Saturday 23 July 2016

അവർ ഒന്നിക്കുന്നു ഓർമ്മകളിലെ ഓളങ്ങൾക്ക് പുതു ജീവൻ നൽകി / അസ്‌ലം മാവില

അവർ ഒന്നിക്കുന്നു
ഓർമ്മകളിലെ ഓളങ്ങൾക്ക് പുതു ജീവൻ നൽകി

അസ്‌ലം മാവില

ഇതൊരു പുതുമ ഉള്ളത്. പടലക്കാർക്ക് പ്രത്യേകിച്ചു. പലരും ആഗ്രഹിച്ചത്. ഇനി പലരും ഇത് കണ്ടു സംഘടിപ്പിക്കാൻ സാധ്യതയുള്ളത്.  1986 -1987 എസ് എസ് സി. ബാച്ച് ഒന്നിക്കുന്നു. ഇപ്പോൾ അന്നവർക്ക് 15 വയസ്സ്. ഇന്നവർക്ക് 44 വയസ്സ്. 1976 -1977കളിൽ അവർ ഒന്നാം ക്‌ളാസ്സിൽ. എന്റെ ''കുട്ടിക്കാലകുസൃതി കണ്ണുകളി''ലെ സൗകുവും കുൽസുവും സുകുവും കമലാക്ഷിയുമൊക്കെ അവരുടെ ബാച്ചുകളിലും ഉണ്ടാകണം. അവരുടെ കുസൃതികക്കാലം കൂടിയാവണം ഈ ഒത്തുകൂടൽ.

അറിഞ്ഞെടത്തോളം ആഗസ്ത് ആറാം തിയ്യതിയാണ് ഈ ''കുഞ്ഞി ചോർ'' വെക്കൽ. രുചിച്ചു പഴകിയ, നാവിൽ രുചി മാറാൻ കൂട്ടാക്കാത്ത സജ്ജിഗയുടെ പുനരാവിഷ്‌ക്കാരം കൂടി ഉണ്ടെന്നും കേട്ടു. നാട് മുഴുവൻ കടുക് പൊട്ടി മണം പരത്താനാണ് പ്ലാൻ.  ഒരാഴ്ച മുമ്പ് മൊഗറിൽ ഇവർ ഒത്തുകൂടി. ശാപ്പാട് റഹീമിന്റെ വക. ഇന്നലെ നമ്മുടെ നാസറിന്റെ വീട്ടിൽ അതുക്കും വലിയ ഒത്തു കൂടൽ. പ്ലാനൊക്കെ തയ്യാറായിരിക്കണം. ബക്കർ മാഷും കോയപ്പാടി ഹനീഫും കുമ്പള അഷ്റഫും കുവൈറ്റ് ശരീഫുമൊക്കെയല്ലേ ഇതിന്റെ പിന്നണിയിൽ.

40-ൽ അധികം പേർ കുടുംബസമേതം അന്ന് ഒന്നിക്കും. അന്യപ്രദേശത്തേക്ക് കെട്ടിച്ചയച്ച ഫീമെയിൽ ബാച് മേയ്റ്റ്സ് തങ്ങളുടെ  കുടുംബനാഥനും കുട്ടികളുമായി വരും.  കാണാനും തങ്ങളുടെ കളിക്കൂട്ടുകാരുമായി സംസാരിക്കാനും അവർക്ക് കിട്ടുന്ന അപൂർവ്വ അവസരം. മക്കളെ കാണാൻ അവരെ കൂട്ടുകാരികൾക്കും കൂട്ടുകാർക്കും പരിചയപ്പെടുത്താനും പരിചയപ്പെടാനും ഇത് വഴി ഒരുക്കുന്നു.  അവരുടെ വീര-ശൂര-വികട-അപകട-ബദ്ധ-അബദ്ധ പരാക്രമങ്ങൾ അത് വരെ തങ്ങളുടെ മക്കൾ കേട്ടത്, അതിലെ കഥാപാത്രങ്ങളെ നേരിട്ട് കാണാൻ കിട്ടുന്ന അപൂർവ്വ അവസരം. എല്ലാവർക്കും അന്നൊക്കെ കൂട്ടു പേരുമുണ്ടായിരുന്നു. അതൊക്കെ മറന്നിട്ടുണ്ടെങ്കിൽ ഓർമ്മിക്കാനും ഒരവസരം.

രാവിലെ പത്തു മണിക്ക് തുടങ്ങുന്ന പ്രോഗ്രാം വൈകിട്ട്  ആറുമണിക്ക് തീരും. അതിനിടയിൽ സമൃദ്ധമായ ലഘു-ജംഗ് ഭക്ഷണങ്ങൾ. കോർ തിരിച്ചുള്ള വിവിധ പരിപാടികൾ. സൗഹൃദ മത്സരങ്ങൾ. കൊച്ചു കൊച്ചു സമ്മാനങ്ങൾ. കുട്ടികളുടെ വിവിധ നിമിഷ പ്രോഗ്രാമുകൾ. രുചിക്കൂട്ടുകൾ. അന്നത്തെ ശനിയാഴ്ച ഒരു ''മങ്ങലപ്പൊരെ'' പോലെ ആകും.

അഷ്ഫാഖിന്റെയും ബക്കറിന്റെയും  നേതൃത്വത്തിൽ ഗാനമേള. നാട്ടിലെ കലാ-സാംസ്കാരിക പ്രവർത്തകരുടെ സഹകരണത്തോടെ  കാർട്ടൂൺ-ചിത്ര - കവിതാ പ്രദർശനങ്ങൾ. അപ്പച്ചെണ്ട്, പല്ലിക്കുത്ത്, ഉപ്പ്, കുണ്ടക്കാല്, ഗോട്ടി-മഞ്ചെട്ടികളികൾ അടക്കം പലതും ഒഴിവ് കിട്ടുന്ന മുറയ്ക്ക് നടക്കും. അന്നത്തെ അധ്യാപകരെ മിക്കവരെയും അഡ്രസ്സ് കണ്ടെത്തി വിളിക്കുന്ന തിരക്കിലാണവർ. തങ്ങളുടെ സ്‌കൂളിന് നൽകാൻ ഓർമ്മയുടെ ഭാഗമായി ഒരു സമ്മാനവും അവർ കരുതി വെച്ചിട്ടുണ്ട്, അതെന്താണെന്നു പുറത്തു പറയുന്നില്ലെങ്കിലും.

കേരളത്തിനു പുറത്തുള്ളവർ മിക്കവരും എത്തിക്കഴിഞ്ഞു. ഇനി ചിലർ എത്താൻ ടിക്കറ്റെടുത്തു നിൽക്കുന്നു. പരിപാടിയുടെ ആസൂത്രണം നാസർ, ബക്കർ, ഹനീഫ്, ശരീഫ്, റഹീം, അഷ്‌റഫ്, ഹാരിസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദ്രുത ഗതിയിൽ നടക്കുന്നത്.

കയ്യിൽ രണ്ട് തൈമാവിൻ തൈകളുമായി, ഒന്നു തന്റെ പറമ്പിലും ഒന്നു അയൽക്കാരന്റെ വീട്ടുമുറ്റത്തും, നടാൻ,  അന്ന് വൈകുന്നേരം പിരിയുമ്പോൾ, ആ മാതൈകളുടെ ചില്ലയും തളിരിലകളും  പിന്നീടുള്ള ദിനരാത്രങ്ങളിൽ  അവരോടൊപ്പം ഓർമ്മകളിൽ സാക്ഷികളായി നിൽക്കും.

ഞങ്ങളൊക്കെ ചെയ്യണമെന്ന് കാലങ്ങൾക്ക് മുമ്പ് ആഗ്രഹിച്ചത്, നിങ്ങൾ അത് പ്രവൃത്തി പഥത്തിൽ കൊണ്ടു വന്നല്ലോ.സബാഷ് !!

No comments:

Post a Comment