Saturday 3 November 2018

സ്നേഹനിധിയായ* *ബിജു മാഷ്* *പട്ല സ്കൂൾ വിടുമ്പോൾ ... / എ. എം. പി.


*സ്നേഹനിധിയായ*
*ബിജു മാഷ്*
*പട്ല സ്കൂൾ വിടുമ്പോൾ ...*

..........................
എ. എം. പി.
..........................

ബിജു മാഷ്,  പട്ല സ്കൂൾ വിടുന്നത് അറിയാനിടയായത് ഇന്നലെ  കണ്ട അദ്ദേഹത്തിന്റെ FB സ്റ്റാറ്റസ് വഴിയാണ്.

ബിജു മാസ്റ്റർ നാലര വർഷം പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനാകുന്നത് ഒരു മാമൂൽ അധ്യാപകനെ പോലെയല്ല എന്നാണ് അടുത്ത് നിന്നും അകലെ നിന്നും നോക്കിക്കണ്ട ഒരാളെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വളരെ ആത്മാർഥതയുള്ള അധ്യാപകൻ. എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും നിലനിർത്തിയ വ്യക്തിത്വം. കുട്ടികളോട് പിണങ്ങാനും അതിന്റെ പതിന്മടങ്ങ് ഇണങ്ങാനും അറിയുന്ന അധ്യാപകൻ. ക്ലാസ്സിലെത്തുന്ന കാര്യത്തിലും പാഠ്യഭാഗങ്ങൾ തീർക്കുന്ന വിഷയത്തിലും കർക്കശനായ അധ്യാപകൻ. സഹപ്രവർത്തകർക്കും മേലധികാരികൾക്കും രക്ഷകർതൃ നേതൃത്വത്തിനും ഒരു പോലെ ഇണങ്ങാൻ പറ്റിയ മാന്യ വ്യക്തിത്വം.

ബിജു മാഷെന്നാണ് ഞങ്ങൾ വിളിക്കുക. കൊല്ലം ജില്ലക്കാരനെങ്കിലും കുറച്ചു തിരുവനന്തരം സ്ലാങ്ങാണ് മാഷിനുള്ളത്. പി.ടി.എ. യോഗങ്ങളിൽ അദ്ദേഹം വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ എഴുതി വായിക്കുന്നത് പോലെ തോന്നും ഞങ്ങൾക്ക്, ക്ലാസ്സുകളും അങ്ങിനെ തന്നെ, ഗനഗംഭീരമായ ശബ്ദവും ശൈലിയും. പ്രസംഗവുമങ്ങിനെ തന്നെ.  പെറുക്കി പെറുക്കി ഒഴുക്കിലിങ്ങനെ വ്യാകരണപ്പിശകില്ലാതെ വാക്കുകൾ  നീങ്ങിക്കൊണ്ടേയിരിക്കും. നല്ല സുഖമാണവ കേൾക്കാൻ.

ഹയർ സെക്കണ്ടറി അധ്യാപകനെന്നത് മറ്റു അധ്യാപന വൃത്തി പോലെ അത്ര എളുപ്പമുള്ള ജോലിയല്ലല്ലോ. എന്റെ നാട്ടിലെ സർക്കർ സ്കൂളിൽ അദ്ദേഹം കാണിച്ച പല പക്വമായ നിലപാടുകളും സന്ദർഭോചിതമായ ഇടപെടലുകളും മാമലയെ മഞ്ഞുരുക്കിയിട്ടുണ്ട്.  16 -19 പ്രായമുള്ള കൗമാര വിദ്യാർഥികളെ ഒരു വഴി നടത്തിക്കുക എന്നത്,  പറയാൻ എളുപ്പമെങ്കിലും അനുഭവത്തിൽ അതിനാവത് കുറച്ചധികം വേണം. പഠന സംബന്ധമായ വിഷയമേ ആയിരിക്കില്ല ഹയർ സെക്കണ്ടറി ക്യാമ്പസിൽ HSS അധ്യാപകർക്ക് പ്രധാനമായും അഭിമുഖീകരിക്കാനുണ്ടാകുക, മറ്റു പലതുമാകാം, ആ "മറ്റു പലതി"നെ ടാക്ക്റ്റിക്കായി കൈകാര്യം ചെയ്യുമ്പോൾ ബിജു മാഷ് എടുക്കുന്ന Effort ഞാൻ പലപ്പോഴും അത്ഭുതത്തോട് കൂടി കണ്ടിട്ടുണ്ട്.

ഒരു വർഷത്തിലധികം അദ്ദേഹം പട്ല സ്കൂളിൽ പ്രിൻസിപ്പൾ ഇൻ ചാർജുമായിരുന്നല്ലോ. വളരെ ഉത്തരവാദിത്വത്തോടു കൂടിയാണ് അദ്ദേഹം ആ കാലയളവിൽ അധ്യയനവും അഡ്മിനിസ്ട്രേഷനും ഒരു പോലെ കൈകാര്യം ചെയ്തത്. PTA യോഗങ്ങളിൽ സ്വയം പറയും - ഞാൻ അത്ര നല്ല പ്രിൻസിപ്പളല്ലെന്ന്.

പട്ല സ്കൂൾ ഹയർസെക്കണ്ടറി ക്യാമ്പസിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ബിജു മാഷിന്റെ "പയ്യാരം പറച്ചിൽ " വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യോഗത്തിലും അല്ലാതെയും അദ്ദേഹം PTA നേതൃത്വത്തിന് മുന്നിൽ അസൗകര്യങ്ങളുടെ ഭണ്ഡാരം അഴിച്ചു കൊണ്ടേയിരിക്കും. പരാതിയോട് പരാതിയായിരിക്കും. അത് കൊണ്ട് സ്കൂളിനും കാര്യമുണ്ടായി.

പാഠ്യവിഷയങ്ങളിൽ മാത്രമല്ല, പാഠ്യേതര കാര്യങ്ങളിലും ബിജു മാഷ് വളരെ ഔത്സുക്യം കാണിച്ചു. പട്ലയിൽ നടന്ന പൊലിമ പരിപാടികളിൽ അദ്ദേഹം നൽകിയ  അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നന്ദിയോട് കൂടി മാത്രമേ എനിക്കോർക്കാൻ സാധിക്കൂ.

 കുട്ടികൾക്ക് ഒരു പാട് ഓറിയന്റേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിനായി. ( ഒന്നുമല്ലാത്ത എന്നെക്കൊണ്ട് വരെ അദ്ദേഹം നിർബന്ധിച്ച് പ്രസംഗിപ്പിച്ച  സംഭവം വരെ  ഉണ്ടായിട്ടുണ്ട്. )   കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞു പ്രോത്സാഹനങ്ങൾ അദ്ദേഹം നൽകി കുട്ടികൾക്കും ബിജു മാഷ് അരുമ അധ്യാപകനായിരുന്നു. വിരട്ടാനുമദ്ദേഹത്തിനറിയാം, തോളിൽ കയ്യിട്ടു കമ്പനികൂടാനുമറിയാം.

യാത്രയയ്പ്പ് വാർത്ത എവിടെയും ഞാൻ കണ്ടില്ല. തുരുതുരാ ഫോട്ടോകൾ വരുന്ന ചില ഫോറങ്ങളിലും അവ കണ്ടില്ല.  ഒരു പക്ഷെ എന്റെ ശ്രദ്ധയിലവ പെടാത്തതാകാം.

ആ നല്ല അധ്യാപകന് നന്മകൾ നേരുന്നു. സംസാരത്തിലും ഇടപെടലുകളിലും അനുപമമായ മാന്യത പുലർത്തിയിരുന്ന ബിജു മാഷ് എല്ലാവർക്കും വലിയ മാതൃകയാണ്. ഇടപഴകുന്തോറും കൂടുതൽ അടുക്കാൻ നമുക്ക് തോന്നും. മനുഷ്യത്വം മാത്രമാണവിടെ യോഗ്യത.

 സ്വന്തം ജില്ലയിൽ (കൊല്ലം) ജോലി. ഭാഗ്യവാൻ ! അതിലും ഭാഗ്യവാന്മാർ കൊല്ലം മുട്ടറ സ്കൂൾ അധ്യാപകരും വിദ്യാർഥികളുമായിരിക്കുമെന്ന് ഞാൻ പറയും. മനുഷ്യസ്നേഹിയായ, നിഷ്ക്കളങ്കനായ, തലക്കനം ലവലേശമില്ലാത്ത  ഒരധ്യാപകനെയാണല്ലോ അവർക്ക് ലഭിച്ചിരിക്കുന്നത് !

പോകുമ്പോൾ ഏതായാലും എന്നോട് പറഞ്ഞില്ല, ഇടക്കിടക്ക് ഇനി FB യിൽ കാണുമല്ലോ. അത് മതി .  സൗഹൃദം നിലനിർത്താൻ അത് തന്നെ ധാരാളം.  നന്മകൾ ബിജു മാഷ് !


RTPen.blogspot.com

No comments:

Post a Comment