Sunday 27 March 2016

എഴുന്നേറ്റ് നിൽക്കാം - അസ്‌ലം മാവില

എഴുന്നേറ്റ് നിൽക്കാം യുവാക്കൾ ഈ വിഷയം ഇത്ര ഗൌരവമായി എടുത്തതിന്റെ അർത്ഥം അവരിൽ ഇനിയും വറ്റിപ്പോകാത്ത നന്മയുടെ ഉറവ ഒരുപാടൊരുപാട് ബാക്കിയുണ്ടെന്നാണ്. വിദ്യാനഗറിലെ ഇടനാഴിയിൽ പാതിരായ്ക്ക് ഈ പാഷാണം പാക്കറ്റ് ചെയ്ത് കൊണ്ടിരുന്നത് മക്കളും പേരമക്കളും ഉണ്ടായിരിക്കാൻ എല്ലാ സാധ്യതകളുമുള്ള ചത്ത്കിടക്കാൻ കുഴിതോണ്ടി വെച്ച ഒരു ''കടൽകിഴവനാ''യിരുന്നു. ഇയാളുടെ കൂടാരം നിയമപാലകർക്ക് കാണിച്ചു കൊടുത്തതാകട്ടെ സാമൂഹ്യ പ്രതിബദ്ധതയുള്ള യുവാക്കളും. പൂട (ബൈക്ക്) ഒഴിവാക്കി ഓടിയവരെയും പിന്നീട് പിടിച്ചു കൊടുക്കാൻ പോലീസിനെ സഹായിച്ചതും കർമ്മനിരതരായ യുവാക്കൾ തന്നെ. ഇവിടെയാണ് യുവാക്കളുടെ കർമ്മഭൂമി ഒരുങ്ങേണ്ടത്. തങ്ങളുടെ ഉയിരും ഉശിരും ഊര്ജ്ജവും ഉന്മേഷവും ലഹരിക്കെതിരെയെന്നും, മൂന്നാംകണ്ണുമായി ഈ പാഷാണ നെറ്റ് വർക്കിനെ സസൂക്ഷം നിരീക്ഷിക്കുന്നുവെന്നും യുവാക്കൾ പറയുമ്പോൾ ആ ഗ്രാമവാസികൾക്ക്, നാട്ടുകാർക്ക്, പട്ടണ വാസികൾക്ക് പ്രതീക്ഷയുണ്ട്. സബാഷ് ബോയ്സ്, സബാഷ്.... പുണ്യം കിട്ടാൻ പാതിരാവിൽ എഴുന്നേറ്റ് പാതി നിദ്രയിൽ സുജൂദ് ചെയ്യും. ഇത് പോലെയുള്ള സാമൂഹ്യതിന്മക്കെതിരെ പേന ചലിപ്പിക്കുന്നതും അത്രമാത്രം പുണ്യം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം ഇതൊരു പരിശുദ്ധ സമരമാണ്. മനസ്സാനിധ്യമുള്ളവർക്ക് എന്റെ എല്ലാം മംഗളങ്ങളും ! നമുക്കെല്ലാവർക്കും ആ ചങ്കുറപ്പ് ഉണ്ടാകട്ടെ. മടിയിൽ ഒന്നുമില്ലാത്ത നമുക്ക് എന്തിനു എഴുന്നേൽക്കാൻ ഭയം. ഞാനിതാ എഴുന്നേറ്റു നിൽക്കുന്നു, RT യോടൊപ്പം, CP യോടൊപ്പം, തിന്മക്കെതിരെ മുഷ്ടി ചുരുട്ടുന്ന എല്ലാ കൂട്ടായ്മകളോടൊപ്പം.... അസ്‌ലം മാവില

No comments:

Post a Comment