Friday 21 April 2017

നാട് ഉണങ്ങുന്നു* *ഉറവ വറ്റുന്നു* *ദാഹിച്ചവന്റെ* *തൊണ്ട നനയ്ക്കാൻ* *കൈമെയ് മറന്ന്* *നമുക്കൊന്നിക്കാം*

*നാട് ഉണങ്ങുന്നു*
*ഉറവ വറ്റുന്നു*
  *ദാഹിച്ചവന്റെ*
*തൊണ്ട നനയ്ക്കാൻ*
*കൈമെയ് മറന്ന്*
 *നമുക്കൊന്നിക്കാം*
___________________

സി പി ക്ക് വേണ്ടി
*അസ്ലം മാവില*
_________________

ഏപ്രിൽ തുടങ്ങി.  ചൂട് കൂടിക്കൂടി വന്നു.  വേനലിനിയും കത്തും. ഇനിയുള്ള രണ്ട് മാസങ്ങൾ വളരെ പ്രയാസകരം !

കുഞ്ഞുമക്കൾ വിയർക്കുന്നു. കാറ്റ് പോലും പിശുക്കിപ്പിശുക്കിയാണ് വീശുന്നത്. ഫാനിനുമുണ്ടല്ലോ കറങ്ങുന്നതിനുമൊരു ലിമിറ്റ്.

കിണറും കുളവും വറ്റിത്തുടങ്ങി. ചില സ്ഥലങ്ങളിൽ ഉറവ നിന്നു!  കോരി നിറച്ച കുടം പോലെയാണിപ്പോൾ മിക്ക കിണറുകളും!

വെള്ളം നിറഞ്ഞ കിണറുള്ളവർ അഹങ്കരിച്ച് പോകരുത്. അവർ സംസാരത്തിൽ പോലും മിതത്വം പാലിക്കുക. നമുക്കറിയില്ല, ഉറവയുളള കിണറുകൾ അനുഗ്രഹമാണോ പരീക്ഷണമാണോയെന്ന് ? അത് തന്നവന്, പടച്ചവന് മാത്രമേ അറിയൂ. ഏത് നേരവും അവനത് വഴി മാറ്റാം. നാം വിനയം അധികരിപ്പിച്ചേ മതിയാവൂ.

അടുത്ത വീട്ടുകാരന്റെ കിണറ് നോക്കണം. അവിടെ ശുദ്ധജലമുണ്ടോ ? അവിടെയും കുഞ്ഞുമക്കളുണ്ടല്ലോ, മനുഷ്യരും കന്നുകാലികളുമുണ്ടല്ലോ. നല്ല വെള്ളം അവർ കൂടി കുടിക്കണ്ടേ? വേണം. കുടിക്കണം.

അറിയാം, അതിസാരം മുതലങ്ങോട്ടുള്ള രോഗങ്ങൾ ശുദ്ധജല പാനമില്ലാത്തത് കൊണ്ടാണ്. ഒരു വീട്ടിൽ ഒതുങ്ങില്ല ഈ വക രോഗങ്ങൾ. അത് സംക്രമിക്കും. പരക്കും. ഉറവ ഉള്ളവന്റെ വീടും പരതി അവയുമെത്തും.

അയൽപക്കത്തെ അടുത്ത ബന്ധുക്കളായി കരുതുക. വെളളം പങ്കിടുക. അവരും കുടിക്കട്ടെ, കുളിക്കട്ടെ, അലക്കട്ടല്ലലില്ലാതെ ജീവിക്കട്ടെ.

അത് മാത്രമായില്ല. ചുറ്റുപാടും നോക്കണം. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എല്ലാടവും. എല്ലാം താഴ്ന്ന സ്ഥലമല്ലല്ലോ. ഉയർന്ന ഭാഗങ്ങളിൽ കുന്നിൻ പ്രദേശങ്ങളിൽ കിണറുകൾ പെട്ടെന്ന് വറ്റും. സ്വാഭാവികം. അവരെ നേർക്ക് ആർദ്രതയുടെ കണ്ണ് പായിക്കുക.

നന്മ ചെയ്യാൻ നല്ലത് പ്രവർത്തിക്കാൻ പറ്റിയ സന്ദർഭമാണ് ഈ മാസങ്ങൾ. ദാഹിക്കുന്നവന് കുടിക്കാനും വിയർക്കുന്നവന്  കുളിക്കാനും നൽകാൻ മാത്രമായി നമ്മുടെ ചെലവിൽ നിന്നും ചെറിയ ഒരു സംഖ്യ  മാറ്റിവെക്കാൻ പറ്റണം. അത്ര കനിവും പതമുള്ള മനസ്സും എല്ലാവർക്കുമുണ്ടാകട്ടെ. അവനാണ് മനുഷ്യൻ; മനുഷ്യത്വമുള്ളവൻ. *അവൻ മാത്രമാണ് മനുഷ്യൻ*.  അവിടെയും പിശുക്കുന്നവനെ കണ്ടാൽ വഴിമാറി നടക്കുക. കാരണം, അവന്റെ കാറ്റ് കൊള്ളുന്നത് പോലുമാപത്താണ്.

ഒന്നിക്കാം എല്ലാവർക്കും. തൊണ്ട വറ്റിയവരെ നനയ്ക്കാൻ , അവരുടെ അത്യാവശ്യങ്ങൾക്ക് വെളളമെത്തിക്കാൻ.

പടച്ചവൻ അനുഗ്രഹിക്കട്ടെ
_____________________

_Note_ :
പട്ലയ്ക്ക് പുറത്തുള്ള ഗ്രൂപ്പുകളിലേക്ക് ഈ ടെക്സ്റ്റ് forward ചെയ്യമ്പോൾ എന്റെ പേര് ഡിലീറ്റ് ചെയ്യക

No comments:

Post a Comment