Wednesday 26 September 2018

മധുവാഹിനിയിലെ നീരാട്ട്. / റാസ പട്ല

*മധുവാഹിനിയിലെ നീരാട്ട്..*

------------------------------------------------
റാസ പട്ല
-------------------------------------------------

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒക്ടോബർ മുതൽ ഫെബ്രവരി വരെ ഞങ്ങളുടെ അവധി ദിനങ്ങൾ മൊത്തവും മധുവാഹിനിപ്പുഴയിലായിരുന്നു ആഘോഷിച്ചിരുന്നത്.
തുലാവർഷ മഴ ശക്തിയായി ലഭിച്ചാൽ കുറച്ച് ദിവസം വെള്ളത്തിൽ ഇറങ്ങാറില്ല എന്നൊഴിച്ചാൽ ബാക്കി സമയത്തെല്ലാം കളിയും കുളിയുമെല്ലാം അവിടത്തന്നെ.

പതിനൊന്ന് മണിക്ക്  മദ്രസ കഴിഞ്ഞ് വന്നാൽ വീട്ടില്‍ അറിയിക്കാതെ നേരെ പുഴയിലേക്കോടും.
മൂന്ന് മണിവരെയൊക്കെ അർമാദിച്ച് കുളിക്കും.
വീട്ടിലേക്കെത്തുമ്പോൾ തന്നെ ഞങ്ങൾ പുഴയിൽ കുളിച്ചാതെന്നവർക്ക് മനസിലാവും. കാരണം ഞങ്ങൾ ഒരുമാതിരി ഫ്രിഡ്ജിൽ നിന്നെടുത്ത കോഴി പോലെ വിളറി വെളുത്തിട്ടുണ്ടാവും.
ആദ്യമൊക്കെ ഉമ്മയൊക്കെ കുളിക്കാൻ പോവുന്നതിനെ  എതിർത്തിരുന്നുവെങ്കിലും നീന്താൻ പഠിക്കൽ ഒരു ഇൽമാണെന്ന് അറിയാവുന്നത് കൊണ്ട് അതും   പറഞ്ഞ് സമാധാനിക്കുമായിരുന്നു.
മുതിർന്ന നീന്തലറിയുന്നവർ ഉണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഉപ്പ പുഴയോരത്ത് സ്ഥിരം  വരുമായിരുന്നു.

പട്ള അണക്കെട്ടിന് അൽപം കിഴക്ക് മാറി കേകെ കുണ്ടിലായിരുന്നു ഞങ്ങൾ സ്ഥിരമായി കുളിച്ചിരുന്നത്. സ്രാമ്പി ഭാഗത്തുള്ളവർ കുറച്ച് കൂടി മേലെ ആറാട്ട് കടവിലും. അവരും ഞങ്ങളും നീന്തൽ ഉൾപ്പടെ പല മത്സരങ്ങളും നടത്തുമായിരുന്നു.

ദുഡ്ഡാങ്കല്ല്, അപ്പച്ചണ്ട്, ഗോരി തുടങ്ങിയവ അതിൽ ഏറെ വാശിയുളവാക്കുന്നതായിരുന്നു.
ഒത്ത വലിപ്പമുള്ള ഒരു വെള്ളാരംകല്ല് എടുത്ത് ഒരാൾ ''ദുഡ്ഡാം കല്ല്, ദുഡ്ഡു കുണ്ടിലേക്ക്'' എന്ന് പറഞ്ഞ് ആഴത്തിൽ വെള്ളമുള്ള സ്ഥലത്തേക്ക് എറിയും. അതിനെ എല്ലാവരും വെള്ളത്തിലേക്ക് ഊളിയിട്ട് പോയി തപ്പും, ആർക്കാണോ ആ കല്ല് കിട്ടിയത് അവരാണ് വിജയി., ഇതാണ് ദുഡ്ഡാങ്കല്ല്.. (ന്യൂ ജെനിന് വേണ്ടിയാണ് വിശദീകരിച്ചത്).

ഞാൻ നീന്തൽ പഠിച്ചു എന്ന് വീട്ടില്‍ പറയുമ്പോൾ
ഒഴുക്കിനൊത്ത് നീന്തുന്നതല്ല യഥാർത്ഥ  നീന്തൽ എന്ന് പറഞ്ഞ് ഇച്ചാമാർ  കളിയാക്കും.
അവർക്ക് ഞാനതിന് മറുപടി കൊടുത്തത് അണക്കട്ടിൽ പടിയിട്ടപ്പോൾ (നാലാൾ പൊക്കത്തിൽ വെള്ളം കെട്ടി നിർത്തിയപ്പോൾ) അതിലേക്ക് ചാടിക്കൊണ്ടായിരുന്നു. എന്നിട്ട് നീന്തി അക്കരെ പിടിച്ചപ്പോൾ പിന്നെ അവർക്കത് അംഗീകരിക്കാതെരിക്കാൻ നിർവ്വാഹമില്ലായിരുന്നു.

സ്കൂൾ ജീവിതമൊക്കെ കഴിഞ്ഞും ''കുളിക്കാൻ പോക്ക്'' നിർത്തിയില്ലായിരുന്നു. എങ്കിലും കുറഞ്ഞ് കുറഞ്ഞ് അവസാനം പാടെ നിർത്തിയിട്ട്  മൂന്ന് നാല് വർഷമായി.
നീന്താൻ പഴയ കൂട്ടുകാർ ഇല്ലാത്തതും കേകെ കുണ്ട് പൂഴിവന്ന് നിറഞ്ഞതും നിർത്താൻ ചെറിയൊരു കാരണം കൂടി ആയി.

പഴയ ആഗ്രഹങ്ങളെയൊക്കെ വീണ്ടും പൊടിതട്ടിയെടുത്ത് ഇന്നലെയായിരുന്നു (വെള്ളി) വീണ്ടും മധുവാനിയിലേക്ക് ഞാന്‍ പോയത്. കൂട്ടിന് ഏഴ് വയസ്സുള്ള മോനും പതിനാലും പതിനഞ്ചും വയസ്സുള്ള ഇച്ചാമാരുടെ മക്കളും.!
ആറാട്ട് കടവിലേക്കാണ് പോയത്. പഴയ ഓർമ്മവെച്ച് നോക്കുംമ്പോൾ വെള്ളിയിഴ്ച്ച നല്ല തിരക്ക് വേണം.. പക്ഷേ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. പതിനൊന്ന് മണിയൊക്കെ ആവുമ്പോൾ രണ്ട് പേര് മക്കളെയൊക്കെ കൊണ്ട് വന്നതല്ലാതെ ന്യൂ ജനറേഷനെ ആരേയും കണ്ടില്ല( പുഴക്കരികിലെ വീട്ടിലെ രണ്ട് കുട്ടികൾ മാത്രം പിന്നീട് വന്നു.)

നീന്തലിലും കളിയിലുമൊന്നും താൽപര്യമില്ലാതെ ന്യൂ ജനറേഷൻ ടാബിനും മൊബൈലിനും അടിമപ്പെട്ട് ഇങ്ങനെ ജീവിച്ചാൽ എന്തായിരിക്കും എന്ന ഒരു ആശങ്ക കൂടി പങ്കുവെച്ച് കൊണ്ട് ഈ കുറിപ്പ് ഞാനിവിടെ അവസാനിപ്പിക്കുന്നു.

              ■■□■■

No comments:

Post a Comment