Tuesday 5 March 2019

ഉമ്മ ഓർമ്മകൾ* (1) / തിരിവെട്ടങ്ങൾ / അസ്ലം മാവിലെ

▪ *ഉമ്മ ഓർമ്മകൾ*  (1)

തിരിവെട്ടങ്ങൾ

*അസ്ലം മാവിലെ*

ചെറുപ്പത്തിൽ ഒരോർമ്മ. പുല്ല് മേഞ്ഞ വീടുകളാണന്നധികവും. മതിലിൽ തറപ്പിച്ച ആണിയിൽ അവസാനത്തെ ശ്വാസവും വലിച്ച് ചിമ്മിനിക്കൂട് കാലൊടിഞ്ഞ അലുമിനിയത്തകിടിൽ അനാഥയെപോലെ തൂങ്ങുന്നുണ്ടാകും. അധികം ചിമ്മിണിക്കൂടുകൾക്കും മറഗ്ലാസുണ്ടാകില്ല.

കർക്കിടകത്തിൽ തോരാത്ത കാറ്റും മഴയും. ചില്ലു ഗ്ലാസില്ല. ചാക്കാണ് ശില. ചാക്കിനിടയിൽ കടന്ന് മരക്കിളിവാതിലിൽ കൂടി അകത്ത് കയറിയ തണുത്ത കാറ്റ് ചിമ്മിനിക്കൂടിനെ ദയയില്ലാതെ  തരം കിട്ടുമ്പോഴൊക്കെ ആക്രമിക്കും. ഭയന്ന് അങ്കലാപ്പോടെ തിരിനാളം എങ്ങോട്ടോ പൊയ്പ്പോകും.

കാറ്റിൽ അതില്ലാതാകുന്നതിന് മുമ്പ് ഓടിക്കിതച്ചടുത്ത് കൂടി നമ്മുടെ കുഞ്ഞുകൈകൾ ഇരുഭാഗത്തു നിന്നും പൊത്തിപ്പിടിച്ച് തിരിവെട്ടം കെടാതാകാൻ നിസ്സഹതയോടെ ശ്രമിക്കുമ്പോൾ, പതിയെ കാറ്റിനെതിരായി തണുത്ത മറ്റൊരു കൈ വന്ന് , നിഴല് തീർത്ത്,  വെട്ടവും നമ്മുടെ ആത്മവിശ്വാസവും ചോരാതെ കാത്ത് സൂക്ഷിക്കുന്നത്  നിങ്ങൾക്കനുഭവപ്പെട്ടിട്ടുണ്ടോ ?

ഉമ്മയുടെ ആ കൈകൾ ഇപ്പഴുമെന്റെ  കൺവെട്ടത്തുള്ളത് പോലെ. നഷടപ്പെടുമെന്ന് കരുതിയ ആത്മവിശ്വാസം പല സന്ദർഭങ്ങളിലും   തിരിച്ചു കിട്ടാറുള്ളത് അദൃശ്യമായ ആ  ഉമ്മക്കൈകളാണ്. അതിന്റെ ഓർമ്മകളാണ്. ▪

No comments:

Post a Comment