Tuesday 5 March 2019

ഉമ്മ ഓർമ്മകൾ* (2) / സദ്പാഠം / അസ്ലം മാവിലെ

▪ *ഉമ്മ ഓർമ്മകൾ*  (2)

സദ്പാഠം /
*അസ്ലം മാവിലെ*

റമദാനിന്റെ പകലുകൾ. എട്ടു വയസ്സു മുതൽ പള്ളിയിൽ പോകാൻ തിടുക്കപ്പെട്ടിരുന്ന കാലം. S.അബൂബക്കർ , ബഷീർ, മമ്മിഞ്ഞി, കപ്പൽ ബക്കർ ... ഒരു കുഞ്ഞു സംഘം.

വിശന്ന വയറിൽ കുടലാവിയാകുന്നു. വായയും നന്നായി വരണ്ട് കൊണ്ടേയിരിക്കുന്നു.

അതൊരു മഴക്കാലം. കിഴക്ക് ഭാഗത്താണ് ഉമ്മറം. ആവതും ഞാൻ നോമ്പിനെ പിടിച്ചു നിർത്താൻ നോക്കി. അത്താഴം കഴിച്ചതും വയറുനിറച്ച് വെള്ളം കോരിക്കുടിച്ചതും ഓർമ്മയിലേ വരുന്നില്ല. ഇല്ല, അത്ര വിശപ്പ്. ഉമ്മയോടെങ്ങിനെ അത് പറയാൻ.

തൊട്ട് മുകളിലുള്ള കുന്നിൻ ചെരുവിൽ വിളഞ്ഞു നിൽക്കുന്ന പയറു ചെടികളിലേക്ക് ഞാനോടി. ആരുടേതാണെന്നതൊന്നും എന്റെ ആ പ്രായത്തിനോ അപ്പോഴത്തെ വിശപ്പിനോ ഒരു വിഷയമേ ആയിരുന്നില്ല. മൂന്നാല് നാൾ മുമ്പ് സീദ്ച്ച പയറ് പറിച്ച് കൊറെ കെട്ടുകളാക്കി വിൽക്കാൻ കൊണ്ട് പോകുന്നത് കണ്ടിരുന്നു.

ആദ്യത്തെ മോഷണം. അതും പരസഹസ്രം നന്മകൾ കൊണ്ടനുഗ്രഹീതമായ പൊന്നു വെള്ളിയാഴ്ച.  തയ്യാറെടുപ്പൊന്നുമില്ല. കുഞ്ഞു വയറിലെ വിശപ്പാണ് മോഷണഹേതു. ചില്ലകൾക്കിടയിൽ പതിയിരുന്ന് ഞെട്ടടർത്തി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പർപിൾ നിറം ചാർത്തിയ "കൊമ്പ്" കണ്ണടച്ച് ചവച്ചു തുടങ്ങി, ഒന്ന്, രണ്ട്, മൂന്ന് .. അത്രമതിയായിരുന്നു ആ വിശപ്പ് മാറാൻ.

അസർ നിസ്ക്കാരത്തിന് ശേഷമുള്ള അടുക്കള ഇരുത്തത്തിൽ, പത്തിരി ചുട്ടെടുക്കുന്ന ഇടവേളകളിൽ ഉമ്മ എന്നെ തലോടിക്കൊണ്ടിരുന്നു. കുറച്ച് നേരമേയുള്ളൂ ബാങ്കിന്, മോന് കുറച്ചൂടെ കാത്തിരിക്ക്... ഉമ്മ പറയുന്നത് അത്താഴത്തിന് ശേഷമുള്ള എന്റെ വരണ്ട തൊണ്ടയും ക്ഷീണിച്ച മുഖവും മനസ്സിലോർത്താണ്. 

എന്തോ, അന്നേരം കുറ്റബോധം എന്ന് പറയാമോ ? അറിയില്ല. ഉമ്മയുടെ മുഖത്ത് കുറെ നേരം ഞാൻ നോക്കി. ഉമ്മ എന്നെയും. എന്റെ കവിളിലെ, കണ്ണിലെ കുസൃതി കണ്ടാണോ എന്നറിയില്ല. "കള്ളാ, നോമ്പ് മുറിച്ചല്ലേ..."

അoപ്പാൾൾ എന്റുമ്മയ്ക്ക് മുന്നിൽ എനിക്കൊന്നും മറച്ചു വെക്കാനുണ്ടായിരുന്നില്ല, ഒന്നും. ഒരു ഈർക്കിലെടുത്ത് എന്റെ കണങ്കാലിന് കുറെ തല്ലി. ഉമ്മ കുറെ കരഞ്ഞു, ഞാനും. എനിക്കെന്നോട് തന്നെ എന്തോ വെറുപ്പ് തോന്നി.

എന്റെ കണ്ണുകൾ വീണ്ടും വീണ്ടും കലങ്ങുന്നത് കണ്ടാവാം, പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല. അടുത്തിരുത്തി തല തലോടി.  ചെറിയ കുട്ടികൾക്ക് പകുതി നോമ്പ്  മുതിർന്നവരുടെ ഒരു നോമ്പിന് തുല്യമെന്ന് ഉമ്മ എന്നെ പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷെ, എനിക്കത് നോമ്പായി എണ്ണാനായില്ല.  പയറ് കട്ടു തിന്നു  പകുതിക്ക് നിർത്തി, നോമ്പായിക്കൂട്ടുന്നതെങ്ങിനെ ? 

പിറ്റെ ദിവസം രാവിലെ പുറത്ത് വാതിൽ തുറന്ന് ഉമ്മ വഴി നോക്കിക്കൊണ്ടിരിക്കുന്നു. "സീദ്ച്ചാ... " ഉമ്മ നീട്ടി വിളിച്ചു. അയാളോട് ഉമ്മ പറഞ്ഞു,  തിരിച്ചു പോകുമ്പോൾ നിങ്ങൾ കുറച്ച് കൊമ്പ് തരണം. "ഇന്നലെ ചെക്കന് അറിയാതെ നാല് കൊമ്പ് ആഡ്ന്ന് പൊട്ടിച്ചിറ്റ് തുന്നിറ്റ്ന്, അദ് കൊറ്ച്ചിറ്റ് തന്നെങ്ക് മതി". 

തൊട്ടു തലേ ദിവസം മീത്തലെ പള്ളിയിൽ വെച്ച് ഒരു കുഞ്ഞുസ്താദ് ആരാന്റെ മൊതല്, അതൊരു നെൽമണിയാണെങ്കിലും,  തിന്നരുതെന്നാശയമുള്ള ഉറുദി പറഞ്ഞത് ഞാനതേ പടി എന്റെ കുഞ്ഞ് വായിൽ വീട്ടിലെത്തി ഉമ്മയ്ക്ക് മുന്നിൽ നീട്ടിപ്പറഞ്ഞത് ശരിക്കും എന്നെയായിരുന്നില്ല സ്വാധീനിച്ചത്, ഉമ്മാനെയായിരുന്നു. ▪

No comments:

Post a Comment