Tuesday 29 November 2016

ഭിക്ഷാടന മാഫിയ: ബോധവൽക്കരണവുമായി സി.പി.

. ഭിക്ഷാടന മാഫിയ: ബോധവൽക്കരണവുമായി സി.പി. 
 --------------------------- 
അസ് ലം മാവില 
----------------- - 
വർദ്ധിച്ചു വരുന്ന ഭിക്ഷാടന മാഫിയക്കെതിരെ ഒരു ഗ്രാമത്തെ മുഴുവൻ ബോധവാൻമാരാക്കുക എന്ന മറ്റൊരു ദൌത്യവുമായി CP ജനങ്ങളിലേക്ക്. ഈ ഉദ്യമം വിജയിപ്പിക്കണം. 

നമ്മുടെ നാട്ടിൻപ്രദേശത്ത് ദുഷ്ടമനസ്സും രാക്ഷസ ദംഷ്ട്രങ്ങളും കഴുക കണ്ണുകളും പേരിനൊരു പിച്ച ചട്ടിയുമായി യഥേഷ്ടം വിഹരിക്കുന്ന "ഗോ ചാമി"മാരുടെ ഏജന്റുമാരെ നമ്മുടെ ഗ്രാമത്തിന്റെ നാലു വശങ്ങളിലുളള കവാടങ്ങളിൽ വെച്ച് തന്നെ തിരിച്ചയക്കാൻ വീട്ടമ്മമാർ വിചാരിച്ചാൽ സാധിക്കും. 

അപരിചിതർ, അന്യസംസ്ഥാനക്കാർ (പ്രത്യേകിച്ച് തമിഴരും ആന്ധ്രക്കാരും) ഭിക്ഷയുടെ മറവിൽ നടത്തുന്ന സാമൂഹ്യ ദ്രോഹങ്ങളെ ഇനിയും കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. ഒരു സംശയവും വേണ്ട , നമ്മുടെ മുറ്റത്തും പാതയോരത്തും കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുമക്കൾ ശ്രദ്ധയിൽ പെടാഞ്ഞിട്ടല്ല ആ ഭിക്ഷക്കാരുടെ മാജിക്ക് ചാക്കിൽ ആകാത്തത്. അവർക്ക് അവസരം ഒത്തുവരാഞ്ഞിട്ടാണ്. 364 ദിവസവും അടഞ്ഞ കോഴികൂട്ടിൽ എത്തിനോക്കുന്ന കുറുക്കന് അറിയാം ഒരു ദിവസം കോഴി കൂടിന്റെ സാക്ഷയിടാൻ വീട്ട് കാരി മറക്കുമെന്ന്. അന്ന് കോഴിയുടെ പൂട പോലും ബാക്കിയാക്കാതെ കുറുക്കൻ പാതിരാശാപ്പാട് നടത്തിയിരിക്കും. 

നിയമ പാലകർ പറയുന്നത് വീട്ടമ്മമാരാണ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതെന്നാണ്. വന്ന വഴിക്ക് ഇവരെ തിരിച്ചയക്കാൻ നിങ്ങൾക്കാകണം. തീവണ്ടി യാത്രക്കിടയിലോ മറ്റോ തോളത്ത് മയ്യത്ത് പോലെ കിടക്കുന്ന കുട്ടി നിങ്ങൾ കരുതുന്നത് പോലെ അവരുടേ സ്വന്തമൊന്നുമല്ല. കൈ വളരുന്നതും കാലു വളരുന്നതും നോക്കി കഴിഞ്ഞിരുന്ന ഒരു കുടുംബത്തിലെ ഉമ്മയുടെ അശ്രദ്ധ ഒന്ന് കൊണ്ട് മാത്രം യാചക വേഷത്തിൽ വന്ന മനുഷ്യപിശാചുകളുടെ കയ്യിൽ "ഉമ്മാ...." എന്ന് നിലവിളിക്കാൻ പോലും അവസരം നൽകാതെ ,ആ കാലമാടന്മാരുടെ കയ്യിൽ കരുതിയ "വസ്തു " ഉപയോഗിച്ച് ബോധം നഷ്ടപ്പെടുത്തിയ അരുമകളാണ് അവർ. അവരെയാണ് തുടർന്ന് ഈ മാഫിയയുടെ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വൃക്ക ലോബിയുടെ കയ്യിൽ എത്തുന്നത്. ചുവന്ന തെരുവുകളിൽ വിൽക്കപ്പെടുന്നത്. വികലാംഗരായി സെകന്റ് ക്ലാസ്സ് കംപാർട്മെന്റിൽ ഇഴഞ്ഞിഴഞ്ഞ് നിലം തൂത്ത് നാണയത്തുട്ടുകൾക്ക് നമ്മുടെ മുന്നിൽ കൈ നീട്ടുന്നത്. 

നാം നൽകുന്ന പണത്തുട്ടുകൾ നിങ്ങൾ വിചാരിക്കുന്നത് പോലെ കുടുംബം പുലർത്താനല്ല അവർ ഉപയോഗിക്കുന്നത്. അന്തിസമയത്ത് അത് മുഴുവൻ വാങ്ങാൻ അവരെ വേഷം കെട്ടി അയച്ച ഏജന്റും ഏരിയാ കമാണ്ടറും കൃത്യ സമയത്തെത്തുന്നുണ്ട്. (അജഗണങ്ങളുടെ കഴുത്തിൽ സഞ്ചി കെട്ടി തൂക്കി പോലും വൈകുന്നേരം കളക്ഷൻ എടുത്തിരുന്ന ഒരു "പഠിച്ച അണ്ണാച്ചി "യെ കഴിഞ്ഞ വർഷമാണല്ലോ കയ്യോടെ പിടികൂടിയത്.) 

വീട്ടുമുറ്റത്ത് വന്നവരെ വെറുതെ മടക്കരുത് എന്നത് ഈ മനുഷ്യ റാഞ്ചികളെയോ ഗോചാമിമാരുടെ അമ്മായിയുടെ മക്കളെയോ ഉദ്ദേശിച്ചല്ല. നമുക്ക് ചുറ്റുവട്ടത്തുള്ളവരെ സഹായാവശ്യത്തിനായി വരുമ്പോൾ ആരും വെറുതെ മടക്കാറുമില്ല. ഉള്ളവർ കൊടുക്കും. അതെത്ര ചെറുതാണെങ്കിലും. ഭിക്ഷാടന മാഫിയയെക്കെതിരെയുള്ള കാമ്പയിനെ ഇതുമായി കൂട്ടിെകട്ട രുത് . 

നാടുണരട്ടെ, പളളിയിലും പള്ളി കൂടത്തിലും ഈ വിഷയമെത്തട്ടെ,. കടകളിൽ കവലകളിൽ ചർച്ചയാകട്ടെ. ഓരോ വീട്ടിലും ഈ സന്ദേശ മെത്തട്ടെ. രണ്ടാഴ്ച നിങ്ങൾ ഈ 'അണ്ണാച്ചി മാരോട് "നോ " പറഞ്ഞ് വന്ന വഴിക്ക് തിരിച്ചയച്ച് നോക്കൂ. ആ വിവരം എത്തേണ്ടിsത്ത് അവർ എത്തിച്ചോളും. പിന്നെ അവരുടെ പൊടിപോലും കാണില്ല.

No comments:

Post a Comment