Tuesday, 19 July 2016

നിരീക്ഷണം 18 JUL 2016 - ഗൾഫ് നാടുകളിലെ റോഡപകടങ്ങൾ; പൊലിയുന്ന ജീവനുകൾ

നിരീക്ഷണം 18 JUL 2016


ഗൾഫ് നാടുകളിലെ റോഡപകടങ്ങൾ;  
പൊലിയുന്ന ജീവനുകൾ  

അസ്‌ലം മാവില

അപകടങ്ങൾ വിടാതെ പിന്തുടരുന്നു. ഞാൻ ഉൾപ്പെടുന്ന യാമ്പു  ലൊക്കാലിറ്റിയിൽ നിന്ന് ഇന്നലെ കേട്ട വാർത്ത.  റാബിഗിനടുത്തു  യാമ്പു -ജിദ്ദ റോഡിൽ  പച്ചക്കറി വണ്ടി (പിക്ക്അപ്പ് ) ട്രെയിലറിൽ ഇടിക്കുന്നു. ഡ്രൈവർ ഗുരുതരാവസ്ഥയിൽ ആസ്പത്രി കിടക്കയിൽ.  കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടിയും തൽക്ഷണം  മരിക്കുന്നു.

ഇയ്യിടെയായി റോഡപകടങ്ങൾ വാർത്തപോലും അല്ലാതെയായി  മാറിക്കഴിഞ്ഞു.  ഏതാനും മാസങ്ങൾക്ക് മുമ്പ് കൂടെ ജോലി ചെയുന്ന ബീഹാറിലെ എഞ്ചിനീയർ കൺമുമ്പിൽ വെച്ചാണ് അമിത വേഗത ഒന്ന് കൊണ്ട് മാത്രം നിയന്ത്രണം വിട്ട് യെല്ലോ ലൈനിനു  ചാരം സ്ഥാപിച്ച താത്കാലിക കോൺക്രീറ്റ് ബ്ലോക്കിലിടിച്ചു അതി ദാരുണമായി മരണപ്പെട്ടത്.

fraction of Second അല്ലെങ്കിൽ blink of an eye-star എന്നു പറയാവുന്ന സമയത്തു നടക്കുന്ന മയക്കം,  കൂടെ ഇരിക്കുന്നവരുമായി അശ്രദ്ധമൂലം നടക്കുന്ന സംസാരം, റെഡ് സിഗ്നൽ തലനാരിഴയ്ക്ക് ക്രോസ്സ് ചെയ്യാനുള്ള  തിടുക്കം, ഓവർ ടെയ്ക്ക് ചെയ്യുമ്പോൾ മറന്ന് പോകുന്ന നിയമങ്ങൾ   തുടങ്ങിയവയാണ് ലോങ് റൂട്ടിൽ മിക്ക അപകടങ്ങൾക്കും കാരണങ്ങൾ. വളരെ അപൂർവ്വമായാണ് ടയർ പൊട്ടിത്തെറിച്ചും മറ്റും അപകടങ്ങൾ സംഭവിക്കുന്നത്.  

മയക്കം വരുന്നുവെന്ന് തോന്നുമ്പോൾ അമാന്തിച്ചു നിൽക്കാതെ സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് വണ്ടി പാർക്ക് ചെയ്തു ഒരൽപ്പം വിശ്രമിച്ചാൽ തന്നെ ഒരു പാട് അപകടങ്ങൾ ഒഴിവാകും. എന്റെ കൂടെ ജോലി ചെയ്യുന്ന മെക്കാനിക്കൽ എൻജിനീയർ അബൂബക്കർ തന്റെ അനുഭവം പങ്കിട്ടു. പത്ത് മിനിറ്റ് വിശ്രമം പിന്നീടുള്ള നാലഞ്ച് മണിക്കൂറിനുള്ള ഊർജ്ജം കൂടിയാണത്രെ.  അത്ഭുതകരമായ ഒരു രക്ഷപ്പെടലിനു ശേഷം അദ്ദേഹത്തിന് നൽകിയ പാഠം.

സഹയാത്രികരോട് സംസാരിക്കാം, വളയത്തിലാണ് തന്റെയും മറ്റുള്ളവരുടെ ജീവിതമുള്ളതെന്ന  ഉത്തരാവാദിത്വബോധം ഉണ്ടാകണം. മഞ്ഞ,  ചെമപ്പ് സിഗ്നലോട് കൂടി അന്നത്തെ ഗതാഗതം സ്തംഭിക്കുമെന്ന തെറ്റായ ധാരണയും തിരുത്താൻ വണ്ടിയോടിക്കുന്നവർ  ശ്രദ്ധിക്കുക. അല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ റെഡ് സിഗ്നൽ മറികടക്കാൻ ഇത്ര പാടുപെട്ടു ശ്രമിക്കുന്നത് ?

റോഡ് ക്രോസ്സ് ചെയ്യുന്ന യാത്രക്കാരും അല്പം പ്രായോഗികബുദ്ധി ഉപയോഗിക്കണം. ഡ്രൈവറും മിറ-റും  ബ്രൈക്കുമൊക്കെ വണ്ടിയിൽ ഉള്ളത് ശരിതന്നെ. യാമ്പു -ജിദ്ദ പോലുള്ള ഹൈവേകളിൽ കത്തിച്ചു വിടുന്ന വണ്ടികൾ റോഡ്  ക്രോസ്സ് ചെയ്യുന്നവരെ  മൈൻഡ് ചെയ്യാറില്ല എന്നതും  മറ്റൊരു ശരിയാണ്. ട്രെയിലർ, ട്രക്ക്  മുതലായ  ഹെവി വണ്ടികൾക്ക് മുന്നിൽ   ഓർക്കാപ്പുറത്ത് ചാടിയാൽ ഡ്രൈവർ വിചാരിച്ചാലും പോലും നിങ്ങൾ രക്ഷപ്പെട്ടുവെന്നു വരില്ല. റമദാനിന്റെ അവസാനദിവസങ്ങളിൽ ഒന്നിൽ  പതിവ് പ്രഭാത നടത്തത്തിൽ യാമ്പു ചെയ്മ്പർ ഓഫ് കൊമേഴ്‌സ് ബിൽഡിങിന് മുന്നിൽ സമാനമായ അപകടം നേരിൽ കണ്ടതും ഇപ്പോഴും കൺവെട്ടത്തു നിന്ന് മാറിയിട്ടില്ല. മുന്നും പിന്നും നോക്കാതെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ  അമിത വേഗതയിൽ ഓടുന്ന  ട്രെയിലറിനു മുന്നിൽ അന്ന്  അതിരാവിലെ 4 ജീവനുകളാണ് തൽക്ഷണം നഷ്ടപ്പെട്ടത്.

ഗൾഫ് രാജ്യങ്ങളിൽ ഒട്ടകങ്ങൾ മേയുന്ന ഭാഗങ്ങളിൽ വരെ പ്രത്യേക ബോർഡ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. അത് പോലും മാനിക്കാതെ ചിലർ  അപകടം വരുത്തും. ഒട്ടകങ്ങളുടെ നീളമുള്ള കാലുകളിൽ വണ്ടി തട്ടുന്നതോടെ ഭാരമുള്ള ബാക്കി ഭാഗം വാഹനങ്ങൾക്ക് മേലെ വീഴുന്നു. പിന്നെ ആരും രക്ഷപ്പെടാറുമില്ല. ഭീമമായ ബ്ലഡ് മാണിയാണ് ഒട്ടക അപകടങ്ങളിൽ ഉടമസ്ഥർ ക്ലൈം ചെയ്യുന്നതും.  (ചില അറബ് രാജ്യങ്ങളിൽ ഒരു മനുഷ്യന്റെ ബ്ലഡ് മണി തുക  (Diyyah)  100 ഒട്ടകങ്ങളുടെ വിലയ്ക്ക് തുല്യമാണ് എന്നതും സാന്ദർഭികമായി സൂചിപ്പട്ടെ . നേരത്തെ ഉള്ളതിനേക്കാളും മൂന്നിരട്ടിയാക്കി  ഇപ്പോൾ അത് 300,000 റിയാലോ മറ്റോ ആണെന്ന് തോന്നുന്നു.  ഇത്തരം കേസുകളിൽ പെട്ട്  ഒരു പാട് ഡ്രൈവർമാർ ബ്ലഡ് മണി നൽകാൻ പറ്റാതെ ജയിലുകളിൽ ജീവിതം തള്ളിനീക്കുന്നത്  നാം വായിക്കാറുമുണ്ട്.)

 വഴി, പാത,  വാഹനം  ഇതൊക്കെ  ഉപകാരമാണ് മനുഷ്യന്.  അവ ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിച്ചാൽ. അതിന്റെ അവകാശം  വണ്ടി ഓടിക്കുന്നവർക്ക് മാത്രമല്ല കാൽ നടയാത്രക്കാർക്കും കൂടി ഉള്ളതാണ്.  അവിടെയും ചില ചിട്ടവട്ടങ്ങളും യെസ് -നോ കളുമുണ്ട്. റോഡ് നിയമങ്ങളും അതിന്റെ മര്യാദകളും എല്ലാവരും ആദരിച്ചേ മതിയാകൂ. വഴിയാത്രക്കാരന് റോഡ് മുറിച്ചു കടക്കാൻ വണ്ടിയോടിക്കുന്നവർ സന്മനസ്സ് കാണിക്കണം. എല്ലാ സമയവും നിങ്ങൾ വണ്ടിയിലല്ലല്ലോ, നിങ്ങളും നാളെ ഇതേ പോലെ റോഡ് മുറിച്ചു കടക്കേണ്ടവനുമാണ്. സിഗ്നലുകൾ, സീബ്രാ ലൈൻ ഇതൊക്കെ എല്ലാവരും പാലിക്കുവാനും ശഠിക്കണം. വെട്ടിച്ചും മിന്നിച്ചും ഓടിക്കാൻ ഒരിക്കലും പൊതു പാത ഉപയോഗിക്കരുത്. ഇന്ന് രാവിലെ പുതുതായി ഡ്രൈവിങ് ലൈസൻസ് കിട്ടി വണ്ടിയോടിക്കുന്നവരും ഈ നിരത്തിൽ തന്നെ ഉണ്ടെന്ന ബോധം ഓരോ ഡ്രൈവർമാർക്കുമുണ്ടാകണം. (കൊള്ളി പിശാച് എന്ന തലക്കെട്ടിൽ ഈ കുറിപ്പ് കാരൻ തന്നെ പ്രസ്തുത വിഷയം മുമ്പ് ഇതേ പംക്‌തിയിൽ  എഴുതിയിട്ടുണ്ട് )

വല്ലപ്പോഴും ഗൾഫ് നാടുകളിലെ ആസ്പത്രി കാഷ്വൽറ്റിയിൽ പോയവർക്ക് അവിടെ അനുഭവിക്കുന്ന ദീന രോദനം മറക്കാൻ കഴിയുമോ നിർത്താതെയുള്ള ആംബുലൻസിന്റെ സൈറൺ. ഓടിക്കിതച്ചു ഇറങ്ങുന്ന ബന്ധുക്കളും അല്ലാത്തവരും. പിന്നെ  സ്‌ട്രെച്ചർ. ജഡതുല്യ ശരീരങ്ങൾ. അവ   വാരിക്കൊണ്ടു ഓടുന്നവർ. അവയവയം നഷ്ടപ്പെട്ടവർ. അവരുടെ കൂട്ട നിലവിളികൾ. ബോധം നഷ്ടപ്പെട്ടവരും അല്ലാത്തവരും. അവിടെ ആരും ആരെയും കാണില്ല. അവർക്ക് ഓപ്പറേഷൻ തിയേറ്ററിൽ എത്തിയാൽ മതി. മെഡിക്കൽ ടീമിലെ ആരെയെങ്കിലും കണ്ടാൽ മതി. ജീവനുണ്ടോ ? അത് തിരിച്ചു കിട്ടുമോ ? അപകടം തരണം ചെയ്തോ ? നിലവിളികൾ നിസ്സഹായമാകുന്ന അവസ്ഥ.  നിദ്രാവിഹീനമായ രാത്രികൾ. ഫോണ്കോളുകൾക്ക് മറുപടി പറഞ്ഞു തളരുന്ന  പകലുകൾ.  Fraction of Second-ൽ നടന്ന സൂക്ഷമതക്കുറവിന്റെ ബാക്കി ചിത്രങ്ങൾ.  ഒരു അശ്രദ്ധയുടെ ബാക്കി പത്രങ്ങൾ.


ആരോട് പറയാൻ ? എന്നാലും അവനവനു ഒരു തീരുമാനത്തിലെത്താം - ഇനി ഒരു ദുരന്ത വാർത്ത നമ്മുടെ കൈപ്പിഴ കൊണ്ട് വരാതിരിക്കട്ടെയെന്ന്.

No comments:

Post a Comment