Monday 4 February 2019

ഞങ്ങളിഷ്ടപ്പെട്ടിരുന്ന ഞങ്ങളെ ഇഷ്ടപ്പെട്ടിരുന്ന അദ്ലാർച്ച /അസ്ലം മാവിലെ

*ഞങ്ങളിഷ്ടപ്പെട്ടിരുന്ന*
*ഞങ്ങളെ ഇഷ്ടപ്പെട്ടിരുന്ന*
*അദ്ലാർച്ച*
.........................
അസ്ലം മാവിലെ
.........................

ചിലരെ നമുക്ക് ഇഷ്ടപ്പെടുന്നവരാക്കുന്നത് എങ്ങിനെയാണ് ? നമ്മുടെ ഉപ്പ, ഉമ്മ, കാക്ക അങ്ങിനെ വളരെ വളരെ അടുത്തവർ അവരെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.

ഇന്ന് മരണമെന്ന മറയിലേക്ക് നീങ്ങിയ അബ്ദുൽ ഖാദർ സാഹിബ് - അദ്ലാർച്ച - അങ്ങിനെയൊരു ഇഷ്ടക്കാരിൽ ഒരാളായിരുന്നു,  എന്നെ സംബന്ധിച്ചിടത്തോളം.

ഒരു പക്ഷെ, പട്ലയിൽ നിന്നും മധൂരിലേക്കും മധുരിൽ നിന്ന് തിരിച്ചിങ്ങോട്ടും ദിവസം നടക്കുന്ന, 365 നാളും നടക്കുന്ന, ജീവിതായോധനത്തിന്റെ ഭാഗമായി നടന്നു കൊണ്ടേയിരുന്ന രണ്ടോ മൂന്നോ പേരിൽ എന്റെ ഉപ്പയോടൊപ്പം ഒരാൾ  അദ്ലാർച്ചയായിരുന്നു.

 ഒരുപാടോർമ്മകൾ ഉണ്ട്. എൻറുപ്പ മൺമറഞ്ഞ് 20 വർഷമാകാറായി. മധൂര് കട. മൺസൂണായാൽ ഇടമുറിയാത്ത മഴയായിരിക്കും. അന്ന് മധൂർ - പട്ല റോഡ് എന്നത് വല്ലാത്ത സാഹസമാണ് ഒന്ന് കടന്ന് കിട്ടാൻ. അക്കര വയലിൽ ട്രാൻസ്ഫോർമറിന് കുറച്ചു മുമ്പായി മുപ്പത് - നാൽപത് മീറ്റർ അപകട നടത്തമുണ്ട്. ആ നടത്തത്തിന് ഒരു പ്രത്യേക ആയം തന്നെ ആവശ്യമായിരുന്നു. കാല് തെറ്റിയാൽ കൈവിട്ടുപോകുന്ന അവസ്ഥ.

ആ മഴക്കാലങ്ങളിൽ രാത്രി കടയടച്ചാൽ ഉപ്പ കുറച്ചു കാത്തിരിക്കും, അദ്ലാർച്ച ബസ്സിറങ്ങാൻ. അദ്ലാർച്ച ബസ്സിറങ്ങിയാൽ  കടയ്ക്ക് പുറത്തായി ഒരു കാൽ തിണ്ണയിലും മറ്റെ കാൽ താഴെയും ഊന്നി നിന്ന് ഉപ്പാനെ അയാൾ കാത്തിരിക്കും, ഉപ്പ നിരപ്പലകയിട്ട് കടയടക്കാൻ.
പിന്നെ, ഒന്നിച്ചായി നടന്നു പോകും. അദ്ലാർച്ച സംസാരിച്ചു കൊണ്ടേയിരിക്കും, ഉപ്പ അതിന് കണക്കായി മൂളിക്കൊണ്ടേയിരിക്കും.

ഞാൻ നടേപറഞ്ഞ കുത്തൊഴുക്കിൽ
അദ്ലാർച്ച ആദ്യം കാൽ വെക്കും. പിന്നെ ഉപ്പയോട് നടക്കാൻ പറയും. കാലിന്നിടയിലെ ഇളകിപ്പോകുന്ന കരിങ്കൽ ചീളുകൾക്കിടയിൽ കൂടി അവർ രണ്ട് പേരും ദിവസവും രാത്രികളിൽ ദൈവാധീനം കൊണ്ട്  ഇക്കരയെത്തും.

നേരം വെളുത്താൽ പാതവരമ്പത്തു കൂടി അക്കരെ നടക്കുന്ന വളരെച്ചില മനുഷ്യരിൽ ഒരാളാണ് അദ്ലാർച്ച. ജീവിതത്തിരക്കിനിടയിൽ നാട്ടിലെ ഒട്ടുമിക്ക  ചടങ്ങുകളിലും അദ്ദേഹത്തിന്  വരാനോ സംബന്ധിക്കുവാനോ ആയിട്ടുണ്ടാകില്ല.

മുൻസിപ്പൽ ഓഫീസിന് മുന്നിൽ ഒരു കുഞ്ഞുചായക്കട. അതദ്ദേഹത്തിന്റെതാണ്. കാസർകോട് ജില്ലാ പ്രഖ്യാപന ദിവസമാണ് ഞാനത് ആദ്യമായി കാണുന്നത്, എന്റെ സഹപാഠി എം.എ. മജീദ് കാണിച്ചു തന്നത്. മജീദ് അദ്ദേഹത്തോട് - ഇത് അക്കച്ചാന്റെ മോൻ. അതിന് ശേഷം  എന്നെ അദ്ദേഹം  പേര് വിളിക്കില്ല, അക്കച്ചാന്റെ മോൻ എന്നാണ് പറയാറ്.

രാമണ്ണറൈ, ഹമീദലി ഷംനാട്  മുതലിങ്ങോട്ടുള്ള മുഴുവൻ മുൻസിപ്പൽ ചെയർമാൻമാരെയും കൗണിസിലർമാരെയും അദ്ലാർച്ചക്ക് അറിയാം, അവർക്ക് അങ്ങോട്ടു അദ്ലാർച്ചാനെയുമറിയാം. അവിടെ വന്നും പൊയ്ക്കൊണ്ടുമിരുന്ന ഓരോ ഉദ്യോഗസ്ഥനും അദ്ലാർച്ചക്ക് കാണാപാഠം.

വ്യക്തിപരമായ ഒരു സംഭവം:  എന്റെ 4 മക്കളുടെ  ജനന സർടിഫിക്കറ്റുകളിലും എന്റെ പേരിന് ഒരക്ഷരം കുറവോ കൂടുതലോ ഉണ്ട്. എനിക്കത് മാറ്റിയേ തീരൂ, വളരെ പെട്ടെന്ന്. മുൻസിപ്പൽ ആപ്പിസിൽ ഞാൻ ഒറ്റയ്ക്ക്  പോയി. ഞാനുദ്ദേശിച്ച സമയമല്ല അവർ സർട്ടിഫിക്കറ്റ് തരാന്ന് പറയുന്നത്.
 അദ്ലാർച്ചനോട് വന്ന് കാര്യം പറഞ്ഞു - കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവിൽ നിന്നുമദ്ദേഹം ചായച്ചട്ടി താഴെ ഇറക്കി എന്നോട് കൂടെ വരാൻ പറഞ്ഞു,

അദ്ലാർച്ച ഓഫീസിന്റെ ഇടനാഴിയിൽ കൂടി അകത്ത് കയറി  ഒരു ഓഫിസറോട് തനി നാടൻ ശൈലിയിൽ : "ഇദെറോ, ഈ പേപ്പറ് ബീയം ഒന്ന് സരിയാക്കീറ്, ജോന് ഞമ്മളെ ബേണ്ടിയപ്പെട്ടാള് ". കഴിഞ്ഞു - വൈകുന്നേരം മുഴുവൻ  പേപ്പർ റെഡി !   അദ്ലാർച്ച ജനന സർട്ടിഫിക്കറ്റുകൾ രാത്രി വരുമ്പോൾ പട്ലയിൽ ഒരു കടയിൽ ഏൽപ്പിച്ചിരിക്കുന്നു ! ( അദ്ദേഹത്തെ ബന്ധപ്പെട്ട ഓരോരുത്തർക്കും ഇത് പോലെ ഓരോ  അനുഭവങ്ങൾ പറയാനുണ്ടാകും )

സർവ്വശക്തനായ നാഥാ അദ്ദേഹത്തിൽ നിന്നു വന്നു ഭവിച്ച ചെറുതും വലുതുമായ ദോഷങ്ങളെ വിട്ടു പൊറുത്തു മാപ്പാക്കി ക്കൊടുക്കുകയും അദ്ദേഹത്തേയും നമ്മേയും അല്ലാഹു അവന്റെ ജന്നാത്തിൽ ഒരുമിച്ചുകൂട്ടുകയും ചെയ്യട്ടെ ആമീൻ ...
അദ്ദേഹത്തിന്റെ കുടുംബത്തിന്നും ബന്ധുമിത്രാദികൾക്കും അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ. ▪

No comments:

Post a Comment