Monday 21 November 2016

ഒരു ഗ്രാമത്തിൽ പ്രകാശം പരത്താൻ തലമുറകളുടെ വിടവ് അടക്കാൻ മുതിർന്ന തലമുറ മുൻകൈ എടുക്കട്ടെ

ഒരു  ഗ്രാമത്തിൽ  പ്രകാശം പരത്താൻ
തലമുറകളുടെ വിടവ് അടക്കാൻ
മുതിർന്ന തലമുറ മുൻകൈ എടുക്കട്ടെ

അസ്‌ലം മാവില

മുതിർന്ന തലമുറ, യുവ തലമുറ, ഇളം തലമുറ. ഇവയെപ്പോഴും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാണ്. അങ്ങിനെയാണ് നന്മകൾ കൈമാറ്റം ചെയ്യുന്നത്, പൊയ്‌പോകുന്ന ഗുണങ്ങൾ, നഷ്ടപെടുന്ന  അനുഭവങ്ങൾ പുതു തലമുറകൾക്ക് ലഭിക്കുന്നത്. പുതിയ സാഹചര്യങ്ങളിൽ അവ വിലയിരുത്തപ്പെടുന്നത്. ആവശ്യമായ മാറ്റങ്ങൾ കാലാനുസൃതമായി നടത്തുന്നത്. അവയ്ക്ക് അപ്‌ഡേഷനുണ്ടാകുന്നത്. അപ്പോൾ,  ഒരറ്റം പിടിച്ച വിരലുകൾ മറ്റേയറ്റത്തും പിടിക്കാൻ നമുക്ക് തലമുറകളുടെ വിടവ് ഒരിക്കലും  തടസ്സം ഉണ്ടാകുന്നില്ല. കണ്ട മുഖങ്ങൾ, പരിചിത ശബ്‍ദം, തണലും തലോടലും,  അരികിൽ എപ്പോഴും ഉണ്ടെന്ന ധൈര്യം,  അതിനുപോൽബലമായി ലഭിക്കുന്ന ആത്‌മവിശ്വാസം,  ഇവയൊക്കെ  കുഞ്ഞു തലമുറകൾക്ക് ലഭിക്കുന്നു.

നമ്മുടെ നാട്ടിൽ അങ്ങിനെയൊരു സാംസ്കാരിക കൂട്ടായ്മയ്ക്ക് സമയമായി. അതിനുള്ള ശ്രമം RT സമാന ചിന്താഗതിക്കാരുമായി  ആലോചിച്ചു തുടങ്ങി. പ്രാഥമിക ഇരുത്തമൊക്കെ നടന്നു.  പ്രതീക്ഷാ നിർഭരമായ, പ്രത്യാശപൂർണ്ണമായ ഒളി വെട്ടങ്ങൾ അങ്ങുമിങ്ങും ഉണ്ടെന്ന തോന്നൽ. അല്ല  കൂടുതൽ  ശ്രമിച്ചാൽ അവ ചുറ്റും പ്രകാശം പരത്തുമെന്ന ആത്‌മവിശ്വാസം. തീർച്ചയായും ഈ അന്തരീക്ഷം    കണ്ടേ തീരൂ. അവയ്ക്ക് കൈമെയ് മറന്നു പിന്തുണ നൽകിയേ തീരൂ. അങ്ങിനെ ഒരു തലമുറ നമുക്ക് ഉണ്ടായേ തീരൂ. സാംസ്കാരിക ഗ്രാമത്തിന്റെ തൊട്ടുതലോടലുകളിൽ അവരുടെ കരസ്പര്ശം ഉണ്ടാകട്ടെ.

RT അങ്ങിനെയൊരു ഉദ്യമത്തിലാണ്. മതിലുകളില്ലാത്ത, ബ്ലോക്കുകളില്ലാത്ത, മാനവികതയുടെ മഹത് സന്ദേശത്തിൽ മാത്രം പരസ്പരം കൈകോർക്കുന്ന, നിറഞ്ഞു മന്ദഹസിക്കുന്ന, അപരന്റെ വേദനയും വ്യഥയും സ്വന്തമെന്ന് കൂടി തിരിച്ചറിയുന്ന ഒരു ലോകത്തേക്ക് ഒരു കുഞ്ഞുകൂട്ടം ഒന്നിച്ചു കാൽ വെക്കട്ടെ. ആ കൂട്ടായ്മയിൽ നാമ്പിടുന്ന സദ്ഗുണങ്ങളുടെ കൈത്തിരികൾ  അവരവരുടെ ചുറ്റുവട്ടത്ത് കത്തിച്ചു വെക്കട്ടെ. വിശാലമായ മനസ്സും അതിലും വിശാലമായ മാനവികതയും അവയ്ക്ക് തണലേകി ഉന്നതമായ സാംസ്കാരിക പ്രതലവും അവർ ഒരുക്കട്ടെ, പുസ്തകങ്ങളുടെ കൂട്ടുകാരാകട്ടെ, നന്മയെ പ്രോത്സാഹിപ്പിക്കുന്നവരാകട്ടെ. കഴിവുകൾ അവരുടെ പരിഗണനയിൽ വരട്ടെ. അങ്ങിനെയും ഒരു ലോകവും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാക്കാൻ സാധിക്കുമെന്ന് കുഞ്ഞുമനസ്സുകൾ തീരുമാനിക്കട്ടെ.

മുതിർന്ന തലമുറ ആവശ്യമായ പിന്തുണ നൽകണം. അവരെ അനുഗ്രഹിക്കണം. മിണ്ടാത്ത, പറയാത്ത, ഗൗരവമായി വായിക്കാത്ത, കലയെയും  വരയെയും  എഴുത്തിനെയും പരിഗണിക്കാത്ത , പ്രോത്സാഹനം നൽകാത്ത, തളിർക്കാത്ത , തളിരിടാത്ത ഒരു വാർപ്പ് സമൂഹം  ഒരു ഗ്രാമത്തെ  ഒന്നാകെ കരിമ്പടം മൂടുന്നതിന് മുമ്പെങ്കിലും മുതിർന്ന തലമുറ താഴോട്ട് ഇറങ്ങി വരാൻ തയ്യാറാകണം.

No comments:

Post a Comment