Saturday 26 January 2019

വെള്ളിയനുഭവം റിപബ്ലിക് ദിന ചിന്തകൾ / അസ്ലം മാവിലെ

*വെള്ളിയനുഭവം*
*റിപബ്ലിക് ദിന ചിന്തകൾ*
..........................

അസ്ലം മാവിലെ
.........................

ബംഗ്ലൂരിലുള്ള പള്ളിയിലാണ് ഇന്നത്തെ എന്റെ ജുമുഅ: നമസ്ക്കാരം. ഖത്വീബ് ബിഹാരി സ്വദേശിയായ ഒരു ഹാഫിളാണ്. ജുമുഅ:യ്ക്കു മുമ്പുള്ള പ്രഭാഷണം തുടങ്ങിയതേയുള്ളൂ. സ്വതന്ത്ര ഭാരതത്തിനു മുമ്പുള്ള 800 + വർഷത്തെ മുസ്ലിം ഭരണാധികാരികളും അവരുടെ ഭരണവുമൊക്കെ പ്രഭാഷണ തുടക്കത്തിൽ കേട്ടുകൊണ്ടാണ് മസ്ജിദിന കത്ത് ഞാൻ കയറിയത്.

തുടർന്ന് ശഹീദ് ടിപ്പു (റ) വിൽ അദ്ദേഹമെത്തി. മർണെവാലോം ആഗെ, mazaa ലേനേ ലോഗ് പീചെ എന്ന വർത്തമാന ലോകത്തിലെ അധികാരികളുടെ കമാണ്ടിംഗ് സിസ്റ്റത്തെ ചെറുതായി തോണ്ടി അദ്ദേഹം പറഞ്ഞു - ടിപ്പു എന്ന ഭരണാധികാരി വെള്ളപ്പട്ടാളത്തെയും അവന്റെ ചെരുപ്പ് നക്കികളെയും നേരിട്ടത് നേർക്ക് നേരെയാണ്,  മുന്നിൽ നിന്നാണ് എതിരിട്ടത്; അല്ലാതെ പിന്നിൽ നിന്ന് അണികൾക്ക് നിർദ്ദേശം നൽകി  അതിവിദൂരം ആനപ്പുറത്തിരുന്ന് യുദ്ധം നോക്കി ആസ്വദിക്കുകയായിരുന്നില്ല.

പ്രഭാഷണം തുടർന്നു, ടിപ്പുവിന്റെ രക്തസാക്ഷിത്വം വിവരിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമര തയ്യാറെടുപ്പും മുന്നേറ്റവും അതിലെ വിഴ്ചകളും തന്റെ ചരിത്രബോധത്തിന്റെ വെളിച്ചത്തിൽ ഖത്വീബ് പൊതു മനസ്സിനോട് സംസാരിച്ചു. 1947 നാം സ്വതന്ത്രരായി, രണ്ട് വർഷം അഞ്ച് മാസം 10 ദിവസം കഴിഞ്ഞതോടെ റിപ്പബ്ലിക്കായി. സമ്പൂർണ്ണ രാഷ്ട്രം. നമുക്ക് നമ്മുടെതായ നിയമസംഹിത, ഭരണ ചട്ടക്കൂട്, അതിനകത്തെല്ലാമുണ്ട്. കടമകൾ, അവകാശങ്ങൾ, സ്വാതന്ത്ര്യങ്ങൾ എല്ലാം.  ഒരാളും മറ്റൊരാളിൽ നിന്നര്യല്ല, ആർക്കും പ്രത്യേകമായൊരു കൊമ്പില്ല, തുമ്പുമില്ല. ഖത്വീബ് എത്ര ഭംഗിയായാണവ അവതരിപ്പിക്കുന്നത്.

സമയം 1:44 , പ്രഭാഷണം നിർത്താൻ ഒരു മിനുറ്റ്  മാത്രം ബാക്കി. അദ്ദേഹം - വിശ്വാസികളോടായി ചോദിച്ചു : നാമാസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന റിപബ്ലിക്കിന്റെ സത്ത ഉൾക്കൊള്ളാൻ ഞാനൊരു ഉപായം പറയട്ടെയോ ? കാതിൽ തുളച്ച് ഹൃത്തിൽ തറക്കുമാറദ്ദേഹം ഇങ്ങനെ പറഞ്ഞു നിർത്തി : സ്നേഹിക്കുക - അപരനെ, അന്യ വിശ്വാസക്കാരനെ, അയൽക്കാരനെ അവന്റെ മനസ്സിലിടം ലഭിക്കും വരെ. ബുദ്ധിമുട്ടിക്കാതിരിക്കുക - അപരനെ, അന്യ വിശ്വാസക്കാരനെ, അയൽക്കാരനെ അവന്റെ മനസ്സിലണുമണി തൂക്കം നിന്റെ വാക്കിൽ, നോക്കിൽ, ചെയ്തിയിൽ പ്രയാസമുണ്ടാക്കുന്നത് പോലും അവന് ബുദ്ധിമുട്ടെന്നറിയുക.

എത്ര നല്ല റിപബ്ലിക് സന്ദേശം. വിശ്വാസികളെ ഇത്ര എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കാൻ ഇതിലും നല്ല മറ്റൊരവസരമില്ല.

നമ്മുടെ (കേരളത്തിലെ) മണ്ണിൽ 100 കണക്കിന് മസ്ജിദുകളിൽ ഇത്തരം റിപബ്ലിക് സന്ദേശങ്ങൾ കൈമാറപ്പെടണം. ( ഉണ്ടാകാം, ഇല്ലെന്നല്ല ). ഒരോർമ്മപ്പെടുത്തൽ.

ചരിത്ര വായനയുള്ള ഖതീബുമാർ കൂടുതലുണ്ടാകണം.  ഇന്ത്യൻ ചരിത്രത്തെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യ മുന്നേറ്റങ്ങളെക്കുറിച്ചും പഠിക്കുകയും കൂടുതൽ വായിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ മഹല്ല് നേതൃ പണ്ഡിതരിൽ ഉണ്ടായേ തീരൂ. അവർക്ക് ചരിത്ര സംബന്ധമായ ക്ലാസ്സകൾ ലഭിക്കണം.  അത്തരം പുസ്തകങ്ങൾ കൂടി വായനാമുറികളിൽ എത്തുകയും വേണം.

സ്വാതന്ത്ര്യദിനചിന്തകൾ ഏറ്റവും കൂടുതൽ ഓർമ്മിപ്പിക്കപ്പെടുകയും നിരന്തരമവ നമ്മിൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്യേണ്ട ഘട്ടങ്ങളിലൂടെയാണ് നാമോരോരുത്തരും കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

ആഗസ്റ്റ് 15 ഉം, ജനുവരി 26 ഉം വായനശാലകളിലും സ്കൂൾ മുറ്റത്തും മാത്രമെന്ന ധാരണയുള്ള പൊയത്തക്കാരുണ്ടെങ്കിൽ അവർക്കാദ്യം ഈ കുറിപ്പെത്തട്ടെ.

എല്ലവർക്കും റിപബ്ലിക് ദിനാശംസകൾ (in Advance)  ! ▪

No comments:

Post a Comment