Tuesday 5 March 2019

നമുക്ക് യുദ്ധമല്ല വേണ്ടത് / A M P

*നമുക്ക് *
*യുദ്ധമല്ല*
*വേണ്ടത്*
.......................
അസ്ലം മാവില
.......................

ഒന്നാം ലോകമഹാ യുദ്ധം തുടങ്ങിയ കാരണമറിയാം. മരിച്ചു വീണ ആളുകളുടെ എണ്ണം ഏറ്റവും വലിയ കാണാപാഠങ്ങളിലൊന്നാണ്. ഒന്നരക്കോടിയിലധികം പട്ടാളക്കാരാണ് ഒന്നാം ലോകയുദ്ധത്തിൽ മരിച്ചു വീണത്. രണ്ടാം ലോകമഹായുദ്ധവും പോയ തലമുറകണ്ടു. ആദ്യത്തേതിന്റെ എണ്ണത്തിന്റെ ഇരട്ടിയിലധികം പേർ മണ്ണോട് ചേർന്നു.

അതിന് ശേഷം അങ്ങനൊയൊരു സംയുക്ത "സംരംഭം"  പിന്നൊരിക്കലുമുണ്ടായില്ലെന്നതാണ് രണ്ടു ലോകമഹായുദ്ധങ്ങൾ നൽകിയ ആശ്വാസപത്രം. പക്ഷെ, വൻ ശക്തികൾ വെറുതെ ഇരുന്നില്ല. ഇരിക്കാൻ അവർക്കാവില്ലല്ലോ. അവർ കവടി വിട്ട് കണക്ക് പഠിച്ചുതുടങ്ങി.  ലോകശക്തികളായി വന്ന അമേരിക്കയും റഷ്യയും അവരുടെ ചാർച്ചക്കാരും  കളി മറ്റൊരു തലത്തിൽ തുടങ്ങി. യുദ്ധം നേരിട്ടല്ല, ഇടങ്കോലിട്ട് തിരശ്ശീലയ്ക്ക് പിന്നിലേക്ക് നിങ്ങി യുദ്ധങ്ങൾ തുടങ്ങി. മരിച്ച് വിഴുന്നവരിലധികവും അവരില്ല. പക്ഷെ, നിയന്ത്രണം മുഴുവൻ ലോകശക്തികളുടെ കയ്യിൽ തന്നെ.
അതിനായാദ്യം അവർ  ഒരു രാജ്യം തെരഞ്ഞെടുക്കും, അത്യാവശ്യം തെറ്റില്ലാതെ വാഴുന്ന ഒരു രാജ്യം. സമ്പത്ത് പച്ചവെച്ചു കൊണ്ടിരിക്കെ  ഇല്ലാത്ത ഒരു ദുർനടപ്പ് അവർക്ക് ഉള്ളതായി വരുത്തി തീർക്കും. ലോകമാധ്യമങ്ങൾ ആ പണി പറഞ്ഞും പറയാതെയും പരസ്യം വാങ്ങിയും ഏറ്റെടുക്കും. വൻശക്തികളുടെ നയതന്ത്രക്കൂടാരങ്ങൾ ചെയ്യേണ്ട പണി നിർത്തി,   അയൽരാജ്യങ്ങളിൽ ശങ്കവിതക്കുമാറ് സകല പെരുച്ചാഴി ഏർപ്പാടിനുമിറങ്ങും. കടമായി കാശും കടത്തിമേൽ കടമായി ആയുധവും തരം പോലെ  US - USSR - ബ്രിട്ട് - ഫ്രാൻസ് നിർമ്മിത  കിണ്ടിയും കളസവും ഗോതമ്പുമാവും ഇറക്കുമതി ചെയ്ത് സൗഹൃദ വ്യാപാര കരാറുണ്ടാക്കും. വിശ്വാസം വരുന്നതോടെ ദ്രവിച്ച് തള്ളാറായ തോക്കും ആക്രിക്ക് വെച്ച പീരങ്കിയും എണ്ണതേച്ച് കറകറ ശബ്ദം മാറ്റി ഇരട്ടി വിലയിട്ട് വിൽപനക്കരാറായി എഴുതിക്കും, കൂടെ ഇപ്പോൾ വാങ്ങേണ്ടതില്ല കാറ്റലോഗ് മറിച്ച് നോക്കാം, ആവശ്യം വന്നാൽ വേണ്ട സ്ഥലത്തു ഇറക്കിയും തരാമെന്ന ഉറപ്പും നൽകും. പറഞ്ഞുറപ്പിച്ചാൽ ആദ്യം തന്നെ കമ്മീഷൻ, ഇറക്കാനുള്ള സാഹചര്യമുണ്ടാക്കിയാൽ ആ കമ്മിഷന്റെ ഇരട്ടി, ആയുധമിറക്കുമ്പോൾ അന്നത്തെ "സ്വിസ്സിൽ " ആരുമറിയാത്ത അക്കൗണ്ടും പത്ത് തലമുറക്കുള്ള വരവും. ആരാ വീഴാത്തത് ? ആർക്കാ വേണ്ടാത്തത് ? എത്രയെത്ര ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളെയങ്ങിനെ ഈ പഹയന്മാർ കുത്ത് പാള എടുപ്പിച്ചു !

രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷമുള്ള യുദ്ധങ്ങൾ വെറുതെ ഒന്ന് പരിശോധിച്ചു നോക്കൂ. ഓർമ്മക്കുറവ് അലട്ടുന്നെങ്കിൽ പത്തുമുപ്പത് കൊല്ലമിപ്പുറത്തെ യുദ്ധസ്ഥിതിവിവരക്കണക്ക്  നോക്കുകയെങ്കിലുമാകാം. നിലവിൽ നടക്കുന്നതും നടക്കാൻ പോകുന്നതുമായ യുദ്ധചിത്രവുമാകാം. എല്ലായിടത്തും നടേ പറഞ്ഞ തിരക്കഥ തന്നെ.  കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം വ്യത്യാസം കാണും.

നിങ്ങൾ യുദ്ധം വേണ്ട എന്ന്  എപ്പോഴെങ്കിലും പറഞ്ഞു നോക്കൂ -  മുദ്രകുത്തപ്പെടാൻ അഞ്ചാംപത്തിയിൽ കുറഞ്ഞൊരു വാക്കുണ്ടാകില്ല. മറുത്തൊന്ന് പറയാത്ത വിധം  നികുതി അടപ്പിച്ച് കൃഷിക്കാരനാക്കി കുറച്ച് പൈസ ബാങ്കിലിടാമെന്ന്   ഉറപ്പും നൽകി  ഭരണാധികാരികൾ നിങ്ങളെ വളരെ മുമ്പ് തന്നെ   അവരുടെ വിധേയനാക്കിക്കളയും.

യുദ്ധമരുതെന്ന് പറയേണ്ടത് അതിന്റെ സാഹചര്യം ഒരിക്കലും ഇല്ലാത്തപ്പോൾ മാത്രമല്ല, അന്യനാടുകൾ തമ്മിൽ കൊമ്പുകോർക്കുമ്പോഴും മാത്രമാല്ല,  അവനവന്റെ രാജ്യം  അയൽ രാജ്യങ്ങൾക്കെവർക്ക് സന്നാഹങ്ങൾ ഒരുക്കുമ്പോഴും നമുക്ക്  അരുത് എന്ന് പറയാൻ സാധിക്കണം. മാനവികതയും മനുഷ്യത്വവും നമ്മെ അങ്ങിനെ പറയാൻ നിർബന്ധിക്കണം. അങ്ങിനെ പറയാൻ നമുക്ക് നാക്കുവഴങ്ങുന്നില്ലെങ്കിൽ നാമാരുടെയൊക്കെയോ വിധേയനാണ്, സ്വയം ഭീരുവാണ്, മാനുഷിക മൂല്യച്യുതി നഷ്ടപ്പെട്ടവനാണ്, ഭാഗ്യം കെട്ടവനാണ്, വരും തലമുറകളുടെ ശാപവാക്കുകൾക്കർഹനാണ്.

എത്ര കഷ്ടമാണിന്നിന്റെ ലോകം ! മധ്യസ്ഥത പറയാൻ ഇന്നാരുമില്ലാതായിരിക്കുന്നു. എല്ലാവർക്കും അവനവന്റെ കാര്യം. കച്ചവട മനസ്ഥിതി. അയൽ രാജ്യം അരക്ഷിതമായാൽ അവർ നിർബന്ധിതാവസ്ഥയിൽ നിർത്തിയ കയറ്റുമതിക്കമോഡിറ്റി തങ്ങൾക്ക് അയച്ചു തുടങ്ങാമെന്ന വ്യാമോഹത്തിലായിരിക്കും. അത് വഴി വ്യാപാരം ലാഭം കൂട്ടി പൊടിപൊടിക്കാം. പഴയ കണക്കും തീർക്കാം എന്ന ചിന്ത വേറെയും.

ശ്രദ്ധിച്ചിട്ടുണ്ടോ ഇന്ത്യാ - പാക് യുദ്ധഭീതി നിലനിൽക്കുന്ന ഈ സന്ദർഭത്തിൽ,  ആത്മാർഥമായി "അരുത്, പറഞ്ഞു തീർക്കാം" എന്നാശയവുമായി മുന്നോട്ട് വന്ന ഒരു ചെറു രാഷ്ട്രമെങ്കിലും ? ഇക്കഴിഞ്ഞ 5 വർഷത്തിനിടയിൽ നമ്മുടെ ഭരണാധികാരികൾ നടത്തിയ കണക്കില്ലാത്ത റിക്കോർഡ് വിദേശ സന്ദർശനത്തിന്റെ വെളിച്ചത്തിലെങ്കിലും ആരെങ്കിലും എന്തെങ്കിലും പറയേണ്ടിയിരുന്നില്ലേ ? ഉണ്ടായോ ? ആ സന്ദർശനങ്ങൾ എന്ത് സംന്ദേശക്കൈമാറ്റമാണവിടങ്ങളിൽ ഉണ്ടാക്കിയത് ?

നെഹ്റുവും ഇന്ദിരയും ഒരുകാലത്ത് ഔന്നത്യത്തിലിരുന്ന ഏഷ്യൻ - ആഫ്രിക്കൻ സൗഹൃദ തൊട്ടിലിലാടി വളർന്ന ചേരിചേരാ പ്രസ്ഥാനമെവിടെ ? അതിൽ ഇന്ത്യയുടെ പങ്കാളിത്തമിന്നെവിടെ ? ശബ്ദമില്ലാത്തവർക്കും ശ്രദ്ധ നേടാത്തവർക്കും വേണ്ടി കെട്ടിപ്പടുത്ത ആ പ്രസ്ഥാനനേതൃത്വം നാമടക്കം  തല്ലിക്കെടുത്തിയതല്ലേ ? ഫലസ്തീന്റെ അവകാശത്തിന് വേണ്ടി അവരോടെപ്പം ശബ്ദിച്ചിരുന്ന നാമത് വിട്ട് ഇസ്രയേലിനെ കൈമെയ് മറന്നാലിംഗനം ചെയ്തതോടെ  നമുക്ക് തന്നെ ചേരിചേരാ നയത്തോട്  കൂറ് നഷ്ടപ്പെട്ടില്ലേ ?

ആരെന്തും പറയട്ടെ, കൈ വിട്ടാൽ എല്ലാവരുടെയും  കണക്കുകൂട്ടലുകൾക്കപ്പുറമാണ് നിലവിലെ യുദ്ധസാഹചര്യങ്ങൾ. ആണവായുധങ്ങൾ രണ്ടു രാജ്യങ്ങളുടെ കൈവശമുള്ളപ്പോൾ പ്രത്യേകിച്ചും. രണ്ടിലൊന്നിന് വെറുതെ തോന്നുക മാത്രമേ വേണ്ടൂ, തകിടം മൊത്തം മറിയാൻ. അത് കൊണ്ട് കാര്യം ഗൗരവതമമാണ്.
.
അവിവേകമെങ്ങാനും  നയിച്ചാൽ,  കച്ചവടക്കഴുകക്കണ്ണോടെ വന്നും പോയിക്കൊണ്ടുമിരിക്കുന്ന ആയുധം വിൽപ്പനക്കാരായ ഹിംസ്രരാജ്യങ്ങളിലെ കോട്ടുവാലകളെ കണ്ടുകണ്ടു നാം മടുക്കും, ഉറപ്പ്. വരും തലമുറകൾക്ക്  കെടാ ബാധ്യത സമ്മാനിച്ചായിരിക്കും  നാമോരോരുത്തരും അതോടെ കൺമറയുക. ആളോഹരി ജീവിത നിലവാരക്കണക്കൊക്കെ അന്നേരം പത്തായത്തിൽ കൂർക്കം വലിച്ചുറങ്ങുന്നുണ്ടാകും. ടൂറിസ വകുപ്പു ബോർഡുകൾ ആണിയിളകി വീഴാൻ പാകത്തിൽ എവിടെയും തൂങ്ങുന്നുണ്ടാകും. എല്ലാം  കഴിഞ്ഞ് എത്ര തന്നെ ചന്തമുണ്ടെന്നും ശാന്തമാണെന്നും നാം നമ്മുടെ മണ്ണിനെ കുറിച്ച് പറഞ്ഞാലും ആരുമത് വിശ്വസിക്കാനിടയുമുണ്ടാകില്ല.  എപ്പോഴെങ്കിലും ഒരാർട്ട് ഫിലിം അവാർഡ് ഫിലിമായി വരുമായിരിക്കും - ആർക്ക് ? എന്തിനത് ?

യുദ്ധവികാരം കടുപ്പിച്ച് നിർത്തി അതിന് ഹാഷ്ടാഗും സ്മൈലിയും തള്ളവിരലുയർത്തലുമായി ഒരു പറ്റം വാർപ്പ്ദേശഭക്തരെ സൃഷ്ടിച്ചെടുക്കാൻ ഭരണാധികാരികൾക്കെളുപ്പമാണ്, ഇന്ന് അതിനൊരു നെറ്റ് കണക്ഷൻ മതി. സൗജന്യമായാൽ പിന്നെ പറയാനുമില്ല. അവനവന്റെ കിടപ്പുമുറിയിൽ, ശീതളഛായയിൽ ഇതൊക്കെ ചെയ്യാനും, യുദ്ധമരുതെന്ന് പറയുന്നവനെ ദേശദ്രോഹച്ചാപ്പ കുത്തി ആർത്തട്ടഹസിക്കാനും അതിലും വളരെ  എളുപ്പമാണ്. ഇരുപതും നൂറ്റിമുപ്പതും കോടി ജനങ്ങളെയും ജീവജാലങ്ങളെയും അവിടങ്ങളിലെ ആവാസവ്യവസ്ഥയെയും ആകെ ബാധിച്ചേക്കാവുന്ന യുദ്ധാനന്തര കെടുതികൾ കാണാനും നോക്കിപ്പറയാനും ഈ വാവാ വിളികളോ ആവേശമോ അന്നുണ്ടായെന്ന് വരില്ല, ഇല്ല ഉണ്ടാകുകയേയില്ല.

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഒരു ജീവിത വ്യവസ്ഥിതിയും ചുറ്റുപാടുമാണ് നമുക്കുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയാണെങ്കിൽ സമാധാനമേ  ഉരുവിട്ടിട്ടുള്ളൂ. ആ പാരമ്പര്യം നിലനിർത്താൻ നമുക്കാവട്ടെ, നമ്മുടെ ഭരണാധികൾക്കതിന് സദ്ബുദ്ധി ഉണ്ടാകട്ടെ. 

തൊട്ടയൽ രാജ്യത്തെ അഫ്ഗാനിപ്പെൺകൊടി, നോബേൽ ജേതാവ് മലാലയുടെ വാക്കുകൾ : "പ്രശ്‌നങ്ങൾക്കറുതി വരുത്താനും യുദ്ധത്തിനെതിരെ പോരാടുനുമുള്ള ഏക പോംവഴി കൂടിയാലോചനയും ഒരു മേശക്കുചുറ്റുമിരുത്തവുമാണ്. "

No comments:

Post a Comment