Saturday, 30 July 2016

അപകടദൃശ്യങ്ങളും അരോചക വോയിസ് നോട്ടും പോസ്റ്റ് ചെയ്യുമ്പോൾ .../ അസ്‌ലം മാവില

അപകടദൃശ്യങ്ങളും അരോചക വോയിസ് നോട്ടും
പോസ്റ്റ് ചെയ്യുമ്പോൾ ...


മുമ്പും ഈ കുറിപ്പുകാരൻ ഇതേ വിഷയം നാടൻ ശൈലിയിൽ എഴുതിയിട്ടുണ്ട്. എഴുതാൻ ഒരു വിഷയം കിട്ടാത്തത് കൊണ്ടല്ല വീണ്ടും ഇതെഴുതുന്നത്. സ്വയം ഓർമപ്പെടുത്തലിന്റെ ഭാഗം കൂടിയാണ്.

ഒരു കൂട്ടായ്മയിൽ ചില രീതികളുണ്ട്. code of  conduct. പെരുമാറ്റച്ചട്ടം എന്ന് പറയും. സന്ദര്ഭത്തിന് അനുസരിച്ചു നമ്മുടെ പക്വതയും പാകതയും അനുഭവവും അതിനോട് ഒത്തു പോകലാണ്, അവയോട് വ്യക്തിപരമായി എത്രതന്നെ വിയോജിപ്പ് ഉണ്ടെങ്കിലും. ഇത് ഒരു പ്രത്യേക ethical law, നൈതിക നിയമാവലി  അല്ല. എല്ലാവരുടെയും മനസാക്ഷി YES പറയുന്ന ചില codes, ചട്ടങ്ങളാണ്.  വിശദമായ ഒരു  വിശകലനത്തിന് പോയാൽ codes of morality, ധർമാചാരങ്ങളിലേക്ക് പോകേണ്ടി വരും. എനിക്ക് അതിനുള്ള പരിജ്ഞാനമില്ലതാനും. അതിവിടെ പ്രസക്‌തവുമല്ലല്ലോ.

പ്രചുരപ്രചാരമുള്ള (popular ) സോഷ്യൽ മീഡിയകളിൽ, പ്രത്യേകിച്ച് ഗ്രൂപ്പുകളിൽ   പോസ്റ്റും ഫോട്ടോയും വോയിസ്  നോട്ടും വീഡിയോ ദൃശ്യങ്ങളും അയക്കുമ്പോൾ അതിലെന്തെങ്കിലും ഒരു സന്ദേശം ആവശ്യമാണ്. സഹൃദയൻ അത് ആഗ്രഹിക്കും. അത് സ്വാഭാവികമാണല്ലോ. ഒരു വിവാദമാണോ ? അറിവാണോ ? വിജ്ഞാനമാണോ ? കേവലമൊരു വാർത്തയാണോ ? മുന്നറിയിപ്പാണോ ? അങ്ങിനെ എന്തെങ്കിലും.

നമ്മുടെ സാമാന്യബുദ്ധി ഇടപെടുന്ന ചില സന്ദർഭങ്ങൾ  ഉണ്ട്. അതിലൊന്നാണ് മരണം, അപകടം, ലഹള തുടങ്ങിയവ  പോസ്റ്റ് ചെയ്യുമ്പോൾ രണ്ടാമതൊരു വട്ടം കൂടി ആലോചിക്കുക എന്നതാണ്.   ചിത്രവധത്തിനും വ്യക്തിഹത്യയ്‌ക്കും സാധ്യതയുള്ളവയും ഇവയിൽ പെടുത്താം.  മരണ വാർത്ത പോലും ഉറപ്പുള്ള സ്രോതസ്സുകളിൽ നിന്ന് കിട്ടിയാലേ പബ്ലിഷ് ചെയ്യാവൂ, അതല്പം വൈകിയാലും. അപകട വാർത്തകളും തഥൈവ.  ഒരിക്കലും അരുതാത്തതാണ് അവയുടെ ദൃശ്യങ്ങൾ റിലേ ചെയ്യുന്നതും, ഫോട്ടോകൾ അയച്ചു പ്രേക്ഷകരെ പ്രയാസപ്പെടുത്തുന്നതും.

ഇയ്യിടെയായി അപകട ചിത്രങ്ങൾ  വല്ലാതെ പൊതു കൂട്ടായ്മകളിൽ പ്രത്യക്ഷപ്പെടുന്നു. അതേ പോലെ വിഡിയോദൃശ്യങ്ങളും. നിങ്ങൾ ഉദ്ദേശിക്കുന്നത് ഇവ കണ്ടു പിന്മാറട്ടെ എന്നാവാം. പെട്ടെന്ന് കാണുന്ന ഒരാളിൽ ആ സന്ദേശമല്ല ആദ്യം എത്തുക. ദീർഘ നാളുകൾ മനുഷ്യരിൽ അവ ആഘാതം ഉണ്ടാക്കും. അവരുടെ ദൈനം ദിന ഇടപെടലുകളെ അതിന്റെ തോതനുസരിച്ചു ബാധിക്കും. ഇതറിയാൻ വലിയ മനഃശാസ്ത്രം പഠിക്കണമെന്നുമില്ല.

മറ്റു മാധ്യമങ്ങളിൽ വരുന്നു എന്നത് നാമവ അയക്കുന്നതിനുള്ള മാനദണ്ഡമാകരുത്. എല്ലാം പോസ്റ്റ് ചെയ്യുക എന്നതും നമ്മുടെ നിർബന്ധ ബുദ്ധിയുമാകരുത്. ഫോട്ടോയും വീഡിയോയും അയച്ചു സന്ദേശം convey ചെയ്യാം. അത് കൊണ്ട് ഒരു മനംപുരട്ടുന്ന ഔട്ട്പുട്ടാണ് (ഫലം) ഉണ്ടാവുകയെങ്കിൽ ആ സന്ദേശം എത്തിക്കാൻ ടെക്സ്റ്റ്അല്ലെങ്കിൽ വോയിസ് എന്നിവയിലേതെങ്കിലുമൊന്ന് മാധ്യമമായി തെരഞ്ഞെടുക്കണം. അതായിരിക്കും പോസിറ്റീവ് സമീപനം.

സഊദി പടലക്കാരുടെ ഒരു ഗ്രൂപ്പ് രണ്ടു വര്ഷം മുമ്പുണ്ടായിരുന്നു.   എവിടെയോ ഒരിടത്തു മനുഷ്യന്റെ തലയറുക്കുന്ന ഒരു വീഡിയോ ദൃശ്യം ഒരു നല്ല രാവിലെ   ആരോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ മകൻ മൊബൈൽ എടുത്ത്  അത് ഡൗൺചെയ്തു നോക്കാനുള്ള തിരക്കിലാണ്. എന്നെ വല്ലാതെ പ്രയാസപ്പെടുത്തിക്കളഞ്ഞു. ആ ഗ്രൂപ്പ് വിടാൻ പിന്നെ രണ്ടാംവട്ടം ആലോചിക്കേണ്ടി വന്നില്ല.  ഇങ്ങിനെ ഏതെങ്കിലും ഒരു അനുഭവം നിങ്ങൾക്കും പറയാനുണ്ടാകും.

പൊതുശല്യമെന്നു തോന്നുന്നവ ഒഴിവാക്കുക. സ്വകാര്യമായി സംസാരിച്ച വോയ്‌സ് നോട്ടുകൾ ഒരു കാരണവശാലും പൊതുവേദികളിൽ കേൾപ്പിക്കരുത്. വേറേതെങ്കിലും ഗ്രൂപ്പുകളിൽ നടക്കുന്ന സഭ്യമല്ലാത്ത പദങ്ങളുള്ള  ശബ്ദരേഖകൾ ഒരിക്കലും ഒരു സാമാന്യസദസ്സിൽ ഒറ്റയായോ കൂട്ടമായോ തട്ടരുത്. നാം പലപ്പോഴും ''വിലയിരുത്തപ്പെടുന്നത്'' അതൊക്കെ കൊണ്ടായിരിക്കും. വ്യക്തിപരമായി എത്ര കുറവുണ്ടെങ്കിൽ പോലും സഭാമര്യാദ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണല്ലോ. അതൊരു പൊതുമര്യാദയുടെ ഭാഗവും  കൂടിയാണ്.

നാം നമുക്ക് തന്നെ മാർക്കിടാൻ പഠിച്ചാൽ അതിനോളം വലിയ അധ്യാപകനില്ല. സ്വന്തം മനസാക്ഷിയുടെ   മിനിമം മാർക്ക് കിട്ടുകയെന്നതും അത്ര  എളുപ്പമുള്ള കാര്യവുമല്ലല്ലോ.  ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ മനസ്സാക്ഷിയോടാദ്യം മൗനാനുവാദമെങ്കിലും ചോദിക്കുക. 

No comments:

Post a Comment