Wednesday 13 February 2019

ആന്റിനറ്റാലിസവും ജന്മം നല്‍കിയതിനെ ചോദ്യം ചെയ്തുള്ള മകന്റെ കോടതി കയറലും / അസ്ലം മാവിലെ


http://dhunt.in/5whdM?s=a&ss=wsp
via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

*ആന്റിനറ്റാലിസവും*
*ജന്മം നൽകിയതിനെ*
*ചോദ്യം ചെയ്തുള്ള*
*മകന്റെ കോടതി കയറലും*
..........................
അസ്ലം മാവിലെ
..........................

ഇക്കഴിഞ്ഞ ദിവസങ്ങളിൽ NDTV അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ മുംബൈ സ്വദേശി റഫേൽ സാമുവൽ ഇടം പിടിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല അയാൾ ഒരു കേസിനുള്ള തയ്യാറെടുപ്പിലാണ്,  സ്വന്തം മാതാപിതാക്കൾക്കെതിരെ.

റഫേൽ ചെറിയ കുട്ടിയല്ല. 27 വയസ്സുണ്ട്. താമസം അച്ഛനമ്മമാരൊടൊന്നിച്ച് തന്നെ. വിവാഹിതനല്ല, അതിന്റെ കിളിവാതിൽ കൊട്ടിയടച്ചിട്ടുമാണ്.  കേസിന്റെ രത്നച്ചുരുക്കമിതാണ് - റഫേലിന്റെ അനുവാദമില്ലാതെ മാതാപിതാക്കൾ എന്തിനയാൾക്ക്  ജന്മം നൽകി ! 

മനുഷ്യ ജീവന് ജന്മം നൽകുന്നത് ധാർമ്മികമായി അപരാധമെന്ന് കരുതുന്ന ഒരു സൊസൈറ്റി ലോകത്തുണ്ട് - Antinatalists.  അവരിലൊരാളാണ് ഈ മുംബൈക്കാരൻ  സാമുവൽ. സ്വൈരജീവിതമെന്നത് മനുഷ്യനപ്രാപ്യമാണ്. ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗവും പീഡയുമാണ് മരണക്കിടക്കെ ബഹുഭൂരിപക്ഷം പേരെയും അലട്ടാതെ പിന്തുടരുന്നതെന്ന് ഇക്കൂട്ടർ കരുതുന്നു.

സന്താനോത്പാദനത്തോട് വിപ്രതിപത്തി കാണിച്ചിരുന്നവർ പുരാതന ഗ്രീക്ക് കാലം മുതൽ തന്നെ ഉണ്ടായിരുന്നു പോൽ. ഒഡിപ്പസിൽ ഇത് സംബന്ധിച്ച പരാമർശങ്ങളും കാണാൻ സാധിക്കുമത്രെ. പ്രകൃതിസമ്പത്ത് ഇല്ലായ്മ ചെയ്യാനും ഭൂമിയിൽ പട്ടിണിക്കും പരിവട്ടങ്ങൾക്കും ഹേതുവാകാനും മാത്രമേ മനുഷ്യ ജന്മങ്ങൾ കൊണ്ടാകൂ,  അനുവാദമില്ലാത്ത ഒരു മനുഷ്യജന്മം കൊണ്ട്,  ഭൂമിയിൽ അവർ ജീവിതം കാലമധികവും ദുരിതമനുഭവിക്കുന്നു. 

ഇവരുടെ ലക്ഷ്യവും അജണ്ടയുമിതാണ്: മനുഷ്യരിവിടെ ആവശ്യത്തിലധികമുണ്ട്, ഇനി വേണ്ടേ വേണ്ട.  അത് കൊണ്ട് പ്രത്യുൽപാദന പ്രക്രിയയിൽ ഇണകൾ വ്യാപൃതരാകരുത്.

നാറ്റലിസവുമായി ബന്ധപ്പെട്ടത് തന്നെയാണ് ഇന്ന് ജനസംഖ്യാപെരുപ്പള്ള രാജ്യങ്ങളിൽ anti-natalist policy എന്ന പേരിൽ ഒരു കണക്കിന് നടപ്പാക്കുന്നത്. ഉത്തമ ഉദാഹരണം ചൈനയും ഇന്ത്യയും തന്നെ. 2013 വരെ ചൈനയിൽ കർശനമായി ഒറ്റ സന്താന പോളിസിയായിരുന്നു. ( 2013 ലെ 18 -ാം പ്ലീനത്തോടെ  മറ്റുചില കാരണങ്ങളാൽ നേരിയ ഇളവ് ചൈനയിൽ ഭരണകൂടം നൽകിയിട്ടുണ്ട്). 1950 കളിൽ തന്നെ ഇന്ത്യയിലും കർശനമായല്ലെങ്കിലും anti-natalist policy നടപ്പിലുണ്ട്. കുടുംബാസൂത്രണം കൊണ്ടാണ് തുടങ്ങിയത്.  ഏറ്റവും അവസാനം,   വിവാഹപ്രായ പരിധിയിൽ കർശന നിലപാടുമായി ഭരണകൂടം മുന്നോട്ട് വന്നതും ചില സംസ്ഥാനങ്ങളിൽ രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചുള്ള  വാർത്തകൾ വരുന്നതും ഇതിന്റെ ഭാഗം തന്നെ. ഇന്ത്യയിൽ രണ്ട് കുട്ടികളായിക്കഴിഞ്ഞാൽ  വന്ധീകരണത്തിന് വിധേയമാകുന്ന ദമ്പതിമാർ 37% മായി വർദ്ധിച്ചിട്ടുണ്ടത്രെ. അത് കൊണ്ട് തന്നെ  1950 ൽ ഉണ്ടായിരുന്ന Fertility Rate 5.87  ൽ നിന്നും 3.3 ആയി കുറയുകയും ചെയ്തു. (സിംഗപ്പൂരിൽ സമാനമായ പോളിസി കൊണ്ട് വന്ന് അവസാനം "പാണ്ടായി", ഇപ്പോൾ റിവേഴ്സ് ഗിയറിലാണവർ, Pro-natalist policy എന്ന പേരിൽ, പ്രസവിക്കുന്നവർക്ക് സമ്മാനങ്ങൾ ഓഫർ ചെയ്തു കൊണ്ട് !)

ജനിപ്പിക്കുന്നത് വഴി ആത്മാവിന് ജയിലറ തീർക്കുകയാണ്. അസൂയയുടെയും അത്യാഗ്രഹത്തിന്റെയും  അക്രമത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും പൈശാചിക വൃത്തിയാണ് നശ്വരലോകമെന്ന് കരുതുന്ന ഒരു വിഭാഗം  മുമ്പേയുണ്ട്. നിഷ്ക്കളങ്കമായ ഒരു കന്നി ആത്മാവിനെക്കൂടി അതിന്റെ ഇരയാക്കുകയാണ് ഒരു ശിശുജനനം കൊണ്ട്  അതിന്റെ കാരണക്കാർ (മാതാപിതാക്കൾ ) ചെയ്യുന്നതത്രെ. നിങ്ങൾക്ക് ഒരു കുഞ്ഞിക്കാലാണോ ആവശ്യം, അഗതിയെയോ അനാഥയെയോ അഭയാർഥിയെയോ ദത്തെടുക്കൂ. അവർ ഭൂമിയിൽ സ്നേഹം നിഷേധിക്കപ്പെട്ടവരാണ്. ആത്മാർഥതയുണ്ടെങ്കിൽ അവരെ അരികിൽ ചേർക്കൂ. ഗർഭപാത്രത്തെ വെറുതെ വിടൂ - ഈ ഒരു കൺസെപ്റ്റിലാണ് anti-natalism വാദികളുള്ളത്. ഗർഭചിദ്ര വിഷയത്തിൽ പോലും anti-natalistകൾക്ക് വിചിത്രമായ വാദങ്ങളാണുള്ളത്.

Antinatalistകളിൽ  തന്നെ വിറളി പിടിച്ചവരുണ്ട്, തീവ്രത കുറഞ്ഞവയുമുണ്ട്. 
anti-natalism ത്തോടനുബന്ധിച്ച് നെഗറ്റീവ് യൂട്ടിലിറ്റേറിയനിസം , നെഗറ്റീവ് എത്തിക്സ് തുടങ്ങിയ വിവിധ  നിലപാടുകളും കാഴ്ചപ്പാടുകളും വെച്ചുപുലർത്തുന്നവരുമുണ്ട്.   ആത്യന്തികമായി ഇവയുടെയൊക്കെ ഉള്ളടക്കമൊന്നുതന്നെ - ജനിപ്പിക്കരുത്. അതിന് ഉപോൽബലകമായ സിദ്ധാന്തങ്ങൾ രൂപീകരിക്കുകയാണ് ഇതിന്റെ പ്രയോക്താക്കൾ കഴിവതും ചെയ്യുന്നത്.

നെഗറ്റീവ് യൂട്ടിലിറ്റേറിയനിസത്തിന്റെ ഉള്ളടക്കം തന്നെ ആഹ്ലാദിക്കാനവസരമുണ്ടാക്കുന്നതിനേക്കാളേറെ ധാർമ്മികമായി കൂടുതൽ ശരി കഷ്ടപ്പാടുകളുടെ തോത് കുറക്കുക എന്നതാണ്. അതിനേക വഴി സന്താനോത്പാദനം നിർത്തുക എന്നും. 

നെഗറ്റീവ് എത്തിക്സാകട്ടെ സന്താനോത്പാദനത്തെ അഹിതയും ക്രൂരവുമായ ചെയ്തിയായി കാണുന്നു. ജനിച്ചു വീഴുന്നവരുടെ consent ഇല്ലാതെ നരകതുല്യജീവിതത്തിലേക്ക് തള്ളിയിടുന്ന പൈശാചിക വൃത്തിയെന്നാണവരുടെ മതം. ഒരു വിഭാഗത്തിന്റെ താത്പര്യത്തെ ധാർമ്മികമെന്ന് പറയുന്നത് മറ്റൊരു വിഭാഗത്തിന്റെ താത്പര്യത്തെ ചവിട്ടുമെതിച്ചാണ്. പിന്നെ എങ്ങിനെ മനുഷ്യൻ ധാർമ്മികമായി തന്നെ qualified എന്ന് പറയും ?  നെഗറ്റീവ് എത്തിക്സിന്റെ ആലോചന ആ വഴിക്ക്.

റഫേലിലേക്ക് തന്നെ വീണ്ടും വരാം.
FBയിൽ റഫേൽ സാമുവൽ കുറിച്ചിട്ടത് ഇങ്ങനെ : എനിക്കെന്റെ മാതാപിതാക്കളെ ഇഷ്ടമാണ്. അവർ എനിക്ക് ജന്മം നൽകിയത് അവരുടെ സന്തോഷത്തിനായി മാത്രമാണ്. അതിന് ഈ ഞാനെന്തിന്  കാരണക്കാരനാകണം ?  (FB പോസ്റ്റ് പിന്നീടയാൾ Delete ചെയ്തിട്ടുണ്ട്)

ഈ കേസ് പരിഗണക്കെടുത്താൽ തന്നെ റഫേലിന്റെ മാതാപിതാക്കൾക്ക് - കവിതയ്ക്കും സാമുവലിനും -ഒരു കാര്യത്തിൽ ആശ്വാസത്തിന് വകയുണ്ട്. അവർക്ക്  വക്കീൽ ഫീസ് കൊടുക്കേണ്ടി വരില്ല. രണ്ടു പേരും മുംബയിലെ അറിയപ്പെടുന്ന അഭിഭാഷകരാണ്. 

'"അവന് ജന്മം നൽകാനുള്ള ജൈവിക പ്രക്രിയയിൽ, ആ സമയത്ത് അവിടെ ഉണ്ടാകാൻ ഒരു സാധ്യതയുമില്ലാത്ത റഫേലിനോട് ,  ഞങ്ങളെങ്ങനെ   സമ്മതം വാങ്ങണമായിരുന്നെന്ന് മകൻ കോടതിയിൽ ബോധ്യപ്പെടുത്തട്ടെ, അപ്പോൾ  ഞങ്ങൾ തെറ്റു സമ്മതിക്കും " - മകനോളം വാശിയുമായി ഈ  അഭിഭാഷക ദമ്പതിമാരും പിന്നോട്ടില്ല.

No comments:

Post a Comment