Tuesday 19 July 2016

നിരീക്ഷണം 04 July 2016 - തീക്കൊള്ളി കൊണ്ടു തല ചൊറിയുന്നവരെ തിരിച്ചറിയുക തന്നെ വേണം.

നിരീക്ഷണം 04 JUL 2016

തീക്കൊള്ളി  കൊണ്ടു തല ചൊറിയുന്നവരെ തിരിച്ചറിയുക തന്നെ വേണം.

അസ്‌ലം മാവില

നാട്ടിൽ കലാപം വിതയ്ക്കാൻ എളുപ്പം. വർഗ്ഗീയതയാണെങ്കിൽ വളരെ വളരെ എളുപ്പം.  യു.പി.യിൽ രണ്ടു വിഭാഗങ്ങളിലെ ''ആദരണീയർ'' അവിടെ കുഴപ്പമുണ്ടാക്കാൻ    വില പറഞ്ഞത് നാം  കണ്ടതും വായിച്ചതും കേട്ടതും ഏതാനും ദിവസങ്ങൾക്ക് മുമ്പ്.

അവർക്ക് അന്നം കിട്ടിയാൽ മതി, ആഘോഷിക്കാൻ കുറച്ചു ചില്ലറ മതി.  അതിനു ഏതു നികൃഷ്ട വൃത്തിയും ചെയ്യും അവർ. സൗഹൃദത്തിൽ കഴിയുന്ന ഒരു കൂട്ടായ്മയ്ക്ക് എന്ത് സംഭവിച്ചാലും അവരതറിയേണ്ട. അറിയാൻ അവർക്ക്  ആഗ്രഹുമില്ല . ഒന്നു കത്തിച്ചു വിടണം. അതിന്റെ വരും വരായ്കകൾ പിന്നെ അനുഭവിക്കുന്നത് നാട്ടുകാരാണല്ലോ.  ഇന്നലെ വരെ തോളോട് തോളുരുമ്മി കഴിഞ്ഞവർ. ഒരേ ബസ്സിൽ യാത്ര ചെയ്തവർ. ഒരേ സദസ്സിൽ മുഖത്തോട് മുഖം നോക്കി പുഞ്ചിരി കൈമാറിയവർ. അവരിലാണ് ഈ എരിതീയിടുന്നത്. കൂട്ടത്തിൽ എണ്ണയൊഴിക്കുന്നത്.

ഇതാ സമാനമായ ചിത്രം നമ്മുടെ കാസർകോടും കണ്ടു തുടങ്ങിയിരിക്കുന്നു.  മുമ്പും നാമിങ്ങിനെ കുറച്ചു വർത്തമാനങ്ങൾ കേട്ടിട്ടുണ്ട്. അച്ചാരം വാങ്ങി ആരാന്റെ ഉമ്മാമാർക്കും അമ്മമാർക്കും അവരുടെ മക്കൾക്കും ഭ്രാന്തിളക്കി അത് കണ്ടു രസിക്കുന്നവർ. കൂട്ടുകാരൻ ബ്ലേഡ് കൊണ്ടു പുറം മാന്തുക; അതിനനുസരിച്ചു അണിയറയിൽ ചരട് വലിക്കുക. കുഴപ്പമുണ്ടാക്കാൻ സോഷ്യൽ മീഡിയയിൽ കെട്ടുവർത്തമാനങ്ങൾ പ്രചരിപ്പിക്കുക, ഫോട്ടോ അയച്ചു അതിനു ലൈക്കടിപ്പിച്ചു രക്തസമ്മർദ്ദം വർധിപ്പിക്കുക.

ഓരോ ആഘോഷം വരുമ്പോഴും ഒരു കൾട്ട് തന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടാകണം. അതാണ് മുൻകാല ചില  സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഓണത്തിനും പെരുന്നാളിലും വിഷുവിനും വിശ്വാസികളുടെ ആഘോഷങ്ങൾ കുളമാക്കാൻ ഇറങ്ങി തിരിച്ച ഇത്തരം മനുഷ്യ പിശാചുക്കളെ തിരിച്ചറിയണം. ആ വിഷ വിത്തുകളെ മുളയിലേ നുള്ളാൻ നമ്മുടെ വിരലുകൾക്കാകണം.  ഒരു പാട് ഗൃഹ പാഠം ഇവർ നടത്തിയിരിക്കണം. അല്ലാതെ പറ്റില്ലല്ലോ. അപക്വതയെന്നൊന്നും പറഞ്ഞു തള്ളിക്കളയാൻ പറ്റില്ല.  അവർക്ക് രമിക്കാനും രസിക്കാനും ആരിൽ നിന്നു എത്ര വാങ്ങി തുടങ്ങി സകല വിവരങ്ങളും   നിയമപാലകർ പുറത്തു കൊണ്ടുവരണം. നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമേ അല്ല .

സൗഹൃദം തകർക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. ഇതിന്റെ മറവിൽ മറ്റു ചില മാഫിയാ പ്രവർത്തനങ്ങളും ഉണ്ടാകാം. പോലീസിന്റെയും നേതാക്കളുടെയും  ജനങ്ങളുടെയും ശ്രദ്ധ അങ്ങോട്ടു തിരിച്ചു വിട്ടു തങ്ങളുടെ മറ്റു ''പണികൾ'' വളരെ എളുപ്പം ചെയ്തു തീർക്കാൻ മാഫിയകൾ ഇത്തരം വഴികളാണ് കണ്ടെത്താറുള്ളത്.  മാത്രവുമല്ല, ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരക്കു പിടിച്ച  വിപണിയിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തി അവ തകർക്കാനുള്ള ശ്രമങ്ങളും ഇതിന്റെ പിന്നിൽ ഉണ്ടാകും തീർച്ച.  ( പിന്നെ ആരും  ബസാറിലേക്കും പൊതുസ്ഥലങ്ങളിലേക്കും ആരും സമാധാനത്തോടെ പോകില്ലല്ലോ. )

ചില സ്ഥിരം റൗഡികളുണ്ട്. അവരെ നിലക്ക് നിർത്തിയാൽ തന്നെ തീരുന്ന പ്രശ്നങ്ങളാണ് കാസര്കോടുള്ളത്. നിയമപാലകർ ബഹുജന സഹകരണത്തോടു കൂടി ഇറങ്ങി പുറപ്പെട്ടാൽ നമ്മുടെ നാട്ടിലെ ഈ അസ്വസ്ത്ഥത എന്നെന്നേയ്ക്കുമായി നിർത്താൻ സാധിക്കും. ഇരുന്നൂറോ  -മുന്നൂറോ പേരുള്ള ഈ ഛിദ്രശക്തികൾ ആണോ നാടിന്നു ആവശ്യം, അതല്ല സമാധാന കാംക്ഷിക്കുന്ന പതിനായിരങ്ങളോ ? എല്ലാവരും തുറന്ന മനസ്സോടെ ആലോചിക്കാൻ സമയമായില്ലേ ?


പൊതു സമൂഹത്തിനു അപമാനമുണ്ടാക്കുന്ന  ആ  രണ്ടു ചെറുപ്പക്കാരുടെ   ദുഷ്‌ചെയ്തികൾ  എല്ലാവരുടെയും കണ്ണു തുറപ്പിക്കട്ടെ. നാം ആരും അന്യരല്ലെന്നും നമുക്കിടയിൽ ആർക്കും ഒരു ഭിന്നതയും സൃഷ്ട്ടിക്കാൻ സാധിക്കില്ലെന്നും  തിരിച്ചറിയാനും എല്ലാവർക്കും സാധിക്കട്ടെ.
         

No comments:

Post a Comment