷാ ഔഷധങ്ങളും ഉമ്മിഞ്ഞ ഒതുക്കി വെച്ചിട്ടുള്ളത്. ഉമ്മിഞ്ഞ വീട്ടിനകത്ത് കയറുന്നതോടെ എല്ലാ അസുഖവും പകുതി പറപറന്നിരിക്കും.
( എത്രയെത്ര വട്ടമാണ് ആ  പാവം ഉമ്മിഞ്ഞയെ ഞങ്ങളങ്ങിനെ ഉറക്കിൽ നിന്നെഴുന്നേൽപ്പിച്ചു ബുദ്ധിമുട്ടിച്ചത് ! )

അവരുണ്ടാക്കി തരുന്ന  ഭക്ഷണത്തിന് രുചി വേറെ തന്നെ, അവരുടെ നാടൻ വൈദ്യത്തിന്, അവരുടെ ആശ്വാസ വാക്കുകൾക്ക് , അവരുടെ തലോടലിന്, എല്ലാത്തിനും ഒരു പ്രത്യേക കൈ പുണ്യം പോലെ.

ഓർമ്മകൾ പിന്നെയും:  ഞാനാ വീട്ടിൽ എപ്പോൾ  പോകുമ്പോഴും, ഉമ്മിഞ്ഞ ഒന്നുകിൽ നിസ്കാര പായയിൽ, അല്ലെങ്കിൽ തുറന്നു വെച്ച ഖുർആനിന്റെ മുന്നിൽ പാരായണ നിർവൃതിയിൽ. എത്ര ഖത്വം അവർ  ഓതി പൂർത്തിയാക്കിയിട്ടുണ്ടാകും - പടച്ചവനറിയാം. നീണ്ടു നിവർന്ന്, മതിലിനോട് ചാരിയിരുന്ന്, തൂവെള്ള കുപ്പായമിട്ട്,  കുഞ്ഞു കിളിവാതിലിൽ കൂടി അകത്ത് കയറുന്ന പകലിന്റെ സൂര്യവെളിച്ചത്തിൽ, സന്ധ്യയ്ക്ക് ഒരു ചിമ്മിനിക്കൂടിന്റെ അരണ്ട തിരിയിൽ,  ആ ഉമ്മ ഉത്സാഹപൂർവ്വം ഖുർആൻ പാരായണം ചെയ്യുന്ന കാഴ്ച കണ്ണീന്ന് മായുന്നില്ല.

എന്റുമ്മാക്ക് ഉമ്മിഞ്ഞ ജീവന്റെ ജീവനായിരുന്നു, ഉമ്മിഞ്ഞാക്ക് തിരിച്ചും. ദിവസത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് വട്ടം എൻറുമ്മാക്ക് ഉമ്മിഞ്ഞയെ കാണണം. ഉമ്മ അധികവുമങ്ങോട്ടാണ് പോവുക. ഒരു ദിവസം ഉമ്മ പോയില്ലെങ്കിൽ എന്നും റേഡിയോ കേൾക്കാനോ പത്രമാസികകൾ വായിക്കാനോ പോകുന്ന എന്നോട് ഉമ്മിഞ്ഞ പരാതിക്കെട്ടഴിക്കും. അന്നുമ്മ പോകുന്നതോടെ ഉമ്മിഞ്ഞയുടെ മുഖം പഴയ പോലെപൂർണ്ണ ചന്ദ്രനായി തെളിയും.

ഇല്ല, തീരില്ല,  എനിക്കെന്റുമ്മിഞ്ഞയെ കുറിച്ചൊരിക്കലും എഴുതിത്തീരില്ല, അതെത്രയെത്ര പായ എഴുതിയാലും, എത്ര പുറമെഴുതിയാലും.

ഒരു സിവിയർ അറ്റാക്ക് വന്ന് ഓപറേഷൻ തിയേറ്ററിൽ നിന്ന് അനസ്തീഷ്യ ഡോക്ടർ മൂന്ന് വട്ടം NO പറഞ്ഞതിനാൽ ശസ്ത്രക്രിയ നടത്താൻ പറ്റാതെ, മരുന്ന് കൊണ്ട്   കഴിയുന്ന എൻറുമ്മ , ഇന്ന് രാവിലെ അടുക്കള ഭാഗത്തുള്ള ഉമ്മറത്തിറങ്ങി, പടിഞ്ഞാറ് ഭാഗത്തേക്ക് കുറെ നേരം നോക്കി  എന്നോടായി ചോദിച്ചു- അതെന്താ ഉമ്മിഞ്ഞാന്റെ വീട്ടിൽ കുറെ ആളുകൾ കൂടിയിരിക്കുന്നത് ? ഇന്നാള്  ബാംഗ്ലൂരിൽ എനിക്കുണ്ടായ  രസകരമായ ഒരനുഭവം കേൾക്കണോന്ന്  പറഞ്ഞ്  എനിക്കവരുടെ ശ്രദ്ധ തെറ്റിക്കേണ്ടി വന്നു. മാപ്പ് ! ഉമ്മിഞ്ഞാ, നിങ്ങളുടെ വേർപാട് വിവരം താങ്ങാനുള്ള കരുത്ത് എന്റുമ്മയ്ക്കുണ്ടാകില്ലെന്ന്  ഭയന്നാണങ്ങിനെ ചെയ്യേണ്ടി വന്നത്. മരിക്കാത്ത ഉമ്മിഞ്ഞയാണ് ഇന്ന് വൈകുന്നേരവും എൻറുമ്മാന്റെ നാവിൽ ! കണ്ണീരടക്കിപ്പിടിച്ച് ഞങ്ങൾ,  കുറെ ആ നല്ലോർമ്മകൾ കേട്ടു !

ഇച്ചാന്റെ, മാഞ്ഞുമുവാന്റെ, മൊയ്തുച്ചാന്റെ, നാസറിന്റെ, പ്രിയപ്പെട്ട ബഷീറിന്റെ ഉമ്മയ്ക്ക്, ഞങ്ങളുടെ ഉമ്മിക്കാക്ക്, എൻറുമ്മാന്റുമ്മിഞ്ഞാക്ക്, ഞങ്ങളുടെ മക്കളുടെ സ്നേഹനിധിയായ മാമാക്ക്, കാരുണ്യവാനായ റബ്ബേ, നീ പൊറുത്തു കൊടുക്കേണമേ, സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ, സദ്ജനങ്ങളോടൊപ്പം അവരെയും ഞങ്ങളുടെ മാതാപിതാക്കളെയും ഒരുമിപ്പിക്കേണമേ.

മൂന്ന് തലമുറകളുടെ ഇഴപിരിയാത്ത  സ്നേഹ ബന്ധ ശൃംഘല [ (1) ഉമ്മിഞ്ഞ + ഉമ്മ + ഉപ്പ (2)അവരുടെ മക്കളും ഞങ്ങളുമടങ്ങിയ രണ്ടാം  തലമുറ (3) ബഷീറിന്റെയും , നാസറിന്റെയും മക്കളും എന്റെയും അനിയന്റെയും മക്കളുമുൾപ്പെട്ട മൂന്നാം തലമുറ], ആ ശൃംഘല തുടർന്നും  കണ്ണിയറ്റാതെ, സ്നേഹം പകുത്ത് നൽകി തലമുറകളോളം മുന്നോട്ട് പോകാൻ നാഥാ  നീ അനുഗ്രഹിക്കേണമേ . ആമീൻ യാ റബ്ബ്. ▪

No comments:

Post a Comment